സ്വയം തോൽപ്പിക്കാൻ പാടുപെടുന്നവർ
അന്പിളിക്കുട്ടൻ
ലോകം വീണ്ടും ഒരു മഹായുദ്ധത്തിന്റെ നിഴലിലാണെന്ന് നയതന്ത്ര വൃത്തങ്ങൾ ഭയക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു. രണ്ട് ലോകയുദ്ധങ്ങളുടെ കെടുതികൾ അനുഭവിച്ച ലോകത്ത് ഇത്രയധികം സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നിട്ടും മൂന്നാമതൊരു യുദ്ധത്തിലേയ്ക്ക് വഴി തെളിക്കാതിരിക്കാൻ മനുഷ്യന്റെ ബുദ്ധിക്കാവുന്നില്ലെങ്കിൽ ഈ മനുഷ്യന് എന്ത് ബുദ്ധിയാണുള്ളത്? രണ്ടാം ലോകയുദ്ധം എത്ര ജീവനെടുത്തു, എത്രയധികം ജനങ്ങളെ ചിന്തിക്കാൻ പോലുമാവാത്ത ദുരിതക്കയങ്ങളിൽ മുക്കി എന്നതിനൊക്കെ ജീവിക്കുന്ന തെളിവുകൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ വീണ്ടും ആധുനിക നാഗരികതയുടെ ചക്രവാളങ്ങളിൽ ഇങ്ങനെയൊരു ഭീതിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് എന്തുകൊണ്ടാണ്? വിചാരങ്ങളൊഴിഞ്ഞ് വികാരത്താൽ നയിക്കപ്പെടുന്ന ഇരുകാലി മൃഗമാണോ ഇപ്പോഴും ആത്യന്തികമായി മനുഷ്യൻ? ഇനിയൊരു ലോകയുദ്ധം വന്നാൽ അണ്വായുധങ്ങൾ കൈവശം െവച്ചിരിക്കുന്ന വിവേകം, ഔചിത്യം സംയമനം, സമചിത്തത, അവധാനത എന്നിവ തൊട്ടുതീണ്ടിയിട്ടില്ലാത്ത റൗഡി രാഷ്ട്രങ്ങൾ അവ ഉപയോഗപ്പെടുത്തി ലോകം ശവപ്പറന്പാക്കി മാറ്റാനുള്ള സാധ്യത വളരെയേറെയാണ്. അത്തരമൊരു അവസ്ഥയിൽ ഭൂമുഖത്ത് ആണവ വികിരണങ്ങൾ ചെറുക്കാൻ ശേഷിയുള്ള പാറ്റകളെ മാത്രം ശേഷിപ്പിച്ചുകൊണ്ട് മനുഷ്യ സംസ്ക്കാരവും മറ്റ് ജീവിവർഗ്ഗങ്ങളും ശൂന്യതയിലേക്ക് പിൻവാങ്ങേണ്ടി വരും. ചരിത്രം പോലും അവശേഷിക്കുകയില്ല. കാരണം മനുഷ്യനില്ലെങ്കിൽ പിന്നെ ചരിത്രവുമില്ലല്ലോ.
വെളിച്ചത്തെ പ്രതിരോധിക്കുന്ന മനസ്സുകൾ ഇരുട്ട് നിറയ്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത് സംഭവിക്കുകയില്ല എന്നത് അമിതമായ ആത്മവിശ്വാസമായേക്കാം. ലോകത്തെന്പാടും മതങ്ങളും അന്താരാഷ്ട്ര സമാധാനപാലക സംഘടനകളും ഇത്രയധികം യത്നിച്ചിട്ടും മനുഷ്യൻ പരസ്പ്പരം പടവെട്ടാനാണ് പോകുന്നതെങ്കിൽ അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്? മനുഷ്യന്റെ മേൽ വിജയം വരിക്കുന്നതിൽ ദൈവം പരാജയപ്പെട്ടെന്നും ചെകുത്താൻ ജയിച്ചെന്നുമല്ലേ? അതെന്തുകൊണ്ട് എന്ന് കൂലംകഷമായി മുൻവിധികളില്ലാതെ ചിന്തിക്കേണ്ടതാണ്. മതങ്ങൾ ഉയർത്തിക്കാട്ടിയ ധാർമ്മികതയ്ക്ക് മനുഷ്യനെ നന്നാക്കാൻ കഴിഞ്ഞില്ല. അത് മതത്തിന്റെയല്ല, മനുഷ്യന്റെ തന്നെ കുഴപ്പമാണ്. കാരണം മനുഷ്യന് അവനെ ചുറ്റിപ്പറ്റി നിൽക്കുന്ന സ്വാർത്ഥ വികാരങ്ങളിൽനിന്നും രക്ഷനേടാൻ സാധിക്കുന്നില്ല. ഭൗതികമായി വളരുന്നു, ആത്മാവിൽ ദരിദ്രരാവുന്നു. അവിടെയാണ് മത ധാർമ്മികതകൾ തോറ്റു പോയത്.
അവനവനെ ന്യായീകരിക്കാൻ അവനവന്റെ സാമൂഹിക രാഷ്ട്രീയ മതപര നിലപാടുകളെ ന്യായീകരിക്കാൻ മാത്രമാണ് എല്ലാവരും ശ്രമിക്കുന്നത്. ഓരോ വ്യക്തിയും അതുതന്നെ ചെയ്യുന്നു. ഇവിടെ വ്യക്തി കുടുംബം എന്നീ പരിഗണനകൾ എല്ലാവർക്കും ഏതാണ്ട് ഒരുപോലെയാണ്. എന്നാൽ അവിടുന്നങ്ങോട്ട് സമൂഹം മുതൽ സ്വാർത്ഥതയുടെ തലങ്ങൾ ഭിന്നമാകുന്നു. സമൂഹം ചിലർക്ക് പ്രാദേശികതയെ ആസ്പദമാക്കിയ കാഴ്ചപ്പാടാകാം. മറ്റ് ചിലർക്ക് രാഷ്ട്രീയമായ വീക്ഷണമാകാം, ഇനിയും ചിലർക്ക് അത് മതസമൂഹമാകാം, ഭാഷാസമൂഹമാകാം. ഏതായാലും ഈ കാഴ്ചപ്പാടാണ് പിന്നെയങ്ങോട്ട് അയാളെ രൂപപ്പെടുത്തുന്നത്. അയാളെയും കുടുംബത്തെയും അയാളുടെ കാഴ്ചപ്പാടിൽ അയാൾ സ്വന്തമെന്ന് കരുതുന്ന സമൂഹത്തെയും ആയിരിക്കും പിന്നീട് അയാൾ ന്യായീകരിക്കുന്നത്. ആ സമൂഹത്തിലെ തെറ്റുകൾ അയാൾ കണ്ടില്ലെന്ന് നടിക്കുകയോ, കണ്ടാലും അത് ഒതുക്കിക്കളയുകയോ അല്ലെങ്കിൽ ആ തെറ്റിനെയും ശരിയായി ന്യായീകരിക്കുകയോ ചെയ്യുന്നു. വ്യാപകമായി ഇങ്ങനെ മനുഷ്യർ വേണ്ടിടത്ത് ന്യായീകരണവും അല്ലാത്തിടത്ത് തമസ്ക്കരണവും നടത്തുന്പോൾ ചില പൊതുധാരണകൾ അറിയാതെ അവർക്കിടയിൽ രൂപീകൃതമായി വരുന്നത് സ്വാഭാവികമാണ്. അങ്ങിനെയാണ് വലിയ ധ്രുവീകരണത്തിന്റെ മേഖലകൾ സമൂഹത്തിൽ ഉരുത്തിരിയുന്നത്. ഇത് തന്നെയാണ് പിന്നീട് പ്രാദേശികവും ദേശീയവും അന്താരാഷ്ട്രപരവും ആഗോളവുമൊക്കെയാവുന്നത്.
അമേരിക്ക ഓരോ രാഷ്ട്രത്തോടും ഒരേ പ്രശ്നത്തിന് ഒരേ സാഹചര്യത്തിൽ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത് അവരുടെ നേട്ടമെന്ന സ്വാർത്ഥത മാത്രം മുന്നിൽ കണ്ടാണ്. ആണ്വായുധ നിർവ്യാപനത്തിലും ആണവ പരീക്ഷണങ്ങളുടെ കാര്യത്തിലും ഈ ഇരട്ടത്താപ്പ് അമേരിക്ക കാലാകാലങ്ങളിൽ പുറത്തെടുത്തിട്ടുണ്ട്. ഇത്തരം അവരുടെ സമീപനങ്ങളും ഉത്തരകൊറിയൻ ഭരണാധികാരിയുടെ തികഞ്ഞ ധാർഷ്ട്യവും കൂടിച്ചേർന്നപ്പോഴാണ് ലോകം യുദ്ധഭീതിയുടെ നിഴലിൽ വീണ്ടുമെത്തിയത്. സ്വാർത്ഥ രാഷ്ട്രങ്ങളുടെ നിലപാടുകൾ രൂപീകരിക്കുന്നത് അവിടങ്ങളിലെ പൗരന്മാരുടെ സ്വാർത്ഥബുദ്ധി തന്നെയാണ്.
മനുഷ്യൻ യഥാർത്ഥ ആത്മീയതയെ സാക്ഷാൽക്കരിക്കാതെ അതിന്റെ പുറന്തോടുകൾക്ക് പിറകെ പോകുന്പോൾ അവനവന്റെ പുറന്തോടുകൾ പൊട്ടാതെ നോക്കുകയാവും ഓരോ വ്യക്തിയുടെയും ലക്ഷ്യം. അകക്കാന്പ് വിഷയമല്ല ഇവിടെ. എന്നാൽ ഓരോ വ്യക്തിയും മറ്റുള്ളവരുടെ താൽപര്യങ്ങളെ സംരക്ഷിക്കാനും അവരെ മുറിവേൽപ്പിക്കാതിരിക്കാനും വ്യക്തിപരമായും സാമൂഹ്യമായും പരിശ്രമിച്ചാൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. അവകാശങ്ങളെക്കാൾ കടമകളെയും അധികാരങ്ങളെക്കാൾ ഉത്തരവാദിത്വങ്ങളെയും പരിഗണിക്കുന്ന ഒരു കാലം വന്നാൽ ലോകം ഒരു സ്വർഗ്ഗമാകും. ഓർത്തുനോക്കുക. ഓരോ രാഷ്ട്രങ്ങളും തങ്ങളുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിനൊപ്പം മറ്റ് രാഷ്ട്രങ്ങളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് വേണ്ടിക്കൂടി തങ്ങളുടെ ക്രിയാത്മക സംഭാവനകൾ നൽകുന്ന സാഹചര്യം ഉണ്ടായാൽ ഈ ലോകം സ്വയം നന്നാകുകയും പരസ്പ്പരം നന്നാക്കുകയും ചെയ്യുന്ന വ്യക്തികളെക്കൊണ്ട് സ്വർഗ്ഗമായി മാറും. എന്നാൽ മനുഷ്യന്റെ ഉള്ള് കീഴടക്കിയ ചെകുത്താൻ ഇത് സമ്മതിക്കുമോ? ഇവിടെയാണ് മതങ്ങളുടെ നിസ്സഹായാവസ്ഥ നാം മനസ്സിലാക്കുന്നത്.