കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ...
ഒരിക്കൽ എന്റെ അപ്പൂപ്പനായ അഭയദേവും ശ്രീ. ദേവരാജൻ മാസ്റ്ററും ചേർന്ന് മദ്രാസ്സിൽ വെച്ച് ശ്രീമതി. പർവീൺ സുൽത്താനയുടെ കച്ചേരി കേൾക്കാൻ പോയി. കച്ചേരി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാസ്റ്റർ ചോദിച്ചു “ദേവുസാറെ ഈ ശ്രീകൃഷ്ണൻ ഇല്ല അല്ലേ?”കാര്യം തിരക്കിയ അപ്പൂപ്പനോട് മാഷ് പറഞ്ഞു “അല്ല ഉണ്ടെങ്കിൽ ഇന്ന് ഇവിടെ വരുമായിരുന്നു, ഇതിലും ആർദ്രമായി ഇനി ആർക്ക് അദ്ദേഹത്തെ വിളിക്കാൻ സാധിക്കും”. ഈ സംഭവം ഒരിക്കൽ ഞാൻ എവിടെയോ പറഞ്ഞപ്പോൾ മാഷ് ശ്രീകൃഷ്ണനെ വിമർശിക്കുകയാണെന്നാണ് ഒരു തത്പരകക്ഷി മനസ്സിലാക്കിയത്. മാഷിന്റെ അതിസൂക്ഷ്മമായ സംഗീതബോധമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചതെന്ന് മനസ്സിലാക്കണമെങ്കിൽ അതിന് അനുയോജ്യമായ തരംഗദൈർഘ്യം മനസ്സിനും ബുദ്ധിക്കും ആവശ്യമാണ്. മാഷിന്റെ അങ്ങേയറ്റം ഉയർന്ന സംഗീതബോധത്തിന് പുളകം പകർന്ന ബീഗം സുൽത്താനയുടെ ആ മാസ്മരികസംഗീതം ചില മനസ്സുകളിൽ ഒരു പക്ഷെ ഒരു വികാരവും ഉണർത്തിയെന്ന് വരില്ല. അതാണ് സംവേദനത്തിന്റെ അഭാവം. സംഗീതം ആസ്വദിക്കാൻ സാധിക്കുന്നത് ജീവിതത്തിലെ ഭാഗ്യങ്ങളിൽ ഒന്നാണ്. അതില്ലാത്ത മനസ്സിൽ മരുഭൂമി പടർന്നു കയറുന്നു, പ്രഗത്ഭനായ ശ്രീ ആനന്ദ് തന്റെ ആൾക്കൂട്ടത്തിൽ പറയും പോലെ.
പലപ്പോഴും സംഗീതമടക്കമുള്ള മനോസംസ്കൃതികൾ ഉൾക്കൊള്ളാനോ അവയുടെ കുളിർമയിൽ നനയാനോ ഉള്ള മനസ്സ് ഇക്കാലത്ത് നഷ്ടമാവുന്നു. ഇത് വ്യക്തി ജീവിതത്തെ എത്തരത്തിൽ ബാധിക്കുമെന്ന ആകുലത ഒരുപക്ഷെ ജീവിതത്തെ മെച്ചപ്പെടുത്തുവാനുള്ള ഒരു ചിന്തയായിത്തീരാം. മോഹിപ്പിക്കുന്ന ലക്ഷ്യങ്ങൾക്ക് പിന്നാലെയുള്ള ഭ്രാന്തമായ ഓട്ടത്തിൽ ജീവിക്കാൻ മറന്നുപോകുന്നവർ ചെറിയ ചെറിയ സന്തോഷങ്ങളെ ജീവിതത്തിൽ പരിചയപ്പെട്ട് ജീവിതം ആകവേ ഒരു ആഘോഷമാക്കാനുള്ള മനോനില കൈവരിക്കേണ്ടത് ഏറെ ആവശ്യമാണ്. വാസ്തവത്തിൽ വലിയ വലിയ നേട്ടങ്ങളെക്കാളും വെട്ടിപ്പിടിക്കലുകളെക്കാളും സന്തോഷവും സംതൃപ്തിയും അവയ്ക്ക് കൊണ്ടുവരാനായേക്കും. പല കാര്യങ്ങൾക്കും അവ അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതാണ് ഇന്നത്തെ ലോകത്തെ ഏറ്റവും മുറിപ്പെടുത്തുന്നത്. എന്നാൽ അവയെല്ലാം തന്നെ മനുഷ്യന്റെ ജീവിതത്തെ ഫലപ്രദമായി വിനിയോഗിക്കാൻ സൃഷ്ടിക്കപ്പെട്ടവയുമാണെന്നുള്ളതാണ് സത്യം. മതം, ഭാഷ, ദേശം എന്നിങ്ങനെയെല്ലാം മനുഷ്യൻ ദുർവിനിയോഗം ചെയ്ത് മൂല്യശോഷണം വരുത്തിയവയാണ്. ജീവിതത്തെയോ ജീവിക്കുന്ന ലോകത്തെയോ മെച്ചപ്പെടുത്താമെന്ന സങ്കൽപ്പത്തിൽ നടത്തുന്ന ഇത്തരം അമിതമായ ദുർവിനിയോഗങ്ങളിൽ ബദ്ധശ്രദ്ധനായിരിക്കുന്പോൾ ചെറിയ ചെറിയ സന്തോഷങ്ങൾ തട്ടിവിളിക്കുന്നത് ആരറിയുന്നു! ഇത്തരം മനോഭാവങ്ങളും വിഷലിപ്തമായ സ്വാർത്ഥതയും തമ്മിലുള്ള അതിർവരന്പ് തിരിച്ചറിയാൻ പറ്റാത്തവിധം നേർത്തതാണെന്നുള്ള ബോധം നഷ്ടപ്പെട്ടു പോകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു.
കഴിഞ്ഞ ദിവസം എന്നെ കാണുവാനായി ഒരു പഴയ ശിഷ്യ അവരുടെ പുത്രിയേയും കൂട്ടി വന്നു. ആ കുട്ടി അടുത്തകാലത്ത് ഒരു സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഡെന്മാർക്കിൽ രണ്ടാഴ്ച്ചയോളം ചിലവഴിച്ചിരുന്നു. അവിടെ കണ്ട ജീവിതത്തോടുള്ള സമീപനം അവൾ വിവരിച്ചതാണ് എന്നെ ഈ ചിന്തകളിലേയ്ക്ക് നയിച്ചത്. അവിടെ മനുഷ്യജീവിതം ചെറിയ ചെറിയ ആഹ്ലാദങ്ങളാൽ സന്പന്നമാണ്. നമ്മുടെ ജീവിതത്തിൽ നാം സന്തോഷത്തിന്റെ പരിധിയിൽ പെടുത്താതെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാത്രം വിട്ടുകളയുന്ന പലതും അവിടെ ബോധപൂർവ്വം ഒരു സന്തോഷമായി, ഒരു ആഹ്ലാദമായി അവർ പരിഗണിക്കുന്നു. അത് അവരുടെ ജീവിതഗതിയേയും ആയുസ്സിനേയും ഗുണപരമായി സ്വാധീനിക്കുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സ്നേഹവും വർത്തമാനങ്ങളും പങ്കിട്ട് ഒരു കപ്പു ചൂട് കാപ്പി കുടിക്കുന്നത്, സ്നേഹിതർ ചേർന്ന് പ്രഭാതവായുവിന്റെ കുളിർമ നുകർന്ന് ഒരുമിച്ച് പലതും പറഞ്ഞു നടക്കാൻ പോകുന്നത്, സ്വന്തം മലർവാടിയിൽ ഒരു പനിനീർറോസാപുഷ്പ്പം പതിയെ ഇതൾ വിടർത്തുന്നത്, പൂക്കൾ തോറും പാറിനടക്കുന്ന പൂന്പാറ്റയെ ശല്യപ്പെടുത്താതെ നോക്കി നിൽക്കുന്നത്, എല്ലാം തികഞ്ഞ ആഹ്ലാദമായി ജീവിതത്തിലേയ്ക്ക് ആവാഹിക്കുന്നു അവർ. അതിന് ഹ്യുഗ് എന്നാണ് അവർ വിളിക്കുന്നത്. ഒരു ഡാനിഷ് ജീവിതത്തിൽ ഹ്യൂഗിന് ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണ് ഉള്ളത്.യഥാർത്ഥത്തിൽ ഇതൊരു മനോഭാവം മാത്രമല്ലേ? ജീവിതത്തിന് ലാഘവത്വം കൊടുക്കുന്ന ഒരു മനോഭാവം? ഡന്മാർക്ക്കാരെപ്പോലെ ആയില്ലെങ്കിലും ഇത്തരമൊരു സരളമായ സമീപനം കുറെയൊക്കെ നമുക്കും ആവശ്യമാണ്. ജീവിതത്തിൽ പരിഗണനീയമായ പലതിനെയും ലാഘവത്തോടെയും മരീചിക പോലെ അകലെ കാണപ്പെടുന്ന പലതിനെയും അമിതമായ ഗൗരവത്തോടെയും കാണുന്ന സംസ്കാരത്തിന്റെ പിന്നാന്പുറങ്ങളിൽ നിന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്.
കലാഹൃദയവും കവിഹൃദയവും ഈ മനോഭാവത്തിൽതന്നെയാണ് വേരുകളാഴ്ത്തി നിൽക്കുന്നത്. വളരെ നിസ്സാരമായ സന്ദർഭങ്ങളിൽ നിന്നും ഭാവനയുടെ ഊർജ്ജം ഉൾക്കൊള്ളാൻ കവിക്കും കലാകാരനും സാധിക്കുന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഏതോ കോണിൽ ഈയൊരു വീക്ഷണം കുടികൊള്ളുന്നത് കൊണ്ടാണ്. അന്ധതയ്ക്കും തോൽപ്പിക്കാനാവാത്ത സൃഷ്ടിപരത ബീഥോവൻ പുലർത്തിയത് ശാരീരികമായ പരിമിതി ആഹ്ലാദ മുഹൂർത്തങ്ങളെ ജീവിതത്തിൽ സൃഷ്ടിക്കുന്നതിൽ നിന്നും മനുഷ്യനെ വിലക്കുന്നില്ല എന്നതിന് ശക്തമായ ഉദാഹരണമാണ്. ധനസന്പാദനത്തിനു സ്വർഗീയമായ സംഗീതസിദ്ധിയെ ഉപയോഗപ്പെടുത്താതെ സ്വന്തം ഭക്തിയുടെയും ഭാവനയുടെയും ഉദാത്തശൃംഗങ്ങളിൽ വിഹരിച്ച ത്യാഗരാജസ്വാമികളും ഇതേ മനോഭാവമാണ് അനുവർത്തിച്ചത്. വളരെ പഴയ ഒരു യവന മൺപാത്രം കണ്ടപ്പോൾ അതിലെ കൊത്തിവെച്ചിരിക്കുന്ന സൈനികരുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന അവരുടെ കുടുംബത്തെപ്പറ്റി ചിന്തിക്കാൻ കീറ്റ്സ് എന്ന മഹാകവിക്ക് കഴിയുന്നത് ഇതേ മനോഭാവം ഉള്ളിലുണർത്തുന്ന ആദ്രത കൊണ്ടാണ്. അതിൽ കൊത്തിവെച്ച പൈപ്പ് വായിക്കുന്ന സംഗീതജ്ഞരെ കണ്ടപ്പോഴാണ് അദ്ദേഹം അവർ വായിക്കുന്ന കേൾക്കപ്പെടാതെ പോയ ആ സംഗീതത്തെപ്പറ്റി “കേട്ട ഗാനം മധുരം കേൾക്കാത്തവ അതിമധുരം” എന്ന് എഴുതിയത്. സാധാരണ ഒരു വ്യക്തി അത്തരം ഒരു പ്രാചീന മൺപാത്രം കണ്ടാൽ എന്താവും വിചാരിക്കുക? അത് പൗരാണികമായ ഒരു കൗതുകവസ്തു ആണെന്നും വിറ്റാൽ വലിയ തുക ലഭിക്കുമെന്നും ആയിരിക്കാം ഭൂരിപക്ഷവും കരുതുക. എന്നാൽ കവിയുടെ കാഴ്ചപ്പാട് അതിൽനിന്നും കാലാതിവർത്തിയായ കാവ്യം സൃഷ്ടിച്ചു, ആ സൃഷ്ടിയിൽനിന്നും അദ്ദേഹം അനുഭവിച്ച ഉത്കടമായ ആഹ്ലാദം, അനശ്വരമായി സാക്ഷാൽകൃതമായ ഒന്നാണ്. ഈയൊരു സന്തോഷത്തിന്റെയും നിറവിന്റെയും അനുഭവം വർത്തമാനകാല ലോകജീവിതത്തിൽനിന്നും ഏറെ അന്യവൽക്കരിക്കപ്പെടുന്നുണ്ട്.
ഭൗതിക ലക്ഷ്യങ്ങളുടെ പിറകെ പോയി ഒടുവിലത് നേടിക്കഴിയുന്പോൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ജീവിതപൂർണ്ണത ലഭിക്കാതെ വരുന്പോൾ അനുഭവിക്കുന്ന വ്യർദ്ദതാബോധം പലരും പലപ്പോഴായി അനുഭവിക്കുന്നു. ചെറിയ ചെറിയ സന്തോഷങ്ങൾക്ക് ജീവിതത്തെ നിറയ്ക്കുവാൻ ഒരു അവസരം ഇക്കൂട്ടർ കൊടുക്കുന്നില്ല.പുതിയ തലമുറയിലും മറ്റും കവിഹൃദയങ്ങൾ വളരെ വിരളമായി മാത്രം കാണപ്പെടുന്നതിന് കാരണം ഏതാണ്ട് ഇത് തന്നെയാണ്. വളരുവാനും പടവുകൾ താണ്ടി ഉയരങ്ങളിലെത്താനുമുള്ള വ്യഗ്രത സ്വാഭാവികവും ഗുണകരവുമാണ്. ജീവിതവിജയത്തിന് അത്യന്താപേക്ഷിതമായ ഈ മനോഭാവം ജീവിതത്തിന് നിറം ചാർത്തുന്നതും അതിനേ ആസ്വാദനീയമാക്കുന്നതുമായ ഘടകങ്ങളെ കാണുവാനും സ്വാംശീകരിക്കുവാനുമുള്ള കഴിവിനെ അല്ലെങ്കിൽ മനോഭാവത്തെ ഇല്ലാതാക്കുന്പോഴാണ് അത് അനാരോഗ്യകരമാവുന്നത്. അങ്ങിനെ വരുന്പോൾ ഉണ്ടാവുന്ന നല്ല കലാകാരന്മാരുടെയും കവികളുടെയും അഭാവം സമൂഹത്തിൽ നേരത്തെ പറഞ്ഞ മരുഭൂമിവൽക്കരണത്തെ ത്വരിതപ്പെടുത്തും. അതിരുകൾ ചുരുങ്ങിയ ലോകത്തെ അവാസ്തവിക യാഥാർത്ഥ്യങ്ങളുടെ തണലിൽ കതിരിടുന്ന പുതുനാന്പുകൾക്ക് വിശാലമായ ചക്രവാളം മാത്രമാണ് ലക്ഷ്യം, ചുറ്റും ചിരിച്ചുനിൽക്കുന്ന സുഗന്ധപുഷ്പ്പങ്ങൾ അവർക്ക് അന്യമാണ്. ഇത് ലോകത്തെ അസുന്ദരമാക്കും എന്നതിൽ സംശയമില്ല.