അറിയപ്പെടാത്ത ആരോഗ്യമന്ത്രങ്ങൾ
ഈ വിശാല ലോകം ഗുരുതരമായി രോഗഗ്രസ്തമായിരിക്കുന്നു. അതിന്റെ ഭാഗമായി നിയന്ത്രണങ്ങളുടെ മതിലുകൾ നമുക്ക് ചുറ്റും നിത്യേനയെന്നോണം ഉയരുന്നു. പതിനാല് മണിക്കൂർ നീളുന്ന യു.എസ് യാത്രയിൽ ഇപ്പോൾ നമ്മുടെ സന്തത സഹചാരികളായ മൊബൈൽ ഫോണിനെയും ലാപ്ടോപ്പിനെയും കൂടെക്കൂട്ടാനാവില്ല. എവിടെയും സുരക്ഷാ കുടിയേറ്റ പരിശോധനകൾ കർക്കശമാക്കിയിരിക്കുന്നു. നാനോ സാങ്കേതികത അതിനൂതനവും കാര്യക്ഷമവുമായ സൂക്ഷ്മ യന്ത്രോപകരണങ്ങളിലൂടെ ജീവിതത്തെയും രോഗചികിത്സയെയും നവീകരിക്കുന്പോൾ ഭീകരത ജീവിതരീതിയാക്കിയവർ സ്ഫോടനത്തിനുള്ള വസ്തുക്കൾ നാനോ രീതിയിൽവരെ ചെറുതാക്കാൻ പറ്റുമോ എന്നുള്ള ഹിംസാത്മക ഗവേഷണങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ജീവിതം ദുസ്സഹമാക്കാനുള്ള പരീക്ഷണങ്ങളിൽ വ്യാപൃതരാണവർ. അപ്പോൾ അതിനെതിരെയുള്ള ഫലപ്രദമായ സംരക്ഷണത്തിനായുള്ള തയ്യാറെടുപ്പുകൾ ജീവിതത്തിനു നിറം കെടുത്തുന്നത് ആരോഗ്യം നഷ്ടപ്പെട്ട ലോകത്തിന്റെ ഒരു അനിവാര്യതയാണ്, കാലത്തിന്റെ വിധിയാണ്.
ഒരു കാര്യം പ്രസ്താവ്യമാണ്. ഈ അനാരോഗ്യം മനുഷ്യനിൽ നിന്നും ലോകത്തിനു പകരുന്നതാണ്. അത് ബാധിക്കുന്നതും മനുഷ്യനെ മാത്രമാണ്. എന്താണ് ആരോഗ്യം? ഒരു ശാരീരിക അവസ്ഥയാണോ? രോഗങ്ങൾ ഗ്രസിക്കാത്ത അവസ്ഥയാണോ? അതോ ശ്രദ്ധാപൂർവമുള്ള വൈദ്യശാസ്ത്ര ഇടപെടലുകളാൽ നിലനിർത്തപ്പെടുന്ന ഒന്നാണോ എന്നിങ്ങനെയുള്ള ചിന്തകൾ ശാസ്ത്ര ദാർശനിക മനസ്സുകളിൽ എന്നുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ യുക്തിഭദ്രമായി അനുഭവപ്പെട്ട സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ചിന്തകൾ നമുക്കറിയാവുന്നതും അറിയേണ്ടതുമായ ചിരന്തന സത്യങ്ങൾ ക്രോഡീകരിക്കുന്നവയാണ്.
ആരോഗ്യത്തിന് ശാരീരികവും മാനസികവുമായ അവസ്ഥകളുണ്ടെങ്കിലും ഒന്നില്ലാതെ മറ്റൊന്ന് ഉണ്ടാവില്ലാത്തതിനാൽ അതിന്റെ സമഗ്രത മാത്രമാണ് ഇവിടെ വിഷയം. യഥാർഥത്തിൽ ആരോഗ്യം എന്നത് ജീവിതത്തിന്റെ തടസ്സം കൂടാതുള്ള ഒഴുക്കാണ്. അതിൽ മൂന്ന് ഘടകങ്ങളുടെ പരസ്പ്പര പൂരകത്വം ഉണ്ട്. ശരീരം, മനസ്സ്, അതിലൂടെ ഉൽപ്പാദിതമാകുന്ന ഊർജ്ജം എന്നീ ഘടകങ്ങൾ. ഇതിന്റെ മൂന്നിന്റേയും സാകല്യം സംഭവിച്ചാൽ അത് തന്നെയാണ് ആരോഗ്യം. ഒരു അസുഖവും വരാതിരിക്കുന്നത് ആരോഗ്യമാകണമെന്നില്ല. കാലാവസ്ഥകൊണ്ടും പരിസ്ഥിതികൊണ്ടും സാന്ദർഭികമായി വരുന്ന രോഗാവസ്ഥകളോട് ഫലപ്രദമായി പൊരുതി ശരീരത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള കഴിവിനെയാണ് ആരോഗ്യം എന്ന് പറയുന്നത്. ഇത് എൺപതു ശതമാനവും നമ്മിൽ നിന്നും നാം തന്നെ കണ്ടെത്തേണ്ടതാണ്.
അസുഖങ്ങൾ രണ്ട് തരമാണ്. പകർച്ചവ്യാധികളും അന്തർവ്യാധികളും.ഉള്ളിലെ ഓരോ കോശങ്ങളും ആരോഗ്യദായകമായി പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടവയെങ്കിലും അതിൽ ചിലത് എന്തോ അപനിർദ്ദേശങ്ങളുടെ ഫലമായി ശരീരവിരുദ്ധമായി പ്രവർത്തിച്ചു രോഗാവസ്ഥകളെ സൃഷ്ടിക്കുന്നു. ഈ ധാരണപ്പിശക് മനസ്സിലോ ബുദ്ധിയിലോ അല്ല, മറിച്ച് നമ്മുടെ ജൈവവ്യവസ്ഥയുടെ പ്രാഥമികമായ തലങ്ങളിലെങ്ങോ സംഭവിച്ചു നാമറിയാതെ അബോധങ്ങളിലെങ്ങോ വേരുകളാഴ്ത്തി നമ്മിലെ സ്വാഭാവികമായ കോശ സാമഞ്ജസ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു സൂക്ഷ്മ ഭാവമോ നിർദ്ദേശമോ ആണത്. അത് വളർന്ന് ശരീരത്തിനെ ഉള്ളിൽനിന്നും ബാധിക്കുന്ന യഥാർഥ കുറവുകളാവുന്നു. എൺപത് ശതമാനവും ഇത്തരം അന്തർജന്യ രോഗങ്ങളാണ്. പിന്നീടുള്ള ഒരു പത്ത് ശതമാനം ഭക്ഷണത്തിന്റെ സംഭാവനയാണ്. ശരീര വ്യവസ്ഥക്ക് ആശാസ്യമല്ലാത്ത ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ശരീരികാസ്വാസ്ഥ്യങ്ങൾ പുറമെ നിന്ന് വരുന്നതിനാൽ ചികിത്സയും പുറമെനിന്ന് വേണ്ടിവരും അതുപോലെ അടുത്ത പത്ത് ശതമാനം ബാക്ട്ടീരിയ വൈറസ് ബാധകളാൽ ഉണ്ടാകുന്നവയാണ്. അവയും വൈദ്യശാസ്ത്രപരമായ ഇടപെടലുകൾ കൊണ്ടേ ചികിത്സിക്കാനാവൂ.
ശരീരം രൂപപ്പെടുന്നത് നമ്മുടെ ഉള്ളിൽ നിന്നും പ്രോഗ്രാം ചെയ്തിരിക്കുന്നതനുസരിച്ചാണ്. പ്രകൃതിയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ ഉള്ളിലെ ജീനോം ഘടനയിൽ ആലേഖനം ചെയ്തിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചെടുക്കപ്പെടുന്ന ശരീരത്തിന് ഉണ്ടാകുന്ന അന്തർജന്യ തകരാറുകൾക്ക് ഉള്ളിൽനിന്നുതന്നെ പരിഹാരം കാണാൻ കഴിഞ്ഞാൽ അത് പ്രകൃതിയുടെ താളത്തിന് അനുയോജ്യമാവും. എന്നാലിത് പ്രായോഗികമാക്കാൻ കടന്പകളേറെ കടക്കേണ്ടിയിരിക്കുന്നു.
ശരീരം ഉൽപ്പാദിപ്പിക്കുന്ന ഊർജത്തിന്റെ വിനിയോഗം സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടിയാവുന്പോൾ അതിൽനിന്ന് ഉണ്ടാകുന്ന പ്രതിപ്രവർത്തനം ശരീരത്തെ തിരികെ ജീർണിപ്പിക്കുന്നതാണെന്നു പറയേണ്ടതുണ്ടോ? ഊർജ്ജത്തിന് പ്രതി തമോഊർജ്ജവും പദാർഥത്തിനു വിരുദ്ധപദാർഥവും നിലനിൽക്കുന്ന പ്രാപഞ്ചിക നീതിയിൽ നാം ചിലവഴിക്കുന്ന ഊർജ്ജത്തിന് ബൂമറാഗ് എന്നപോലെ തിരികെ എതിർശക്തിയിൽ വരാനുള്ള നിമിത്തവുമടങ്ങുന്നു. ന്യൂട്ടന്റെ മൂന്നാം ചലന സിദ്ധാന്തം ജീവിതത്തിനു വേണ്ടിക്കൂടിയാണ്. നാം പുറത്തേക്കു വിടുന്ന ശത്രുത നമ്മുടെ കോശങ്ങൾക്ക് പരസ്പ്പരമുണ്ടാകുന്ന ശത്രുതയായി നമ്മിൽ പുനർജ്ജനിക്കുന്നു. അത് അർബുദമായി വെളിയിൽ വരികയും ചെയ്യുന്നു.
അതിനാൽ ചുറ്റും വെല്ലുവിളികൾ നിറഞ്ഞ ലോകത്തു ആരോഗ്യം നില നിർത്തണമെങ്കിൽ ബുദ്ധിയും യുക്തിയും ഉപയോഗിച്ചുള്ള അപഗ്രഥനങ്ങളിലൂടെ ചികിത്സ എവിടെനിന്നു തുടങ്ങണം എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഉള്ളിൽ ആലേഖനം ചെയ്തിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചു എത്ര നാൾ വരെ ശരീരമാകുന്ന ജൈവ യന്ത്രങ്ങൾ പ്രവർത്തിക്കുമോ അവിടം വരെ കൊണ്ട് ചെന്നെത്തിക്കുക എന്നതാണ് ഈ ലോകത്തു ജനിച്ചു ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും നേരിടുന്ന വെല്ലുവിളി.