ചെകുത്താന്റെ പണിപ്പുര


കഴിഞ്ഞയാഴ്ച അവസാനം ഒരു കച്ചേരിക്കായി ഷാർജയിൽ പോകേണ്ടിവന്നു. അത് നടത്തിയ പ്രസ്ഥാനം മാനവ ഏകത സംഗീതത്തിലൂടെ എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. പരിപാടിക്ക് ശേഷം നൽകിയ ഹ്രസ്വസന്ദേശത്തിൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കുള്ള ദൂരം കൂടിക്കൊണ്ട് ഇരിക്കുന്ന വർത്തമാനകാലത്ത് ആ അകലം അൽപ്പമെങ്കിലും കുറക്കാൻ സഹായിക്കുന്ന പ്രതിഭാസമാണ് സംഗീതം എന്ന് ഞാൻ പറയുകയുണ്ടായി. ഇതേ പംക്തിയിൽ സംഗീതത്തിന്റെ സാംസ്കാരികമായ സാംഗത്യത്തെ സംബന്ധിച്ച് ഞാൻ എഴുതിയിട്ടുമുണ്ട്. അനുബന്ധമായി ഒന്നു രണ്ട് കാര്യങ്ങൾകൂടി ഇപ്പോൾ എഴുതേണ്ടിയിരിക്കുന്നു. പ്രാചീനകാലത്ത് ഇരുട്ടിനെ ഭയപ്പെട്ട് ഗുഹയിലോളിച്ചിരുന്ന മനുഷ്യൻ സാംസ്കാരികവും ബുദ്ധിപരവുമായി ഉയർന്നപ്പോൾ ഉള്ളിലെ ഇരുട്ടകന്നു. ആ സംസ്കാരത്തെ നൂറ്റാണ്ടുകൾ കൊണ്ട് കടഞ്ഞെടുത്ത അമൃതാണ് സംഗീതം. അത് ഉള്ളിലെ ഇരുട്ടിനെ സ്വാഭാവികമായും അകറ്റുന്നു. എവിടെ സംഗീതം മറക്കപ്പെടുന്നോ അവിടെ വീണ്ടും അന്ധകാരാവൃതമാകും. സംഗീതമില്ലാത മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്. അവിടെ വളരുന്നത് ഗുഹാമനുഷ്യന്റെ അടിസ്ഥാന വികാരങ്ങൾ മാത്രമാണ്, അവയ്ക്ക് വിചാരത്തിന്റെയോ വിവേകത്തിന്റെയോ പിൻബലമുണ്ടാവില്ല. ഇന്നത്തെ ലോകം വ്യാപകമായി ചെകുത്താന്റെ ആ പണിപ്പുരയിൽ അഭയം തേടി തുടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കുന്ന സംഭവപരന്പരകൾ ഇപ്പോൾ മനസ്സിൽ വിഴുപ്പുഭാണ്ധങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ഡൽഹിയിൽ ഇക്കഴിഞ്ഞ ദിവസം രണ്ടര വയസ്സും അഞ്ചു വയസ്സും പ്രായമുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. നീതിന്യായവ്യവസ്ഥയേയോ അത് വിധിക്കുന്ന ശിക്ഷയെയോ ഭയമില്ലാതെയായ ഭ്രാന്തന്മാർ പേപ്പട്ടികൾക്ക് തുല്യം ഓടിനടന്നു കുരുന്നുബാല്യങ്ങളെ കളങ്കപ്പെടുത്തുന്നത് നിത്യസംഭവമായിരിക്കുന്നു. ഇത് ചെയ്യുന്നവരും ഈ സമൂഹത്തിൽ നമുക്കൊപ്പം ജീവിച്ചിരിക്കെണ്ടവരാണെന്നു കരുതുന്ന ഒരു വിഭാഗം ഇപ്പോഴും വധശിക്ഷയെ എതിർത്തുകൊണ്ടുമിരിക്കുന്നു. ഏതു നാടിനാണ്, ഏതു സംസ്കാരത്തിനാണ് ഇതൊക്കെ ഭൂഷണമാവുക? പരാമർശിതമായ ദാരുണ സംഭവത്തിൽ പ്രതികളായി പിടിക്കപ്പെട്ടത് കൗമാരപ്രായക്കാർ ആണെന്നത് ഇതിന്റെ ഗൗരവം കൂട്ടുന്നു. കളങ്കമാക്കുന്നതും ആക്കപ്പെടുന്നതും ബാല്യം ആണെന്ന അവസ്ഥ നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന ഭീതിദമായ മനുഷ്യബന്ധശൈഥില്യത്തേയാണ് വ്യക്തമായും കാണിക്കുന്നത്. വാൽസല്യത്തോടെ വാരിപ്പുണരേണ്ട ശൈശവനൈർമല്യത അനിയന്ത്രിതമായ ആസക്തിയുടെ തീച്ചൂളയിൽ വെന്തുരുകുന്ന കാഴ്ച നടുക്കവും അറപ്പുമുളവാക്കുന്നതാണ്. തലസ്ഥാന നഗരിയിൽ കഴിഞ്ഞ കുറച്ചുകാലമായി അവിടെ ഇത്തരം സംഭവങ്ങളുടെ തനിയാവർത്തനം നടക്കുന്നു. ഇവിടെ ചിന്തനീയമായ കാര്യം മനുഷ്യന് എന്തുകൊണ്ട് ഭയം നഷ്ടപ്പെടുന്നു എന്നതാണ്. ഈ മനോഭാവം നിയമവ്യവസ്ഥയെ പേടിയില്ലഞ്ഞോ നിയമം നടപ്പിലാക്കുന്ന രീതി തങ്ങൾക്കനുകൂലമാവുമെന്നു മുൻകൂട്ടിക്കണ്ടിട്ടോ, അതോ സ്വന്തം ജീവന് വലിയ വിലയൊന്നും കൽപ്പിക്കാത്തതുകൊണ്ടോ എന്നൊക്കെ സാമൂഹിക ശാസ്ത്രജ്ഞന്മാർ അപഗ്രഥിക്കെണ്ടതാണ്. മറ്റൊന്ന് സമാനമായ പല സംഭവങ്ങളിലും അത്യധികമായ മനുഷ്യത്വഹീനത പ്രവർത്തിച്ചവർ പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ജയിലിലെ സുരക്ഷിതത്വത്തിൽ മൃഷ്ടാന്നഭോജനത്തോടെ സുഖമായി കഴിയുന്നു എന്ന അറിവാണോ ഇവരേ ഇത്തരം അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത് എന്നതാണ്.

സാമൂഹ്യസുരക്ഷ ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്. അതിനു ഗുരുതരവിഘാതം സൃഷ്ടിക്കുന്നവരെ കാരാഗൃഹത്തിലടക്കാം. അവിടെയുള്ള താമസം ചിലരുടെ വ്യക്തിത്വത്തെ അൽപ്പകാലംകൊണ്ട് ശുദ്ധീകരിച്ചേക്കാം. വൈകല്യമില്ലാത്ത മനസ്സുകൾക്ക് അത് ബാധകമാകും. എന്നാൽ കാണുന്പോൾ വാരിയെടുത്ത് ഓമനിക്കേണ്ട നിറവാൽസല്യം ഉണ്ടാവേണ്ട സമയത്ത് അധമവികാരങ്ങൾക്ക് വശംവദനായി ചിന്തിക്കാനാവാത്ത അക്രമം പ്രവർത്തിക്കുന്നത് അതു ചെയ്തവന്റെ വ്യക്തിത്വത്തിനു അതിഗുരുതരമായ ഘടനാവൈകല്യമുള്ളതുകൊണ്ട് തന്നെയാണ്. അത് മാനസാന്തരപ്പെടുന്ന ഒരു മനോനിലയല്ല. ശിക്ഷക്ക് ശേഷം പുറത്തിറക്കിവിട്ടാൽ വീണ്ടും ഇരകളെ സൃഷ്ടിക്കുന്ന ആത്മനിയന്ത്രണമില്ലയ്മയാണ്, മനോവൈകല്യമാണ്. അത് തിരിച്ചറിയാതെയാണ് വധശിക്ഷക്കെതിരെ ഉദാരമായ സമീപനം, അത് മനുഷ്യത്വത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിച്ച് ചിലർ സ്വീകരിക്കുന്നത്. ജീവിക്കാനുള്ള മൗലികാവകാശം പ്രതികൾക്ക് ഉള്ളതിലേറെ അവരുടെ ഇരകൾക്കാണ് ഉള്ളത്. 

അത് നിഷേധിക്കുന്നവനാണ് ഇന്ന് ജീവിക്കുവാനുള്ള കൂടുതൽ അവകാശം പിടിച്ചുപറ്റുന്നത്. ഇതേതു ധാർമികതക്കാണ് നിരക്കുന്നത്? വന്യവികാരങ്ങളേ ശമിപ്പിക്കാനായി മറ്റൊരു ജീവനെ ഊതിക്കെടുത്തിയവൻ സ്വന്തം ജീവന്റെ മൂല്യത്തിനു വേണ്ടി വാദിക്കുന്നത് ജുഗുപ്സാവഹമാണ്. ഈയൊരു സമീപനം തന്നെയാണ് വീണ്ടും വീണ്ടും സമൂഹത്തിൽ ഇരകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ യാഥാർധ്യബോധമില്ലാത്ത മനുഷ്യാവകാശവാദം പ്രതികളുടെ ജീവിതം സംരക്ഷിക്കുന്പോൾ അവിടെ വിഷയാസക്തിയുടെ തീച്ചൂളയിൽ വെന്തെരിഞ്ഞുപോയ ശൈശവങ്ങൾ സൃഷ്ടിക്കുന്ന മുറിവിൽനിന്നും ചോരവാർന്നൊഴുകുന്പോഴുള്ള തീവ്രവേദന സഹിക്കുന്ന കുടുംബങ്ങളേക്കൂടി ഓർമയുണ്ടാവേണ്ടതാണ്, ജീവന്റെ സംഗീതം അന്യമായിപ്പോയ ആ നിർഭാഗ്യകുടുംബങ്ങളേക്കൂടി...

You might also like

Most Viewed