കാലം മാപ്പ് നൽകാത്ത ചതി
പലപ്പോഴും ആശ്ചര്യം തോന്നാറുണ്ട് മനുഷ്യരാശിയുടെ പോക്ക് ഏതു ലക്ഷ്യത്തിലേക്കാണെന്ന്. ഈ സൗരകേന്ദ്രീകൃതമായ ആവാസവ്യവസ്ഥയിൽ ഇനിയും ഒരു നൂറുകോടി വർഷങ്ങൾ കൂടി ഇതുപോലെ നിലനിൽക്കുവാനുള്ള കഴിവ് നിക്ഷിപ്തമാണ്. പക്ഷെ അത് ഒരിക്കലും അനുവദിക്കില്ല എന്നുള്ള ദ്യഢനിശ്ചയത്തിലാണ് ഇന്നത്തെ മനുഷ്യരാശി. സാഹോദര്യത്തിന്റെ ഭാഷ മറന്ന ജന്മങ്ങൾ പരസ്പ്പരം വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമത്തിലാണ്.
അനിയന്ത്രിതമായ വ്യവസായവൽക്കരണത്തിന്റെ വിഷധൂളകൾ അന്തരീക്ഷത്തെ ശ്വാസകോശങ്ങൾക്ക് കൊള്ളാത്തവയാക്കുന്നു. അതിന്റെ ഉഭോൽപ്പന്നങ്ങൾ നദികളിൽ വിഷം കലർത്തുന്നു. ഒരു നിയന്ത്രണങ്ങളും പാലിക്കാതെ വ്യവസായവൽക്കരണം പുറംതള്ളുന്ന കാർബണിന്റെ ഭീമമായ ഉത്സർജ്ജനം ആഗോളതാപത്തെ അപകടകരമായി ഉയർത്തുന്നു. എരിതീയിൽ എണ്ണ ഒഴിക്കും പോലെ ലോകത്തെന്പാടുമുള്ള നിരവധി താപവെദ്യുത നിലയങ്ങളും കണക്കില്ലാത്ത കാർബൺ മലീനീകരണം നടത്തുന്നു. ഇങ്ങനെ ഉയരുന്ന ചൂട് ജീവന്റെ കടക്കൽ കത്തി വെച്ച് തുടങ്ങിക്കഴിഞ്ഞു.
ധ്രുവ മേഖലയിൽ മഞ്ഞ് ക്രമാതീതമായി ഉരുകുന്നു, അങ്ങിനെ ഉയരുന്ന സമുദ്രം സംസ്കാരങ്ങളെത്തന്നെ വിഴുങ്ങുമെന്ന ഘട്ടമാണ്. അഥവാ പല സംസ്കാരങ്ങളും ഒരു പുനർജനിക്ക് വിധേയമാകാൻ സമയമായി എന്ന് പ്രകൃതി മനസ്സിലാക്കുന്നോ എന്ന് സംശയം. ഇവിടെ പ്രശ്നം മനുഷ്യൻ കൂടുതൽ വ്യക്തി കേന്ദ്രീകൃതൻ മാത്രമാകുന്നു എന്നാണ്. ഉത്തരവാദിത്തം അവനവനോട് മാത്രമാകുന്പോൾ മൂല്യവ്യവസ്ഥക്ക് കനത്ത ആഘാതം നേരിടേണ്ടിവരും. അവശ്യ ജീവിത മൂല്യങ്ങളെ അവഗണിക്കുന്നതിന് തികച്ചും വ്യക്തിപരമായ നീതീകരണം കണ്ടെത്തുകയോ അല്ലെങ്കിൽ അതിനെ പറ്റിയുള്ള സങ്കൽപ്പമേ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണിത്. അല്ലെങ്കിൽ എങ്ങിനെയാണ് സഹജീവിയുടെ വയറ്റിലേക്ക് പോകേണ്ട പഴം പച്ചക്കറികളിൽ മാരകമായ വിഷം പുരട്ടപ്പെടുന്നത്? ക്രമാതീതമായി വിള വർദ്ധിപ്പിക്കാനും അമിതമായി അവയുടെ അളവും തൂക്കവും അധികരിപ്പിക്കുവാനായി തികച്ചും പ്രകൃതി വിരുദ്ധമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത്? ജനിതിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പക്ഷിമൃഗാതികളുടെ പ്രാഗ്രൂപ്പുകളെ സ്യഷ്ടിച്ചും മറ്റുള്ളവയ്ക്ക് ഹോർേമാൺ കുത്തിവച്ചും പ്രക്യതിക്ക് അതീതവായി വളർത്തി മനുഷ്യന്റെ ആമാശയത്തെയും പരീക്ഷണശാല ആക്കിമാറ്റുന്നത്, എളുപ്പത്തിൽ മത്സ്യം പിടിക്കാനായി തോട്ടിലും ആറ്റിലും വിഷം കലക്കി അവയെ പിടിക്കുന്നത്, തോട്ടിൽ നിന്നും കൊതുകിന്റെ ലാർവ നിറച്ച ഈകോളി ബാക്റ്റീരിയ സുലഭമായ വെള്ളം നേരെ ടാങ്കറിൽ നിറച്ച് യാതൊരു ശുദ്ധീകരണ പ്രക്രിയയും കൂടാതെ നേരെ വീടുകളിൽ കുടിവെള്ളമാണെന്നും പറഞ്ഞുകൊണ്ടെത്തിക്കുന്നത്, സമുദ്രത്തിലെ മഝ്യസന്പത്ത് മുഴുവനും െെകകളിലേക്ക് കൊണ്ടുവരുവാനുള്ള ദുര നിമിത്തം കിലേമീറ്ററുകൾ നീളമുള്ള വല നിർമ്മിച്ച് മത്സ്യകുലത്തെ കുഞ്ഞുങ്ങളും മുട്ടയും സഹിതം മുഴുവനായി വലയിൽ എടുക്കുന്നത്! ഇത് മൂലം ഇന്ന് കടലിൽ മത്സ്യങ്ങളുടെ ലഭ്യത തീരെ ഇല്ലാതായിരിക്കുന്നു. ഈ പട്ടിക അന്തമില്ലാത്തതാണ്.
എത്ര നീയമപരമായി നിരോധിച്ചാലും ഔദ്ധത്യത്തോടെ വീണ്ടും കോരി കോരി മാറ്റപ്പെടുന്ന മണൽക്കൂനകൾ നഷ്ടമാക്കുന്നത് നദികൾക്ക് ഒഴുകാനുള്ള അവകാശത്തെയാണ്. പുഴകൾ മരിക്കുന്നു അനിയന്ത്രിതമായി കുഴിക്കുന്ന എണ്ണമറ്റ കുഴൽ കിണറുകൾ ഉർവ്വരയായ ഭൂമിയെ ഊഷരയാക്കുന്നു. കുന്നുകളും പാടശേഖരങ്ങളും നികത്തി മണ്ണെടുക്കുന്നതും അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതും നിർബാധം തുടരുന്നു. ചെയ്യുന്നത് വലിയ തെറ്റാണെന്ന ബോധമുണ്ടെങ്കിലും അന്യായമായി സന്പത്ത് സ്വരൂപിക്കുക എന്ന ദുരാഗ്രഹത്തിൽ അതിനോടൊക്കെ ഒരു നിസംഗഭാവം പുലർത്തപ്പെടുന്നു. ഇതൊക്കെ കാണുന്പോൾ മനസ്സിലാകുന്നത് ഒരു സമൂഹജീവി എന്ന നിലയിലുള്ള മനുഷ്യന്റെ വികാരവിചാരങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. അവൻ വന്യമായ അഭിവാഞ്ചയോടെ സ്വാർത്ഥപരിതിയിൽ മുഴുകിക്കൊണ്ടേ ഇരിക്കുന്നു. മനുഷ്യന് മാത്രമല്ല മറ്റു ജീവജാതികൾക്കും കൂടിയുള്ളതാണ് ഈ ഭൂമി എന്ന പ്രകൃതി നിയമം സൗകര്യപൂർവ്വം മറക്കപ്പെടുന്നു. കാടുകൾ നിരന്തരമായി അതിക്രമിക്കപ്പെടുന്പോൾ അത് പാരിസ്ഥിതിക സന്തുലനത്തെ ഗുരുതരമായി ബാധിക്കുന്നത് കാന്പില്ലെന്നും നടിക്കുന്നത് എത്രകാലം തുടരാൻ കഴിയും? െെജവ വൈവിധ്യത്തിന് ഗുരുതരമായ ആഘാതങ്ങൾ ഏൽപ്പിച്ച് പല ജീവജാതികളും ചെടികളും വൃക്ഷങ്ങളും വള്ളികളും ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കെണ്ടിരിക്കുന്നു. പ്രകൃതിയുടെ നിയമമനുസരിച്ച് ഒാരോ ജീവജാതിക്കും കൃമികീടങ്ങളും മണ്ണിരയും സഹിതം പ്രകൃതിയിൽ ഒാരോ ധർമ്മമുണ്ട്. അവയുടെ അഭാവം ഭൂമിയെ വെറും മണ്ണ് മാത്രമായി അധപ്പതിപ്പിക്കുന്നു അങ്ങിനെ വരുന്പോൾ അതിനെ മറികടക്കാനായി പ്രയോഗിക്കുന്ന തന്ത്രങ്ങൾ മനുഷ്യന്റെ ആഹാരത്തേയും വെള്ളത്തെയും വായുവിനെയും വിഷമയമാക്കുന്നു. ശാപഗ്രസ്തങ്ങാളായ ജന്മങ്ങളെ സ്യഷ്ടിക്കപ്പെടുന്നു. അടുത്തു വരാനുള്ള എത്രയോ തലമുറകൾക്ക് ജീവിക്കാൻ ഈ ലോകം കൊള്ളാതാക്കാനുള്ള ശ്രമമാണിത്.
ഈ കുറിപ്പിന്റെ പരിമിതിയിൽ ഒതുങ്ങുന്ന ഒരു വിഷയമല്ല ഇത് ചിന്തിക്കുന്ന ഹൃദയങ്ങൾക്കായി ഇത് സമർപ്പിക്കുന്നു. ഇപ്പോഴെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ അത് വരും തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തെ കൂടി ഇല്ലാക്കും. അത് കൊടും ചതിയാകും. കാലം മാപ്പ് നൽകാത്ത ചതി.