അംഗീകാരങ്ങളും നൈതികതയും...
അന്പിളിക്കുട്ടൻ
ഒരു വ്യക്തിയുടെ സവിശേഷമായ കഴിവുകൾ, പ്രതിഭ എന്നിവ ജനമനസ്സിൽ സ്വാഭാവികമായും അംഗീകാരങ്ങൾ നേടുന്നു. അതിനെ ഔദ്യോഗികമായി അംഗീകരിക്കുക എന്നത് വ്യാപകമാണ്. ഇപ്പോൾ ജനമനസ്സുകളിലെ അംഗീകാരം പോലെ ഔദ്യോഗികമായി ലഭിക്കുന്ന അംഗീകാരങ്ങളും ചേർന്നാലെ ആ വ്യക്തി സമ്മതനാവുന്നുള്ളു.ഇത് നന്മയും തിന്മയും ഒരുപോലെ സൃഷ്ടിക്കുന്ന ഒരു പ്രക്രിയയാണ്.അംഗീകാരങ്ങൾ ഭരണതലത്തിൽ നിന്നാവുന്പോൾ അതിൽ ന്യായാന്യായങ്ങൾ വലിയ പ്രശ്നമായിത്തീരും. ചില അംഗീകാരങ്ങൾ ജീവിതത്തിലെ പടവുകൾ കയറുവാൻ അതിന് അർഹരാകുന്നവരെ പ്രാപ്തരാക്കും.എന്നാൽ മറ്റ് ചില അംഗീകാരങ്ങൾ അത് ലഭിക്കുന്ന വ്യക്തിക്ക് തങ്ങൾ ഏറെ ഉയരത്തിലെത്തി എന്ന തെറ്റായ തോന്നലുണ്ടാക്കുന്നു. അവരുടെ സ്വഭാവരീതിയെ അത് പിന്നീട് നിയന്ത്രിക്കുന്നു.
പ്രബലമായ വ്യക്തിത്വങ്ങൾ അവരുടെ ജീവിതത്തിലൂടെ സമൂഹത്തിനോ ലോകത്തിന് തന്നെയോ കൊടുക്കുന്ന സേവനമെന്തെന്ന് പലപ്പോഴും ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് അവരുടെ കാലശേഷമാകാറുണ്ട്. അത് ദുഃഖകരവുമാണ്. അദ്വിതീയനായ ഗായക കർമ്മയോഗി ഡോക്ടർ ബാലമുരളികൃഷ്ണയ്ക്ക് രാജ്യം ഇനിയും ഭാരതരത്നം കൊടുത്തിട്ടില്ല. അത് അദ്ദേഹത്തിന് എന്നായാലും നൽകാതിരിക്കാൻ ഒരു സർക്കാരിനുമാവില്ല എന്നത് ലോകമറിയുന്ന സത്യമാണ്. എന്നാൽ നീതി വൈകുന്നത് നീതി നിഷേധിക്കലാണ് എന്ന തരത്തിലുള്ള ഒരു തത്വം ഇവിടെയുമുണ്ട്. ജീവിച്ചിരിക്കുന്പോൾ അർഹിക്കുന്നതും അർഹിക്കാത്തതുമായ അംഗീകാരങ്ങൾ നേടുന്നവരുടെ ആധിക്യമുള്ള നാട്ടിൽ ചിലർക്ക് ആദരവ് കൊടുക്കുവാൻ വിമുഖതയുണ്ട്. ഏറെ വൈകി കൊടുക്കപ്പെടുന്ന ആദരവുകൾ ചിലപ്പോൾ അനാദരവായിപ്പോലും വരാറുണ്ട്. സമയബന്ധിതമായ ഒരു മൂല്യം എന്തിനുമുണ്ട്. സമയം ആർക്കും വേണ്ടി കാത്തുനിൽക്കാത്ത ഒരു യഥാർത്ഥ സോഷ്യലിസ്റ്റാണ്. അതിന്റെ വരുതിയിൽ നിൽക്കാതെ ചെയ്യുന്ന പ്രവൃത്തികൾ നിറംകെട്ട് പോകുന്നു. ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യാതിരുന്നാൽ, ചെയ്യുന്പോൾ അത് വിപരീത ഫലങ്ങൾ ഉളവാക്കുന്നു. ഒരു പഴഞ്ചൊല്ലുണ്ട്, "ഇന്ന് ചെയ്‌താൽ കേളിയുണ്ട്, നാളെ ചെയ്താൽ ഉണ്ട് കേളി" നാടൻഭാഷയിലൂടെ പകരപ്പെടുന്ന ഒരു പരമമായ സത്യത്തിന്റെ മൊഴിമുത്താണിത്.പെട്ടന്ന് ഓർമ്മ വരുന്നത് മലയാളികളെ ഭാവസാന്ദ്രമായ ആലാപന ശൈലിയിലൂടെയും ശബ്ദസൗഭഗത്തിലൂടെയും പാടി അലിയിച്ച ജാനകിയമ്മ രംഗത്ത് വന്ന് കാലങ്ങൾക്ക് ശേഷം ആ വഴി പിന്തുടർന്നുവന്ന പലർക്കും രാഷ്ട്രം പദ്മ അവാർഡുകൾ കൊടുത്ത് ആദരിച്ചു. അതിന് എപ്പോഴേ അർഹയായിരുന്ന ജാനകിയമ്മക്ക് രണ്ട് വർഷങ്ങൾക്ക് മുന്പ് ഒടുവിൽ അത് നൽകിയപ്പോൾ അതവർക്ക് ആദരവായല്ല, മറിച്ച് അപമാനമായാണ് തോന്നിയത്. അതിനാൽ അതവർ നിരസിക്കുകയും ചെയ്തു.
ഇതുപോലെ ക്രിയാത്മകമായ സംഭാവനകൾ നിരവധി ചെയ്‌തെങ്കിലും ആദരിക്കപ്പെടാത്ത ചില പേരുകൾ നമ്മെ ആശ്ചര്യപ്പെടുത്തും. അവാർഡുകൾ ലഭിച്ചില്ലെങ്കിൽ അവരുടെ കഴിവുകൾ നശിക്കുകയോ അവർ സ്വീകാര്യർ അല്ലാതാവുകയോ സമൂഹം അവർക്ക് വില കൽപ്പിക്കാതിരിക്കുകയോ ചെയ്യുന്നില്ല. എന്നാൽ അവരെക്കാൾ പല തരത്തിലും താഴെ നിൽക്കുന്നവരെ ആദരിച്ചുകൊണ്ട് അവർക്ക് അത് നിഷേധിക്കപ്പെടുന്പോൾ അത് വലിയ അനീതിയും അനാദരവും ആകുന്നു. യഥാർത്ഥത്തിൽ കലാരംഗത്ത് ഇത് ഏറെ ശ്രദ്ധിക്കപ്പെടുന്നു.ആദരവുകൾ കലാസാഹിത്യ രംഗങ്ങളിൽ നൽകുന്പോൾ അത് അവധാനതയോടെ ചെയ്യേണ്ടതാണ്. സർഗ്ഗപ്രക്രിയയെ അളക്കുവാൻ പാകമായ അളവുകോലുകൾ അളക്കാൻ അറിയാവുന്നവർ നിഷ്പ്പക്ഷമായി ഉപയോഗിക്കണം. ആദരവുകൾ വൈകി കൊടുക്കുന്നത് അനാദരവാകുന്പോൾ ആദരവുകൾ വളരെ നേരത്തെതന്നെ കൊടുക്കപ്പെടുന്നത് ആ വ്യക്തിയുടെ വളർച്ചയെയും അതിലൂടെ സമൂഹത്തിന് കിട്ടേണ്ടിയിരുന്ന സംഭാവനയെയും ദോഷമായി ബാധിക്കുന്നു.
നാമേറ്റവും സ്നേഹിച്ചിരുന്ന സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്ററുടെ ബാറ്റിന്റെ മൂർച്ചയിൽ നിന്നും പിറന്നുകൊണ്ടിരുന്ന റൺസുകളുടെ ചടുലത നമ്മുടെ അഭിമാനമായിരുന്നു. ലഭിച്ച എല്ലാ ആദരവുകൾക്കും അദ്ദേഹം അർഹനാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അദ്ദേഹത്തിന് ലഭിച്ച എല്ലാ കായിക രംഗത്തെ അവാർഡുകൾക്കും പുറമെ വെറും നാൽപ്പതു വയസ്സിൽ ഭാരതരത്നം എന്ന ദേശത്തിന്റെ പരമോന്നത ബഹുമതി കൂടി അദ്ദേഹത്തിന് സമ്മാനിച്ചു. എത്തിപ്പെടുവാൻ ലക്ഷ്യങ്ങളില്ലാതാക്കി അദ്ദേഹത്തിനെ വിരമിക്കലിലേക്ക് പ്രേരിപ്പിച്ചത് ഈ വാരിക്കോരിയുള്ള അംഗീകാരം കൊടുക്കലുകളാണ് എന്ന് ചിന്തിക്കുന്നവരുണ്ട്. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ ഏറെക്കാലം ബാക്കിയുള്ളപ്പോൾത്തന്നെ ഇനി ജീവിതത്തിൽ ഒന്നും നേടാനില്ലാത്ത അവസ്ഥയിൽ സച്ചിൻ എത്തിച്ചേർന്നു. അതായിരിക്കാം ഒരുപക്ഷെ ആ ഊർജ്ജസ്വലമായ റൺസുകളെ നമുക്ക് നഷ്ടപ്പെടുത്തിയത്!
എപ്പോഴും മുന്നോട്ട് പോകുവാൻ ഇടമുണ്ട് എന്ന തോന്നൽ മനുഷ്യന് യാത്ര ചെയ്യാൻ പ്രചോദനമാണ്. ലോകം മുഴുവൻ ചുറ്റിക്കണ്ട സഞ്ചാരി വീണ്ടും സഞ്ചാരത്തിനിറങ്ങുന്നത് ഇതുവരെ കാണാത്ത ലോകം കാണാനാണ്. അത് തന്നെയാണ് ജീവിതത്തെ പ്രതീക്ഷാ നിർഭരമാക്കുന്നത്. ലോകസഞ്ചാരിക്ക് എണ്ണമറ്റ സാധ്യതകൾ മുന്നിലുണ്ട്.എന്നാൽ ഈ ചെറിയ ജീവിതത്തിൽ അങ്ങിനെയൊരു പ്രതീക്ഷയുടെ നാളം ഉള്ളിൽ കെടാതെ നാം നോക്കേണ്ടതുണ്ട്, ജീവിതത്തിന് മുന്നോട്ട് വെളിച്ചം പകരാൻ.