ജീവിത ചര്യയും വിവാദചര്യയും


വിവാദങ്ങളുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്തിനും ഏതിനും വിവാദം. കേട്ട് കേട്ട് മനുഷ്യൻ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാവാതെ ആകെയൊരു സന്ദിഗ്ദ്ധാവസ്ഥയെ പുൽകുന്നു. വിവാദങ്ങൾ ചാനലുകളിൽ ചൂടുപിടിക്കുന്പോൾ ചിലർ വിവാദത്തൊഴിലാളികളായി മാറുന്ന കൗതുകകരമായ സാഹചര്യവും ഉണ്ട്. മറ്റ് ചിലർ പ്രതിഭ വറ്റിവരളുന്പോൾ പ്രശസ്തി നിലനിർത്തുവാൻ വിവാദങ്ങളെ സമർത്ഥമായി ഉപയോഗിക്കാറുണ്ട്. സമൂഹം മൂല്യവത്തെന്ന് കരുതുന്ന എന്തിനെയെങ്കിലും നിശിതമായി ആർക്കും ഞെട്ടലുളവാകുന്ന വിധത്തിൽ ഇവർ വിമർശിക്കും. വിവാദം അരങ്ങു തകർക്കുന്പോൾ ഇവർ അതിലൂടെ കാര്യം നേടിയെടുക്കും. രാഷ്ട്രപിതാവിനെപ്പോലും ഇവർ വെറുതെ വിടാറില്ല.

പക്ഷെ ആത്യന്തികമായി ഈ വിവാദങ്ങൾകൊണ്ട് നേരംപോക്ക് എന്നതൊഴിച്ചാൽ സമൂഹത്തിനോ നാടിനോ എന്ത് നേട്ടമാണ് ഉണ്ടാകുന്നത്? അമ്മയെ തല്ലിയാലും അതിൽ അഞ്ചുതരം അഭിപ്രായങ്ങൾ െവച്ചുപുലർത്തുന്ന സമൂഹത്തിൽ ഇത്തരം പല വിവാദങ്ങളും സാധാരണ മനുഷ്യനെ ചിന്താക്കുഴപ്പത്തിൽ ആക്കാറുണ്ട്. എന്നാൽ സാമൂഹികപ്രസക്തമായ ഒരുപാടു വിഷയങ്ങളിൽ മനുഷ്യൻ വഞ്ചിതനാകാതിരിക്കാനും യഥാർത്ഥമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാനും ഇത് പ്രയോജനപ്പെടാറുമുണ്ട്. ഇന്നത്തെ ലോകം രാഷ്ട്രീയവും മതപരവുമായ രംഗത്ത് ഏറെ കലുഷമാകാൻ ഇത്തരം വിവാദങ്ങൾ ഇടവരുത്തുന്നു. വാക്കുകൾ സമർത്ഥമായി ഉപയോഗിക്കുന്ന നേതാക്കൾ എളുപ്പത്തിൽ വിധയമാവുന്ന മനസ്സുകളെ സ്വാധീനിക്കുന്നു. ജനസമൂഹങ്ങൾ തമ്മിൽ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഇഴയടുപ്പം ഇല്ലാതാക്കുവാനും മനുഷ്യബന്ധങ്ങൾക്കിടയിൽ മതിലുകൾ പണിയുവാനും ഇത്തരക്കാർ സമർത്ഥമായി മാധ്യമത്തെയും വിവാദത്തെയും ഉപയോഗിച്ചു.

ഈയൊരു വിവാദാന്തരീക്ഷം സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നു മറ്റൊരു വിഭാഗവുമുണ്ട്. ആരോഗ്യകരങ്ങളായ സംവാദങ്ങൾ വിവാദങ്ങൾക്ക് വഴിമാറുന്പോൾ അത് ബിസിനസ്പരമായ ഒരു തന്ത്രമായും വിനിയോഗിക്കപ്പെടുന്നുണ്ട്. ഒരു സിനിമ റിലീസ് ചെയ്യുംമുന്പോ, ചെയ്ത ഉടനെയോ ഒരു വിവാദം ഉണ്ടാക്കിയാൽ അതിന്റെ സാന്പത്തികവശം സുരക്ഷിതമാകുന്നു. വിവാദമുണ്ടാക്കാൻ പരസ്യത്തെ അപേക്ഷിച്ച് ചിലവും വളരെ കുറവാണ്. ഒരു പുസ്തകത്തെ സംബന്ധിച്ചും ഇതേ നയം പ്രായോഗികമാണ്. 

ഇക്കഴിഞ്ഞയാഴ്ച ഒരു പുസ്തക പ്രകാശനത്തെ സംബന്ധിച്ച് വിവാദമുണ്ടായി. അതിന്റെ പ്രഭവകേന്ദ്രം, അതിന്റെ ലക്ഷ്യം എന്നിവയെ സംബന്ധിച്ച് പല സംശയങ്ങളും ഉയർന്നുവന്നിരുന്നു. ആരോപിതർക്കെതിരെ ഞാനും പ്രതികരിച്ചു. അത് വിഷയം സംബന്ധിച്ച് പൂർണ്ണമായി പഠിക്കാതെ അപക്വമായി എഴുതിയതായിപ്പോയില്ലേ എന്ന് പലരും ചോദിച്ചു. കാരണം ഇതിൽ കാണുന്ന ഒരു ന്യായവിരുദ്ധത തന്നെ. സ്വാമിനാരായൻ പ്രസ്ഥാനത്തിന് ഒരിടത്തും സ്ത്രീകളെ അകറ്റിനിർത്താനുള്ള ഒരു അജണ്ടയുള്ളതായി അറിവില്ല. കഴിഞ്ഞ വർഷം ഞാൻ കാനഡയിൽ ടോരോണ്ടോയിലുള്ള അവരുടെ അതിബൃഹത്തായ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇന്ത്യൻ സംസ്ക്കാരം ലോകത്തിന് എന്താണ് കാഴ്ചവെച്ചത് എന്നതിനെ സംബന്ധിച്ച് അത്യത്ഭുതകരമായ ഒരു മ്യൂസിയം പ്രവർത്തിക്കുന്ന അവിടെ സ്ത്രീകൾ വോളണ്ടിയർമാരായി സേവനം അനുഷ്ടിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. മാത്രമല്ല സാധാരണ ക്ഷേത്രങ്ങളിൽ അവർക്ക് കയറാൻ നിയന്ത്രണമുള്ള സമയത്തുപോലും ഇവിടെ അങ്ങിനെയുള്ള ഒരു നിയന്ത്രണം ഇല്ല. ആ പ്രസ്ഥാനം അത്തരമൊരു നിയന്ത്രണം സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടില്ല. അതാണ് സത്യമെന്നിരിക്കെ ഇങ്ങനെയൊരു വിവാദം എങ്ങിനെ സൃഷ്ടിക്കപ്പെട്ടു എന്നതിൽ ദുരൂഹതയുണ്ട്.

ഇനി ഇതിന്റെ മറ്റൊരു വശം കൂടി പറയേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസം, അത് മറ്റുള്ളവർക്ക് ഹാനികരമാകുന്നില്ലെങ്കിൽ, വെച്ചുപുലർത്താനുള്ള അവകാശം ഉണ്ട്. ഓരോരുത്തർക്കും അവരവരുടേതായ ആത്മനിയന്ത്രണങ്ങൾ പാലിക്കാനും അവർ ആഗ്രഹിക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കാനുമുള്ള അവകാശവുമുണ്ട്. മറ്റാർക്കെങ്കിലും വേണ്ടി അവരുടെ ജീവിത ക്രമങ്ങൾ മാറ്റണമെന്ന് പറയാൻ ആർക്കും അവകാശമില്ല. അവരുടെ രീതികളോട് അഭിപ്രായവ്യത്യാസമുള്ളവർക്ക് അവരെ സ്വന്തം ചടങ്ങുകളിൽ പങ്കെടുപ്പിക്കാതിരിക്കാം. അതല്ലാതെ ചടങ്ങിന് ക്ഷണിച്ചു വരുത്തിയിട്ട് അവർ ക്ഷണിതാക്കളുടെ ഇഷ്ടപ്രകാരം ജീവിതക്രമം മാറ്റണമെന്ന് പറയാൻ ആർക്കാണ് അവകാശം! എന്നെ ഊണിന് വിളിച്ചാൽ പങ്കെടുക്കണമെങ്കിൽ സസ്യഭക്ഷണം നിർബ്ബന്ധമായും വേണമെന്ന് പറയാൻ എനിക്ക് അവകാശമുണ്ട്. അത് പറ്റില്ല നിങ്ങൾ വന്നേ മതിയാകൂ, എന്നിട്ട് മാംസഭക്ഷണം കഴിക്കുകയും വേണം എന്ന് പറയാൻ ആര് ആർക്ക് അവകാശം കൊടുത്തു? ഇതാണ് ഇതിലെ നൈതികമായ പ്രശ്നം. 

ആത്മനിയന്ത്രണത്തിന്റെ ഭാഗമായി മൗനവ്രതം ആചരിക്കുന്നവരുണ്ട്. അതുകൊണ്ട് അവർ ശബ്ദത്തെ വെറുക്കുന്നു എന്നർത്ഥമില്ല, അത് പ്രപഞ്ചത്തിന്റെ ആത്മാവാണ്. ബഹ്റിനിൽ ധാരാളം പ്രമുഖർ പങ്കെടുത്ത സദ്സംഗത്തിൽ അമേരിക്കയിൽ നിന്നുംവന്ന ഒരു ജൈനമുനി പരിപൂർണ്ണമായും മൗനവ്രതം അനുഷ്ടിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്. അത്രയധികം ആളുകളോട് ഒരു വാക്കെങ്കിലും പറയാനുള്ള വിട്ടുവീഴ്ചയൊന്നും അദ്ദേഹം കാട്ടിയില്ല. ഇതിനെ നമ്മൾ വ്യക്തിപരമായി അംഗീകരിക്കുന്നോ ഇല്ലയോ എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. ഇതൊക്കെ ഒരു വ്യക്തി പരമപ്രധാനമായ ധർമ്മമായി കണ്ട് അനുഷ്ടിക്കുന്ന ജീവിതചര്യയായി കാണാനുള്ള ഔചിത്യം കാട്ടിയാൽ ഇത്തരം വിവാദങ്ങളുടെ പ്രസക്തിയേ നഷ്ടപ്പെടും. പക്ഷെ പലർക്കുമതല്ലല്ലോ വേണ്ടത്, അല്ലേ?

You might also like

Most Viewed