പൂർണ്ണതയിലെ അപൂർണ്ണത
ആയിരത്തിയഞ്ഞൂറു കോടി വർഷങ്ങൾക്ക് മുന്പ് എങ്ങനെയോ രൂപപ്പെട്ട സങ്കൽപ്പാതീതമായ അളവിലുള്ള ദ്രവ്യ ഊർജ്ജ കേന്ദ്രീകരണം പെട്ടെന്ന് അതിന്റെ ഭീമമായ അളവിലുള്ള സർവ്വ കെട്ടുപാടുകളെയും അതിജീവിച്ച് അതിഭയാനകമായ ശക്തിയോടെ പുറത്തേക്കു പ്രവഹിക്കാൻ ആരംഭിച്ചു. അളവറ്റ ഊർജ്ജദ്രവ്യ സങ്കലനത്തിന്റെ അനന്തമായ മഹാപ്രവാഹമായിരുന്നു അത്.
ഇന്നും നിർബാധം തുടരുന്ന അനന്തമായ മഹാപ്രവാഹം. ആ പ്രവാഹത്തിലൂടെ നിരവധി നക്ഷത്ര മണ്ധലങ്ങളും അതിലൂടെ കോടാനുകോടി നക്ഷത്രങ്ങളും ക്വാസാറുകളും പൾസാറുകളും അനവധി നക്ഷത്ര വിസ്ഫോടനങ്ങളും തമോരന്ധ്രങ്ങളും പിറവിയെടുത്തു. ഇപ്പോഴും പിറവിയെടുത്തുകൊണ്ടേ ഇരിക്കുന്നു. പുതിയ പുതിയ നക്ഷത്ര സമൂഹങ്ങളെ ഇപ്പോഴും കണ്ടെത്തിക്കൊണ്ടേ ഇരിക്കുന്നു. അനന്തവും അനുസ്യൂതവുമായ ഈ പ്രക്രിയ പലപ്പോഴും നമ്മുെട ബുദ്ധിയുടെ അതിരുകളിൽ ഒതുങ്ങുന്നതല്ല. പക്ഷെ ഇന്ന് എന്റെ ചിന്ത ഇതുമായി ബന്ധപ്പെട്ട മറ്റൊരു വഴിക്കാണ് പോയത്.
മനുഷ്യൻ ഏതു കാര്യത്തേയും വിലയിരുത്തുന്നത് അവനവന്റെ അല്ലെങ്കിൽ അവൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ഉണ്മയുമായി ബന്ധപ്പെട്ട് ആപേക്ഷികമായി മാത്രമാണ്. ഇവിടെ എന്റെ ആപേക്ഷികത മനുഷ്യരാശിയുമായി ബന്ധപ്പെട്ടതാണ്. അതായത് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ പ്രാപഞ്ചിക സൃഷ്ടി ഏതാണ്? വളരെ സ്ഥൂലമായി ചിന്തിച്ചാൽ അത് ഈ ലോകത്തിന്റെ സർവ്വ ഊർജ്ജത്തിന്റെയും അക്ഷയഖനിയായ സൂര്യൻ ആണെന്ന് തോന്നാമെങ്കിലും അൽപം കൂടി സൂക്ഷ്മമായി നോക്കിയാൽ അത് നാം ജീവിക്കുന്ന ഈ ഭൂമി തന്നെയാണെന്ന് വ്യക്തമാവുന്നതാണ്. സൂര്യസൃഷ്ടിക്കു കാരണമായ നെബുലയിൽ അതിനെത്തുടർന്ന് ഉണ്ടായ ഊർജ്ജവിസ്ഫോടനങ്ങളുടെ ഫലമായി അഞ്ഞൂറു കോടി വർഷങ്ങൾക്ക് മുന്പ് അതിൽ നിന്നും പൊട്ടിച്ചിതറി വന്നവയാണ് സൗരയൂഥത്തിന്റെ എല്ലാ ഗ്രഹങ്ങളുമെന്നപോലെ ഭൂമിയും എന്ന് കരുതുന്നു. എത്രയോ കോടി വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി മാതാവിന്റെ ഹൃദയം അന്നത്തെ ഭീകരമായ ചൂടിൽ നിന്നും മുക്തി നേടിയിട്ടില്ല. അത് ഇന്നും തിളച്ചുമറിയുന്നു എന്ന് ക്രോധാത്മകമായ ചില പ്രതികരണങ്ങളിലൂടെ നമ്മെ അറിയിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരുപക്ഷേ മനുഷ്യൻ തന്റെ മേൽ കാണിക്കുന്ന അന്യായങ്ങൾ കണ്ടാവാം. യഥാർത്ഥത്തിൽ ഈ ഭൂമി തന്നെയല്ലേ പ്രാപഞ്ചിക സൃഷ്ടികളിൽ വെച്ച് ഏറ്റവും മഹത്തരം? ചിന്തിച്ചു നോക്കുക.
ഭൂമിയുടെ മഹത്വം പിണ്ധവും നിമിത്തം സ്വാഭാവികമായി സൂര്യനു ചുറ്റും ഈ ഭ്രമണപഥം ലഭിച്ചപ്പോൾ മുതൽ നിലനിൽക്കുന്നതാണ്. ഈ ഭ്രമണപഥം അൽപം അടുത്തോ അകന്നോ പോയിരുന്നെങ്കിൽ ഭൂമിയിൽ ഒരു ജീവനും സാധ്യമാകില്ലായിരുന്നു. അതുപോലെ തന്നെ ഏറ്റവും കൃത്യതയോടെയുള്ള അളവിലും അനുപാതത്തിലും പ്രകൃതിക്കും മനുഷ്യനും ആവശ്യമുള്ള ജീവവായു നിറഞ്ഞ അന്തരീക്ഷം മുതൽ ജീവൻ അതിന്റെ പ്രാഥമിക രൂപം തൊട്ട് പരിണാമത്തിന്റെ പൂർണ്ണതയിൽ വരെ എത്താൻ സഹായകരമായ എല്ലാ ജൈവാനുകൂല അമിനോഅമ്ലങ്ങളും കാർബൺ ഘടകങ്ങളും മൂലകങ്ങളും ലോഹങ്ങളും അങ്ങനെയെല്ലാം ഇവിടെത്തന്നെ അതിന്റെ സന്പൂർണതയിൽ അടങ്ങിയിരിക്കുന്നു. അതിലുപരി മനുഷ്യരാശിയുടെ എക്കാലത്തെയും പുരോഗതിക്ക് ആനുപാതികമായി എന്തെല്ലാം അവനു നിർമ്മിക്കാനാവുമോ അതിനുള്ള എല്ലാ അടിസ്ഥാന ഘടകങ്ങളും ഇവിടെ നിലനിൽക്കുന്നു. അല്ലെങ്കിൽ നിലനിൽക്കുന്നതിൽ നിന്ന് സന്പുഷ്ടമാക്കിയെടുക്കാൻ അവന് സാധിക്കുന്നു. ഇതുപോലെ ഒരു പൂർണ്ണത നമ്മുടെ അനുഭവത്തിൽ മറ്റെന്തിനെക്കാളും കണ്ടെത്താൻ സാധിക്കുമോ? യുഗയുഗാന്തരങ്ങളായി നിലനിൽക്കുന്ന നിതാന്തമായ പൂർണ്ണത.
ഇതിനെ കളങ്കപ്പെടുത്താൻ രാവും പകലും ശ്രമിക്കുന്ന പരിണാമപൂർണ്ണത അവകാശപ്പെടുന്ന അപൂർണ്ണതയാണ് മനുഷ്യൻ. ഇത്ര സന്പൂർണ്ണമായി നമ്മുെട ജീവന് ഇടം തന്ന ഈ മഹാഗോളത്തെ തീവ്രവാദത്താലും സാമൂഹ്യ സാന്പത്തിക രാഷ്ട്രീയ മതപര കാലുഷ്യങ്ങളാലും സർവ്വോപരി പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും അമിത ചൂഷണത്താലും കളങ്കിതവും അസുന്ദരവും അസന്തുലിതവുമാക്കുന്ന മനുഷ്യൻ അങ്ങനെ പൂർണ്ണതയിൽ കുരുത്ത അപൂർണ്ണതയായി തുടരുന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഏറ്റവും സ്നേഹത്തോടെയും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിച്ച് ഈ ലോകത്തിൽ തന്നെ പണിയാവുന്ന സ്വർഗ്ഗം നമുക്കന്യമാക്കുന്ന വൈരുദ്ധ്യം.