ഹൃദയ താളത്തിന്റെ സംഗീതം
ഏത് സങ്കീർണണതകൾക്കിടയിലും കാലുഷ്യങ്ങൾക്കിടയിലും മനുഷ്യമനസ്സുകളുടെ ഏതെല്ലാമോ കോണുകളിൽ ഒരു സഹജാവബോധം കുടികൊള്ളുന്നു എന്ന ചിന്ത ഏറെ കുളിർമ്മയുള്ളതല്ലേ? പക്ഷേ അതു പ്രകടമാവണമെങ്കിൽ അതിനു ഒരു മാധ്യമത്തിലൂടെയുള്ള ചാലകത്വം ആവശ്യമാണ്. ആ ചാലകത്വം ഉണ്ടാക്കാൻ സംഗീതത്തോളം പോന്ന ഒരു ഉപകരണം വേറെയുണ്ടോ? ഇല്ല എന്ന എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസം ബഹ്റിൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന സംഗീതസന്ധ്യ.
വിവാഹിതയായ പുത്രിയുടെ വിലപ്പെട്ട ജീവ്ന്റെ നാളം കെടാതെ കാത്തുസൂക്ഷിക്കാൻ ഉള്ളെരിയുന്ന ഒരു പിതാവ്. ആ ഹൃദയത്തിൽ എരിയുന്ന നൊന്പരത്തിന്റെ നെരിപ്പോട് കണ്ട ഒരു മനുഷ്യസ്നേഹി സംഗീതത്തിന്റെ ഈ ശക്തിയെ മുൻക്കൂട്ടിയറിഞ്ഞ വ്യക്തിയീയിരുന്നു എന്നതിലാണ് സഹജാവബോധത്തിന്റെ കുളിർമ നിറഞ്ഞ ഒരു സായന്തനം ഇക്കഴിഞ്ഞ ദിവസം ബഹ്റിൻ കേരളീയ സമാജത്തിൽ പിറവിയെടുത്തത്. അന്ന് അർത്ഥ ശാസ്ത്രീയതയുടെ അന്തർധാര നിറഞ്ഞ സംഗീതം കരകവിഞ്ഞൊഴുകി. അതിൽ മുങ്ങിക്കുളിച്ച ഹൃദയങ്ങൾ ഒന്നായി ആ സംഗീതഗംഗയിൽ ചേർന്നൊഴുകി. അപ്പോൾ ചിദാകാശത്തിൽ തന്നെ അവർ നിലാവിന്റെ കുളിർ സ്പർശമറിഞ്‍ഞു. ഒളിമിന്നുന്ന നക്ഷത്രങ്ങളുടെ സാന്നിധ്യമറിഞ്ഞു. ആ കുളിർനിലാവ് കരുണയുടെ നറുംപാലായി ഒഴുകിപ്പടർന്നു. ഏവരും സഹാനുഭൂതിയുടെ ആർദ്രതയിൽ നനഞ്‍ഞു. ഇതല്ലേ സംഗീതം ചെയ്യേണ്ടത് യഥാർത്ഥത്തിൽ?
ഞാൻ വിശ്വസിക്കുന്നത് പങ്കെടുത്ത എല്ലാവർക്കും തന്നെ ഈ പരിപാടി ഒരു ആശ്വാസത്തിന്റെ തണൽ സ്പർശം പകർന്നു എന്നാണ്. സംഗീതം എപ്പോഴും ഒരു തണലാണ്. ആ തണലിലാണ് മാനവികത വിശ്രമിക്കുന്നത്. അത് ഇല്ലാത്ത ഇടങ്ങളിൽ മനുഷ്യജീവിതത്തിൽ മരുഭൂമികൾ രൂപപ്പെടുന്നു. സംഗീതത്തിന് സ്ഥാനമില്ലാത്ത മനസ്സുകളെ ഓർക്കുക, അവ എത്ര ഇരുട്ട് നിറഞ്ഞ ജീവിതത്തിന്റെ അറകളായിരിക്കും. സ്നേഹം, കരുണ, സാഹോദര്യം, സഹാനുഭൂതി, സഹവർത്തിത്വം എന്നിവയുടെ അഭാവം മാത്രമാണ് ഒരു ജീവിതത്തിൽ നിന്നും സംഗീതത്തെ ബഹിഷ്കരിക്കുന്നത്. തീവ്രവാദങ്ങളും അതിലൂടെയുള്ള ദുരിതങ്ങളും കൊടുംപിരികൊള്ളുന്നതു അവിടെ സംഗീതം മരിക്കുന്നതുകൊണ്ടാണ്. സംഗീതവും മാനവികതയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം, ഒന്നില്ലെങ്കിൽ മറ്റേതില്ല.
അജ്ഞാതഭൂതങ്ങൾ അലറി നടക്കുമീ അന്ധകാരത്തുരുത്തിൽ എന്ന തന്പി സാറിന്റെ കാൽപ്പനികമായ തൂലികയിൽ നിന്നും പിറന്ന വരി കടമെടുക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ സമകാലീക ജീവിതത്തിന്റെ ഇരുട്ടു നിറഞ്ഞ ഏടുകളിലേക്ക് കണ്ണോടിക്കുന്പോൾ സാമൂഹിക രാഷ്ട്രീയ സാംംസ്കാരിക രംഗങ്ങളിലൊക്കെ ആത്മകേന്ദ്രീകൃതരായ ആൾരൂപങ്ങൾ അരങ്ങു തകർക്കുന്പോൾ അപൂർവമായി ജീവിതത്തിലേക്ക് കടന്നുവരുന്ന വെളിച്ചത്തിന്റെ ഒരു സ്ഫുലിംഗം ഏറെ ഹൃദയാവർജകമാണ്. അതായിരുന്നു മേൽപ്പറഞ്ഞ സംഗീത സായാഹ്നം. സഹോദരന്റെ കണ്ണീരൊപ്പാനായി എത്രയോ കരങ്ങൾ അന്ന് നീണ്ടുവന്നു. സംഗീതം ആ നന്മയുടെ വിളവെടുക്കാൻ പറ്റിയ ആയുധമായി മാറി അവിടെ അന്ന്. സഹജീവിയുടെ വേദനകളോട് തന്മയീഭാവം പുലർത്തുന്ന മനസ്സുകൾക്ക് ഉത്തേജനം പകരാൻ ഇനിയും ശുദ്ധസംഗീതത്തിന്റെ അലകളുയരട്ടെ, കാരണം അതൊരു സാമൂഹിക നന്മയുടെ പ്രതിഭാസം മാത്രമാണ്.