മനുഷ്യനെ തിരിച്ചു വിളിക്കുക
അന്പിളിക്കുട്ടൻ
നമ്മുടെയൊക്കെ ചെറുപ്പകാലത്ത് പഴംകഥകളും, പുരാണങ്ങളും, ഇതിഹാസ കഥകളും, നാടൻ പാട്ടുകളും, നാട്ടുൻപുറ പച്ചമരുന്നുകളും നാടൻ ചികിത്സയും എന്നിങ്ങനെ പഴമയുടെ സംസ്ക്കാരവും ജീവിതരീതികളും വഴി തലമുറകൾ കൈമാറി വന്ന വിലപ്പെട്ട അറിവുകൾ കുഞ്ഞുങ്ങൾക്ക് നിറഞ്ഞ ആർദ്രതയോടെ പകർന്നു കൊടുത്തിരുന്ന മുത്തശ്ശിമാരുണ്ടായിരുന്നു.അവരിലൂടെയാണ് തലമുറയുടെ പുതുനാന്പുകൾ നാടിന്റെ തനിമ ഉൾക്കൊണ്ടിരുന്നത്, തനത് സംസ്ക്കാരത്തിന്റെ ജീവവായു ഉൾക്കൊണ്ടിരുന്നത്. നാടിന്റെ വേരുകളുമായി നമ്മെയൊക്കെ ഗാഢമായി ബന്ധിച്ചിരുന്നത് പുസ്തകങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവാത്ത ഈ ശുദ്ധമായ വാത്സല്യത്തിന്റെ നേരറിവുകളായിരുന്നു. എന്നാൽ ഇന്ന് ആ മുത്തശ്ശിമാരൊന്നും നമ്മുടെ ഇടയിലില്ല. അവരൊക്കെ കാലം നീക്കിയിട്ട തിരസ്സിലാക്കി പിന്നിലേക്ക് അന്തർധാനം ചെയ്തുകഴിഞ്ഞു.അവരോടൊപ്പം മൺമറഞ്ഞത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലൂടെ കൈവന്ന അറിവുകളായിരുന്നു. പ്രകൃതിയെ അന്യവൽക്കരിച്ച ഇന്നത്തെ മുത്തശ്ശിമാർക്ക് ആ നന്മയെ പുനഃ സൃഷ്ടിക്കുവാനുള്ള അടിത്തറയില്ല, അവർ മണ്ണിന്റെ മണം പോയ തലമുറയോളം എറ്റു വാങ്ങിയവരല്ല.
ഈ മുത്തശ്ശിമാരുടെ അഭാവം സാംസ്കാരികമായി ദരിദ്രരാക്കിയത് ഇപ്പോൾ വളർന്ന് വരുന്ന തലമുറയെയാണ്.ജന്മനാട് എന്ന് പറയുന്പോൾ മനസ്സിൽ ഒരു നനവ് തോന്നണമെങ്കിൽ മനസ്സിന്റെ ആഴങ്ങളെ തൊടുന്ന ഒരു ആഭിമുഖ്യം അതിനോട് സ്വാഭാവികമായും ഉണ്ടാവണം.അതുണ്ടാക്കുവാൻ ഒരു വീടിന്റെ രണ്ട് മുറികളിലിരുന്ന് ഇലക്ട്രോണിക് ആശയ വിനിമയം നടത്തുന്ന കുട്ടികളും മാതാപിതാക്കളും പര്യാപ്തരല്ല. ഈ തലമുറകൾ വൈദേശിക സംസ്ക്കാരം ഏറ്റവും മികച്ചതെന്ന വിശ്വാസം പുലർത്തിയോ സാഹചര്യവശാലോ അവിടങ്ങളിൽ തന്നെ താമസം ഉറപ്പിക്കുന്പോൾ തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ആ സാംസ്കാരികമായ ഒഴുക്ക് നിലക്കുന്നു. പിന്നീട് സ്വന്തമെന്ന് അഭിമാനിക്കാൻ അവനവൻ പല മാർഗ്ഗങ്ങളിലൂടെ ഉണ്ടാക്കുന്ന ഭൗതിക നേട്ടങ്ങൾ മാത്രം. യാതൊരു ഗഹനതയും ഇല്ലാത്ത ഉപരിപ്ലവ വ്യക്തിത്വങ്ങൾ പിന്നീട് അവശേഷിക്കുന്നു.ഇത് ആഴമുള്ള ജീവിതങ്ങളെയും ആഴമുള്ള ചിന്തകളെയും ജീവിതത്തിൽ നിന്നും നിഷ്കാസനം ചെയ്യുന്നു.
ക്ലാസ്സിക്കൽ എന്ന വാക്കിന് ഉൽകൃഷ്ടമായത്, പ്രമാണയോഗ്യമായത് എന്നൊക്കെയാണ് മലയാളത്തിൽ അർത്ഥം. യഥാർത്ഥത്തിൽ എത്ര തമസ്ക്കരിച്ചാലും വീണ്ടും നശിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്ന് ചിരന്തനമായ മൂല്യങ്ങൾ പകരുന്നു എന്നതാണ് അതിന്റെ യഥാർത്ഥ സ്വഭാവം. അത് ഭാഷയിലും സാഹിത്യത്തിലും സുകുമാര കലകളിലും അങ്ങിനെ തന്നെയാണ്.ക്ലാസിക്കൽ സംസ്ക്കാരവും കൃതികളും കലാരൂപങ്ങളും ഉൽകൃഷ്ടമായ ജീവിതാവസ്ഥയെയാണ് അഭിവീക്ഷണം ചെയ്യുന്നത്.അതിനാൽത്തന്നെ അവയിൽ നിന്നും അകന്ന് ജീവിക്കുന്പോൾ ജന്മം കൊണ്ടതിന്റെ പേരിൽ ചുറ്റും ഉയിർക്കൊള്ളുന്ന അഹം ബുദ്ധിയുടെ പ്രലോഭനങ്ങൾക്ക് വശംവദനായി ജീവിക്കുന്ന പുതിയ മനുഷ്യനിൽ നിന്ന് യഥാർത്ഥ മനുഷ്യനിലേക്കുള്ള ദൂരം കൂടിക്കൊണ്ടേ ഇരിക്കുന്നു. ഇവിടെയാണ് ഇങ്ങനെ അതിഭൗതികതയുടെ വെയിലേറ്റ് വാടുന്ന ജീവിതങ്ങൾക്ക് നനവ് പകരുന്ന ചില പ്രവർത്തനങ്ങൾക്ക് സാംഗത്യം ഏറുന്നത്, അതിന് അതീവ മനോഹാരിത നമുക്ക് കാണാൻ ആകുന്നത്.
പാലക്കാട്ടുകാരുടെ ഒരു സാംസ്ക്കാരിക സംഘടന സംഗീതത്തിന് വേണ്ടി മാത്രം ജനിച്ചു ജീവിച്ച മഹാ ഗുരുനാഥനായ ചെന്പൈ സ്വാമിയുടെ ഓർമ്മകൾക്കായി സമർപ്പിച്ച സംഗീതോത്സവം ഇതുപോലെ മനുഷ്യനെ അവനിലേക്ക് തന്നെ മടക്കി വിളിക്കുന്ന ഒരു ശ്ലാഘനീയമായ പ്രവർത്തനമായി അനുഭവപ്പെട്ടു. അതിന് പിന്നിലുണ്ടായ ആത്മാർത്ഥവും അർപ്പിതവുമായ മുന്നൊരുക്കങ്ങൾ അതിനെ ഏറെ ഗുരുപൂജ എന്ന സങ്കൽപ്പത്തോട് നീതി പുലർത്തുന്നതാക്കി. ഒരു സമർപ്പിത ജീവിതം എന്നാൽ എന്തായിരിക്കണമെന്ന് ഏവർക്കും ധാരണയുണ്ടാകും വിധം അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ചേരും വിധത്തിലുള്ള ആരാധനയായി ഇത് ആസൂത്രണം ചെയ്തത് ആചാര്യസ്മരണയുടെ നനവ് ജീവിതത്തിലേക്ക് വീണ്ടും പടർത്തിത്തന്നു. ഗുരുപൂജ, ഗുരുഭക്തി എന്നിങ്ങനെയുള്ള ആശയങ്ങൾ ജീവിതത്തിന്റെ രൂപീകരണത്തിൽ വരുത്തുന്ന ധാരണാപരമായ ഔന്നത്യം എന്താണ് എന്നത് വിദ്യയുടെ അഭ്യസനം എന്ന പ്രക്രിയക്ക്, അത് ജീവിതത്തിൽ വരുത്തുന്ന ഏറ്റവും ഗണ്യമായ രൂപാന്തരീകരണം എന്തെന്ന് ദർശിക്കുന്നവർക്ക് മാത്രമേ മനസ്സിലാവുന്നുള്ളു. ആ യഥാർത്ഥമായ മനുഷ്യാവസ്ഥയാണ് മുത്തശ്ശിമാരുടെ അഭാവത്തിൽ നമ്മുടെ പുതു തലമുറയ്ക്ക് നഷ്ടമായത്. അതിന്റെ കുറവുകൾ ഏറ്റുവാങ്ങാനുള്ള നിർഭാഗ്യം നമ്മുടെ പുതുനാന്പുകൾക്ക് ഉണ്ടാകാതിരിക്കാൻ നാമും ഏറെ പണിപ്പെടേണ്ടതുണ്ട് എന്നതാണ് സത്യം...