ചെളിയിൽ മുങ്ങിപ്പോയ പാഠങ്ങൾ
അന്പിളിക്കുട്ടൻ
ഒന്നുമെഴുതാതെ, നിഷ്ക്രിയമായിരുന്ന ഒരൊഴിവുകാലം ഓർമ്മയിലേയ്ക്ക് പിൻവലിഞ്ഞു. വീണ്ടും പ്രവാസ ഭൂമിയിലെത്തി. പലരുടെയും സ്വപ്നങ്ങൾ കശക്കിയെറിഞ്ഞ, കഷ്ടനഷ്ടങ്ങളുടെ രോദനങ്ങൾ എങ്ങും മുഴങ്ങിയ കാലം ക്രൂരമായിരുന്നു. മനുഷ്യന്റെ മുഴുത്ത ഭ്രാന്തിന് മതിയായ ചികിത്സ കൊടുത്തിട്ടേ പ്രകൃതിയുടെ കലിയടങ്ങിയുള്ളു. അതിൽനിന്നും പാഠം പഠിക്കണോ എന്നത് മനുഷ്യൻ തീരുമാനിക്കണം. പക്ഷെ കൊടുത്ത പാഠങ്ങൾ ഇരുത്തി ചിന്തിപ്പിക്കാൻ തക്കവിധം ശക്തമായിരുന്നു. പതിനായിരങ്ങൾ പോക്കറ്റിൽ കിടക്കുന്പോഴും കോടികൾ ബാങ്കിൽ കിടക്കുന്പോഴും ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ ഔദാര്യത്തിന്റെ തണലിൽ മാത്രം ജീവൻ നിലനിർത്തിയവർ പഠിച്ച വിലപിടിച്ച പാഠങ്ങൾ അവർ ഒരിക്കലും മറക്കാൻ സാധ്യതയില്ല.ഉരുളുകൾ പൊട്ടി ഭയാനകമായി വന്ന ജലപ്രവാഹം പല ജീവതങ്ങളുടെ ആധാരശിലകളെപ്പോലും തൂത്തെറിഞ്ഞപ്പോൾ വിചാരിക്കാതിരുന്ന പലയിടങ്ങളിൽ നിന്നും കാരുണ്യത്തിന്റെയും സഹജബോധത്തിന്റെയും ഉരുളുകൾ പൊട്ടിയിറങ്ങിവന്നതാണ് നാം കാണേണ്ട കാഴ്ച. സ്വന്തം ജീവനോപാധികളും, ജീവനും പോലും പണയം വെച്ച് സഹജീവനുകളെ രക്ഷിക്കാനായി ആരുടെയും പ്രേരണകൂടാതെ ഇറങ്ങിയ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ പക്കലാണ് കാരുണ്യത്തിന്റെയും സഹജാവബോധത്തിന്റെയും ഏറ്റവും കനപ്പെട്ട നിക്ഷേപമുള്ളതെന്ന് ലോകത്തിനു മുന്നിൽ വെളിവാക്കി. പലരുടെയും ബാങ്കുകളിലുള്ള നിക്ഷേപത്തിന്റെ എത്രയോ ഇരട്ടി മാനവിക നിക്ഷേപം ഉള്ളിൽ വഹിക്കുന്ന അവരുടെ മുന്നിൽ ബഹുമാനത്തോടെ തലകുനിച്ചേ മതിയാവൂ. വലിയ ബാങ്ക് നിക്ഷേപക്കാരിൽ പലരും ഇന്ന് ജീവിക്കുന്നത് ധാരമുറിയാതെ ഒഴുകിയ ഈ കാരുണ്യ നിക്ഷേപത്തിന്റെ കുളിർമ്മയിലാണ് എന്നത് സമകാലിക ചരിത്രത്തിന്റെ മറക്കാൻ പാടില്ലാത്ത ഒരേടാണ്.
പ്രളയം ഉച്ചനീചത്വ, ജാതി- മത രാഷ്ട്രീയ പരിഗണനകളുടെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞിരുന്നു. ഉഴുതുമറിക്കപ്പെട്ട മനോഭൂമികയിൽ ദുഃഖകരമെന്നു പറയട്ടെ, മതരാഷ്ട്രീയത്തിന്റെ വിഷക്കളകൾ വീണ്ടും പൂർവ്വാധികം ശക്തിയോടെ നാന്പ് നീട്ടാൻ തുടങ്ങിക്കഴിഞ്ഞു. ഒരു കാര്യം ധർമ്മരോഷത്തോടെ പറയേണ്ടി വരുന്നു. കേരളം നീറുന്നത് അമിതമായ രാഷ്ട്രീയവൽക്കരണം കൊണ്ടാണ്. പരസ്പ്പരബന്ധത്തിന്റെയോ ഒരാശയത്തിന്റെ മെറിറ്റിന്റെയോ അടിസ്ഥാനത്തിലുള്ള സത്യസന്ധമായ വിലയിരുത്തൽ ഒരിടത്തുമില്ല. എല്ലാറ്റിനെയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് നടക്കുന്നത്. അതൊന്നും തന്നെ ധാർമ്മികതയിലൂന്നിയവയുമല്ല എന്നുതന്നെയല്ല, എവിടെയെങ്കിലും ധാർമ്മികത കണ്ടാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ച് ചോര വാർത്ത് ഇല്ലായ്മ ചെയ്യേണ്ടതാണ് തങ്ങളുടെ ബാധ്യതയെന്ന് ആ ലഹരി തലക്കുപിടിച്ചവർ കരുതുന്നു. അതുതന്നെയാണ് ഈ പ്രളയകാലത്തു നദികൾ വഴിമാറിയൊഴുകാനും നിരവധിയായ ഉരുൾപൊട്ടലുകളാൽ ജീവിതത്തിലുള്ള ഒരുപാട് പ്രതീക്ഷകൾ ഒലിച്ചുപോകാനും കാരണം. കൂടുതൽ പണമുണ്ടാക്കാം എന്ന് കരുതി എടുക്കുന്ന തീരുമാനങ്ങൾ ഉണ്ടാക്കുന്നത് കൂടുതൽ ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ്.
തരക്കേടില്ലാത്ത ഒരു സംഖ്യ പോക്കറ്റിൽ കിടന്നിട്ടും അത് ഒരുതരത്തിലും ചിലവാക്കാനാവാതെ ദുരിതാശ്വാസ ക്യാന്പിൽ അന്തിയുറങ്ങി ആരോ കൊടുത്ത ഭക്ഷണവും കഴിച്ച് ഒരാഴ്ചയോളം കഴിച്ചുകൂട്ടിയ ഒരു സുഹൃത്ത് പറഞ്ഞു സമാന അനുഭവം പങ്കുവെക്കുന്ന പലരെയും ആ ക്യാന്പിൽ കണ്ടെന്ന്. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് തങ്ങളുടെ സ്ഥാപിത താൽപ്പര്യ സംരക്ഷണാർഥം തള്ളിക്കളയാൻ അരയും തലയും മുറുക്കി ഇറങ്ങിയ കക്ഷി രാഷ്ട്രീയ ദുഷ്പ്രഭുക്കന്മാരിൽ ആർക്കെങ്കിലും ഇത്തരത്തിൽ ഒരനുഭവം ഉണ്ടാകണമെന്ന് ആരെങ്കിലും ആഗ്രഹിച്ചു പോയാൽ ഈ സാഹചര്യത്തിൽ അത് സ്വാഭാവികമാണ്. കാരണം പ്രഫസർ ഗാഡ്ഗിലിന് അങ്ങിനെയെങ്കിലും ഒരു സാഡിസ്റ്റിക് ചിരി ചിരിക്കാനാവട്ടെ എന്നവർ കരുതുന്നുണ്ടാവും. രണ്ടായിരത്തോളം പേജുകളുള്ള ആ റിപ്പോർട്ട് സമർപ്പിച്ചത്തിനു പിന്നിലെ ആത്മാർഥത അംഗീകരിക്കപ്പെടാതെ പോയതിൽ അങ്ങിനെയൊരു ഗൂഢമായ ആനന്ദമെങ്കിലും അദ്ദേഹത്തിനുണ്ടാകട്ടെ.
ഈ ദുർഘട സാഹചര്യത്തിൽ മനുഷ്യന് ഉപകാരപ്രദമായ പ്രവൃത്തികൾ ചെയ്തവരെയും അവർ ചെയ്ത പ്രവൃത്തികളെയും രാഷ്ട്രീയത്തിന്റെ കണ്ണിൽ വിലയിരുത്തുന്ന അറപ്പുളവാക്കുന്ന കാഴ്ച ഒരുപാട് ഇതിനിടെയിൽ കണ്ടു. സേവനങ്ങളെ വിലയിരുത്തുന്നതിൽ കാട്ടുന്ന ഇത്തരം പക്ഷഭേദങ്ങൾ രാഷ്ട്രീയം ദ്രവിപ്പിക്കുന്ന കേരളത്തിന്റെ നേർചിത്രമാണ് കാട്ടിത്തന്നത്.
പ്രളയജലം ഒഴുകിമാറിയപ്പോൾ രാഷ്ട്രീയം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ പ്രളയം തിരിച്ചു വന്നിട്ടുണ്ട്. നിലവാരം പണ്ടത്തേതിനേക്കാൾ വളരെ താഴെ. “ഞങ്ങൾ മലയാളികളുടെ ചിന്താപരമായ നിലവാരം കൂട്ടിയെടുക്കാൻ പ്രകൃതിയോ പ്രളയമോ വിചാരിച്ചാൽ നടക്കൂലാ, അതിനു ഞങ്ങൾ നിന്ന് തരൂലാ. രാഷ്ട്രീയം തലക്കുപിടിച്ച ഞങ്ങൾ പരസ്പ്പരം ആരോപിച്ചു ചെളി വാരിയെറിഞ്ഞു പരസ്പ്പരം വലിച്ചു താഴ്ത്തി ഞണ്ടുമായുള്ള ഞങ്ങളുടെ ചിരകാലബന്ധം അഭംഗുരം തുടരുകതന്നെ ചെയ്യും. ചെയ്യുന്നതിന്റെ നന്മയിലല്ല, അതിലെ കുറ്റം കണ്ടുപിടിക്കുന്നതിലാണ് ഞങ്ങളുടെ നിതാന്തമായ ആനന്ദം” ഇങ്ങനെയൊക്കെയാണ് ഇന്ന് പലരും ചിന്തിക്കുന്നതെന്നു തോന്നിപ്പോകുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്.
സമാനതകളില്ലാത്ത ദുരിതം ഒഴുക്കിത്തന്ന് നമ്മെ പാഠം പഠിപ്പിക്കാൻ ശ്രമിച്ച പ്രകൃതിയോട് ഇല്ല ഞങ്ങൾ നിന്റെ പാഠമൊന്നും പഠിക്കില്ല എന്ന ധാർഷ്ട്യമാണ് ഇത്ര ദ്രുതഗതിയിൽത്തന്നെ പുറത്തെടുക്കപ്പെട്ടിരിക്കുന്നത്. ട്രോളുകളും ഫോട്ടോഷോപ്പ് പ്രയോഗങ്ങളും കൂടുതൽ തറ നിലവാരത്തിൽ പൂർവ്വാധികം ശക്തിയോടെ രംഗപ്രവേശം ചെയ്തിരിക്കുന്നു. വെള്ളമിറങ്ങിയപ്പോൾ ഞങ്ങൾക്ക് കിട്ടിയത് പ്രകൃതിയുടെ പാഠമൊന്നുമല്ല, ചെളി മാത്രമാണ്. അത് പരസ്പ്പരം വാരിയെറിഞ്ഞ് ഞങ്ങൾ ആത്മസംതൃപ്തി കണ്ടെത്തും. ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിക്കാനൊന്നും ഇപ്പോൾ സമയമില്ല, ഞങ്ങൾ എറിയാനുള്ള ചെളി വാരിയെടുക്കട്ടെ...