സംരക്ഷിക്കേണ്ട ഏടുകൾ, നഷ്ടമായവയും
പ്രകൃതിയും മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിൽ ഒരു പാരസ്പര്യം ഉണ്ട്. വൃക്ഷങ്ങൾ ഉച്ഛ്വസിക്കുന്നത് നമ്മൾ ശ്വസിക്കുന്നു, നമ്മൾ ഉച്ഛ്വസിക്കുന്നത് അവർ ശ്വസിക്കുന്നു. ഈ പ്രപഞ്ചത്തിലെ ജീവന്റെ ചങ്ങല ഇങ്ങനെയാണ് പൂർണ്ണമാവുന്നത്. എത്ര സമഞ്ജസമായി പ്രകൃതി ഇത് കോർത്തിണക്കിയിരിക്കുന്നു. ഈ⊇സാമഞ്ജസ്യത്തെ⊇കൂടുതൽ അടുത്തറിഞ്ഞ മഹാരഥന്മാർ നമുക്കുണ്ടായിരുന്നു. അവർ ജീവചരാചര ബന്ധത്തിന്റെ ആഴങ്ങൾ തേടിപ്പോയവർ, അതിൽ നിന്നും ധാരാളം സത്യങ്ങൾ, ജീവന്റെ നിലനിൽപ്പിനാവശ്യമായവ കണ്ടെടുത്തു. ആയൂർവേദം തന്നെ അത്തരത്തിൽ ഉണ്ടായതാണ്.
മനുഷ്യനും പ്രകൃതിയുമായി പൂർണ്ണമായും പരസ്പരപൂരകങ്ങളായി ജീവിച്ച കാലത്ത് മനുഷ്യന് പ്രകൃതിയിൽനിന്നും ധാരാളം സത്യങ്ങൾ ഗ്രഹിക്കുവാനുള്ള അന്തർജ്ഞാനം സ്വാഭാവികമായിത്തന്നെ ലഭിച്ചിരുന്നു. പിന്നീട് സാങ്കേതികത്തികവ് ജീവിതത്തിലേയ്ക്ക് കടന്നുവന്നപ്പോൾ മങ്ങിമറഞ്ഞുപോയ ബുദ്ധിയുടേയും ദർശനശക്തിയുടേയും മിന്നാട്ടങ്ങളായിരുന്നവ. എപ്പോഴും സൗകര്യത്തിനായി ഓരോന്നിനെയും ആശ്രയിക്കുന്പോൾ ഇപ്പുറത്ത് നഷ്ടപ്പെടുന്ന മനുഷ്യന്റെ സഹജവാസനകളായിരുന്നു അവയോരോന്നും. വാഹനസൗകര്യം വന്നപ്പോൾ മൈലുകളോളം തളരാതെ നടക്കാനുള്ള നഷ്ടപ്പെട്ട കഴിവ് മുതൽ കാൽക്കുലേറ്റർ വന്നപ്പോൾ നഷ്ടപ്പെട്ടുപോയ മനക്കണക്ക് കൂട്ടാനുള്ള സിദ്ധിവരെ അക്കൂട്ടത്തിൽപ്പെടുന്നു. തീർത്തും ഉപയോഗിക്കാതെ വെയ്ക്കുന്ന ബുദ്ധിയിൽ മറവി ഒരു രോഗമായി കൂടുകൂട്ടുന്നത് സ്വാഭാവികമാണ്. അതുപോലെ, മനുഷ്യൻ സൗകര്യത്തിനു വേണ്ടി നിർമ്മിക്കുന്ന ഉപകരണങ്ങളിലൂടെ അവന്റെ ജീവിതം സുഖകരമാക്കുന്പോൾ ഏതു രീതിയിലുള്ള സൗകര്യമാണോ അവൻ അതിലൂടെ അനുഭവിക്കുന്നത്, അതുമായി ബന്ധപ്പെട്ട ഒരു കഴിവ് പ്രകൃതി അവനിൽനിന്നും എടുത്തുമാറ്റുന്നു. ഈ സത്യം കൂടി നാം ഗ്രഹിക്കേണ്ടതുണ്ട്.
ഇങ്ങനെയൊരു പ്രാപഞ്ചികനീതി നിലനിൽക്കുന്നതിനാൽ നഷ്ടപ്പെട്ടുപോയ മസ്തിഷ്കപരവും ദാർശനികവുമായ കഴിവുകൾ വീണ്ടെടുക്കുക എന്നത് അപ്രായോഗികമാണ്. അതിനാൽത്തന്നെ അത്തരം അന്തർദർശനങ്ങൾ പ്രകൃതിയിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കാലത്ത് മനുഷ്യൻ സന്പാദിച്ച വിലപ്പെട്ട അറിവുകൾ നഷ്ടമാകാതെ നാളത്തെ ലോകത്തിനായി സൂക്ഷിച്ചു വെക്കേണ്ടത് നമ്മുടെ കടമയല്ലേ? ഓരോരോ തലമുറകൾ അന്തർധാനം ചെയ്തപ്പോൾ അവരുടെ കൂടെ മൺമറഞ്ഞുപോയ വിലപ്പെട്ട അറിവുകളുടെ കണക്കെടുക്കാൻ പോലും ആവില്ല, പോയതെന്തെന്നുപോലും അറിയാത്ത സാഹചര്യത്തിൽ അതിന്റെ കണക്കെടുക്കാൻ ശ്രമിക്കുന്നത് മൗഡ്യമാണ്. പക്ഷെ ഇനി അവശേഷിക്കുന്നവ നഷ്ടപ്പെടാതെ നോക്കാൻ ഇന്നത്തെ പുതുതലമുറ വളരെ മനസ്സിരുത്തേണ്ടതാണ് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അത് ഒരു സംസ്കാരത്തിന്റെ ഏടുകൾ പരിരക്ഷിക്കുന്നതിന്റെ ഭാഗമായി കണക്കാക്കണം.
ഇപ്പോൾ നമ്മോടൊപ്പമുള്ള മുതിർന്ന തലമുറയുടെ പ്രതിനിധികളിൽ പലർക്കും⊇ഇത്തരത്തിലുള്ള പല അറിവുകളുമുണ്ട്, അവരുടെ പൂർവ്വികരിൽ നിന്നു കൈമാറിക്കിട്ടിയവ. അതിൽ ചരിത്രപരവും സാമൂഹ്യമായവയുണ്ട്, ഐതീഹ്യങ്ങളുണ്ട്, ഭാഷാപ്രയോഗങ്ങൾ, പഴംചൊല്ലുകൾ, നാടൻപാട്ടുകൾ എന്നിവയുണ്ട്, സർവ്വോപരി ചികിത്സാരീതികൾ, ഒറ്റമൂലികൾ, കാർഷിക വിജ്ഞാനങ്ങൾ എന്നിവയുണ്ട്. ഇത്തരം വിലപ്പെട്ട അറിവുകൾ തങ്ങളുടെ കുടുംബത്തിൽ മുതിർന്നവരിലാർക്കെങ്കിലും ഉണ്ട് എന്ന് അറിയാവുന്നവർ അത് നമുക്കോ വരും തലമുറക്കോ അന്യമായിപ്പോകാതെ ചോദിച്ചു മനസ്സിലാക്കി വ്യക്തമായി രേഖപ്പെടുത്തി വെയ്ക്കേണ്ടത് അനുപേക്ഷണീയമാണ്. അതിലേക്കു നമ്മുടെ ഓരോരുത്തരുടേയും ശ്രദ്ധ പതിയണമെന്ന് ഓർമ്മപ്പെടുത്തട്ടെ. താമസിച്ചാൽ ഇത്തരം ഓരോ അറിവുകളും നമുക്ക് എന്നേക്കുമായി നഷ്ടമാകും.
ഭൗതിക തലത്തിലുള്ള നഷ്ടങ്ങളുടെ കണക്കെടുക്കാൻ എളുപ്പമാണ്. എന്നാൽ വൈജ്ഞാനിക ബൗദ്ധിക തലത്തിലെ നഷ്ടങ്ങൾ കണക്കില്ലാത്തവയായതിനാൽ നാമതിന്റെ നഷ്ടമൂല്യത്തെ അറിയുന്നില്ല എന്ന് മാത്രം. അതുകൊണ്ടാണ് അവ അമൂല്യങ്ങളാവുന്നത്.