കലയും ശാസ്ത്രവും ജീവിതവും...
ഇക്കഴിഞ്ഞ ദിവസം എന്റെ വിദ്യാർഥികളോട് സംസാരിച്ച കൂട്ടത്തിൽ ഞാൻ പറഞ്ഞു ഭാരതീയ സംഗീതം അതിന്റെ മാസ്മരിക വൈവിധ്യങ്ങൾ സൃഷ്ടിക്കുന്നത് പന്ത്രണ്ട് സ്വരസ്ഥാനങ്ങളിലൂടെ മാത്രമല്ല, കൃത്യമായി നിർവചനം ചെയ്ത് പേര് കൊടുക്കപ്പെട്ടിട്ടുള്ള ഇരുപത്തിരണ്ടു ശ്രുതികളും അതിൽ പ്രധാന പങ്കു വഹിക്കുന്നു എന്ന്. അതവർക്ക് പുതിയ അറിവായിരുന്നു. അത്ഭുതകരമായ സംപൂർണതയാണ് ഇതിൽ കാണപ്പെടുന്നതെന്ന് ഞാൻ വിശദമാക്കി. സപ്തസ്വരങ്ങളേക്കൊണ്ട് എന്തെല്ലാം സാധിക്കാമൊ അതിന്റെ പരമമായ സങ്കല്പം ഇതിൽ സാക്ഷാൽകൃതമായിരിക്കുന്നു. കലയെ സംബന്ധിച്ചിടത്തോളം അതിന്റെ പൂർണതയിലേക്കോ പരമമായ അനുഭവത്തിലെക്കോ ചെന്നെത്താൻ കഴിയുന്പോളാണ് അത് കാലത്തെ വെല്ലുവിളിച്ചുകൊണ്ട് നിലനിൽക്കുന്നത്. ശബ്ദലേഖന വിദ്യയൊന്നും അറിവില്ലായിരുന്ന കാലഘട്ടത്തിൽനിന്നും കാലത്തിനു തേച്ചുമാച്ചു കളയാനാവാതെ നിലന്നിന്ന് ഇന്നും നമ്മിലേക്കൊഴുകിവരുന്ന സംഗീതത്തിന്റെ ചിരന്തനമായ മൂല്യത്തെ നാം ആദരിക്കെണ്ടതല്ലേ?
കലയെ സംബന്ധിച്ചിടത്തോളം അതിനെ കൂടുതൽ ഭാവനാ സൃഷ്ടികളിലൂടെ വിപുലീകരിക്കുവാൻ മാത്രമാണ് സാധിക്കുക, അതിനെ നവീകരിക്കാൻ ശ്രമിച്ചാൽ അത് അതിന്റെ അഭാവത്തിലേക്കോ അപചയത്തിലേക്കോ മാത്രമേ വഴിതെളിക്കൂ. സന്പൂർണതയ്ക്ക് പിന്നൊരു നവീകരണം ആവശ്യമില്ലല്ലോ... ഭൂപാളരാഗത്തെ ആർക്കും നവീകരിക്കാൻ സാധ്യമല്ല, അത് ഇപ്പോഴും പ്രഭാതത്തിന്റെ കുളിർമയുടെ അനുഭവമുണ്ടാക്കുന്ന സ്വരസംഗമമാകുന്നു. പട്ടാപ്പകലും സുപ്രഭാതത്തിന്റെ ശ്രവ്യാനുഭവം പകരുന്ന അതിനെ പുതുതായും ഭാവനാനുസൃതവുമായി പുനരാലപിക്കാമെന്നല്ലാതെ നവീകരിക്കാനാവില്ല.
എന്നാൽ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അതിന്റെ നവീകരണമാണ് അതിനെ മഹത്തരമാക്കുന്നത്. പൂർണതക്ക് വേണ്ടിയുള്ള അനുസ്യൂതവും അനുക്രമവുമായ അന്വേഷണമാണ് ശാസ്ത്രം. എന്നും കലയും ശാസ്ത്രവും തമ്മിലുള്ള കാതലായ വ്യത്യാസവും ഇവിടെയാണ് കുടികൊള്ളുന്നത്. കല സന്പൂർണമായ സ്വരസാങ്കേതികതയിൽ അടിയുറച്ചതാണ്. അതാണ് കലയെ രഞ്ജകമാക്കുന്നതും അതിനെ ക്ലാസ്സിക്കൽ ആക്കുന്നതും. ശാസ്ത്രം എപ്പോഴും അതിന്റെ പ്രാഥമിക തത്വങ്ങൾക്ക് അനുസൃതമായി നവീകരിക്കപ്പെടും, അതുകൊണ്ടാണ് അത് ശാസ്ത്രമായിരിക്കുന്നത്.
പൂർണതയെപ്പറ്റിയുള്ള പരമമായ സങ്കല്പ്പമാണ് ദൈവം എന്ന് നാം കരുതുന്നത്. ഭൗതിക ലോകത്തിൽ ഈ സങ്കല്പ്പത്തിന്റെ പരമമായ അവസ്ഥ ഈ ഭൂമിയും മനുഷ്യ മസ്തിഷ്ക്കവുമാവുന്നു.ജീവന്റെ ഉൽപ്പത്തിക്കും നിലനിൽപ്പിനുമുള്ള സാഹചര്യങ്ങളിൽ പരിപൂർണത തന്നതിനാൽ ഭൂമിയും ഈ ലോകത്തിൽ മനുഷ്യ ജീവിതത്തിനു ആവശ്യമായതെല്ലാം കണ്ടുപിടിക്കാനും ഇല്ലാത്തതിനെ സൃഷ്ടിച്ചെടുക്കാനും സാധിക്കുന്നതിനാൽ മനുഷ്യമസ്തിഷ്കവും പൂർണതയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. എന്ത് അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് യുക്തിപൂർവ്വം ചിന്തിക്കാൻ മനുഷ്യബുദ്ധിക്ക് സാധിക്കുന്നതാണ് അതിനുള്ള ഏറ്റവും വലിയ കഴിവ്. ആപ്പിൾ താഴേക്കു വീണപ്പോൾ അത് എന്തുകൊണ്ട് താഴേക്കു വീണു, എന്തുകൊണ്ട് മുകളിലേക്ക് പോകുന്നില്ല എന്ന് ന്യൂട്ടൻ ചിന്തിച്ചതുകൊണ്ടാണ് അദ്ദേഹത്തിനു ഗുരുത്വാകർഷണത്തെ തിരിച്ചറിയാൻ സാധിച്ചത്.
എന്തുകൊണ്ട് പക്ഷികളെപ്പോലെ നമുക്കും പറക്കാനാവില്ല എന്ന ചിന്തയല്ലേ വിൽബർ ഓർവെൽ റയിറ്റുമാർക്ക് യന്ത്രപ്പക്ഷിയെ നിർമ്മിക്കാൻ സഹായകമായത്? ആകാശത്തെ മിന്നുന്ന നക്ഷത്രങ്ങൾ എന്ത്, എന്തുകൊണ്ട് അവിയിങ്ങനെ കേവലമൊരു ബിന്ദുവായി മിന്നുന്നു എന്നുള്ള ചിന്ത മനുഷ്യബുദ്ധിയെ അലട്ടിയപ്പോൾ പ്രാപഞ്ചികശാസ്ത്രം (അസ്ട്രോണമി) ഉടലെടുത്തു. പ്രപഞ്ചത്തെയും അവനവനെത്തന്നെയും അറിയാനുള്ള ഉത്കടമായ ആഗ്രഹം. അങ്ങനെ പൂർണത തേടിയുള്ള നിതാന്തമായ ഒരു യാത്രയാണ് ജീവിതം. ഓരോ വ്യക്തിയും അവരവർക്ക് സങ്കല്പ്പത്തിലുള്ള പൂർണത ലക്ഷ്യമാക്കിയാണ് യാത്ര ചെയ്യുന്നത്. ശരിയായ വഴിയിലൂടെ യാത്ര ചെയ്യുന്നവർ അവരുടെ ലക്ഷ്യം ഏറെക്കുറെ പ്രാപിക്കുന്പോൾ തെറ്റായ വഴി തിരഞ്ഞെടുക്കുന്നവർ ലക്ഷ്യം തെറ്റി വ്യർഥമായി അലയുകയോ ആ യാത്ര പരാജയപ്പെട്ട് അഗണ്യകോടിയിൽ ലയിക്കുകയോ ചെയ്യുന്നു എന്ന് മാത്രം.
വാഗ്ദേവിയുടെ കൈകളിൽ ഇരിക്കുന്നത് പുസ്തകവും വീണയുമാണ്. ജീവിതത്തിന്റെ സുഗമമായ നിലനില്പ്പിനാവശ്യമായ രണ്ടു സുപ്രധാന ഘടകങ്ങൾ. വിജ്ഞാനവും കൂടെ സംഗീതവും ഉത്തമമായ വ്യക്തിത്വങ്ങളെയും സമൂഹത്തെയും സൃഷ്ടിക്കുമെന്ന സങ്കല്പ്പമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. ഇതിൽ പുസ്തകം ഏതുമാവാം, അത് വിദ്യാഭ്യാസത്തെയും വിവേകതെയും സൂചിപ്പിക്കുന്നു, എന്നാൽ വീണ എന്നും വീണ തന്നെ ആയിരിക്കും. അത് സംഗീതത്തെ പ്രതിനിധീകരിക്കുന്നു. ഇതേ സത്യമാണ് ഇവിടെ കലയിലും ശാസ്ത്രത്തിലുമായി വ്യത്യസ്തമായ ധാരകളിലൂടെ ഒഴുകുന്നത്.ഇത് രണ്ടിന്റെയും സമഞ്ജസമായ കൂടിച്ചേരൽ മാത്രമേ ഒരു സുന്ദരമായ ലോകസൃഷ്ടിക്കു കാരണഭൂതമായിത്തീരുകയുള്ളു.
ജീവിതത്തിന്റെ സ്വാഭാവികമായ പുരോഗതിക്ക് അനുപേക്ഷണീയമാണ് കലയും ശാസ്ത്രവും നൽകുന്ന സംഭാവനകൾ. ഒന്ന് സ്ഥിരമായതും മറ്റൊന്ന് മാറ്റങ്ങൾക്ക് വിധേയമാവുന്നതുമായ രണ്ടു ജീവിതമുഖങ്ങൾ. കാതലായ വ്യക്തിത്വത്തിനു മാറ്റമില്ല, വ്യക്തിത്വം ജീനോം ഘടകങ്ങളുടെ ക്രമീകരണമനുസരിച്ച് ജന്മപാരന്പര്യ സിദ്ധമായതും മാറ്റമില്ലാതെ തുടരുന്നതുമാവുന്നു. എന്നാൽ ബുദ്ധി കൂടുതൽ പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും വിവേകം ആർജിച്ചേ തീരൂ. വ്യക്ത്തിത്വവും വിവേകവും തമ്മിലുള്ള സങ്കലനത്തിലൂടെ മാത്രമാണ് സാമൂഹ്യജീവിതം സാധ്യമായിത്തീരുന്നത്. വെട്ടിത്തിരുത്താത്ത, വിട്ടുവീഴ്ച്ച ചെയ്യാത്ത സ്വത്വബോധം അത് മതപരമോ, സാമൂഹ്യമോ രാഷ്ട്രീയമോ ഏതുമാവട്ടെ, ഒരിക്കലും ജീവിതത്തിന്റെയോ ലോകത്തിന്റെയോ പുരോഗതിക്കു അനുഗുണമല്ല.അതാണ് പ്രാപഞ്ചിക തത്വത്തിലൂടെ വെളിവാകുന്നത്.