യു­ക്തി­യു­ടെ­ സീ­മ എവി­ടെ­വരെ­?


അന്പിളിക്കുട്ടൻ

യുക്തികൊണ്ട് പ്രപഞ്ചത്തെയും മനുഷ്യനെയും ജീവിതത്തെയും പൂർണ്ണമായും അപഗ്രഥിക്കാനാവുമെന്ന് വിശ്വസിക്കുന്നവരും അങ്ങിനെ സമർത്ഥിക്കാൻ ശക്തിയായി ശ്രമിക്കുന്നവരും ഉണ്ട്. കണ്ണുകൊണ്ടു കാണുന്നതു മാത്രമേ വിശ്വസിക്കൂ എന്ന് നിഷ്ടയുണ്ടായിരുന്ന ചാർവാകന്മാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. ചാർവാക മതത്തിനു ഇന്ന് പ്രസക്തിയില്ല. എന്തെന്നാൽ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്തിടത്താണ് സത്യം കുടികൊള്ളുന്നതെന്ന് ഇന്ന് ശാസ്ത്രം തിരിച്ചറിയുന്നു. ഇന്നും അപഗ്രഥനത്തിന് വഴങ്ങാത്ത ചില പ്രതിഭാസങ്ങൾ പ്രാപഞ്ചിക അതിവിദൂരതകളിൽ മനുഷ്യന്റെ നിരീക്ഷണങ്ങൾക്ക് ഒരിക്കലും എത്തിപ്പറ്റാൻ കഴിയാത്തിടത്ത് മാത്രമല്ല നമ്മുടെ കൈവശമുള്ള ശരീരത്തിൽ വരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതെല്ലാം മനസ്സിലാക്കാൻ തന്നെ ഇനിയും എത്രയോ കാലങ്ങൾ വേണ്ടിവരും, പിന്നെയല്ലേ അപഗ്രഥനം. ഗോചരമായ പ്രാപഞ്ചിക ഇടങ്ങളിൽ ദിവസവും പുതുതായി എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു.പലതും ഇന്നത്തെ ഊർജ്ജതന്ത്ര നിയമങ്ങളെ വെല്ലുവിളിക്കുന്നവയാണ്.ഇത്തരം നിരീക്ഷണങ്ങൾ വിശദീകരണത്തിനു വഴങ്ങാത്ത പ്രതിഭാസങ്ങളുടെ ഫയലിലേയ്ക്ക് മാറ്റപ്പെടുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ ഇത്തരം കാര്യങ്ങൾക്കായി പ്രത്യേക ഫയൽതന്നെ സൂക്ഷിക്കുന്നുണ്ട്.

നമ്മിലേയ്ക്ക്‌ തന്നെ കണ്ണാടി തിരിച്ചു പിടിച്ചാൽ അവിടെയും ഇന്നും വിശദീകരിക്കാത്ത കാര്യങ്ങൾ കാണാം. എന്തുകൊണ്ടാണ് രക്തസമ്മർദ്ദം ഉണ്ടാവുന്നതെന്നും ചിലരിൽ അത് അതിസമ്മർദ്ദവും ചിലരിൽ അപസമ്മർദ്ദവും ആയിത്തീരുന്നത് എന്തുകൊണ്ടെന്നും ഒരു ശരിയായ വിശദീകരണം ഇന്നും വൈദ്യശാസ്ത്രത്തിന് ലഭിച്ചിട്ടില്ല. അതിനു ശാരീരികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ പറയുന്നുണ്ടെങ്കിലും ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ളപ്പോൾ പോലും ഇത് ചിലപ്പോൾ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്നതിന് ഉത്തരമില്ല. ജീവൻ എന്ന പ്രതിഭാസം എങ്ങിനെ ഭൂമിയിൽ ഉത്ഭവിച്ചു എന്നതിനും പല അഭിപ്രായങ്ങളുമുണ്ട്. അത് ഉൽക്കകളിലേറി ജലകണങ്ങൾ ഭൂമിയിലെത്തിയപ്പോൾ ഇവിടുത്തെ അനുകൂലമായ പരിസ്ഥിതിയിൽ സ്വാഭാവികമായി ഉണ്ടായതെന്നും അതല്ല ജീവന്റെ ആദ്യകണം എവിടെനിന്നോ വന്ന ഉൽക്കയുടെ അടുക്കുകളിലൊളിച്ച് ഇവിടെ എത്തിച്ചേർന്നതാണെന്നും അഭിപ്രായങ്ങളുണ്ട്. അത് ശരിയെങ്കിൽ എവിടെയോ ഭൗമേതര നാഗരികതകളുമുണ്ട്. അതെവിടെ എന്നതിനും നമുക്ക് ഉത്തരമില്ല. എന്നാൽ എവിടെയോ ഉണ്ടെന്നു തന്നെയാണ് ശാസ്ത്രലോകത്തിന്റെ ഉറച്ച വിശ്വാസം. അത് കണ്ടെത്താനുള്ള നിരന്തര ശ്രമങ്ങൾ കാലാകാലങ്ങളായി ശാസ്ത്രലോകം നടത്തുന്നുണ്ട്. അതിനായി പ്രാപഞ്ചിക വിദൂരതയിലേയ്ക്ക് നിരന്തരം സന്ദേശങ്ങൾ അയക്കപ്പെടുന്നു. അത് ഭൗമാതീതജീവികൾക്ക് ഗുപ്തവ്യാഖ്യാനം (ഡീകോഡ്) ചെയ്ത് മനസ്സിലാക്കാൻ പാകത്തിൽ അയക്കപ്പെടുന്നു. എവിടെ നിന്നെങ്കിലും ഒരു പ്രതികരണം ലഭിക്കുമോ എന്ന് എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു.

പലപ്പോഴും ബഹിരാകാശ പര്യവേക്ഷണങ്ങൾക്കിടയിൽ ചില വിചിത്ര കാഴ്ചകൾ ഗഗനചാരികൾക്ക് കാണാനായിട്ടുണ്ട്. ഒഴുകി നടക്കുന്നതും  അതിവേഗതയിൽ സഞ്ചരിക്കുന്നതുമായ ചില പേടകസമാന വസ്തുക്കൾ നിരവധി തവണ അവർ കണ്ടിട്ടുണ്ട്, നാസ ഇവയ്ക്ക് ചന്ദ്രപ്രാവുകൾ(മൂൺ പിജിയൻ) എന്നാണു പേർ നൽകിയിരിക്കുന്നത്. എന്നാൽ ഇത് കുട്ടിക്കഥകളിലെ പറക്കും തളികകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക വസ്തുക്കളായി ലഘൂകരിക്കാവുന്നവയല്ല. ദുരൂഹമായ എന്തോ പ്രതിഭാസത്തിന്റെ ഭാഗമാണ്. ആ പ്രതിഭാസം അജ്ഞാതമായ ഏതോ വിദൂര നാഗരികതയുമായി ബന്ധപ്പെട്ടതുമാവാം. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം ഭൂമിയിൽ നിന്നും അഞ്ഞൂറ് പ്രകാശവർഷങ്ങൾക്കകലെ സ്ഥിതിചെയ്യുന്ന കെപ്ലർ നൂറ്റിഎൺപത്തിയാറ്‌ എന്ന ചുവപ്പു കുള്ളൻ നക്ഷത്രത്തെ  വലം വെയ്ക്കുന്ന കെപ്ലർ നൂറ്റിഎൺപത്താറ് എഫ് എന്ന ഗ്രഹം മാതൃനക്ഷത്രത്തിന്റെ ജീവസാധ്യതാമേഖലയിൽ കുടികൊള്ളുന്നതും നമ്മിൽനിന്നും വ്യത്യസ്തമായ തരത്തിലുള്ള  ജീവനുണ്ടാവാൻ ഏറെ സാധ്യതയുള്ളതുമായ ഒന്നാണ്. എന്നാൽ അഞ്ഞൂറ് പ്രകാശവർഷം അകലെ സിഗ്‌നസ് എന്ന നക്ഷത്രസമൂഹത്തിൽ എവിടെയോ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിൽ നിന്ന് വിവരം ശേഖരിക്കുന്നത് ഇന്നത്തെ ഏറ്റവും നൂതനമായ സാങ്കേതികത വെച്ചുപോലും അസാധ്യമാണ്. അതിനു നാം ഇനിയും ഏറെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

നാനൂറു ബില്യൺ നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ക്ഷീരപഥ മഹാനക്ഷത്രക്കൂട്ടത്തിന്റെ മാത്രം വ്യാപ്തി ഒരുലക്ഷം പ്രകാശ വർഷമാണ്.അപ്പോഴാണ് നമ്മുടെ ഈ അഞ്ഞൂറ് പ്രകാശവർഷക്കണക്ക്! പതിനാലു ബില്യൺ പ്രകാശവർഷമാണ് പ്രപഞ്ചത്തിന്റെ ഇതുവരെ മനസ്സിലാക്കാൻ സാധിച്ച വിസ്തൃതി. അതിൽ ഉൾക്കൊള്ളുന്നത് ക്ഷീരപഥത്തെക്കാൾ വലുതും ചെറുതുമായ രണ്ടു ബില്യൺ ഗാലക്സികൾ എന്നാണ് ഏകദേശമായി വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശാസ്ത്രം പറയുന്നത് ഇതിന്റെ ഒരു പത്തിരട്ടിയെങ്കിലും ഗാലക്സികൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു എന്നാണ്‌. നിരന്തരമായ പഠന ഗവേഷണങ്ങളിലൂടെ നവീകരിക്കപ്പെടുന്നതാണല്ലോ ശാസ്ത്രം. ഇതിനെപ്പറ്റിയുള്ള ഒരു സമഗ്ര വീക്ഷണം ഉണ്ടാക്കാൻ ഏതു യുക്തിക്കാണ് സാധിക്കുക!! ഈ ബ്രഹ്‌മാണ്ധത്തിൻ്റെ ഗഹനതയെയും അപാരതയെയും മനസ്സലാക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞർ ആ സങ്കൽപ്പാതിശായിത്വത്തെ നോക്കി പകച്ചു നിൽക്കുകയാണ്. അപ്പോൾ യുക്തികൊണ്ട് മഹാകാശത്തെയല്ല ചിദാകാശത്തെ മാത്രമേ അളക്കാൻ സാധ്യമാവൂ. ചിദാകാശത്തെപ്പോലും സമഗ്രതയോടെ വീക്ഷിക്കാൻ ആവാതെ ലോകം ദുഷിപ്പിക്കുന്ന മനുഷ്യൻ അവന്റെ സാധ്യതകളെയും പരിമിതികളെയും ഒരുപോലെ മനസ്സിലാക്കിയെങ്കിൽ മാത്രമേ ഒരു ബുദ്ധിജീവി ആവുകയുള്ളൂ, അതാണ് സത്യം.

You might also like

Most Viewed