നിസ്സഹായത, അതു മാത്രം...
പലായനം എന്ന പദം നിസ്സഹായതയെ സൂചിപ്പിക്കുന്നു. അത് ആശയറ്റതും പ്രതീക്ഷകൾ മരിച്ചതുമായ സാഹചര്യത്തിൽ സ്വന്തം നാടും വീടും ഉറ്റവരെയും ഉടയവരെയുമൊക്കെവിട്ട് നിശ്ചയമില്ലാത്ത എതോ ലോകത്തേയ്ക്ക് സ്വന്തം ജീവനും കൈയ്യിൽ വാരിപ്പിടിച്ച് ഓടിപ്പോവുന്ന മനുഷ്യന്റെ നൊന്പരവും ആകുലതയും വ്യഥയുമാണ്. ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും വേദനാജനകമായ ഒരു അവസ്ഥയാണത്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നവർ ഈ വാക്കിന്റെ പരിധിയിൽ പെടുന്നില്ല. ജീവിതത്തിന്റെ നാളം കെടാതെ പരിരക്ഷിക്കുവാനുള്ള എല്ലാം വിട്ടെറിഞ്ഞുള്ള ചകിതമായ ഒരു ഓട്ടം, അതാണ് പലായനം എന്ന പദം സൂചിപ്പിക്കുന്നത്. ദൈന്യതയാണ് അത് പകരുന്ന വികാരം. ഇന്ന് ലോകത്ത് എത്രയോ ജനസമൂഹങ്ങൾ ഈ ദൈന്യത അനുഭവിക്കുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് സിറിയ, യമൻ, ഇറാക്ക്, ലിബിയ, അൾജീറിയ, എറിത്രി
യ, സോമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നും ക്രമാതീതമായ അഭയാർ
ത്ഥി പ്രവാഹമാണ് ഇപ്പോൾ. ഒന്നുകിൽ സുരക്ഷിതമായ ജീവിതം അല്ലെങ്കിൽ മരണം എന്ന് നിശ്ചയത്തോടെ ജനങ്ങൾ കിട്ടിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പലായനം ചെയ്യുന്നു. ചെറിയ ബോട്ടുകളിലും വള്ളങ്ങളിലും കപ്പലുകളിലുമായി മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും കുത്തിനിറച്ച് യാത്ര ചെയ്യുന്നു. ഒരു ജീവിതത്തിനുവേണ്ടി യാചനയോടെ. ദുർഘടമായ യാത്രയെപ്പറ്റി അവർക്ക് അറിഞ്ഞുകൂടാത്തതല്ല. ലക്ഷ്യം എത്തിയാൽ എത്തി എന്നതാണ് അവസ്ഥ എന്നും അവർക്കറിയാം. പലപ്പോഴും അമിതഭാരത്താലാണ് പല ബോട്ടുകളും അപകടത്തിൽ പെടുന്നത്.
കോപിഷ്ഠമായ കടലിന്റെ പ്രക്ഷുബ്ധതകളെ തരണം ചെയ്യാനുള്ള ശ്രമത്തിൽ എത്രയോ വിലപിടിച്ച ജീവനുകളുടെ നാളങ്ങൾ അണഞ്ഞു പോകുന്നു. സമുദ്രത്തിന്റെ രുദ്രതാണ്ധവത്തെ തരണം ചെയ്യുവാൻ അശക്തമായ എത്രയോ യാനപാത്രങ്ങൾ അവയിൽ കുരുങ്ങിപ്പോയ ജന്മങ്ങളുമൊത്ത് ആഴിയുടെ കാണാക്കയങ്ങളിൽ അപ്രത്യക്ഷമായിരിക്കുന്നു.
അടുത്തകാലത്ത് ടർക്കിയിൽ തീരത്തടിഞ്ഞു കമഴ്ന്നു കിടന്ന കിളുന്നു മൂന്നു വയസ്സുകാരൻ അയിലാൻ കുർദി എന്ന സിറിയൻ ബാലൻ ലോകത്തെ മുഴുവൻ കരയിപ്പിച്ചു. ഗ്രീസിലേയ്ക്കുള്ള യാത്രക്കിടയിൽ തകർന്നുപോയ ഏതോ ബോട്ടിൽ മാതാപിതാക്കളോടോപ്പം ഒരു ജീവിതം തേടി വന്നതായിരുന്നു അയിലാൻ. ലഭ്യമായ കണക്കനുസരിച്ച് തന്നെ രണ്ടായിരത്തോളം ആളുകൾ യൂറോപ്പിലേയ്ക്ക് കുടിയേറാനുള്ള ഉദ്യമത്തിൽ മരണത്തെ പുൽകിയിട്ടുണ്ട്. യഥാർത്ഥത്തിലുള്ള ജീവനഷ്ടം ഇതിലും എത്രയോ ഏറെയായിരിക്കാനാണ് സാധ്യത. പ്രകൃതിക്ഷോഭവും ഭക്ഷണത്തിന്റെ അഭാവവും, കടൽക്കൊള്ളക്കാരുടെ ആക്രമണവും ഇങ്ങനെ പല സാഹചര്യങ്ങളും ഈ പാവപ്പെട്ടവരെ ചതിക്കുന്നു.
ഇവിടെ നമ്മെ ചിന്തിപ്പിക്കുന്നത് നമ്മുടെ ജീവന് വേണ്ട സർവ്വതും തന്ന ഈ ഭൂമിയെ ജീവിക്കാൻ കൊള്ളാതാക്കുന്ന വന്യത മനുഷ്യനിൽ നിറഞ്ഞുപോയതിന്റെ വർത്തമാനകാല ഭാഗ്യഹീനതയാണ്. ജനിച്ചു വളർന്ന സാഹചര്യങ്ങൾ, പൂർവ്വികരുടെ ജീവിതത്തിന്റെ പാടുകൾ വീണ മണ്ണ് എന്നിവയൊക്കെ വിട്ടെറിഞ്ഞ് സ്വന്തം കുഞ്ഞുങ്ങളെ മാറോടു ചേർത്ത് ജീവിതം തേടി ഇറങ്ങുന്നവർ പിന്നീട് അനുഭവിക്കുന്ന ദുരിതങ്ങൾ ആരുടെയും മനസ്സലിയിക്കുന്നതാണ്. ഹംഗറി ഇത്തരക്കാരെ കയറ്റാതിരിക്കാൻ തങ്ങളുടെ അതിർത്തി നൂറ്റിഎഴുപത്തഞ്ചു കിലോമീറ്റർ വേലികെട്ടി അടച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകൾ ജർമ്മനിയിലേക്കുള്ള യാത്രക്കിടയിൽ ഹംഗറി, ക്രോയേഷ്യ, സെർബിയ, ഓസ്ട്രിയ എന്നിവിടങ്ങളിൽ എവിടെയൊക്കെയോ കുരുങ്ങിക്കിടപ്പുണ്ട് എന്ന് മാത്രമാണ് ഇപ്പോൾ ലഭ്യമായ വിവരം.ഇത്രയധികം അഭയാർത്ഥിപ്രവാഹമുണ്ടാകുന്പോൾ അവരെ ന്യായമായ അനുപാതത്തിൽ സ്വീകരിക്കുവാൻ രാജ്യങ്ങൾ തമ്മിൽ വ്യക്തമായ ധാരണ വേണ്ടതാണ്. എന്നാൽ അഭയാർത്ഥികളെ സ്വീകരിക്കുവാനുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിലുള്ള ധാരണ വേണ്ട രീതിയിൽ പാലിക്കപ്പെടാതെ വെറും കടലാസ്സിലൊതുങ്ങുകയാണ് ഇപ്പോഴും.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ ദുരിതമനുഭവിക്കുന്ന എത്രയോ ഹതഭാഗ്യരുണ്ട്! മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യൻ തന്നെയെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് അവരൊക്കെ ഭീതിദവും പരിതാപകരവുമായ ചുറ്റുപാടിൽ മരിച്ചുകൊണ്ട് ജീവിക്കുന്നു. ഒന്നുമറിയാതെ ദുരിതമനുഭവിക്കുന്ന അവരുടെ കുഞ്ഞുങ്ങൾ ആരുടെ ഹൃദയത്തേയും നൊന്പരപ്പെടുത്തും. സ്വപ്നങ്ങൾ നഷ്ടപ്പെട്ടുപോയ, ആഗ്രഹരഹിതരായ ഈ മർത്യജന്മങ്ങളെയും അവരുടെ പാവപ്പെട്ട കുഞ്ഞുങ്ങളെയും ഓർത്ത് ആകുലപ്പെടാം എന്നല്ലാതെ എന്ത് ചെയ്യാനാകും നമുക്ക്. അതേപ്പറ്റി ചിന്തിക്കുന്പോൾ അവർക്കും നമുക്കും പൊതുവായി ഒന്നുണ്ട്, നിസ്സഹായത, അത് മാത്രം....
സ്വന്തം വീടിന്റെ തണലിൽ ഇഷ്ടഭക്ഷണവും കഴിച്ചു കുടുംബാംഗങ്ങളോടൊത്ത് കഴിയുന്നവർ അവരുടേതായ അസംതൃപ്തിയെ താലോലിക്കുന്നത് കാണുന്പോൾ ഞാൻ ആലോചിച്ചു പോകുന്നു, ഈ ഹതഭാഗ്യരുടെ നേർക്ക് ഒന്ന് കണ്ണോടിക്കുവാൻ അവർക്ക് തോന്നിയിരുന്നെങ്കിൽ.