ജീ­വി­തത്തി­ന്റെ­ ഊടും പാ­വും


ഴിഞ്ഞ ആഴ്ച കടന്നുപോയത് സന്തോഷവും അതുപോലെ വലിയ ദുഃഖവും സമ്മാനിച്ചുകൊണ്ടാണ്. ഇത് രണ്ടും ജീവിതത്തിന്റെ സ്വാഭാവിക ഘടകങ്ങൾ മാത്രമാണല്ലോ, അതുകൊണ്ട് തന്നെ അനുഭവങ്ങൾ, അവ ഗുണപരമോ, അല്ലാത്തതോ ആവട്ടെ, അവയിൽ നിന്ന് എന്തെങ്കിലും പാഠങ്ങൾ ഉൾക്കൊള്ളാനാകുമോ എന്ന് ചിതിക്കുന്നത് നല്ലതാണ്. 

സന്തോഷം സമ്മാനിച്ചത് തിരുവനന്തപുരത്ത് നിന്ന് ഒരു ഹൃദയം പറന്നു വന്ന് കൊച്ചിയിലുള്ള ഒരു വ്യക്തിക്ക് ജീവിതം തിരിച്ചുകൊടുത്തതാണ്. അത് തരുന്ന സാമൂഹ്യപാഠം ഇതിനകം വളരെയേറെ ചർച്ച ചെയ്യപ്പെട്ട് കഴിഞ്ഞു. എന്നെ ഏറെ സന്തോഷിപ്പിച്ചത് ഈ സംഭവത്തിൽ ഞാൻ കണ്ട ഒരുപാട് മനുഷ്യ നന്മയാണ്. ജാതിമത രാഷ്ട്രീയ ദുർഭൂതങ്ങളുടെ അതിപ്രസരത്തിൽ നഷ്ടമായി എന്ന് ഏവരും ഭയപ്പെട്ട മനുഷ്യ നന്മയുടെ നിക്ഷേപം ഇന്നും സമൂഹത്തിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ട് എന്ന സത്യം പുറത്ത് കൊണ്ടുവരാൻ ഈ സംഭവം ഉപകരിച്ചു. മനുഷ്യൻ ഇന്ന് വ്യാപകമായി ഭക്ഷിക്കുന്നത് മതരാഷ്ട്രീയം കൂട്ടിക്കുഴച്ച വിഷഭക്ഷണമായതിനാൽ നന്മയുടെ നിക്ഷേപം ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടു കിടന്നു എന്ന് മാത്രം. ഈ സംഭവത്തിന്റെ ഓരോ ഘട്ടത്തിലും നന്മയിൽ സഹകരിക്കുന്നതിന് വേണ്ടിയുള്ള അദമ്യമായ ഇച്ഛാശക്തി പ്രകടമായിരുന്നു. ഇത് ഏറെ ആശ്വാസദായകം തന്നെ. 

ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഭൂമിയിൽ ധാരാളം എണ്ണ നിക്ഷേപമുണ്ടെങ്കിലും അത് ഉപയോഗിക്കണമെങ്കിൽ അതിന് അനുയോജ്യമായ സാഹചര്യവും സാങ്കേതികവിദ്യയും ഉപയോഗിച്ച് പുറത്തെടുത്ത് ശുദ്ധീകരിക്കണം. അതുപോലെ മനുഷ്യ മനസ്സിലും നന്മയുടെ വലിയ നിക്ഷേപമുണ്ട്. പക്ഷെ കരുണയുടെയും സഹാനുഭൂതിയുടെയും ഉറവ് ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകാൻ അനുകൂലമായ ചാലുകൾ വെട്ടേ ണ്ടതുണ്ട്. ഒരു കാരണവശാലും അത്തരം ചാലുകൾ വെട്ടപ്പെടാതിരിക്കാൻ മതവും രാഷ്ട്രീയവും ചേർന്ന വൃത്തികെട്ട കൂട്ടുകെട്ട് ആഞ്ഞു പരിശ്രമിക്കുന്നുണ്ട്. മനുഷ്യന്റെ വിലയറിയാവുന്നവർ ആ വിഷസാന്നിധ്യത്തെ തിരിച്ചറിഞ്ഞാൽ ഈ നന്മയുടെ നിക്ഷേപം പ്രയോജനപ്പെടുത്താം. 

നന്മ മാത്രം നിറഞ്ഞ ഹൃദയവുമായി നമ്മോട് സംവദിച്ച ഡോക്ടർ കലാമിന്റെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖിക്കാത്ത ഇന്ത്യൻ ഹൃദയമുണ്ടോ എന്ന് സംശയമാണ്. ചിലർ മഹാന്മാരായി ജനിക്കുന്നു. ചിലർ മഹത്വം ആർജ്ജിക്കുന്നു, ചിലരിൽ മഹത്വം അടിച്ചേൽപ്പിക്കപ്പെടുന്നു എന്ന പ്രശസ്തമായ ചൊല്ലിൽ അദ്ദേഹത്തെ സംബന്ധിച്ച് ആദ്യത്തെ രണ്ട് തലവും സംഗതമാണ്. അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ മഹത്വം ആർജ്ജിച്ചു എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ പല വാക്കുകളും പ്രവൃത്തികളും കാട്ടിത്തരുന്നത് മഹാനായിത്തന്നെ ജനിച്ച ഒരു വ്യക്തിയെയാണ്. വിദ്യാഭ്യാസത്തിന് മനുഷ്യനെ മഹത്വപ്പെടുത്താൻ ശക്തിയുണ്ട്. എന്നാൽ ആ ശക്തി പ്രയോജനപ്പെടുത്താൻ എല്ലാവർക്കും സാധിക്കാറില്ല. എന്നാൽ ജന്മാർജ്ജിതമായ സംസ്കാരവും വിദ്യാഭ്യാസവും ഒത്തു ചേരുന്പോൾ അത് ഉത്തമമായ ഒരു വ്യക്തിത്വത്തിന് രൂപം കൊടുക്കും എന്നതിന് ഡോക്ടർ കലാം വലിയൊരു ഉദാഹരണമാണ്. 

അകന്പടി വാഹനത്തിൽ നിന്നുകൊണ്ട് അദ്ദേഹത്തിന് സുരക്ഷ ഒരുക്കേണ്ടിവന്ന ഒരു ഭടനോട് തനിക്ക്് വേണ്ടി ദീർഘനേരം നിൽക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്ന ആ ഹൃദയത്തിന്റെ വിശാലതയും സഹജീവികളോടുള്ള കരുതലും ഒരു പ്രപഞ്ചത്തോളം വലുതാണ്. സർക്കാർ ആനുകൂല്യങ്ങൾ പൊതുഖജനാവിൽ നിന്നും പിടിച്ചു പറ്റാൻ എന്തെല്ലാം ഉപായങ്ങളുണ്ട് എന്ന് ഗവേഷണം ചെയ്യുന്നവർ നിറഞ്ഞ നാട്ടിൽ സ്വന്തം ജ്യേഷ്ഠനും കുടുംബാംഗങ്ങളും ദില്ലി കാണാൻ വന്നതിന്റെ മുഴുവൻ ചിലവുകളും സ്വന്തം പോക്കറ്റിൽ നിന്നും ചിലവഴിച്ച രാഷ്ടപതി അത്ഭുതമല്ലേ? അദ്ദേഹത്തിന്റെ മുറിയിൽ തന്നെയാണ് തൊണ്ണൂറ്റി രണ്ടുകാരനായ സ്വന്തം ജ്യേഷ്ഠൻ കിടന്നത്. അതിനും മുറിവാടക കൊടുക്കാൻ തുടങ്ങിയപ്പോൾ സെക്രട്ടറി സമ്മതിച്ചില്ല. രാഷ്ട്രപതിയുടെ സ്വന്തം മുറിക്ക് അദ്ദേഹത്തോട് തന്നെ വാടക വാങ്ങാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ച വ്യക്തിത്വം ജന്മം കൊണ്ട് തന്നെ മഹാനായിരുന്നു, പിന്നീട് കർമ്മം കൊണ്ടും. പാട്ടവിളക്കിന്റെ വെളിച്ചത്തിൽ പത്തരമാറ്റായി തിളങ്ങിയ വ്യക്തിത്വം. സ്വപ്നങ്ങൾ സാക്ഷാൽകൃതമാവുന്നതിന് മുന്പ് അവ കാണാൻ പഠിക്കണം. എന്നിട്ടവ ചിന്തയും ആശയങ്ങളുമാവണം പിന്നീട് യാഥാർത്ഥ്യങ്ങളും. നിങ്ങൾ ഉറക്കത്തിൽ കാണുന്നവയല്ല സ്വപ്നങ്ങൾ, മറിച്ച് അവ നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തവയാണ് എന്ന് യുവ തലമുറയ്ക്ക് പറഞ്ഞുകൊടുത്ത് അവരെ പ്രചോദിപ്പിച്ചു അദ്ദേഹം. ലോകം മുഴുവൻ അന്ധകാരം പരത്താനുള്ള ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് അതിന് വളമേകുന്ന മനുഷ്യരുടെ ആധിക്യത്താൽ സമൂഹം വീർപ്പുമുട്ടുന്പോൾ ഇതുപോലുള്ള ക്രാന്തദർശികൾ പരത്തുന്ന മാർഗ്ഗദർശനത്തിന്റെ രജത രേഖ മായ്ക്കുവാൻ കാലത്തിന് സാധ്യമല്ല. 

മനുഷ്യനിൽ അന്തർലീനമായ നന്മയെ അഭിവീക്ഷണം ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്തത്. ആദ്യത്തേത് നന്മയുടെ ബഹിർപ്രകാശനവും രണ്ടാമത്തേത് അതിന്റെ അന്തർസാന്നിധ്യവും ആകുന്നു. ഒത്തുചേരുന്പോൾ അവ യഥാർത്ഥ മനുഷ്യ ജീവിതത്തിനു ഊടും പാവുമേകുന്നു. . . . നന്മ വിതച്ച് നന്മ കൊയ്യുന്ന യഥാർത്ഥ ജീവിതത്തിന്.

You might also like

Most Viewed