പിറവിയുെട മുറിവുകൾ


മലയാളി പ്രവാസലോകം കേരളപ്പിറവിയുടെ ആഘോഷവേളയിലാണ്. നാട്ടിൽ ഈ വികാരം എത്രകണ്ട് പങ്കുവെയ്ക്കപ്പെടുന്നു എന്നതിൽ എനിക്ക് സംശയമുണ്ട്. അവിടെ ജനങ്ങൾക്ക് ആഘോഷിക്കാൻ രാഷ്ട്രീയവും കോഴയും തിരഞ്ഞെടുപ്പും വർഗ്ഗീയവും വേണ്ടുവോളമുള്ളപ്പോൾ ഇതിനൊക്കെ എന്ത് പ്രസക്തി! എന്തൊക്കെയോ ജീവിതത്തിനു നഷ്ടപ്പെടുന്നു എന്ന ആകുലതയിൽനിന്നും പ്രവാസലോകത്തിന് ഇതെല്ലം ഹൃദയത്തോട് ചേർക്കാതിരിക്കാനാവില്ല. കേരളപ്പിറവിക്ക് മുന്നോടിയായി നാടിന്റെ സവിശേഷമായ സാംസ്ക്കാരിക അനുഭവത്തിലൂടെ കടന്നുപോകാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് അവസരങ്ങൾ ലഭിച്ചു. ഭരതനാട്യത്തിന്റെ രസക്കൂട്ടുകൾ വേണ്ടപോലെ സമ്മിശ്രണം ചെയ്ത് ഏതാനും കഴിവുറ്റ കലാകാരികളും കലയോടുള്ള സമർപ്പണം ജീവിതത്തിരക്കിൽ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുന്ന ഒരു ചെറുപ്പക്കാരനും ചേർന്നവതരിപ്പിച്ച ‘കിസലയം’ അനുഭൂതിസാന്ദ്രമാക്കാൻ അതിന്റെ അണിയറ ശിൽപ്പിക്ക് സാധിച്ചു.

പിറ്റേന്ന് എഴുപതോളം ചെണ്ടകൾ കൂടെ കൊന്പ് കുറുങ്കുഴൽ ഇലത്താളം എന്നിവയെല്ലാം ഒത്തുചേർന്ന് ഉറക്കെ ശബ്ദിച്ച് ഇന്ത്യൻ സ്കൂൾ അങ്കണം താളമുഖരിതമാക്കി. ഞാനടക്കം പങ്കെടുത്തവർക്കെല്ലാം ആ വന്യമായ തുടിതാളങ്ങളിൽ പിറന്ന മണ്ണിന്റെ മണം അനുഭവപ്പെട്ടു. താളലയം സാന്ദ്രലയമായി ഉൾക്കൊണ്ടിരുന്നപ്പോൾ അസുരവാദ്യമെന്ന് അംഗീകരിച്ചിട്ടുള്ള ചെണ്ടയുടെ പെരുക്കങ്ങൾക്ക് മനുഷ്യമനസ്സുകളിലേയ്ക്ക് സന്നിവേശിപ്പിക്കാൻ സാധിക്കുന്ന ഊർജ്ജപ്രസരണത്തെപ്പറ്റി ചിന്തിക്കാതിരിക്കാനായില്ല. വാദ്യം ദൈവീകമാവട്ടെ ആസുരമാവട്ടെ, താളത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിന് ചാലകമാവുന്പോൾ അത് പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമാണ്. അതിന്റെ അനുഭവം മനസ്സിലും ശരീരത്തിലും അനുകൂലമായ ഭാവതരംഗങ്ങൾ സൃഷ്ടിക്കുന്നു. അതിൽ ആസുരത്വം എന്ന് വേർതിരിക്കാനാവില്ല. അല്ലെങ്കിൽത്തന്നെ നിർഗുണനും മൂല്യരഹിതനുമായ മനുഷ്യനെക്കാൾ എത്രയോ ഉന്നതനാണ് സ്വാവബോധത്തിന്റെ അഹംഭാവം സ്വന്തമാക്കിയ അസുരൻ!

ആസുരത്വം എന്ന സങ്കൽപ്പം മനുഷ്യൻ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് ഞാൻ സംശയിക്കാറുണ്ട്. അത് ക്രൂരവും ഭീകരവുമായ ഒരു അവസ്ഥയെ കുറിക്കുന്ന പദമാണ് എന്ന് പലരും ധരിച്ചിട്ടുണ്ട്. എന്നാൽ രാവണൻ ഒരു അസുരൻ ആയിരുന്നല്ലോ, ആ രാവണനുമായി ബന്ധപ്പെട്ടാണ് ഞാൻ ആസുരത്വത്തെ സങ്കൽപ്പിക്കുന്നത്. ലങ്കയിലെ യുദ്ധത്തിൽ പരാജയപ്പെട്ടശേഷം തന്റെ പത്ത് തലകൊണ്ടും സാക്ഷാൽ നാരായണനെ രാമനിൽ കണ്ട് മോക്ഷപ്രാപ്തി നേടിയ രാവണൻ, സീതയെ അപഹരിച്ചു കൊണ്ടുപോയി അവളുടെ മനസ്സ് മാറാനായി അശോകവനത്തിൽ താമസിപ്പിക്കുകയാണ് ചെയ്തത്. ദുർബലയായ ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ ഒന്ന് സ്പർശിക്കുവാൻ പോലും തയ്യാറായിരുന്നില്ല രാവണൻ. സംഗീതപ്രിയനും ഒരു തികഞ്ഞ വൈണികനുമായിരുന്ന രാവണൻ സീതയുടെ സൗന്ദര്യത്തെ ഏറെ മോഹിച്ചുവെങ്കിലും ആ വികാരങ്ങൾക്ക് മേൽ സ്വന്തം മൂല്യവ്യവസ്ഥയുടെ കടിഞ്ഞാൺ ഇട്ടു നിയന്ത്രിച്ചു. ദേവന്മാർക്കോ മഹർഷിമാർക്കോ പോലും ഈയൊരു ആത്മനിയന്ത്രണം എത്രകണ്ട് സാധ്യമാകുമെന്ന് സംശയമാണ്. ഇന്ന് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും നേരെ യാതൊരു ലക്കും ലഗാനുമില്ലാത്ത അക്രമങ്ങൾ ചെയ്യുന്നവർ മനുഷ്യരുടെ പട്ടികയിൽ പെടുന്പോൾ ആ മനുഷ്യനെക്കാൾ എത്രയോ മുകളിലാണ് അസുരന്റെ സ്ഥാനം. പക്ഷെ ലോകം മനുഷ്യന്റേതല്ലേ...

മാറിമറിയുന്ന മൂല്യസങ്കൽപ്പം കളങ്കിതമാക്കിയ നമ്മുടെ നാടിനോട് പ്രതിബദ്ധതയുള്ള ഒരാളെ കാണണമെങ്കിൽ നട്ടുച്ചയ്ക്ക് യഥാർത്ഥ മനുഷ്യനെക്കാണാൻ വിളക്കുമായി നടന്ന ഈസോപ്പിനെപ്പോലെ നടക്കേണ്ടിവരുന്ന അവസ്ഥയാണ് അന്പത്തൊന്പതാം പിറന്നാൾ കൊണ്ടാടുന്ന ഈ വേളയിൽ. രാഷ്ട്രീയത്തിലും, അത് തന്നെ കേന്ദ്രീകരിക്കുന്ന ദൃശ്യമാധ്യമങ്ങളിലും നിലനിൽപ്പിന്റെ മൂല്യവ്യവസ്ഥയോടാണ് പ്രതിബദ്ധത. പിറന്നാളിന് കേരളത്തിനു സമ്മാനിക്കാൻ അവർക്കുള്ളത് കുടുംബാംഗങ്ങൾ തമ്മിലുള്ള അസൂയയും പണത്തിനും അവകാശത്തിനും വേണ്ടിയുള്ള തരംതാണ ചർച്ചകളും സ്പർധയും പാരവെയ്പ്പും കൊലപാതക ആസൂത്രണങ്ങളും മാത്രം. ഇവർ പഴയതും പുതിയതുമായ തലമുറക്ക്−വേണ്ടി എന്തുകൊണ്ടാണിത് കൈമാറുന്നത്!! തുടർച്ചയായി ഇരുന്ന് കണ്ട ശേഷം എഴുതുന്നതാണ് ഇങ്ങനെ എന്ന് ആരും ധരിച്ചുവശാവേണ്ട. ഒരു ചാനലിൽ നിന്നും അടുത്തതിലേയ്ക്കു പോകുന്പോൾ ലഭിക്കുന്ന പരിമിതമായ സമയം തന്നെ ഈ അഭിപ്രായരൂപീകരണത്തിന് ധാരാളമാണ്. കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇതുതന്നെ പലപ്പോഴായി കാണുന്ന ചിത്രമാണ്. അവതരിപ്പിക്കുന്ന രൂപങ്ങളിൽ മാത്രമാണ് വൈവിധ്യം. മണ്ണിന്റെ മണം, പാരന്പര്യത്തനിമയുടെ അനുഭവം തുടങ്ങിയവ വരണ്ടുണങ്ങിയ മനസ്സുകളിലേയ്ക്ക് വീഴ്ത്തിതരുന്ന മൂല്യവത്തായ എത്രയോ കലാരൂപങ്ങൾ അനാഥമായിട്ട് കാലമേറെയായി.

ഒരുപാട് ബുദ്ധിമുട്ടി ചിട്ടചെയ്ത, വൈകാരികതയുടെ ഭാവപ്രപഞ്ചം സൃഷ്ടിക്കാൻ പ്രാപ്തിയുള്ള നാടകങ്ങൾ, കലാമൂല്യങ്ങളുടെ തികവാർന്ന അനുഭവമായ കഥകളി മുതലായവ അരങ്ങേറുന്പോൾ കാണാനാളില്ല. ഏവരും വീടുകളിലെ അടുക്കളയിലും മറ്റും അണിഞ്ഞൊരുങ്ങി നിൽക്കുന്ന സ്ത്രീകളുടെ ദുരയും പടലപ്പിണക്കങ്ങളും കാണാനായി കണ്ണും കാതും കൂർപ്പിച്ചു അവരവരുടെ സ്വീകരണമുറികളിൽത്തന്നെ ഉണ്ടാകും. സൂക്ഷ്മ സംവേദനങ്ങളൊഴിഞ്ഞ മനസ്സിൽ നിറയ്ക്കാനുള്ളതെല്ലാം അവിടെനിന്നുതന്നെ ലഭിക്കും. പിന്നെയുള്ളത് രാഷ്ട്രീയവും കോഴയും വർഗ്ഗീയവും ചേർന്ന് പങ്കിട്ടെടുക്കും. പിന്നെ എന്ത് കല, എന്ത് നാടകം എന്ത് കഥകളി, എന്ത് കേരളപ്പിറവി!!!

You might also like

Most Viewed