ചിന്തിക്കാൻ മറന്നു പോയവർ


കാള പെറ്റെന്നു കേൾക്കുന്പോഴേ കയർ എടുക്കുക എന്ന ചൊല്ല് ഇക്കാലത്ത് ഏറ്റവും ചേരുന്നത് മലയാളിക്ക് ആയിരിക്കുമെന്ന് തോന്നുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ധാരാളമായി വരുന്ന കൃത്രിമവാർത്തകളും അറിവുകളും അറിയിപ്പുകളും അതിന്റെ ആധികാരികതയെപ്പറ്റി ചിന്തിക്കാതെ ഷെയർ ചെയ്യുക, അതിന്മേൽ ചർച്ച, വിവാദം തുടങ്ങിയവ നടത്തുക എന്നിങ്ങനെ പല കലാപരിപാടികളും ഇപ്പോൾ നമ്മൾ സർവ്വസാധാരണമായി നടത്തുന്നു. ഇത്തരമൊരു പ്രവണത വ്യാപകമായി കാണുന്ന സാഹചര്യം സ്വാഭാവികമായും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ താത്പര്യത്തിന് നിൽക്കാത്തവരെ താറടിക്കാനും വ്യക്തിത്വങ്ങളെ തേജോവധം ചെയ്യുവാനും മറ്റുമായി.

ഇക്കഴിഞ്ഞയാഴ്ച മലയാളത്തിന്റെ സ്വന്തം ദാസേട്ടനെ തികച്ചും അവാസ്തവമായ ഒരു വാർത്തയുടെ പേരിൽ ഫേസ്ബുക്കിലൂടെ വളരെ പേർ അന്യായമായി പഴിച്ചു. അദ്ദേഹം ഇക്കാലമത്രയും ചെയ്ത നന്മകളെയൊക്കെ പാടെ വിസ്മരിച്ചുകൊണ്ടുള്ള, നീതിക്ക് നിരക്കാത്ത വിമർശനങ്ങളായിരുന്നു അവ. കലാമൂല്യങ്ങളെ വിലയിരുത്താനുള്ള ഒരു അളവുകോലും കൈയിലില്ലാത്തവരും ഒരു സംഗീതജ്ഞനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ ഇകഴ്ത്തുന്നതുകണ്ട് ഞാൻ ഞെട്ടിപ്പോയി. അര നൂറ്റാണ്ടിലേറെ ചെയ്തുതന്ന നന്മകൾ എത്രപെട്ടന്ന് സമൂഹത്തിൽ വിസ്മൃതമായിപ്പോകുന്നു, അതും അങ്ങിനെ സംഭവിക്കാൻ മാത്രം ഒന്നും സംഭവിക്കാതെ! ഏതോ ഒരു വ്യക്തി വൈരാഗ്യപൂർവ്വം റിപ്പോർട്ട് ചെയ്ത ഒരു വാർത്തയുടെ പേരിൽ ഒരുപക്ഷെ എല്ലാ കേരളീയ ഹൃദയങ്ങളിലേയ്ക്കും സാന്ദ്വന മഴയായി പെയ്തിറങ്ങിയ ഗാനങ്ങൾക്ക് ജീവൻ നൽകിയ മഹാഗായകനെയും അദ്ദേഹം ചെയ്ത നന്മകളെയുമെല്ലാം ചിലർ പാടെ മറന്നു, അത് കഷ്ടമല്ലേ?

ഇന്നത്തെ ലോകം വികാരപരമായി മുന്നോട്ടു പോകുന്നു, വിചാരപരമായി പ്രവർത്തിക്കുന്നവർ വളരെ ന്യൂനപക്ഷം. പറയപ്പെട്ട വാക്കുകൾ കൈവിട്ടുപോയതാണ്, അത് മനസ്സുകളിൽ നിന്നും ഡിലീറ്റ് ചെയ്യാനാവില്ല. ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നത് ആർക്കും സുഖമുള്ള കാര്യമല്ല. ഇതിന്റെ മറ്റൊരു വശം കരുണയും സഹാനുഭൂതിയും വ്യർധമായിപ്പോകുന്ന ഒരു സാഹചര്യമാണ്. പലപ്പോഴും സന്ദേശവിനിമയ മാധ്യമങ്ങളിലൂടെ വരുന്ന പല അഭ്യർത്ഥനകളും രക്തത്തിന് വേണ്ടിയുള്ള അപേക്ഷകൾ ഉൾപ്പടെ, കിട്ടുന്ന ഉടനെ ചേതമില്ലാത്ത ഒരു സഹായം ഒരു സഹജീവിക്കു ലഭിക്കട്ടെ എന്ന നല്ല മനസ്സോടെ എല്ലാ ഗ്രൂപ്പുകളിലേയ്ക്കും ഓരോരുത്തരാലും ഫോർവേഡ് ചെയ്യപ്പെടുന്നു. ഫോൺനന്പർ ഉൾപ്പടെയുള്ള അത്തരം സന്ദേശങ്ങൾ വായിച്ചു സഹായഹസ്തം നീട്ടുന്ന നല്ല ഹൃദയമുള്ളവർ പലരും ആ നന്പറുകളിലേയ്ക്ക് വിളിക്കുന്പോൾ അത് രണ്ട് വർഷം മുന്പ് കൊടുത്ത അഭ്യർത്ഥനയായിരിക്കും! ഏത് സന്ദേശവും മുഖവിലയ്ക്കെടുക്കാതെ അതിന്റെ ആധികാരികതയെപ്പറ്റി ഒന്ന് പഠിച്ചശേഷം പുനർവിന്യാസം ചെയ്യാനുള്ള ഔചിത്യം കാണിച്ചാൽ മനുഷ്യനന്മയെ ഇതുപോലെ പാഴാക്കാതിരിക്കാം. അല്ലെങ്കിൽ അത് നന്മ ചെയ്യാനുള്ള മനോഭാവത്തെ നിരുത്സാഹപ്പെടുത്തുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

വരുന്ന സന്ദേശങ്ങൾ അന്ധമായി വിശ്വസിക്കപ്പെടുന്നത് മൂലം എത്രയോ ഉയർന്ന വ്യക്തിത്വങ്ങൾ ഇത്തരം മാധ്യമങ്ങളിലൂടെ ജീവിച്ചിരിക്കെതന്നെ മരണപ്പെട്ടിരിക്കുന്നു! മലയാളത്തിലെ ദേശീയ അംഗീകാരങ്ങൾ വരെ ലഭിച്ച ഒരു നടൻ മരണപ്പെട്ടു എന്ന് കാണുന്നവർ കാണുന്നവർ ഷെയർ ചെയ്തു, അനുശോചനങ്ങളുടെ പ്രവാഹമായി. ഇതെല്ലാം ആ മനുഷ്യനും വായിച്ച് അന്ധാളിക്കുന്നുണ്ടായിരുന്നു. ഞാൻ ആലോചിക്കുന്നത് ഒരു മനുഷ്യൻ മരിച്ചു എന്ന് വ്യാജമായി പ്രചരിപ്പിക്കാൻ ആദ്യം തുടങ്ങിയ വ്യക്തിയേയും അയാളുടെ മനോവൈകല്യത്തേയും പറ്റിയാണ്. ഏതായാലും തന്റെ മരണം ഉണ്ടാക്കാവുന്ന സാമൂഹികപ്രതികരണങ്ങൾ ജീവിച്ചിരിക്കെ മനസ്സിലാക്കാൻ ലഭിച്ച അസുലഭമായ ഒരവസരമായിതീർന്നു ഇത് അദ്ദേഹത്തിന് എന്നുള്ളതാണ് ഇതിന്റെ കൗതുകകരമായ ഒരു പരിണതി.

സാമൂഹികമായ രംഗങ്ങളിൽ ഒരുപാട് ഇഴയടുപ്പമുള്ളതായിരുന്നു എക്കാലത്തും കേരളീയ സമൂഹം. ഇന്ന് വിചാരം വികാരങ്ങൾക്ക് വഴിമാറുന്ന അവസ്ഥയിൽ സാമൂഹിക / ദൃശ്യ മാധ്യമങ്ങളിലൂടെ കാണുന്നതും കേൾക്കുന്നതുമായ അസത്യങ്ങളും അർദ്ധസത്യങ്ങളും വികാരപരമായി ജാതീയ വർഗ്ഗീയ എരിവും പുളിയും ചേർത്ത് ഭക്ഷിക്കുന്ന ലോകം ആ ഇഴബന്ധത്തെയൊക്കെ ഒന്നൊന്നായി പൊട്ടിച്ചുകൊണ്ടിരിക്കുന്നു. വിഭാഗീയതയുടെ മൊത്തവും ചില്ലറയുമായ ക്രയവിക്രയം വ്യാപകമായി നടത്തപ്പെടുന്ന വാർത്തയുടെ മണിക്കൂറുകൾ ചിന്തകളിൽ വിഷം പടർത്തുന്നു. ശരിയുടെയും ധാർമ്മികതയുടെയും പക്ഷം ചേരുന്നതിനെക്കാൾ ആവശ്യം ഒച്ചപ്പാടും ഉദ്വേഗജനകവുമായ മുഹൂർത്തങ്ങളാണ്. അതാണ് പ്രേക്ഷകരെ കൂട്ടുന്നത്, ബിസിനസ് വർദ്ധിപ്പിക്കുന്നത്. സ്ഥാപിതതാത്പര്യങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹിക, സന്ദേശ മാധ്യമങ്ങളും തങ്ങളുടെ പങ്ക് ഭംഗിയായി നിറവേറ്റുന്നു. ഇവിടെ മാനവികമായ മനസ്സ് പണ്ട് വിഖ്യാത എഴുത്തുകാരനായ ആൽഡസ് ഹക്സിലി പറഞ്ഞതുപോലെ ഷേക്സ്പിയറുടെ ദുരന്തനായിക ഡസ്ഡിമോണക്ക് തുല്യം, കഴുത്ത് ഞെരിക്കപ്പെട്ട് ശ്വാസം കിട്ടാതെ മരണപ്പെടുന്നു.

വിമർശനത്തെക്കാൾ ഉപരിയായി വിമലീകരണം എന്ന പ്രക്രിയയാണ് ഇന്ന് അത്യാവശ്യം. വൈതാളികന്മാരാൽ മലിനമാക്കപ്പെട്ട മനസ്സിനെ ചികിത്സിക്കാനുള്ള യുക്തിയുടെ മരുന്ന് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. ഉൾഖനനതിലൂടെ നമുക്ക് ഓരോരുത്തർക്കും അത് കണ്ടെത്താനാവും, യുക്തിബോധത്തിന്റെ വഴിയിലൂടെപ്പോയി അത് കണ്ടെടുത്താൽ ആരുടെ കൈയിലെയും ചാടിക്കളിക്കുന്ന പാവയാവാതെ ഏവർക്കും ജീവിക്കാം, ഈ ഭൂമി കൂടുതൽ സുന്ദരമാക്കാം.

You might also like

Most Viewed