ഇമ്മിണി ബല്യ ഒന്ന്


എല്ലാവരും തുല്യർ, പക്ഷെ ചിലർ കൂടുതൽ തുല്യർ എന്ന പ്രശസ്തമായ വാചകം ജോർജ് ഓർവൽ തന്റെ ആനിമൽ ഫാം എന്ന നോവലിൽ കുറിച്ചതാണ്. എന്നാൽ അതിന്റെ അർത്ഥതലങ്ങൾക്ക് വിശാലവും കാലാതീതവുമായ ഒരു മൂല്യമുണ്ട്. ഏത് നാട്ടിലും ഏത് സമൂഹത്തിലും ഏത് രാഷ്ട്രീയ സംവിധാനങ്ങളിലും ഇതൊരു തികഞ്ഞ സത്യമായാണ് കാണപ്പെടുന്നത്. കൂടുതൽ തുല്യരായുള്ള ആളുകൾ സമൂഹം അടക്കി ഭരിക്കുന്നു, അവർ അധികാരത്തിന്റെ തണലിൽ വ്യക്തിപരമായ നേട്ടങ്ങൾ കൊയ്യുന്നു. അതിന് ആദർശമോ പ്രത്യയശാസ്ത്രമോ മതവിശ്വാസമോ ഒന്നും ഒരു തടസ്സമായി കാണാറില്ല. രാഷ്ട്രീയവും സാമൂഹികവും ഭരണപരവുമായ രംഗങ്ങളിൽ ഇതാണ് സത്യം എന്നിരിക്കെ ചരിത്രവും നരവംശശാസ്ത്രവും പരിശോധിച്ചാൽ വ്യക്തമാവുന്ന മറ്റൊരു സത്യമുണ്ട്. മനുഷ്യസമൂഹങ്ങളിലും വ്യക്തികളിലും പ്രകൃതി കൊടുത്ത ജീനോം ഘടനയെ അടിസ്ഥാനപ്പെടുത്തി നോക്കുന്പോൾ  അവിടെയും ഇമ്മിണി ബല്യ ഒന്ന് എന്ന് ബേപ്പൂർ സുൽത്താൻ പറഞ്ഞതുപോലെയുള്ള ഒരു സത്യം ചില സമൂഹങ്ങളിലും വ്യക്തികളിലും കാണാവുന്നതാണ്. ശാരീരികക്ഷമതയിലും ബൗദ്ധികതയിലും ഈ വ്യത്യസ്ഥത നിലനിൽക്കുന്നു. പക്ഷെ ഇതുകൊണ്ട് ഒരു കൂട്ടരോ അല്ലെങ്കിൽ ഒരു സമൂഹമോ മറ്റൊന്നിനു മേൽ മേൽക്കോയ്മയുള്ളവരെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അത് ആരോഗ്യകരമായ  കാഴ്ച്ചപ്പാടല്ല.

സാധാരണ മനുഷ്യർ അവരുടെ ബുദ്ധിശക്തിയുടെ നാല് മുതൽ ആറ് ശതമാനം വരെ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ബുദ്ധിയുടെ അതിരുകളെ പരമാവധി വികസിപ്പിച്ച അൽബർട്ട് ഐൻസ്റ്റിൻ തുടങ്ങിയുള്ള ശാസ്ത്രകാരന്മാർക്കുപോലും ബുദ്ധിശക്തിയുടെ എട്ടു  മുതൽ ഒൻപത് ശതമാനം വരെ മാത്രമേ ഉപയുക്തമാക്കാൻ സാധിച്ചുള്ളൂ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതൊരു അഭിപ്രായ സമന്വയമുള്ള വിഷയമല്ല എന്ന്  സമ്മതിക്കുന്നു. എന്നാൽ പ്രാചീന കാലഘട്ടവുമായി ബന്ധപ്പെട്ട് ഇന്ന് നാം അത്യത്ഭുതകരമായി കാണുന്ന പല നേട്ടങ്ങൾക്ക് പിന്നിലും വിശദീകരണത്തിന് വഴങ്ങാത്ത മനുഷ്യബുദ്ധിയുടെ വിപ്ലവകരമായ വിനിയോഗം നടന്നിട്ടുണ്ടെന്ന് ചരിത്രവും ശാസ്ത്രവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.അത് ഒരു സമൂഹം പൊതുവായിട്ടു ആർജ്ജിച്ച ബുദ്ധിയായും കാണപ്പെടുന്നുണ്ട്. 

ഈജിപ്തിലെ പിരമിഡുകളുടെ നിർമ്മിതിയിലും  മറ്റും കാണപ്പെട്ട വൈദഗ്ദ്ധ്യം വാസ്തുശാസ്ത്രത്തിൽ ആ സമൂഹം ആർജിച്ച കഴിവിന് ഉദാഹരണമായി  ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ ഇത്തരം കഴിവുകൾ ലോകത്തിന്റെ പല ഭാഗത്തുമുള്ള പ്രാചീന ജനതതികൾ പ്രകടിപ്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്. ഉദാഹരണത്തിന് ബ്രിട്ടനിലെ സ്റ്റോൺഹിൻജ്. പിരമിഡുകളിൽ വളരെ ഉയരത്തിലേക്ക് അതീവ ഭാരമേറിയ കൂറ്റൻ കല്ലുകൾ ഉയർത്താൻ ഉപയോഗിച്ച ബുദ്ധി ഏതാണ്ട് അതുപോലെതന്നെ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. എന്ന് മാത്രമല്ല അതിനടുത്ത പ്രദേശങ്ങളിലൊന്നും തന്നെ ഇത്ര ഭീമാകാരമായ കല്ലുകളുടെ സാന്നിധ്യമേ ഇല്ലാത്തപ്പോൾ ഇത്രയധികം കല്ലുകൾ അവിടെ കൊണ്ടുവന്ന് ഈ നിർമ്മിതി എന്തിനുവേണ്ടി നടത്തി എന്നതും വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യമാണ്. അക്കാലത്തെ പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അങ്ങിനെയൊക്കെയുള്ള നിർമ്മിതി അസാധ്യമായതിനാൽ ഇതിന്റെയൊക്കെ പിന്നിൽ ഏതോ ഭൗമേതരമായ ശക്തി പ്രവർത്തിച്ചി ട്ടുണ്ടെന്ന് വലിയൊരു സംഘം ഗവേഷകർ  കരുതുന്നുണ്ട്.അമാനുഷികമായ ശക്തികളും കഴിവുകളും വെച്ച്പുലർത്തുന്ന പല പ്രാചീന ദേവീദേവന്മാരും ഏതെല്ലാമോ വിദൂര നാഗരികതകളെ പ്രതിനിധാനം ചെയ്യുന്നവരാണെന്നാണ് അവർ വിശ്വസിക്കുന്നത്.അത് തെളിയിക്കാനുള്ള പല അടയാളങ്ങളും കണ്ടെത്താനും വിശദീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഇനി നമ്മുടെ ഭാരതത്തിലേയ്ക്ക് നോക്കിയാൽ മനുഷ്യ ബുദ്ധിയുടെ ഉയർന്ന അളവിലുള്ള വിനിയോഗം നടന്നിട്ടുണ്ടെന്ന് വളരെ വ്യക്തമാവുന്നതാണ്. പൗരാണികകാലത്ത് നമ്മുടെ നാട്ടിൽ നടന്ന ഗവേഷണനിരീക്ഷണങ്ങളും അവയുടെ രേഖകളും പരിശോധിച്ചാൽ ഈ സത്യം വെളിവാകും. ശാശ്വത പ്രാപഞ്ചികസത്യങ്ങളെ കണ്ടെത്തുവാൻ മാത്രമല്ല, ഗണിതശാസ്ത്രത്തിന്റെ അതിരുകൾ അവിശ്വസനീയമാംവണ്ണം വിശാലമാക്കുവാൻ, ശരീരശാസ്ത്രത്തെപ്പറ്റി അറിയുവാൻ, രോഗചികിത്സയുടെ സാധ്യതകളെ പരമാവധി വികസിപ്പിക്കുവാൻ എന്നിങ്ങനെ പൗരാണിക ഭാരതീയബുദ്ധി കടന്നുചെന്ന മേഘലകൾ അത്ഭുതാദരവുകളോടെ  മാത്രമേ അത്  പഠിക്കുന്ന ആർക്കും  കാണാൻ സാധിക്കുകയുള്ളു.അത് മനുഷ്യചിന്തയുടെയും ബോധത്തിന്റെയും ചക്രവാളങ്ങളെ അതിബ്രുഹത്തും വിശാലവുമാക്കി.

സൂര്യസിദ്ധാന്ത എന്ന പ്രാപഞ്ചികശാസ്ത്ര ഗ്രന്ഥത്തിലൂടെ  പ്രകാശത്തിന്റെ വേഗത വളരെ കൃത്യമായി വെളിപ്പെടുത്തിത്തന്ന പ്രാചീനഭാരതത്തിലെ മഹാമനീഷികൾ  സൂര്യചന്ദ്രന്മാരും ഭൂമിയും തമ്മിലുള്ള അകലം സൂര്യന്റെയും ചന്ദ്രന്റെയും വ്യാസത്തിന്റെ നൂറ്റിയെട്ട് ഇരട്ടിയാണെന്നുള്ള സിദ്ധാന്തവും മുന്നോട്ടുവെച്ചു. അത് ശരിയാണെന്ന് ആധുനികശാസ്ത്രം സ്ഥിരീകരിച്ചപ്പോൾ ഉപകരണസാങ്കേതികതകളൊന്നുമില്ലാതെ അത് മനസ്സിലാക്കിയ മഹാപ്രതിഭ യഥാർത്ഥത്തിൽ മനുഷ്യബുദ്ധിയുടെ സാധ്യതകൾക്കും അപ്പുറം പോയില്ലേ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ജപമാലയിൽ സാധാരണയായി നൂറ്റിയെട്ടു രുദ്രാക്ഷങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്. ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സൂര്യചന്ദ്രന്മാരോടുള്ള ഭൂമിയുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായുള്ള ദൂരം തുടങ്ങിയുള്ള നിരവധി അതിസങ്കീർണങ്ങളായ  ശാസ്ത്രസത്യങ്ങളെ സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ വളരെ കൃത്യമായി കണ്ടുപിടിക്കണമെങ്കിൽ അതിനുവേണ്ടി ഉപയോഗിക്കപ്പെട്ട  ബുദ്ധിയുടെ അളവ് തീർച്ചയായും ഐൻസ്റ്റിൻ ഉപയോഗിച്ച ഒൻപത് ശതമാനത്തിനും എത്രയോ മുകളിലാവണം എന്നതിൽ സംശയമില്ലല്ലോ.

ഇനി ഇതിനെ ഒരു സംഗീതപരമായ കാഴ്ചപ്പാടിലൂടെ  നോക്കാം. ഏതു നാടിന്റെ സംസ്കാരത്തെയും, ബൗദ്ധികമായ നിലവാരത്തെയും അറിയാൻ അവരുടെ സംഗീതശൈലി ശ്രദ്ധിച്ചാൽ മതി. ഭാരതത്തിന്റെ സംഗീതം നേരത്തെ ചർച്ച ചെയ്ത ഉയർന്ന തോതിലുള്ള ബുദ്ധിയുടെ ഉപയോഗത്തെ പൂർണ്ണമായും സമന്വയിപ്പിക്കുന്ന ഒന്നാണ്. സന്പൂർണമായ ഈ സംഗീതശൈലി അതിന്റെ പിന്നിൽ നടന്ന ശാസ്ത്രീയവും ഗാഡവുമായ ഗവേഷണങ്ങളെ വ്യക്തമാക്കുന്നു. അതിന്റെ സന്പൂർണ്ണതയിൽ ഇനി ഒന്നും തന്നെ പുതുതായി കൂട്ടിച്ചേർക്കാനോ മാറ്റിമറിക്കാനോ ഇല്ല. ഏഴ് സ്വരങ്ങൾക്ക് പന്ത്രണ്ട് വ്യത്യസ്ത സ്ഥാനങ്ങളുണ്ടെന്നും  അതിൽത്തന്നെ സ്ഥാനങ്ങൾ പങ്കുവെക്കുന്ന നാല് സ്വരങ്ങൾ ഉണ്ടെന്നും നമ്മുടെ സംഗീത ശാസ്ത്രജ്ഞർ എന്നേ മനസ്സിലാക്കി.  അങ്ങിനെ പതിനാറ് സ്വരങ്ങൾക്ക് സാംഗത്യമുണ്ടെന്നു മനസ്സിലാക്കിയ സംഗീതസാങ്കേതികത മനുഷ്യബുദ്ധിയുടെയും നിരീക്ഷണപാടവത്തിന്റെയും സർവ്വോപരി ദർശനത്തിന്റെയും പരമമായ ഉപയോഗം വഴി സാധ്യമായ ഒന്നാണ്. പിന്നീടവ അത്ഭുതകരമാംവിധം വൈവിധ്യമാർന്ന രാഗസങ്കൽപ്പത്തിലേയ്ക്ക് ഉയർന്ന് ലോകസംഗീതത്തിലെ തുലനം ചെയ്യാനില്ലാത്ത, ഏറ്റവും സമഗ്രമായ ഒരു പദ്ധതിയായിത്തീർന്നു. ഏതാണ്ട് അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപ് വെങ്കടമഖി എന്ന സംഗീതശാസ്ത്രജ്ഞൻ സന്പൂർണ രാഗങ്ങളെ അവയുടെ സ്വരങ്ങളുടെ വിന്യാസത്തെ അടിസ്ഥാനപ്പെടുത്തി കൃത്യമായി എഴുപത്തിരണ്ട് രാഗങ്ങളായി മേളകർത്താ രാഗക്രമത്തിലേയ്ക്ക് ഉയർത്തി ഉദാത്തവൽക്കരിച്ചു. ഈ എഴുപത്തിരണ്ട് എന്നത് പൂർണ്ണമായ ഒരു ഉണ്മയാണ്. പുതുതായി ഒരു സന്പൂർണരാഗത്തിന് യാതൊരു സാധ്യതയോ സാംഗത്യമോ  ഇല്ല. അത്രയും പൂർണ്ണമാണ് അക്കാലത്തെ ഗവേഷണങ്ങൾ.

ഇതിലൂടെയൊക്കെ ലോകജീവിതത്തെ സമഗ്രവും സന്പൂർണ്ണവുമായി സ്വാധീനിച്ച മനുഷ്യബുദ്ധിയുടെ തെളിമയാണ് നാം കാണുന്നത്. ലക്ഷക്കണക്കായ ന്യൂറോണുകളുടെ  അടുക്കുകൾക്കിടയിൽ നമ്മുടെ തലച്ചോറിൽ സംഭരിതമായ അപരിമിതബുദ്ധിയുടെ മഹാപ്രഭാവങ്ങളാണിവ. ശാരീരിക ശക്തി ഉപയോഗിച്ച് പിരമിഡുകളും വൻമതിലും പണിതവർ മുതൽ ചിരന്തനമായ ശാസ്ത്രസത്യങ്ങളെ മനനം ചെയ്തു കണ്ടെത്തിയ മഹായോഗികൾ വരെ ഈ മഹത്വത്തിന്റെ പട്ടികയിൽ വരുന്നു. ഇതൊന്നും ഭുമേതരമല്ല മറിച്ചു ഭൗമാർജ്ജിതമാണ് എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കാരണം ഇവരാരുംതന്നെ  ബുദ്ധിയുടെയോ ശരീരത്തിന്റെയോ പരിമിതികളെപ്പറ്റി ചിന്തിച്ചവരല്ല. മറിച്ച് അപരിമിതമായ അവയുടെ സിദ്ധികളെപ്പറ്റി ബോധമുണ്ടായിരുന്നവരാണ്. അതുകൊണ്ടുതന്നെ ബേപ്പൂർ സുൽത്താന്റെ ഇമ്മിണി ബല്യ ഒന്നുകൾ.

You might also like

Most Viewed