മറക്കപ്പെ­ടു­ന്ന വഴി­കൾ, നഷ്ടപ്പെ­ടു­ന്ന മു­ഖങ്ങൾ


ഴിഞ്ഞ ദിവസം ആകസ്മികമായി ഒരു ഗൃഹ നിർമ്മാണത്തിന്റെ സവിശേഷതകളെ പറ്റി അതിന്റെ വാസ്തുശിൽപ്പി സംസാരിക്കുന്നത് ശ്രദ്ധിക്കാൻ ഇടയായി. ഒരു മലയാളം ചാനലിൽ മലയാളിയായ അവതാരിക മലയാളത്തിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മലയാളിയായ ആ വാസ്തുശിൽപി മലയാളികൾക്ക് മനസ്സിലാവാൻ വേണ്ടി ഇംഗ്ലീഷിൽ തന്നെ മുഴുവൻ കാര്യങ്ങളും അവതരിപ്പിച്ചത് വളരെ അത്ഭുതപൂർവ്വം കേട്ടു. കുറച്ച് നേരം ഞാൻ അദ്ദേഹം പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. എന്റെ ചിന്ത മുഴുവൻ ഈ വിചിത്രമായ മനോഭാവം ഉണ്ടാവുന്നത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. 

ബ്രിട്ടീഷുകാർ ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളെ കോളനിവൽക്കരിച്ചു എന്നതിലല്ല, മറിച്ച് അവർ തങ്ങളുടെ മാതൃഭാഷയെ ലോകഭാഷയാക്കുന്നതിൽ പൂർണ്ണമായും വിജയിച്ചു എന്നതിലാണ് അവരുടെ ശാശ്വതമായ ആദ്യത്തെ വിജയം. മനുഷ്യ മനസുകളിൽ നടത്തിയ കോളനി വൽക്കരണമാണ് അവരുടെ വളരെ തിളക്കമാർന്ന രണ്ടാമത്തെ വിജയം. യുറോപ്പിൽ തന്നെ ഇംഗ്ലീഷ് സ്വീകരിക്കാത്ത പല രാജ്യങ്ങളുണ്ടെങ്കിലും ലോകഭാഷാ പദവി ചരിത്രപരമായ കാരണങ്ങളാൽ ആംഗലേയത്തിന് തന്നെ. അതിനെ സർവ്വാത്മനാ സ്വീകരിച്ചതാണ് നാം. അത് തെറ്റുമല്ല. പക്ഷെ സ്വീകാര്യതയിൽ പലപ്പോഴും പെറ്റമ്മയെക്കാളും വലിയ പോറ്റമ്മ എന്ന മനോഭാവമാണ് ഇന്ന് സ്വീകരിച്ച് കാണുന്നത് എന്ന് മാത്രം. ഇതര നാടുകളിൽ അവരവരുടെ തനത് ഭാഷാ സംസ്കാരം പ്രാധാന്യത്തോടെ നിലനിർത്തികൊണ്ടാണ് ആംഗലേയത്തെ സ്വീകരിക്കുന്നതെങ്കിൽ നമ്മുടെ നാട്ടിൽ അത് പാടെ തിരസ്കരിച്ചുകൊണ്ടാണ് ആ സ്വീകാര്യതയെന്നതിൽ നമ്മുടെ പരാജയം കുടികൊള്ളുന്നു. പക്ഷെ ആ പരാജയത്തെ തിരിച്ചറിയാത്തിടത്തോളം കാലം അതൊരു പൊങ്ങച്ചംനിറഞ്ഞ ആത്മ സംതൃപ്തി ആവാം ഏവർക്കും പകരുന്നത്. അത് തന്നെയാണ് തന്റെ രംഗത്ത് കഴിവ് തെളിയിച്ച ആ വാസ്തുശിൽപിയും അനുഭവിച്ചത്. ഈ മനോഭാവം നമുക്ക് സ്വത്വപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. നാളെയൊരു കാലം നാമാരായിരുന്നു എന്ന അസ്ഥിത്വപരമായ സന്ദിഗ്ധാവസ്ഥയ്ക്ക് ഏതെങ്കിലും വരും കാല തലമുറ വശംവദമായേക്കാം. 

നാടിന് സ്വന്തമായിരുന്ന ചരിത്രപരവും സാംസ്കാരികപരവും ആയ സംസ്കാരത്തിന്റെ പച്ചപ്പാണ് മുൻ തലമുറകളുടെ ജീവിതത്തിന് വെള്ളവും വളവുമേകിയത് എന്ന സത്യം പഴങ്കഥ ആണെങ്കിലും അന്ന് അവരോട് പങ്കുവെക്കപ്പെടുമോ!! സംശയമാണ്. പക്ഷെ നാം നേടിയതും അവർ നഷ്ടപ്പെടുത്തുന്നതും ഒരു നാടിന്റെ സംസ്കൃതിയുടെ പച്ചപ്പായിരുന്നു, അതിൽ തുഞ്ചൻ പറന്പിലെ തത്ത പാടിയുണർത്തിയ മണിപ്രവാളത്തിന്റെ മുഗ്ധ സൗന്ദര്യമുണ്ട്. പ്രാചീന ആധുനിക കവിത്രയങ്ങളിലൂടെ ഊർജ്ജമുൾക്കൊണ്ട് പിൽക്കാലത്ത് അഞ്ച് ജ്ഞാനപീഠങ്ങൾ കയറിയ ഭാഷാ സൗന്ദര്യത്തിന്റെ നിറവുകളും തികവുകളുമുണ്ട്. രാമനാട്ടത്തിൽ നിന്നും കൃഷ്ണനാട്ടത്തിൽ നിന്നും ജൈവ പുരോഗതി കൈവന്ന കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും, തിരുവാതിരയുടെയും, മാർഗ്ഗം കളിയുടെയും, ഒപ്പനയുടെയും, നാടൻശീലുകളുടെയും, മാപ്പിളപ്പാട്ടിന്റെയും സാംസ്കാരിക അനുഭവമുണ്ട്. കൊയ്ത്തുപാട്ടിന്റെയും, തോറ്റം പാട്ടിന്റെയും, പുള്ളുവൻ പാട്ടിന്റെയും തെയ്യം തിറയുടെയും നാടൻ ചൈതന്യമുണ്ട്. വൈകാരിക സമന്വയമുണ്ട്. 

ഇതാണ് നമ്മെ വൈകാരികമായി ഒരുമിപ്പിക്കുന്നത്. ഈ അനുഭവങ്ങളുടെ സമഗ്രതയാണ് നമ്മുടെ തിരക്കേറിയ ജീവിതത്തിൽ മാനവികതയുടെ മഴ പെയ്യിക്കുന്നത്. പക്ഷെ അതൊക്കെ അന്യവൽക്കരിച്ച ഇന്നിന്റെ തലമുറ പലപ്പോഴും ശരീരത്തിന്റെ ആസുരവും വന്യവുമായ ശമനതാളങ്ങളിലൂടെ മനസ്സിൽ മരുഭൂമികൾ രൂപപ്പെടുത്തുന്നു. മാതൃഭാഷയുടെ തിരസ്കരണം ഈ മരുഭൂമിവൽക്കരണത്തിന് ആക്കം കൂട്ടുന്നു. അതിൽ സംഭവിക്കുന്ന സ്വത്വപരമായ ആഘാതത്തെപറ്റി ഇവരാരും തന്നെ ബോധമുള്ളവരല്ല. മുഖവും വേരുകളും നഷ്ടപെടുന്ന സ്വാവബോധം വളരെ ദുർബലവും ദിശാഹീനവും ആണെന്ന് തിരിച്ചറിയുന്പോൾ സമയം വൈകും. സ്വന്തം അമ്മയെ ബഹുമാനിക്കാത്തവന് എങ്ങനെ അന്യന്റെ അമ്മയെ യഥാർത്ഥത്തിൽ ബഹുമാനിക്കാൻ കഴിയും?

മലയാളഭാഷ അങ്ങനെ അവഗണിക്കേണ്ട ഒന്നല്ല. അതിസുന്ദരമായ ഔന്നത്യമേറിയ ചരിത്രവും പാരന്പര്യവുമുള്ള ഒരു ഭാഷയാകുന്നു അത്. എന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസം മലയാള ഭാഷയോടുള്ള ബഹുമാനം കൂട്ടാനേ ഇടയാക്കിയിട്ടുള്ളൂ. മഹാരഥൻമാരായ എത്രയോ ഇംഗ്ലീഷ് അദ്ധ്യാപകരുടെ മനോഭാവം ഇത്തരത്തിൽ തന്നെയാണ്. പ്രശസ്ത കവികളായ വിഷ്ണു നാരായണൻ നന്പൂതിരി, ഡോക്ടർ അയ്യപ്പ പണിക്കർ എന്നിവരെ ഓർത്ത് കൊണ്ട് ഞാനിതെഴുതുന്നു. തുഞ്ചൻ പറന്പിലെ തത്ത മൊഴിഞ്ഞത് ഉദാത്തമായ ഒരു ഭാഷാ സംസ്കൃതിയായിരുന്നു. നിരവധി കവികളുടെയും കഥകാരന്മാരുടെയും, സാഹിത്യ വിമർശകരുടെയും, വിവർത്തകരുടെയും ഗവേഷകരുടെയും ഭാഷാ പണ്ധിതരുടേയും നിരന്തരമായ സേവനങ്ങളിലൂടെ തിളങ്ങിയ നിറ സംസ്കൃതി. 

ഹെർമൻ ഗുണ്ടർട്ട് അടക്കം പല വിദേശികളുടെയും മനം കവർന്ന ഈ ഭാഷയുടെ സൗന്ദര്യം മനസിലാക്കുവാൻ ഇന്നത്തെ മലയാളികൾക്ക് കഴിയുന്നില്ല. ഈ അവസരത്തിൽ ഒരു തമിഴ് ബ്രാഹ്മണനായിരുന്നിട്ട് കൂടി "അടിയനിനിയുമുണ്ടാം ജന്മമെങ്കിലും അതടി മുതൽ മുടി വരെ നിന്നിലാവട്ടെ തായേ" എന്ന് പാടിയ ഉള്ളൂർ സ്വാമിയെ നമിക്കാതെ വയ്യ. 

കാലഗതിയിൽ ഏതെങ്കിലും ഒരു വഴിത്തിരിവിൽ ധർമ്മ നീതിയുടെ പുനരാവർത്തനം അനിവാര്യമാണ്. അതുകൊണ്ട് എന്തൊക്കെ സംഭവിച്ചാലും ഈ ഭാഷ മരിക്കും എന്ന് കരുതാനാവില്ല. കാരണം കവി ഭാവനയുടെ ആർദ്ര വിലോലസ്പർശങ്ങളെ കാൽപ്പനിക അനുഭൂതിയാക്കിയ ഈ ഭാഷയുടെ ചൈതന്യത്തിൽ നിന്ന് ഉർജ്ജം കൊണ്ടവരുടെ നവതലമുറ ഇതിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും, മറക്കപെട്ട ചരിത്രത്തിലെ പാദമുദ്രകൾ ആ വഴിയിൽ കണ്ടെത്താനായി....

You might also like

Most Viewed