സ്വാതന്ത്ര്യവും ഐക്യവും കണ്ടുമുട്ടിയപ്പോൾ
അമ്പിളിക്കല : അമ്പിളിക്കുട്ടൻ
ഏതൊരു മനുഷ്യനും ജീവിക്കാൻ അവശ്യം വേണ്ട ഒരു മനോഭാവം സ്വാഭിമാനമാണ്. ആ വാക്കിനു പല തലങ്ങളുമുണ്ട്. വ്യക്തിയിൽ തുടങ്ങി രാഷ്ട്രത്തിൽ വരെയെത്തുന്ന വിവിധ അവസ്ഥകൾ. ഇതിൽ രാഷ്ട്രത്തോടുള്ളത് ഏറ്റവും പ്രാധാന്യം നേടുന്നത് വിദേശത്തു വസിക്കുന്പോഴാണ്. അപ്പോൾ നാം ചെയ്യുന്ന ഒരു പ്രവർത്തിയിലും സ്വരാജ്യത്തിന്റെ അഭിമാനവും ഉൾച്ചേർന്നിരിക്കുന്നു. എന്നാലിന്ന് ഭാരതത്തെ സംബന്ധിച്ചിടത്തോളം പരസ്പ്പരം ചെളിവാരിയെറിഞ്ഞു സ്വയം മാലിന്യകൂന്പാരമായി മാറുന്ന സമൂഹങ്ങളാണ് ഇന്ന് ഏവരുടെയും മുന്നിലുള്ളത്. അവർക്കു രാഷ്ട്രമല്ല രാഷ്ട്രീയമാണ് മുഖ്യം.
എങ്ങിനെ രാജ്യത്തെ അതിന്റെ അഭിമാനത്തെ രാഷ്ട്രീയത്തിന് വേണ്ടി ഒറ്റുകൊടുക്കാം എന്ന അവസ്ഥയിലേയ്ക്ക് സമൂഹം പരമമായി അധപ്പതിച്ചിരിക്കുന്നത് ദുഃഖമുളവാക്കുന്ന കാഴ്ചയാണ്. ഇപ്പറയുന്നത് ഒന്നിനെയും രാഷ്ട്രീയത്തിന്റെ അളവുകോലുകളിൽ പെടുത്തേണ്ട എന്ന അർത്ഥത്തിലല്ല.ജനാധിപത്യത്തിൽ അത് അപ്രായോഗികമാണ്. എന്തും രാഷ്ട്രീയമായി വിലയിരുത്തപ്പെടുന്നതല്ല ഇവിടെ പ്രശ്നം, വിലയിരുത്തൽ അതുമാത്രമായി പോകുന്നതാണ്.സൗന്ദര്യാത്മകമോ, സാങ്കേതികമോ, സാമൂഹികമോ ആയ തലങ്ങളൊന്നും ഇല്ലേയില്ല എന്ന വിധത്തിൽ രാഷ്ട്രീയ തിമിരം ബാധിക്കുന്ന അവസ്ഥയിലേയ്ക്ക് നമ്മുടെ സംവേദനത്വം അധഃപതിച്ചു പോയത് ദൗർഭാഗ്യകരമാണ്.
ഇപ്പോൾ ഈ വിഷയം ചിന്താസരണിയിൽ തെളിയിച്ചത് ഏകതയുടെ ശിൽപ്പത്തിനു നേർക്ക് സാമൂഹിക മാധ്യമങ്ങൾ തൊടുത്തുവിട്ട ആക്ഷേപശരങ്ങളാണ്.അതിന്റെ സൗന്ദര്യാത്മകമായ തലത്തെ സ്പർശിക്കുന്ന ഒരു പരാമർശംപോലും എങ്ങും കണ്ടില്ല. അതിന്റെ ശില്പസൗന്ദര്യത്തെയോ അതിനായി അഹോരാത്രം തപസ്സിരുന്ന ശില്പിയായ കലാകാരന്റെ സപര്യയോ ഒന്നുംതന്നെ എങ്ങും ചിന്തിച്ചുകണ്ടില്ല. അതിനു പകരം വായിച്ചാൽ ലജ്ജിക്കും വിധം അതിന്മേൽ കാഷ്ഠിക്കുന്ന കാക്കയെപ്പറ്റിയുള്ള വിശദീകരണം, അതിൽ നിന്ന് നോക്കുന്പോൾ കാണുന്നതാണ് എന്നപേരിൽ ജീവിതം നരകതുല്യമാകുന്ന ഏതൊക്കെയോ ചേരിപ്രദേശങ്ങളുടെ ചിത്രങ്ങൾ, ആ മഹാശിൽപ്പത്തെ ഹാസ്യാല്മകമായി ചിത്രീകരിക്കുന്ന കുറിപ്പുകൾ എന്നീ പേക്കൂത്തുകളാണ് പ്രതിമാവിമർശനം എന്നപേരിൽ വരുന്നത്.
ഇതൊക്കെ ഇറക്കിവിടുന്നവർ ശിൽപ്പത്തെ പുച്ഛിക്കാനായി ചേരിപ്രദേശങ്ങളും മറ്റും കാട്ടി സ്വന്തം രാജ്യത്തെക്കൂടി പരമാവധി ഇകഴ്ത്താൻ ശ്രമിക്കുന്നു. ചേരികളും അവിടുത്തെ നിറമില്ലാത്ത ജീവിതങ്ങളും ദുഃഖകരമായ യാഥാർഥ്യം തന്നെയാണെങ്കിലും ഈരണ്ടു വസ്തുതകളും കൂട്ടിക്കെട്ടുന്പോൾ ഗതികെട്ട നിലയിലുള്ള ഒരു രാഷ്ട്രം ധൂർത്തിൽ അഭിരമിക്കുന്നു എന്ന ചിത്രമാണവർ ബോധപൂർവ്വം തെളിക്കുന്നത്. അത് പ്രവാസജീവിതത്തിനിടയ്ക്ക് ചെയ്യുന്പോൾ അതിന്റെ ചെളി സ്വന്തം ദേഹത്ത് തന്നെയാണ് വന്നു വീഴുന്നതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുടെ വെളിച്ചം രാഷ്ട്രീയാന്ധതയിൽ നഷ്ടമാവുന്നു ഇവർക്കെല്ലാം.
യഥാർത്ഥത്തിൽ ഇത്തരം ഒരു മഹാശിൽപ്പം ഇത്രയധികം കോടികൾ ചിലവിട്ടു പണിയുന്നത് എന്തിനെന്നു ചിന്തിക്കാനും ആ ചോദ്യം ശക്തിയായിത്തന്നെ ഉയർത്തുവാനുമുള്ള മൗലികമായ സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വാഭാവികമായും ഉള്ളതാണ്. അത് ചോദിക്കുന്നതിൽ ഒരുതെറ്റുമില്ലെന്നു തന്നെയല്ല, ആ ചോദ്യം ചോദിക്കപ്പെടുകയും വേണം.അധികൃതർക്ക് അതിനു മറുപടി പറയാനുള്ള ബാധ്യതയുമുണ്ട്. എന്നാൽ ഇവിടെ പരാമർശിക്കുന്നത് ആ ചോദ്യം ചെയ്യലിനെയല്ല, അത് ചെയ്യുന്നതിനു അനുവർത്തിക്കുന്ന തികച്ചും അപഹാസ്യമായ നിലവാരമില്ലാത്ത രീതികളെ മാത്രമാണ്.
ശിൽപ്പം ഏതായാലും ഉയർന്നു കഴിഞ്ഞു, അത് ലോകത്തെ ഏറ്റവും വലിയ ശില്പവുമാണ്. ഈ രീതിയിൽ ലോകം അതിനെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. അത് അങ്ങോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുകയും അവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാവുകയും നിരവധി വർഷങ്ങളോളം വരുമാനം അവിടെ ലഭിക്കുകയും ചെയ്യും. ലോകത്തെ എണ്ണം പറഞ്ഞ രാജ്യങ്ങളിൽ മിക്കവയും തങ്ങളുടെ ചരിത്രപുരുഷന്മാരുടെ ശിൽപ്പം നഗരചത്വരങ്ങളിലും മറ്റും സ്ഥാപിക്കുന്നതിൽ അഭിമാനിക്കുന്നവരാണ്. കളിയാക്കികൊച്ചാക്കി പട്ടേൽ പ്രതിമയുടെ മഹത്വം കുറച്ചുകാണാൻ ആഗ്രഹിക്കുന്നവർ ആ ശിൽപ്പത്തിന്റെ ലോകപ്രാധാന്യത്തെയും നാട്ടുരാജ്യങ്ങളെയെല്ലാം ഒത്തുചേർത്തു ഈ നാടിനെ ഒരു റിപ്പബ്ലിക് ആക്കാൻ നേതൃത്വം വഹിച്ച ഒരു മഹാനോടുള്ള ആദരവിനേയും ഒരു ജനതയുടെ സ്വാഭിമാനത്തെത്തന്നെയുമാണ് പുച്ഛിച്ചുതള്ളാൻ ശ്രമിക്കുന്നത്.
ചോദ്യം ചെയ്യാനുള്ള അവകാശത്തെ വെച്ചുപുലർത്തുന്പോഴും അതിനു പിന്നിലുള്ള മര്യാദകളെ, ഔചിത്യത്തെ വിട്ടുകളയാത്ത സമചിത്തതയും സംസ്ക്കാരവുമുള്ള ഒരു ജനതയാവാൻ നമുക്ക് സാധിക്കില്ലെങ്കിൽ അത് പരിതാപകരമാണ്. പ്രതിമയിൽ കാഷ്ഠിക്കുന്ന കാക്കയുടെ ചിത്രമിട്ട് രസിക്കുന്ന നിലയിലുള്ള ബുദ്ധിഹീനതയും ഔചിത്യരാഹിത്യവും ഭൂഷണമായി കരുതുന്ന തരത്തിലുള്ള അധപ്പതനത്തെയാണ് ആധുനികസമൂഹം ആലിംഗനം ചെയ്യുന്നതെങ്കിൽ അത് ഗതികെട്ട ഒരു ലോകക്രമത്തിനു മാത്രമാണ് വഴിതെളിക്കുക.
ഇതിനിടയിൽ ഇത് സംബന്ധിച്ച് കണ്ട ഒരു കാർട്ടൂൺ മാത്രം വളരെ ബുദ്ധിപരമായ ഒരു സമീപനം ഉൾക്കൊള്ളുന്നതായിരുന്നു. ഏറ്റവും ഉയരം കൂടിയ ഏകതാ ശിൽപ്പം ദൂരെ നിൽക്കുന്ന സ്വാതന്ത്ര്യശിൽപ്പത്തോട് ചോദിക്കുന്നു.നിങ്ങളുടെ നാട്ടിൽ സ്വാതന്ത്രം എങ്ങിനെയുണ്ട് എന്ന്. അതിനു മറുപടിയായി സ്വാതന്ത്ര്യശില്പം പറയുന്നു, ഓ അത് നിങ്ങളുടെ നാട്ടിലെ ഐക്യംപോലെ തന്നെയുണ്ട് എന്ന്. ഇതാണ് ബുദ്ധിയുള്ളവന്റെ വിമർശനം. ഇതിൽ കാന്പുണ്ട്.അമേരിക്കയിലെ സ്വാതന്ത്ര്യത്തെയും ഇന്ത്യയിലെ ഐക്യത്തെയും ഒരുപോലെ വിമർശനവിധേയമാക്കുന്ന ഈ കാർട്ടൂൺ മുന്നോട്ടുവെയ്ക്കുന്നത് സമകാലിക ഭാരതത്തിന്റെ ശോചനീയമായ യാഥാർഥ്യമാണ്, ഏകതാശിൽപ്പത്തിന് നേർക്കുള്ള വിമർശനത്തിലും ഇരുട്ട് പടർത്തുന്ന യാഥാർത്ഥ്യം.