മനുഷ്യനെ സൃഷ്ടിച്ചവർ


തലമുറകൾ തമ്മിലുള്ള വിടവ് വിഭാവന ചെയ്യപ്പെട്ടതിലും വളരെയേറെ അധീകരിച്ചുപോയ ഒരു സാഹചര്യത്തിലാണ് നാമ്മിന്ന് ജീവിക്കുന്നത്. ഇപ്പോഴത്തെ മുതിർന്ന തലമുറ കുടുബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത പലതും ഇന്നത്തെ പുതുതലമുറയ്ക്ക് തീർത്തും അന്യവും ഒരുതരത്തിലും ഉൾക്കൊള്ളാനാവാത്തതുമാണ്. മാത്രമല്ല അവ അനന്തരതലമുറ ഒരിക്കലും അറിയാനും അനുഭവിക്കാനും പാടില്ല എന്ന കാര്യത്തിൽ നിഷ്ക്കർഷ പുലർത്തുന്നന്നവരാണ് നമ്മുടെ തലമുറയിലുള്ള ഒരു വലിയ വിഭാഗം. ഇക്കൂടെ പഴയതലമുറയിൽ മഹാന്മാരെയും ജീവിതവിജയം നേടിയവരേയും സൃഷ്ടിച്ചതിൽ ക്രിയാത്മകമായ പങ്കുവഹിച്ച ചില സാഹചര്യങ്ങളും സമീപനങ്ങളും തിരസ്കൃതമായവയിൽ ഉൾപ്പെടുന്നു. ഇത് ആത്യന്തികമായി പുതുതലമുറയോട് ചെയ്യുന്നത് നല്ലതാണോ എന്നൊരു വിലയിരുത്തൽ ആവശ്യമാണ് എന്ന് നാമിന്ന് ചുറ്റും കാണുന്ന സാഹചര്യങ്ങൾ വിളിച്ചു പറയുന്നുണ്ട്.

ജീവിതത്തിൽ സുപ്രധാനമെന്ന് കരുതുന്ന പല മൂല്യങ്ങളും ഞാൻ ഉൾക്കൊണ്ടത് എന്റെ അപ്പൂപ്പനിൽ നിന്നാണ്. അപ്പൂപ്പന്റെ വളരെയേറെ പഴയ ഒരു ഓർമ്മ ഇവിടെ പങ്കുവെയ്ക്കട്ടെ. സ്കൂളിൽ പഠിക്കുന്ന കാലത്ത് കണക്കു തെറ്റിച്ചതിന് കണക്കിന് ചൂരൽപ്രയോഗം നടത്തിയ അദ്ധ്യാപികയിൽ നിന്നും സഹികെട്ടപ്പോൾ ചൂരൽ പിടിച്ചുവാങ്ങി ഇനി എന്നെ തല്ലരുത് എന്ന് പറഞ്ഞു അപ്പൂപ്പൻ. അതെന്താടാ എന്ന് ആക്രോശിച്ച എലിയാമ്മസ്സാറിനോടു എനിക്ക് ചോറ് തരുന്നത് അച്ഛനാണ് എന്ന് പറഞ്ഞു. എന്നാൽ ഇനി നീ അച്ഛനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് എലിയാമ്മസ്സാർ. ഗത്യന്തരമില്ലാതെ അച്ഛനോട് കാര്യം പറഞ്ഞു. പരിണതഫലം അച്ഛന്റെ കൈയിൽ നിന്നും വേണ്ടുവോളം വാങ്ങി, എന്നു മാത്രമല്ല അടുത്തദിവസം അദ്ദേഹം എലിയാമ്മസ്സാറിനെ കണ്ടു പറഞ്ഞത് ഇപ്രകാരമായിരുന്നു, “സാർ അവന്റെ ഒരു കൈ വെട്ടിക്കളഞ്ഞാലും ഞാൻ ചോദിക്കാൻ വരില്ല, സാർ അത് ചെയ്യുന്നത് അവൻ നന്നാകാൻ വേണ്ടിയാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്” വളരെക്കാലങ്ങൾക്കുശേഷം കോട്ടയത്ത് സെൻട്രൽ ജംഗ്ഷനിൽ വെച്ച് അപ്പൂപ്പൻ വൃദ്ധയായ എലിയാമ്മസ്സാറിനെ കണ്ടു. വാർദ്ധക്യം സമ്മാനിച്ച കൂനുമായി വിഷമത്തോടെ നടന്നുപോകുന്ന ആ പഴയ അദ്ധ്യാപികയെ അകലെനിന്നേ തിരിച്ചറിഞ്ഞതിനാൽ അപ്പൂപ്പൻ പോയി മുറുക്കാൻ ഇഷ്ടമായിരുന്ന സാറിന് ഒരു വലിയ പൊതി മുറുക്കാനും വാങ്ങി അതിൽ ഒരു ദക്ഷിണയും െവച്ച് ഓടിച്ചെന്നു വയോധികയായ ആ അദ്ധ്യാപികയുടെ കാൽ തൊട്ടു വന്ദിച്ചു. “സാറിന് എന്നെ മനസ്സിലായോ” എന്ന് ചോദിച്ചു. കാഴ്ച്ച മങ്ങി തുടങ്ങിയിരുന്ന കണ്ണുകൾ കൊണ്ട് ആ ഗുരുനാഥ പഴയ ധിക്കാരിയായ ശിഷ്യനെ തിരിച്ചറിഞ്ഞു. “അയ്യപ്പനല്ലേടാ” എന്ന് ചോദിച്ചു. അപ്പൂപ്പൻ ആ പൊതി കൈയ്യിൽ കൊടുത്തു. ഗുരുനാഥയുടേയും ശിഷ്യന്റെയും കണ്ണുകൾ നിറഞ്ഞു തുളുന്പി.

ഇന്ന് ഞാൻ ഈ കഥ ഓർക്കുവാൻ കാരണം രണ്ട് വിദ്യാർത്ഥികളെ ഒരു മണിക്കൂർ മുട്ടിൽ നിർത്തി എന്ന കുറ്റത്തിന് ഒരു അദ്ധ്യാപകനെതിരെ ഗുരുതരമായ അന്വേഷണം നടക്കുന്നു എന്ന് വാർത്ത കേട്ടതിനാലാണ്. അതിന്ന് വലിയ കുറ്റമാണ്. ഇതിന് മുൻപുള്ള തലമുറ ഇതിലേറെ ശിക്ഷകൾ സ്വന്തം അദ്ധ്യാപകരിൽ നിന്നും അനുഭവിച്ചു വളർന്നവരാണെങ്കിലും സ്വന്തം മക്കൾ അതൊന്നും അനുഭവിച്ചുകൂടാ എന്ന കാര്യത്തിൽ വളരെ നിർബന്ധമുണ്ട്. മാതാ പിതാ ഗുരു ദൈവം എന്ന സംസ്ക്കാരമൊക്കെ ശ്ലോകത്തിൽ മാത്രം ഒതുങ്ങുന്നു. സൈബർവലയിൽ കുരുങ്ങി ജീവിക്കുന്ന അവരുടെ പുതുതലമുറയ്ക്ക് അദ്ധ്യാപനം മറ്റൊരു തൊഴിൽ മാത്രമാണ്. വിദ്യാഭ്യാസം വെറുമൊരു കച്ചവടവും. കടയിലെ വ്യാപാരിക്ക് സാധനം വാങ്ങാൻ വരുന്നവരേ ശിക്ഷിക്കാൻ അവകാശമില്ല. അതുതന്നെ ഇവിടെയും, ഇവിടെ കച്ചവടച്ചരക്ക് വിദ്യാഭ്യാസം ആണെന്ന വ്യത്യാസം മാത്രം. മറ്റൊരു വ്യത്യാസം അന്ന് വിദ്യാഭ്യാസം മനുഷ്യനെ വാർത്തെടുത്തപ്പോൾ ഇന്ന് വിദ്യാഭ്യാസം പ്രോഫഷണലുകളെ വാർത്തെടുക്കുന്നു എന്നതാണ്. ഈ വ്യത്യാസത്തിൽ നഷ്ടമാവുന്നതിന്റെ വിലയെത്രയെന്ന് തിരിച്ചറിയുന്പോൾ പുഴയിലൂടെ ഏറെ ജലം ഒഴുകിപ്പോയിരിക്കും. ഇതിൽ ആരാണ് കുറ്റക്കാർ? അദ്ധ്യാപനം എന്ന നിയോഗത്തെ തിരിച്ചറിയാത്ത ആധുനിക വാധ്യാന്മാരും ആ കർമ്മത്തിന്റെ മഹത്വം തിരിച്ചറിയാത്ത പഠിതാക്കളും അത് വിറ്റ് കാശാക്കണമെന്ന് വിചാരിക്കുന്ന മാനേജ്മെന്റും ചേർന്ന അവിശുദ്ധസങ്കരം ഈ മഹത്തായ സങ്കൽപ്പത്തിന്റെ ചൈതന്യം കെടുത്തിക്കളയുന്നു. ഇത്തരത്തിൽ പ്രോഫഷണലുകളെ വാർത്തെടുക്കാൻ ഓടിനടക്കുന്നവർ വൃദ്ധസദനങ്ങൾ പെരുകുന്നതിൽ ആകുലപ്പെടുന്നുണ്ടെങ്കിൽ അതിനെന്തർത്ഥം?

മുന്പ് പറഞ്ഞ സംഭവത്തിലെ ഗുരുനാഥയും ശിഷ്യനും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. എങ്കിലും ആ പഴയ ഓർമ്മകൾ ഇന്നും മനസ്സിനെ തണുപ്പിക്കുന്നു. ശിക്ഷിച്ച ഗുരുനാഥയോടു കാലങ്ങൾക്ക് ശേഷം ശിഷ്യന് തോന്നിയത് വൈരാഗ്യമല്ല, മനസ്സുനിറഞ്ഞ സ്നേഹാദരങ്ങളും അതിലുപരിയായ ഭക്തിയുമാണ്. കാരണം അന്നത്തെ ആ അപരിഷ്കൃത വിദ്യാഭ്യാസരീതി സൃഷ്ടിച്ചത് മനുഷ്യനെ ആയിരുന്നു.

You might also like

Most Viewed