വരും, വരാതിരിക്കില്ല
എക്കാലത്തും മനുഷ്യൻ പുത്തൻ സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കുന്നത് അത് അവന്റെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനാണ്. നൂറ്റാണ്ടുകളായി ഉള്ളചരിത്രം പരിശോധിച്ചാൽ മനുഷ്യബുദ്ധിയിൽ നിന്നും പിറവിയെടുത്ത ഏതെല്ലാം സങ്കേതങ്ങൾ മനുഷ്യചരിത്രത്തെതന്നെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് ഏവർക്കുമറിയാം. പക്ഷെ ഇതുപോലെ വിപ്ലവാത്മകമായ സ്വാധീനും ജീവിതത്തിൽ ചെലുത്താൻ സാധിക്കുന്ന കണ്ടുപിടുത്തങ്ങൾ അവയെ ഔചിത്യത്തോടെ ഉപയോഗിക്കാത്ത സമൂഹത്തിൽ മറിച്ചു വളരെ അഹിതകരമായ രീതിയിൽ വിനിയോഗിക്കപ്പെടും എന്ന സത്യം നാമെല്ലാം തിരിച്ചറിയേണ്ടി വരുന്നത് ഇപ്പോൾ മാത്രമാണ്.
കാരണം പണ്ടൊക്കെ മനുഷ്യൻ ഉപയോഗം നടത്തിയപ്പോൾ ഇപ്പോൾ മനുഷ്യൻ കൂടുതൽ ചെയ്യുന്നത് ദുരുപയോഗമാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിൽ ഏറ്റവും ശക്തമായ വിജ്ഞാനവിനിമയ വിസ്ഫോടനത്തിന് ഹേതുവായ ഇന്റർനെറ്റ്−മൊബൈൽ സാങ്കേതിക വിദ്യയുടെ ഉപയോഗം നാം ഏത് രീതിയിലാണ് നടത്തുന്നതെന്ന് നോക്കുക. നല്ല ലക്ഷ്യത്തോടെ ആവിഷ്കൃതമായ ഈ വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ ഇപ്പോൾ ഗുണത്തേക്കാൾ മനുഷ്യൻ ദോഷത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നത് സത്യമല്ലേ? ഇപ്പോൾ സജീവമായ ചർച്ചയിൽ നിൽക്കുന്ന സിനിമയുടെ ഇന്റർനെറ്റിലൂടെയുള്ള പകർപ്പവകാശ ലംഘനം മുതൽ വളരെ കുഞ്ഞു പ്രായത്തിൽ ഈ ജീവിതത്തെ വലിച്ചെറിഞ്ഞ് കളഞ്ഞ മൂന്ന്് പെൺകുട്ടികൾ വരെ ഈയൊരു ദുരുപയോഗത്തിന്റെ ഇരകളാണെന്ന് വേണം കരുതാൻ. ഏത് പുതിയ സിനിമ ഇറങ്ങിയാലും അതിന്റെ കോപ്പി വ്യാജമായി ഉണ്ടാക്കി അപ്പോൾ തന്നെ ഇൻ്റർനെറ്റിൽ ഇടുന്നവരിൽ ഒരു വിഭാഗം പലപ്പോഴും ആ വ്യവസായത്തെ ഇല്ലാതാക്കാനും അതിനെ ആസ്പദമാക്കി ജീവിക്കുന്ന നിരവധി കുടുംബങ്ങളുടെ അന്നം മുട്ടിക്കാനുമുള്ള പ്രവൃത്തിയാണ് ചെയ്യുന്നതെന്നും ഓർക്കാനുള്ള മാനസികനില കൈവരിച്ചവരല്ല. ഇത് ചെയ്യുന്ന കൗമാരക്കാർക്കാവട്ടെ ഏറ്റവും പുതിയ സിനിമ ഏറ്റവും ആദ്യം ഇന്റർെനറ്റിൽ അപ്്ലോഡ് ചെയ്യുന്നതിന്റെ ത്രിൽ അനുഭവിക്കുക എന്ന ലക്ഷ്യമാവാം ഉള്ളത്. എന്നാൽ മനപ്പൂർവ്വം ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നവരും ഉണ്ടെന്നതിൽ തർക്കമില്ല.
ഏതു പുതിയ ചിത്രവും ഇന്റർനെറ്റിൽ കണ്ടാൽ അപ്പോൾ തന്നെ അത് ഡൗൺലോഡ് ചെയ്ത് കാണുന്ന ചുമ്മാ കിട്ടിയാൽ ചിറ്റപ്പൻ രണ്ടെണ്ണം എന്ന മനോഭാവമുള്ളവർ, അവർ അറിയാതെ തന്നെ ഈ അനാരോഗ്യകരമായ പ്രവൃത്തിക്ക് വളമിട്ടുകൊടുക്കുകയാണെന്ന സത്യം തിരിച്ചറിേണ്ടതുണ്ട്. മറ്റൊരു വ്യക്തിയേയോ, പ്രസ്ഥാനത്തെയോ വ്യവസായത്തെയോ ദ്രോഹിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ക്ഷീരമുള്ള അകിടിലെ ചോര മാത്രം കണ്ടെത്തുന്ന കൊതുകിന്റെ മനോഭാവത്തിന് കൂട്ട് ചേരേണ്ടതുണ്ടോ? ഇതിനെല്ലാം സാങ്കേതിക വിപ്ലവത്തെയാണോ, മനുഷ്യന്റെ മാറിമറിഞ്ഞ മനോനിലയെയാണോ കുറ്റപ്പെടുത്തേണ്ടത്്?
കഴിഞ്ഞ ദിവസം മരണപ്പെട്ടവരടക്കം എത്രയോ കൗമാരക്കാരായ വിദ്യാർത്ഥിനികളാണ്് മൊബൈൽ സാങ്കേതികവിദ്യയിലൂടെ വരുന്ന ചതിക്കുഴിയുടെ ഇരകളാകുന്നത്. ഇന്റർെനറ്റിലും സാമൂഹിക മാധ്യമങ്ങളിലും ഒരുപാട് നന്മയുെടയും അറിവിന്റെയും വിശാലഭൂമികകൾ നിലനിൽക്കുന്പോഴും അവയെ വഞ്ചനയ്ക്കും മുതലെടുപ്പിനും പരസ്പരം വ്യക്തികൾ തമ്മിലും സമൂഹങ്ങൾ തമ്മിലും മതിലുകൾ കെട്ടി ഉയർത്താനുമാണ് പലരും ഉപയോഗിക്കുന്നത് എന്നത് ദുഖകരമായ ഒരു സത്യമാണ്.
അതിലൂടെ ധാരാളം നന്മയുടെ വിളവെടുക്കുന്നവരും ഉണ്ടെന്നുള്ള വസ്തുത വിസ്മരിച്ചു കൊണ്ടല്ല ഇതെഴുതുന്നത്. പക്ഷെ ആനുപാതികമായി നോക്കുന്പോൾ തിന്മ വിതച്ചു അത് തന്നെ കൊയ്യാനാണ് ഇപ്പോൾ പലർക്കും താത്പര്യം എന്ന് കാണുന്നത് കൊണ്ടാണ് ഇതൊരു സമകാലിക ആകുലത ആയിമാറുന്നത്. പുത്തൻ സാങ്കേതിക വിദ്യ മുതൽ പഴയ പാർലമെന്ററി ജനാധിപത്യം വരെയുള്ളവ ആവശ്യപ്പെടുന്നത് ഉയർന്ന പൗരബോധമുള്ള, സാമൂഹിക മൂല്യങ്ങളിൽ വിശ്വാസമുള്ള ജനതയെയാണ്. അത് ലഭിക്കാത്തിടത്തോളം ഇത് രണ്ടും അതിന്റെ അധമമായ തലങ്ങളിലേക്ക് താഴ്ന്നു പോകും. യുവരക്തം തെരുവുകളിൽ പാഴായിപ്പോവുകയും, റെയിൽവെ ട്രാക്കുകളിൽ കുരുന്നു പെൺമക്കൾ ചിറകറ്റു വീഴുകയും ചെയ്യും. വ്യക്തിപരവും, കുടുംബപരവും സാമൂഹ്യവും നൈതികവുമായ മൂല്യങ്ങൾ നിക്ഷേധിക്കപ്പെടുന്നത് തുടരും.
ഈ സത്യത്തെ നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. എങ്കിൽ മാത്രമെ പരസ്പരമുള്ള ഇത്തരം മറക്കാത്ത, പൊതുസൗകര്യങ്ങൾ മലിനമാക്കാതെ ഉപയോഗിക്കാനുള്ള പക്വതയും ഔചിത്യവും പുലർത്തുന്ന, ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസം കൂടാതെ യഥാർത്ഥ രാജ്യപുരോഗതിക്കു വേണ്ടി ഒരുമിക്കാനുള്ള രാഷ്ട്രീയ സംസ്ക്കാരം പുലർത്തുന്ന ഒരു ജനസമൂഹത്തെ സ്വപ്നം കാണുവാൻ അവകാശം നമുക്കുണ്ടാകുകയുള്ളൂ.
എം.ടിയുടെ മഞ്ഞിലെ വിമലയെ പോലെ ചിന്തിക്കാൻ തോന്നുന്നു. വരും, വരാതിരിക്കില്ല.