കാലം വളരുന്നു കുടിലതകൾക്കൊപ്പം
തിരുവനന്തപുരത്ത് മാതാപിതാക്കളെയും സഹോദരിയെയും ചിന്തിക്കാനാവാത്ത ക്രൂരതയോടെ കൊലപ്പെടുത്തിയ മകനെപ്പറ്റി വാർത്തകൾ വരുന്നു. മനുഷ്യൻ എന്ന നിലയിൽ ഉള്ളിൽ ജ്വലിക്കുന്ന വെളിച്ചത്തിന്റെ അവസാനത്തെ തിരിയും അണഞ്ഞുപോയ ഒരു വ്യക്തിക്ക് മാത്രമേ ഇത് പ്രവർത്തിക്കാനാവൂ. ആ വന്യമായ ഇരുട്ടിലേയ്ക്ക് അവൻ സ്വയം പ്രതിഷ്ഠിക്കുവാൻ എന്താവാം കാരണം എന്നത് ദുരൂഹമാണ്. ജീവൻ നഷ്ടപ്പെട്ട ശരീരങ്ങളോടും ക്രൂരത കാട്ടിയവന് അതിന്റെ പിന്നിൽ സ്വയം യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഒരു മനസ്സുണ്ട്. അത്തരം മനസ്സുകൾ ഒളിച്ചിരിക്കുന്ന ശരീരങ്ങളാണ് പ്രേത പിശാചുക്കളായി മനുഷ്യനെ ഭയപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഒരുപാട് പേരെ ഭയപ്പെടുത്തിയ ഡ്രാക്കുള പ്രഭു ഇത്തരത്തിലുള്ള മനസ്സ് പേറി നടന്ന ഒരു റുമേനിയൻ വംശജനായിരുന്നു. സാധാരണ മനുഷ്യന് എത്ര തീവ്രമായ പ്രതികൂല വികാരങ്ങൾ കൊണ്ടും ഇത്തരത്തിൽ പ്രവർത്തിക്കാൻ സാധ്യമല്ല. ഭീകര പ്രവർത്തകരുടെ ഇടയിൽ മാനുഷിക വികാരങ്ങളെ അവരിൽ നിന്നും പൂർണ്ണമായി ഉന്മൂലനം ചെയ്യാനായി പ്രത്യേക പരിശീലനം തന്നെയുണ്ട്. ഭീകരജീവിതം മതിയാക്കി മനുഷ്യനെപ്പോലെ ജീവിക്കാനായി മകനെ ഉപദേശിച്ച ഒരു അമ്മയെപ്പറ്റി അവൻ ഭീകരനേതാവിനു പരാതികൊടുത്തു. ആ മകനെക്കൊണ്ടുതന്നെ അമ്മയെ വെടിെവച്ചുകൊന്നുകൊണ്ടാണ് അവർ അതിനു ശിക്ഷ നടപ്പാക്കിയത്. എന്നാൽ നാട്ടിൽ നടന്നത് ഇതിലും ഏറെ ഭീകരമായിപ്പോയി. ഇവിടെ പുറത്തുനിന്നും യാതൊരു സമ്മർദ്ദവുമില്ലാതെ മകൻ സ്വനിശ്ചയ പ്രകാരം നടപ്പിലാക്കിയ ഈ പൈശാചികത അവനെ യഥാർത്ഥ പിശാചാക്കുന്നു.
ഈ സംഭവം വ്യക്തിപരമാണെങ്കിലും അത്തരം പാതകങ്ങൾ മനുഷ്യ മനസ്സിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. എന്നാൽ നിരന്തരം രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ ആഘാതങ്ങൾ ഏറ്റുകൊണ്ടിരിക്കുന്ന സമകാലിക മനസ്സ് ഒരുതരം വിറുങ്ങലിപ്പിന് വിധയമായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയം അധികാരമില്ലാത്തപ്പോൾ വിമർശിക്കാനും അധികാരം ഉറപ്പിക്കുന്പോൾ അതേ വിമർശനങ്ങളെ കർമ്മപഥമാക്കാനും പ്രയോജനപ്പെടുത്തുന്ന ഒരു കളിപ്പാട്ടമാകുന്പോൾ സമൂഹഗാത്രത്തിന് വിറുങ്ങലിപ്പ് സ്വാഭാവികം.
ജീവിതവഴിയിൽ വെളിച്ചം പകരാനായി കൈവന്ന മതബോധനങ്ങൾ ഇന്നുപയോഗിക്കപ്പെടുന്നത് മനുഷ്യന് പരസ്പ്പരമുണ്ടാകുന്ന വിള്ളലിനെ വിസ്തൃതമാക്കുവാനാണ്. വളർന്നു വരുന്ന തലമുറയുടെ സാംസ്ക്കാരിക രസമുകുളങ്ങൾക്ക് സംവേദനം പകരുന്നത് ഇങ്ങനെയൊക്കെയുള്ള ഉഗ്രവിഷത്തിന്റെ ചഷകങ്ങളാവുന്പോൾ ഉരുത്തിരിയുന്ന ഇരുട്ടിന്റെ സന്തതികൾ കാട്ടിക്കൂട്ടുന്ന മനസ്സാക്ഷി വിറുങ്ങലിക്കുന്ന കൃത്യങ്ങൾ നമ്മുടെ സാംസ്ക്കാരിക ഭൂമികക്ക് വിഷദംശനം ഏൽപ്പിച്ചുകൊണ്ടേ ഇരിക്കും. ആശയ സംവേദനങ്ങളൊഴിഞ്ഞ മരുഭൂമികൾ ഗൃഹാന്തരീക്ഷത്തിൽപ്പോലും പടർന്നുകയറുന്പോൾ ദിശ നഷ്ടപ്പെട്ടുപോകുന്ന യുവത്വത്തിന്റെ പ്രതീകമാണ് ഇവിടെ സ്വന്തം കുടുംബത്തെ ഉന്മൂലനം ചെയ്തവൻ.
നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട മനസ്സ് മുന്നോട്ടു വെയ്ക്കുന്ന വിഭ്രാന്ത ചിന്തകൾ സത്യമാണെന്ന രൂഢവിശ്വാസമാണ് അവനുള്ളത്. ഭ്രാന്തചിന്തമാത്രം സൂക്ഷിക്കുന്ന, വാതിലുകളോ ജനാലകളോ ഇല്ലാത്ത ഒരു ഗോഡൗൺ മാത്രമാണവന്റെ മനസ്സ്. നരകത്തെ സ്വർഗ്ഗവും സ്വർഗ്ഗത്തെ നരകവുമാക്കുന്ന മനസ്സ് എന്ന വിചിത്ര പ്രതിഭാസം ലോകത്തു സൃഷ്ടിച്ചത് നന്മയെയും അതിലുപരി തിന്മയെയുമാണ്. മതബോധനങ്ങളിൽ നിന്നുപോലും വിഷം വാറ്റിയെടുക്കുന്ന മനുഷ്യൻ കൂടുതലായും സാത്താന്റെ പിടിയിലായതായാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ട് മതസംഹിതകളേക്കാൾ വ്യക്തിപരമായി ആർജ്ജിച്ച സംസ്ക്കാരം മാത്രമാണ് നന്മയെയും തിന്മയെയും തിരിച്ചറിഞ്ഞു ജീവിക്കുന്നതിന് ഇക്കാലത്ത് നിദാനം.
കപ്പിത്താനില്ലാത്ത അലഞ്ഞുതിരിഞ്ഞു കടൽക്കൊള്ളക്കാരുടെ പിടിയിൽ ഒടുങ്ങുന്ന യാനപാത്രം പോലെ നയിക്കാനാളില്ലാതെ മൂഢവിശ്വാസങ്ങളുടെ പിടിയിൽപ്പെട്ട് സ്വയം തിരിച്ചറിയാതെ കുത്തിയിരുന്ന് അതുതന്നെ ഉപാസിക്കുന്ന ഇരുട്ടിന്റെ സന്തതികൾ പിന്നെ ഏതു സാത്താനെയാണ് കൂടുതാലായി അറിയേണ്ടത്? അവന്റെ സാത്താൻ അവൻ തന്നെയാണ്. അതവൻ പൂർണമായി ഉൾക്കൊള്ളുന്പോൾ പിന്നെ മനുഷ്യവികാരങ്ങൾക്കു അവിടെ സ്ഥാനമില്ല.അതുകൊണ്ടാണ് ഈ കൊലപാതകിക്ക് ചെയ്ത കാര്യങ്ങളിൽ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്തത്.
കുറ്റങ്ങളും കുറവുകളും സ്വയം തിരിച്ചറിയുന്നത് ശരിയിലേയ്ക്കുള്ള യാത്രയുടെ ഭാഗമാണ്. എന്നാൽ ആ തിരിച്ചറിവിനുള്ള പരസ്പ്പര സ്നേഹമോ ആശയവിനിമയമോ നടക്കാൻ ഇടയില്ലാത്ത പരിസ്ഥിതിയിൽ മനുഷ്യ മനസ്സാക്ഷിയും സംസ്ക്കാരവും ആഘാതത്തിനു വിധേയമാവുന്നു. പൊള്ളയായ വാക്പ്രയോഗങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും നിലവാരമിടിക്കുന്ന ലോകത്ത് ദുർപ്രവർത്തികളും ദുർചിന്തകളും ദുർവ്യാഖ്യാനങ്ങളും ജീവിതത്തെ കൂടുതൽ കൂടുതൽ പൊള്ളയാക്കുന്നു. മനുഷ്യൻ സാങ്കേതികമായി വളർന്നപ്പോൾ അവന്റെ കുടിലതയും അതേ സങ്കേതങ്ങളെ ഉപയോഗിച്ച് വളർന്നു. അതുകൊണ്ടാണ് കന്പ്യൂട്ടർ സാങ്കേതികതയെപ്പറ്റി ആധികാരികമായി പഠിച്ചവൻ ആ സങ്കേതത്തിൽ നിന്നുതന്നെ പിശാചിനെ കണ്ടെത്തി മനസ്സിലേറ്റിയത്. അത് മനസ്സിലാക്കാതെ അവനവന്റെ പ്യൂപ്പക്കുള്ളിൽ ചുരുണ്ടു കഴിഞ്ഞുകൂടി അനിവാര്യമായ തങ്ങളുടെ വിധിയേറ്റുവാങ്ങി അവന്റെ കുടുംബാംഗങ്ങൾ. വരണ്ടുണങ്ങി നമ്മളാൽ തന്നെ കൊല്ലപ്പെടുന്ന ഇന്നത്തെ നിളയെപ്പോലെ ഉണങ്ങിവരണ്ട നശിക്കുന്ന ഇത്തരം ജീവിതങ്ങൾ നമ്മുടെ സാംസ്ക്കാരിക ഭൂമികയ്ക്കു ഏൽപ്പിക്കുന്ന ക്ഷതം വലുതാണ്. ഈ വിധിയുടെ ദൈന്യത കാലഘട്ടത്തിന്റെ എന്നതിനേക്കാൾ മനുഷ്യരാശിയുടെ എന്ന് ചിന്തിക്കുന്നതാണ് ഉചിതം.