കാണുക തിരിച്ചറിയുക


ഇത്തവണ ഓണക്കാലം നാട്ടിൽ ചിലവഴിക്കാൻ സാധിച്ചു. മാറ്റമില്ലാതെ തുടരുന്ന ഓണച്ചിന്തകൾ ഓണച്ചന്തകൾ എന്നിവയെല്ലാം ഇപ്പോഴും നാടിനെ ഊഷ്മളമാക്കുന്ന കാഴ്ച്ചകളിലൂടെ കടന്നുപോയി ഞാനും. ജീവിതങ്ങളിൽ സംഭവിച്ച കാതലായ മാറ്റം ഓണത്തിന്റെ തനിമയാർന്ന അനുഭവങ്ങൾക്ക് നിറം കുറച്ചിട്ടുണ്ടെന്നത് സത്യമാണ്. മാറുന്ന കാലങ്ങൾക്കനുസരിച്ച് ആഘോഷങ്ങൾക്കും ഉണ്ടാവുന്ന ഭാവപ്പകർച്ച ഒഴിവാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാരണം ഒരു തലമുറയുടെ ഗൃഹാതുരത്വം മറ്റൊരു തലമുറക്ക് വെറും പഴമയുടെ ഏടു മാത്രമാണ്. അതിനോട് ഒരു വൈകാരിക ഭാവം അവർക്ക് ഉണ്ടാവാൻ തരമില്ല. പക്ഷെ നമ്മുടെ ഇത്തരം ആഘോഷങ്ങൾ കേവലമായ ഒരു അനുഭവത്തിനപ്പുറം ചില ആശയധാരകൾ പകരുന്നുണ്ടെന്ന് മനസ്സിലാക്കുന്നത് സാംസ്കാരികമായ ഒരു അനുഭവം തീർച്ചയായും സൃഷ്ടിക്കും. വേരുകളോട് കൂറ് പുലർത്താൻ അത് ആവശ്യവുമാണ്. കേവലം ഒരു അടിച്ചുപൊളി സംസ്കാരത്തിൽ ഇവയെ തളച്ചിടുന്നത് ഭാവിയിലെ അവയുടെ നിലനിൽപ്പിനും ഹാനി വരുത്തും. തന്നെയുമല്ല ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും നാം എങ്ങിനെ നോക്കിക്കാണുന്നു എന്നത് വ്യക്തിജീവിതത്തിൽ നിറപ്പകിട്ടാർന്ന ഏടുകൾ സൃഷ്ടിച്ചേക്കാം.

ഓണത്തിന്റെ യഥാർത്ഥ സന്ദേശത്തെപ്പറ്റി പരക്കെ ഒരു അജ്ഞതയുണ്ട്. എന്തിന് പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവിനെ മഹാവിഷ്ണു വാമനരൂപത്തിൽ വന്ന് പാതാളത്തിലേയ്ക്കയച്ചു, വിഷ്ണുപദം പോലും മഹാബലി കവരും എന്ന് ഭയപ്പെട്ടല്ലേ അങ്ങനെ ചെയ്തത്, ഒരു സമത്വ സുന്ദരമായിരുന്ന ലോകത്തെ ഇല്ലാതാക്കിയ വാമനനും അതിലൂടെ ഓണത്തിനും എന്ത് പ്രസക്തി എന്നീ ചോദ്യങ്ങൾ എപ്പോഴും മലയാളി മനസ്സുകളിലുണ്ട്. മാത്രമല്ല ഇത്തരം പുരാണേതിഹാസങ്ങളെ കേവലം ഒരു കെട്ടുകഥയായി വ്യാഖ്യാനിച്ച് അതിന്റെ ദാർശനികതലങ്ങളെ മനഃപൂർവ്വമോ അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരത്തിന്റെ അഭാവം കൊണ്ടോ നിസ്സാരവൽക്കരിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. അവയെ ദൃശ്യമാധ്യമ പരന്പരകളിലൂടെ നേരംപോക്കാക്കി മാറ്റിയതും ഇതിന്റെ ഭാഗമാണ്. നമ്മൾ ആഘോഷിക്കുന്നതിനെയും ആചരിക്കുന്നതിനെയും വിശ്വസിക്കുന്നതിനെയും അവ ആവശ്യപ്പെടുന്ന സാംസ്കാരിക പശ്ചാത്തലത്തിൽ നോക്കിക്കാണാനുള്ള കാഴ്ചപ്പാട് അവയോടുള്ള നമ്മുടെ സമീപനം മാറ്റി മറിക്കുമെന്ന് തന്നെയല്ല അത് നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥപൂർണ്ണവുമാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

ഓണത്തെ സംബന്ധിച്ച് ചിന്തിക്കുന്പോൾ അതിന്റെ ദാർശനിക സന്ദേശം ഞാൻ മനസ്സിലാക്കിയത് ഇപ്രകാരമാണ്. വാമനൻ മനനം ചെയ്ത വാക്കിനെ സൂചിപ്പിക്കുന്നു. അത് ജ്ഞാനത്തിൽ നിന്നും ഉയിർക്കൊള്ളൂന്നതാണ്. ജ്ഞാനം എപ്പോഴും വാമനനെപ്പൊലെ വളരെ ചെറുതായി ബുദ്ധിയിലേയ്ക്ക് കടന്നുവരികയും അവിടെ നിന്നും ഒരു പ്രപഞ്ചത്തോളം വളരുകയും ചെയ്യുന്നു.മാവേലിക്ക് ജ്ഞാനം ഒട്ടും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനവിവേകങ്ങളേയാണ് വാമനൻ പ്രതിനിധീകരിക്കുന്നത്. ജ്ഞാനാവബോധത്തിന്റെ പരിപൂർത്തിയിൽ മാവേലി ഇഹലൊകത്തിന്റെ നശ്വരതയിൽ നിന്നും അമരത്വം നേടുന്ന ചിത്രമാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഭൗതികജീവിതത്തിന്റെ ധാരാളിത്തത്തിലൂടെയല്ല മറിച്ചു ജ്ഞാനാവബോധം വഴി നേടുന്ന തിരിച്ചറിവിലൂടെ മാത്രമാണ് അമരത്വം കൈവരിക്കാനാവുന്നത് എന്ന ദാർശനിക തത്വമാണ് ഇതിൽ അന്തർലീനമായിരിക്കുന്നത്. പരിമിതിയിൽ ജനിച്ച് അപരിമിതമായി വളരുന്ന ജ്ഞാനം കൊണ്ട് ഈ ഭൂമിയേയും ആകാശത്തെയും ഈ മഹാപ്രപഞ്ചത്തെത്തന്നെയും അളക്കാൻ സാധിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും മൂല്യങ്ങളോടും ധാർമ്മികതയോടും പ്രതിജ്ഞാബദ്ധമായി ജീവിച്ച് അനശ്വരമാവുന്ന ഒരു വ്യക്തിത്വമാണ് മഹാബലിയിലൂടെ ഓണം നമ്മുടെ മുന്നിൽ വെയ്ക്കുന്നത്. അതാണ് മഹത്തായ ബലിദാനം, അതാണ് മഹാബലി. ഇത് മനസ്സിലാക്കാതെ എന്ത് അന്തസ്സാരമാണ് ഓണത്തിന് നമുക്ക് കൽപ്പിക്കാനാവുക.

ഓണത്തെപ്പറ്റി ഇപ്പറഞ്ഞതുപോലെതന്നെ നമ്മുടെ പ്രാദേശികവും ദേശീയവുമായ ഏതു ആഘോഷത്തേയും ഉപരിപ്ലവമായല്ലാതെ കാണുന്ന ഒരു സംസ്കാരത്തിലേയ്ക്ക് നാം കടന്നു വരേണ്ടതാണ്. മതസംസ്കാരത്തിൽ നിന്നും ദേശീയബോധത്തിൽ നിന്നും ഉയിർക്കൊണ്ട ഓരോ ആഘോഷവും അതുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചിതമായ കൂട്ടായ്മക്കും പരസ്പര സഹകരണത്തിനും വേണ്ടി ലക്ഷ്യം വെക്കപ്പെട്ടവയാണ്. ആചാരം വ്യക്തിപരവും ആഘോഷം സാമൂഹ്യവുമാണ്. അവ ഓരോ പ്രദേശത്തും ഉയിർക്കൊണ്ട മനുഷ്യകുലത്തിന് സാമൂഹ്യമായ നിലനിൽപ്പും അതിലൂടെ സംസ്കാരവും നേടിക്കൊടുത്തു. അത് മറക്കുന്പോൾ അവ അന്തസ്സാരശൂന്യമായിപ്പോകുന്നു അതുപോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യ-റിപ്പബ്ലിക് ദിനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് ഒരു കൊടിയുയർത്തലും അന്നത്തെ അവധിയും മാത്രമാണ്. എന്നാൽ ആ കൊടി ആദ്യം ഉയർത്താനുള്ള യജ്ഞത്തിൽ ഹോമിക്കപ്പെട്ട ജീവിതങ്ങളെ അവരിൽ എത്ര പേർ അറിയുന്നു? ഇന്നിന്റെ ലോകം പഴം കഴിക്കാതെ അതിന്റെ തോലിനെ അലങ്കരിച്ചു വെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

 

കാണുന്നതിനെ വേണ്ടപോലെ തിരിച്ചറിയുന്പോൾ മാത്രം മനുഷ്യൻ അവന്റെ കേവലമായ നിലനിൽപ്പിനതീതമായി ഉയരുന്നു.സൂര്യപ്രകാശത്തിൽ നിന്നാണ് ജീവൻ പൂർണ്ണമായും ഊർജ്ജമുൾക്കൊള്ളുന്നത് എന്നറിയാത്തവരില്ല. എന്നാൽ മഹാകവി സൂര്യനേ കണ്ടത് മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന സൂര്യനായാണ്. ആ മാനവികതയുടെ സൂര്യന് അദ്ദേഹം സ്വസ്തി പാടുന്നു. ആ ഉദാത്തമായ കാഴ്ച്ചപ്പാടാണ് മനുഷ്യജന്മത്തെ അതിന്റെ പരിമിതിക്കതീതമായി വളർത്തുന്നത്. സാഗരത്തെ “നീ അപാരതയുടെ നീല ഗംഭീരോദാരച്ഛായ എന്ന് വിശേഷിപ്പിക്കുന്ന കവി അതിനെ ഈ പ്രപഞ്ചത്തെക്കാളും വലുതാക്കുന്നു.ഏതിനെയും പരിമിതപ്പെടുത്തുന്നതും പർവതീകരിക്കുന്നതും നമ്മുടെ മനസ്സാണ് അതിന്റെ കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിന് തിമിരം ബാധിക്കാതെ നോക്കേണ്ടത് ഓരോ വ്യക്തിക്കും അവനവനോട് തന്നെയുള്ള കടപ്പാടുമാണ്.

You might also like

Most Viewed