അറിയുന്നവ, പക്ഷെ ഓർക്കപ്പെടാത്തവ


കഴിഞ്ഞ ദിവസം കണ്ട ഒരു വാട്സ് ആപ് വീഡിയോയിൽ ഒരു ആന ഭ്രാന്തിളകി അതിന്റെ പാപ്പാനെന്ന് തോന്നുന്ന ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിന്റെ ദാരുണമായ ദൃശ്യം കണ്ടു. അതിന്റെ അടുത്ത ദിവസം വാർത്തകൾ കണ്ടു, ആനയ്ക്ക് കൊടുക്കാൻ തയ്യാറാക്കി െവച്ച ഭക്ഷണത്തിൽ ബ്ലേഡ് ഇട്ടിരിക്കുന്നതായി. ആനയെ വകവരുത്തി അതിന്റെ കൊന്പ് പല്ല് മുതലായവ വിറ്റ് പണമാക്കാൻ ചെയ്തതാണത്രേ. ഇതേ ലക്ഷ്യത്തിൽ ആനകളെ കാട്ടിൽ കയറി വകവരുത്തുന്ന നിരവധി സംഘങ്ങൾ വിഹരിച്ചിരുന്നു എന്ന് ഹതഭാഗ്യരായ ആ മിണ്ടാപ്രാണികളുടെ എത്രയോ ജഡങ്ങൾ കാട്ടിൽ നിന്ന് കണ്ടെടുത്തത്തിൽ നിന്നും മനസ്സിലായി.അസഹ്യമായ പീഡനങ്ങളാൽ ശരീരം നുറുങ്ങുന്പോൾ ഈ പാവപ്പെട്ട ജീവികൾ പ്രതികരിക്കുന്നതിൽ ഏതെങ്കിലും അത്ഭുതമുണ്ടോ?

ഒരു കാര്യം പ്രത്യേകം ഓർക്കണം. പ്രകൃതി വിവേക ബുദ്ധി കൊടുത്ത മനുഷ്യൻ മാത്രമാണ് അതില്ലാതെ പ്രവർത്തിക്കുന്നത്. പ്രാണികൾക്കും ജീവികൾക്കും പ്രകൃതി എന്ത് നൽകിയോ അതിനനുസൃതമായി മാത്രമാണ് അവ പ്രവർത്തിക്കുന്നത്. അതിന് വിരുദ്ധമായി ഒന്നും പ്രവർത്തിക്കില്ല.വയർ നിറഞ്ഞിരിക്കുന്ന ഒരു മൃഗരാജൻ അതിന്റെ മുന്നിൽപ്പെടുന്ന ഒരു കുഞ്ഞാടിനെപ്പോലും ദ്രോഹിക്കില്ല. അതുകൊണ്ടാണ് പണ്ടൊരിക്കൽ ഒരു സംഭാഷണത്തിനിടെ നമ്മുടെ ദാസേട്ടൻ പറഞ്ഞത് “മനുഷ്യനെയും മൃഗങ്ങളെയും താരതമ്യം ചെയ്ത് അയാൾ മൃഗീയനാണ് എന്നും മറ്റും പറയുന്നത് ഒരിക്കലും ശരിയല്ല, അവർ (മൃഗങ്ങൾ) നമ്മെക്കാളും ഒരുപാട് ഉയർന്നവരാണ്” എന്ന്. ഇന്നത്തെ ലോകത്ത് ഇതൊരു തികഞ്ഞ സത്യമല്ലേ?

ഈ മിണ്ടാപ്രാണികളോടുള്ള ഹീനമായ സമീപനം അവനവനിലേക്ക് തന്നെ വിഷമായി പടരുന്ന കാഴ്ച ഏറെ ഞെട്ടലുളവാക്കുന്നതാണ്. സ്വന്തം ഭക്ഷണത്തിൽത്തന്നെ വിഷം ചേർക്കുന്ന വന്യത. മാംസാഹാരികളുടെ ശ്രദ്ധയിൽ ഒരിക്കലും പെടാറില്ല അവർ ഭക്ഷിക്കുന്ന മാംസത്തിൽ പലപ്പോഴും മനുഷ്യക്രൂരതയുടെ വിഷം ചേർന്നിരിക്കുന്നു എന്നത്. എന്തെന്നാൽ ഓരോ മൃഗത്തെയും മറ്റു മൃഗങ്ങളുടെ മുന്നിൽ വെച്ച് തന്നെ ദയാരഹിതമായി കശാപ്പു ചെയ്യുകയാണ്. ഏതാണ്ട് മനുഷ്യനേപ്പോലെതന്നെ പ്രാഥമികമായ വികാരങ്ങളും വിചാരങ്ങളും അവയ്ക്കുമുണ്ട് എന്നൊക്കെ ഓർക്കാൻ ആർക്കും സമയമില്ല. പരമാവധി ലാഭം കൊയ്യാനുള്ള തത്രപ്പാടിൽ പാവം മൃഗത്തിന്റെ വികാരങ്ങൾക്ക് എന്ത് വില? പക്ഷെ അടുത്ത ഊഴം തന്റെതാണെന്നു മനസ്സിലാക്കുന്ന മൃഗത്തിന്റെ ശരീരത്തിൽ ഉൽപ്പാദിതമാകുന്ന ഭീതിയിൽ നിന്നുള്ള വിഷം അതിന്റെ മാംസം കഴിക്കുന്ന വ്യക്തിയുടെ രക്തത്തിൽ കലരുകതന്നെ ചെയ്യും.അതൊരു സത്യമാണ്.

ത്വക്കിൽ സ്വേദ ഗ്രന്ഥികളില്ലാത്തതിനാൽ അസഹ്യമാവുന്ന ചൂട് അകറ്റാൻ സദാ സമയവും ചെവിയാട്ടി അൽപ്പം കാറ്റ് കൊള്ളുന്ന ആനയെ പൊരിവെയിലത്തു നിർത്തി ചെയ്യിക്കുന്ന ജോലികൾ അതികഠിനമാണ്. ഒരു നേരത്തെ ഭക്ഷണം കിട്ടാൻ വേണ്ടി ആ ജീവി മരിച്ചു പണിയെടുക്കുന്നു. എന്നാൽ പരിക്ഷീണിതനായി ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ആർത്തിയോടെ വരുന്പോൾ അതിന്റെ മുന്നിലേക്ക് ബ്ലേഡ് ഓടിച്ചിട്ട് കലർത്തിയ ഭക്ഷണം വിളന്പുന്നു. എല്ല് മുറിയെ പണിയെടുത്തു കൊടുത്തതിന് മനുഷ്യൻ കൊടുക്കുന്ന കനിവ്.അതിന്റെ ആമാശയത്തെയും കുടലുകളെയും അരിഞ്ഞു നുറുക്കാനായി ബ്ലേഡ് മിശ്രിതം. അതിനുശേഷം മുറിച്ചെടുക്കാവുന്ന അതിന്റെ പല്ലുകളും കൊന്പും നേടിത്തരുന്ന പണം മാത്രമല്ലേ നമുക്ക് വേണ്ടത്.

 ഈ പ്രകൃതി നമുക്ക് സമ്മാനിച്ചതെന്തും ഉപയോഗിച്ചാൽ മാത്രം പോര, മുതലെടുക്കണം എന്ന അഭിവാഞ്ച മനസ്സുകളെ ഭരിച്ചു തുടങ്ങുന്പോൾ പ്രകൃതിക്കും ഇതര ജീവിജാലങ്ങൾക്കും നീതി നിഷേധിക്കപ്പെടുന്നു. ഒടുവിൽ സഹികെട്ട് അവ പ്രതികരിച്ച് തുടങ്ങുന്നു. അതിന്റെ ഭാഗമായി വേണം ആഗോളതാപനം മുതൽ കടുവകളുടെ ഇരതേടിയുള്ള നാടിറക്കം മുതൽ മുകളിൽ പറഞ്ഞ ആനയുടെ സംഹാരതാണ്ടവം വരെ കാണേണ്ടത്. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണത്തിന് പകരമായി പ്രകൃതി മനുഷ്യന്റെ ആവാസ വ്യവസ്ഥതന്നെ തിരിച്ചു ചോദിക്കുന്ന സ്ഥിതി ഏതാണ്ട് സംജാതമായിരിക്കുന്നു.ആഗോളതാപനം ഉയർത്തുന്ന സമുദ്ര നിരപ്പ് നാം അധിവസിക്കുന്ന ഭൂപ്രദേശങ്ങൾ തന്നെ തിരിച്ചെടുക്കുന്ന അവസ്ഥയിലാണ്. അതുപോലെ തന്നെയാണ് മൃഗങ്ങളുടെ അവാസവ്യവസ്ഥയായ കാടിന്റെ കൈയേറ്റത്തിന് നാടിറങ്ങിവന്ന് ഉപദ്രവിച്ചുകൊണ്ട് അവ കണക്കു പറയുന്നത്.അത് പ്രകൃതിയുടെ നീതിയാണ്.വിശപ്പിന്റെ വിളിയാണ്. 

അൽപ്പകാലം മുന്പ് കാട്ടിൽ ചരിഞ്ഞ ആനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അതിന്റെ വയറ്റിൽനിന്ന് കിലോ കണക്കിന് പ്ലാസ്റ്റിക് ബാഗുകൾ കണ്ടെടുത്തു. സ്വന്തം പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ മുഴുകിയിരിക്കുന്ന മനുഷ്യൻ നശീകരണയജ്ഞം മിണ്ടാപ്രാണികളുടെ ആവാസവ്യവസ്ഥയിലേയ്ക്കും വ്യാപിപ്പിച്ചതിന്റെ രക്തസാക്ഷി. ഇതുവരെ കാട്ടിയതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ചിത്രം കൂടി പകർത്താതെ ഈ കുറിപ്പ് പൂർണ്ണമാക്കാനാവില്ല.

നാട്ടിൽ കുറച്ചുദിവസം ചിലവഴിക്കാനായി എത്തിയ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം തെരുവുകൾ കീഴടക്കിയിരിക്കുന്ന നായ്ക്കളുടെ ആധിക്യമാണ്. തലങ്ങും വിലങ്ങും ഓടിനടന്ന് അവ മനുഷ്യന്റെ സ്വൈരസഞ്ചാരത്തിന് ഭീഷണിയുണർത്തുന്നു. കാൽനടയാത്ര നടത്തുന്ന സാധാരണ മനുഷ്യന്റെയും കുഞ്ഞുങ്ങളുടെയും അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് കണക്കില്ലാതെ വംശവർദ്ധന നടത്തുന്ന ഇവറ്റകൾക്ക് വേണ്ടി ലിറ്റർ കണക്കിന് കണ്ണീർ ഒഴുക്കപ്പെടുന്നു. അവയുടെ ആക്രമണം ഏറ്റു വാങ്ങുന്ന മനുഷ്യജീവിക്കു വേണ്ടി പറയാൻ ആള് വിരളമെങ്കിലും ഈ നായ്ക്കൾക്ക് വേണ്ടി അരങ്ങിൽ ആടിത്തകർക്കാൻ ആളുണ്ട്. ഭൂതദയയും ഒരു വിൽപ്പനച്ചരക്കാവുന്ന ഇക്കാലത്ത് കാട്ടിൽ ഇടമില്ലാത്ത വന്യജീവിക്ക് വേണ്ടിയും നാട്ടിൽ ഒറ്റപ്പെടുന്ന മനുഷ്യന് വേണ്ടിയും സംസാരിക്കാൻ ആർക്കും സമയമില്ല. അവനവൻ ജീവിക്കുന്ന തെരുവൊഴികെ മറ്റെല്ലാ തെരുവുകളും അറവുമാലിന്യങ്ങളും മറ്റും നിക്ഷേപിച്ചു വൃത്തികേടാക്കാനുള്ള ജന്മാവകാശം തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു പറ്റം ആൾക്കാർ നമ്മുടെ സമൂഹത്തിൽ വിരാജിക്കുന്നിടത്തോളം കാലം ഇത്തരം സ്വൈരജീവിത വിഘാതങ്ങൾ അനുഭവിക്കാനുള്ള വിധിയോർത്ത് സ്വാനുകന്പയിൽ മുഴുകിയിരിക്കാം നമുക്ക്.

You might also like

Most Viewed