നഷ്ടങ്ങളിലൂടെ തിരിച്ചറിയപ്പെടുന്നവ
അന്പിളിക്കുട്ടൻ
ഒരോ അവസ്ഥകൾ, സാഹചര്യങ്ങൾ, വസ്തുക്കൾ, ബന്ധങ്ങൾ എന്നിവ കൈവിട്ടു പോകുന്പോൾ മാത്രമാണ് പലരും അതിന്റെ മൂല്യമെന്തെന്ന് തിരിച്ചറിയുന്നത്. ഇന്ത്യയെന്ന മാതൃരാജ്യത്തെ വിട്ട് പാകിസ്ഥാനിലുള്ള ഒരുവനെ പ്രണയിച്ച് വിവാഹം ചെയ്ത് ആ രാജ്യത്തിന്റെ മരുമകളായി പോയ ഉസ്‌മ എന്ന പെൺകുട്ടി അവിടെ ലഭിച്ച ജീവിതം താങ്ങാനാവാതെ തിരിച്ച് കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തി. വാഗ അതിർത്തി കടന്ന് ജന്മഭൂമിയിൽ കാല് കുത്തിയപ്പോൾ ആ പെൺകുട്ടി അവളുടെ മനസ്സിനുണ്ടായ വികാരവൈവശ്യത്താൽ ആ ഭൂമിയെ തൊട്ടു വണങ്ങുകയുണ്ടായി, ദീർഘകാലമായി അമ്മയെ കാണാത്ത ഒരു വ്യക്തി മാതൃപാദങ്ങളിൽ വീണു നമിക്കുന്നതുപോലെ. ആരും പറയാതെ ഉൾപ്രേരണയാൽ ആ കുട്ടി ചെയ്ത ഈ പ്രവൃത്തി അവൾ ആ നിമിഷത്തിൽ അനുഭവിച്ച ആശ്വാസത്തിന്റെ തോതും ശ്വസിച്ച സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിന്റെ സുഗന്ധവും എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു. സ്വന്തം നാട് നൽകുന്ന സുരക്ഷിതത്വത്തിന്റെ തണലിൽ ജീവിക്കുന്പോൾ ഇത്തരം വികാരങ്ങൾ നമ്മുടെ ഹൃദയങ്ങൾക്ക് അന്യമാണ്. അപ്പോൾ മാതൃരാജ്യം എന്ന ആശയത്തോടുപോലും ചിലർക്ക് രാഷ്ട്രീയവിഷം കലർന്ന പുച്ഛമാണ്.എന്നാൽ യമനിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ ഭീകരരുടെ തടവിൽ മാസങ്ങളായി കഴിയുന്ന ഫാദർ ടോമിന്റെ ഹൃദയം അറിയുന്നു, അതിന്റെ വിലയെന്തെന്ന്. മാതൃരാജ്യത്തിന്റെ മാർത്തട്ടിൽ അണയാൻ ആ മനുഷ്യൻ എത്ര ആഗ്രഹിക്കുന്നുണ്ടാകും ഇപ്പോൾ!!
ഭക്ഷണവും വെള്ളവും കഴിഞ്ഞാൽ സുരക്ഷിതത്വമാണ് ജീവിക്കുവാൻ വേണ്ട അവശ്യഘടകം. ഓരോ വ്യക്തിയും സ്വന്തമായി ഒരു കിടപ്പാടം വേണമെന്ന് ആഗ്രഹിക്കുന്നത് അത് നൽകുന്ന സുരക്ഷിതത്വം മോഹിച്ചിട്ടാണ്. ഭക്ഷണവും സുരക്ഷിതത്വവും ഒരു ചിന്താവിഷയമല്ലാതാവുന്പോൾ മാത്രമാണ് അഹംബോധം. അഹങ്കാരം, പൊങ്ങച്ചം എന്നിങ്ങനെ പലതും അവതരിക്കുന്നത്. പിന്നീട് സ്വാർത്ഥത, പുച്ഛം എന്നിവയും കൂട്ടിന് വരും. സുരക്ഷിതത്വം നൽകുന്ന നാടിനെ മറക്കും, അതിന്റെ ചരിത്രത്തെ നിഷേധിക്കും. പൗരാണിക ഭാരതത്തിന്റെ നേട്ടങ്ങൾ തമസ്ക്കരിക്കുന്നത് ബുദ്ധിപരതയുടെ ഭാഗമായി മറ്റുള്ളവർ കണ്ടുകൊള്ളുമെന്ന് ധരിക്കും. അതാണ് മനുഷ്യൻ എന്ന വിചിത്ര ജീവി. രാഷ്ട്രചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നേട്ടങ്ങൾ ഓരോ ഭാരതീയന്റെയും സിരകളിൽ ഒഴുകുന്ന രക്തത്തിൽ ആത്മാഭിമാനം എന്ന ഘടകത്തെക്കൂടി ചേർക്കേണ്ടതാണ്. കാരണം ഈവക നേട്ടങ്ങൾ ഉണ്ടാക്കിയത് മാനവരാശിക്ക് വേണ്ടിയാണ്. അത് ആരുടെയും സ്വകാര്യ അഹങ്കാരമല്ല. എന്നാൽ ആണവ വികിരണത്തിന്റെ അതിപ്രസരം അന്തരീക്ഷത്തെ മലിനമാക്കുന്നപോലെ വിഭാഗീയരാഷ്ട്രീയത്തിന്റെ അതിപ്രസരം ബുദ്ധിയെയും മലിനപ്പെടുത്തുന്നു. അപ്പോൾ മാതൃരാജ്യം എന്ന സങ്കൽപ്പത്തിന് പോലും മതിലുകൾ പണിയുന്ന സമൂഹം ഇതൊക്കെ തമസ്കരിക്കുന്നതിലാണ് ആത്മസംതൃപ്തി അനുഭവിക്കുന്നത്.
എത്ര കുറ്റങ്ങളും കുറവുകളും ഉണ്ടായാലും ഒരു നിയമ വ്യവസ്ഥയുള്ള⊇രാഷ്ട്രം നൽകുന്ന സുരക്ഷിതത്വത്തിൽ അടയിരുന്നുകൊണ്ട് അതിന്റെ സംസ്ക്കാരത്തെ, ബഹുസ്വരതയെ ഒക്കെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നത് തണലത്ത് നിൽക്കുന്പോൾ താനേ മറക്കും എന്ന തത്വം തന്നെയാണ്. സ്വകാര്യതാൽപ്പര്യാർത്ഥം പറയുന്നതും യുക്തിക്ക് നിരക്കാത്തതുമായ അവകാശവാദങ്ങൾ അവഗണിക്കാം. എന്നാൽ സംസാരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ലോക ബൗദ്ധികത അംഗീകരിച്ചവ വിഭാഗീയ രാഷ്ട്രീയത്തിന്റെ മത്തുപിടിച്ച ബുദ്ധിയാൽ തമസ്ക്കരിക്കുന്നത് ജുഗുപ്സാവഹമാണ്. ഈ വിഷയം തന്റെ ബഹ്റൈൻ സന്ദർശന വേളയിൽ ശ്രീ. ശശി തരൂർ കേരളീയ സമാജത്തിൽ ചെയ്ത തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഗണിതശാസ്ത്രത്തിൽ ഭാരതത്തിലുണ്ടായിരുന്ന വളരെ ഗഹനമായ പാണ്ധിത്യം ലോകം അംഗീകരിച്ചതാണ്. പൂജ്യം കണ്ടുപിടിച്ചത് മാത്രമല്ല, ബീജഗണിതം, വർഗ്ഗം വർഗ്ഗമൂലം, ചതുരശ്ര, ഘനമൂല സങ്കൽപ്പങ്ങൾ എന്നിങ്ങനെയുള്ള അസാധാരണ പദ്ധതികളിലൂടെ ഗണിതശാസ്ത്രത്തിന്റെ മറുകര കണ്ട ആചാര്യന്മാർ നമുക്കുണ്ടായിരുന്നു. വേദകാല ജ്യോതിശാസ്ത്രം സൗരയൂഥ ഘടനയെ സംബന്ധിച്ച് ശാസ്ത്രബദ്ധമായ സത്യങ്ങൾ ഉൾക്കൊള്ളുന്നത് മാത്രമല്ല എ.ഡി അഞ്ഞൂറാമാണ്ടിൽ ആര്യഭടൻ തന്റെ ആര്യഭടീയം എന്ന ഗ്രന്ഥത്തിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതായും മറ്റ് സൗരയൂഥ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. കോപ്പർനിക്കസ്പ തിനാറാം നൂറ്റാണ്ടിൽ സൗര കേന്ദ്രീകൃതമായ ഗ്രഹസമൂഹമായി ഇത്ക ണ്ടെത്തിയെന്ന് വ്യാപകമായി വിശ്വസിക്കുന്പോൾ ലഭ്യമായ പ്രമാണരേഖകൾ ആ നേട്ടം നമ്മുടെതാണെന്ന് നിഷേധിക്കാനാവാതെ സ്ഥാപിക്കുന്നു. അതുപോലെ ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും, ശസ്ത്രക്രിയ വൈദഗ്ദ്ധ്യത്തിലും നാം ലോകത്ത് ഒന്നാമതായിരുന്നു.
താളിയോല ഗ്രന്ഥങ്ങളിലും മറ്റും ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്ന വാസ്തുവിദ്യ, ജ്യോതിശാസ്ത്രം, ഭൂഗോളവിജ്ഞാനം, ലോഹസംസ്‌ക്കരണം, തർക്കശാസ്ത്രം, അളവുതൂക്ക സംഹിത, ധാതുവിദ്യ തുടങ്ങിയവയെ സംബന്ധിച്ച ഗഹനമായ വൈജ്ഞാനികഗ്രന്ഥങ്ങൾ താളിയോലക്കെട്ടുകളായി ഇന്നും നമ്മുടെ നാട്ടിലും കോളനിവൽക്കരണ കാലത്ത് അവ അപഹരിച്ചു കൊണ്ടുപോയ രാജ്യങ്ങളുടെ പക്കലും ഉണ്ടെന്ന പരമസത്യത്തെ ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നവർക്ക് നിഷേധിക്കാനാവില്ല. തെളിവു
കളില്ലാതെ വിശ്വാസത്തിന്റെയും ഊഹാപോഹത്തിന്റെയും അടിസ്ഥാനത്തിൽ പറയുന്നത് നമുക്ക് തള്ളിക്കളയാം, പക്ഷെ വ്യക്തമായ തെളിവുകൾ ഉള്ള സത്യങ്ങൾ നമ്മുടെ അഭിമാനബോധത്തിന്റെ ഭാഗമാക്കണോ വേണ്ടയോ എന്നത് ഓരോരുത്തരും സ്വയമായി തീരുമാനിക്കേണ്ടതാണ്. ദുർഘട ഘട്ടങ്ങൾ വരുന്പോൾ മാത്രം തിരിച്ചറിയുന്നതാവരുത് നമ്മുടെ രാഷ്ട്രസങ്കൽപ്പം. അവിടെ ജീവിക്കുന്പോഴും അത് തിരിച്ചറിയപ്പെടണം.