വെ­ളി­ച്ചം വരട്ടെ­, തി­രയാം...


മകാലിക ലോകത്ത് ശോഷിച്ചു പോകുന്ന മനുഷ്യ സങ്കൽപ്പങ്ങളുടെ ആധിക്യം സൃഷ്ടിക്കുന്ന മൂല്യനിരാസങ്ങൾ, അവ മുറിവേൽപ്പിക്കുന്ന വ്യക്തിജീവിതങ്ങൾ, അതിലൂടെ അർത്ഥശോഷണം വന്ന വാക്കുകൾ. ഖേദം തോന്നിയിട്ടുണ്ട് പലപ്പോഴും. സദാചാരം, അസഹിഷ്ണുത, മതേതരത്വം, ജനാധിപത്യം എന്നിങ്ങനെ എത്ര വാക്കുകളാണ് അർത്ഥം നഷ്ടപ്പെട്ട് ചിറകൊടിഞ്ഞു അവശനിലയിലായത്! അവയ്ക്ക് ഈ ദുർഗതി വന്നത് ഘട്ടം ഘട്ടമായാണ്. പൊള്ളയായ വാക്കുകൾ എന്നാൽ ആവശ്യമായ പ്രവൃത്തിയുടെ പിൻബലമില്ലാത്തവ എന്നർത്ഥം.വാക്കുകൾ അവ പുറപ്പെട്ട ശേഷം ഒരു നിശ്ചിതമായ കാലഘട്ടം കഴിയുന്പോഴാണ് പൊള്ളയായി തിരിച്ചറിയപ്പെടുന്നത്. പിന്നീട് അതേ സ്രോതസ്സിൽ നിന്നും അതേ വാക്കുകൾ വീണ്ടും പുറപ്പെടുന്പോൾ അവ പൊള്ളയായി ജനിക്കുന്നവയായിത്തീരുന്നു. ഒരേ വാക്കിനു തന്നെ പല സ്രോതസ്സുകളിൽ നിന്നും അതുപോലെ തന്നെയുള്ള അനുഭവം ഉണ്ടാകുന്പോൾ ആ വാക്കിനു തന്നെ അപചയം സംഭവിക്കുകയും പിന്നീടവ ഉത്തരവാദിത്തബോധത്തോടെ എവിടെ നിന്നെങ്കിലും പുറപ്പെട്ടാൽ പോലും അംഗീകരിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. വാക്കുകളുടെയും അവ ഉപയോഗിക്കുന്നവരുടെയും വിശ്വാസ്യത കളങ്കപ്പെടുന്നു.മേൽപ്പറഞ്ഞ വാക്കുകളെല്ലാം ഇതുപോലെ അവയുടെ ദുർഗതി പ്രാപിച്ചവയാണ്.

വാക്കുകൾക്ക് അപചയം എങ്ങിനെ സംഭവിച്ചു എന്നൊരു പഠനം നടത്തിയാൽ അത് നമ്മുടെ സാമൂഹിക രാഷ്ട്രീയ മത രംഗത്ത് വന്ന മനസ്സാക്ഷിയില്ലായ്മയെ പറ്റിയുള്ള പഠനം തന്നെയാകും. ജനാധിപത്യമെന്ന് തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുകയും അതിന്റെ മേലങ്കി അണിഞ്ഞുകൊണ്ടു അതിനു വിരുദ്ധമായവ മാത്രം നടത്തിയെടുക്കാൻ പാടുപെടുകയും ചെയ്യുന്ന ചില നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും മതേതരത്വം എന്ന നാമം സദാ ഉരുവിടുന്പോഴും മറ്റുള്ളവരുടെ ജാതി തിരയുന്നവരും അവനവന്റെ വഴി മാത്രമാണ് ശരിയെന്നും അവനവന്റെ ആളുകളാണ് പരിഗണിക്കേണ്ടവർ എന്നും ഗൂഢമായി ചിന്തിക്കുന്ന രാഷ്ട്രീയ മത മേലധ്യക്ഷന്മാരും സദാചാരം എന്ന വാക്കിന്റെ അർത്ഥതലങ്ങൾ ശരിയായി ഗ്രഹിക്കാതെ അതിന്റെ മൊത്തക്കച്ചവടക്കാർ എന്ന മട്ടിൽ അതിന്റെ സംരക്ഷകരായി ഇറങ്ങിത്തിരിച്ച സാമൂഹിക വിരുദ്ധരും ഇതര ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് മാത്രം ലഭിച്ച ഔചിത്യചിന്തയെ വിട്ട് പ്രാഥമിക വികാരങ്ങൾ തെരുവിൽ നിർവ്വഹിച്ച്‌ തങ്ങളുടെ മൃഗതുല്യമായ സ്വാതന്ത്ര്യത്തെ ഉദ്‌ഘോഷിക്കുന്ന വിചിത്ര ജന്മങ്ങളും ഒക്കെക്കൂടി ഈ വാക്കുകളെയൊക്കെ കൊലപാതകം ചെയ്തു സമൂഹ മധ്യത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നു.

മറ്റൊരു വാക്ക് ഇക്കാലത്ത് അതിന്റെ അർത്ഥത്തിന് വിപരീതമായ യാഥാർത്ഥ്യത്തെ സൂചിപ്പിക്കുന്നതായി ശ്രദ്ധച്ചിരുന്നു. അത് ഒറ്റക്കെട്ട് എന്നൊരു വാക്കാണ്. ഇത് രാഷ്ട്രീയക്കാർ ഉപയോഗിക്കുന്പോൾ സത്യം അതിന് കടക വിരുദ്ധമായിരിക്കും എന്ന് ഓർത്തുകൊള്ളുക. ഞങ്ങൾ ഒറ്റക്കെട്ടാണ് എന്ന് അവർ പറയുന്പോൾ കെട്ട് അനവധിയാണെന്നും അതിന്റെ എണ്ണം അവർക്ക് തന്നെ നിശ്ചയമില്ലെന്നും നാം മനസ്സിലാക്കിക്കൊള്ളണം. ഐക്യം അഖണ്ധത എന്നിങ്ങനെയുള്ള ദേശസങ്കൽപ്പവുമായി ചേർന്ന് വരുന്ന വാക്കുകൾ അലകുകൾ തേഞ്ഞു ഒന്നും മുറിക്കാൻ കൊള്ളാത്ത പഴംകത്തി പോലെയായിട്ടു നാളുകൾ ഏറെയായി.വിപരീത അർത്ഥം സൂചിപ്പിക്കുന്ന മറ്റൊരു ചൊല്ലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകും എന്നതാണത്. നിയമത്തെ ഒരിക്കലും അതിന്റെ വഴിക്കു വിടുകയില്ല എന്നാണ് ഇക്കാലത്ത് ഇതിന്റെ അർത്ഥം.

വാക്കുകൾക്ക് അർത്ഥം നഷ്ടപ്പെട്ട് ചൈതന്യരഹിതമായി നിലനിൽക്കുന്പോൾ കത്തിത്തീർന്നു വെളിച്ചം നഷ്ടപ്പെട്ടശേഷം അവയുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് എക്സ്റേ മാത്രം പുറപ്പെടുവിക്കുന്ന ന്യൂട്രോൺ നക്ഷത്രത്തിന് തുല്യമാണ്. ചുറ്റും അരണ്ട വെളിച്ചവും പിന്നെ ഇരുളും.വാക്കുകളുടെ അപചയം കെടുത്തിക്കളയുന്നത് സമൂഹത്തിനു വെളിച്ചം പകരുന്ന മൂല്യങ്ങളെയാണ്. ആശയപരവും വ്യക്തിപരവുമായ സ്വാതന്ത്ര്യം വ്യവസ്ഥാപിതമായ നിലയിൽ പരിരക്ഷിക്കപ്പെടണം. എന്നാൽ അവയെ രക്ഷിക്കാനെന്നുള്ള വ്യാജേന മൃഗകാമനകളെയും അധമ മനുഷ്യാവസ്ഥകളെയും ആദർശവൽക്കരിച്ച്‌ സമൂഹ മധ്യത്തിലേയ്ക്ക് കൊണ്ടുവരുന്നത് അപഹാസ്യമാണ്, അത് ഇരുട്ടിനു ആക്കം കൂട്ടുകയേയുള്ളു.

ഭ്രാന്തവും വന്യവുമായ ഒരു ഇരുട്ട് നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്നു എന്ന് ഖേദിച്ചപ്പോൾ ഒരു സുഹൃത്ത് ഗുണദോഷിച്ചു. മറ്റുള്ളിടത്തെല്ലാം ഇതിലും ഇരുട്ടാണ്. നമ്മുടെ നാട്ടിൽ നാം തിരിച്ചറിയുന്ന ഇരുട്ടല്ലേയുള്ളു എന്ന്. എന്നാൽ അത് എനിക്ക് അംഗീകരിക്കാനാവില്ല.ജീവിതമൂല്യങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും നാം നമ്മെക്കാൾ മെച്ചപ്പെട്ടതുമായി വേണം താരതമ്യം ചെയ്യാൻ. എങ്കിലേ ഗുണപ്രദമായ നവീകരണം സാധ്യമാകൂ. ഇവിടെ പ്രവാസഭൂമിയിൽ ഒരു പെൺകുട്ടിക്ക് രാത്രി പത്തുമണിക്കും സുരക്ഷിതയായി യാത്ര ചെയ്യാൻ സാധിക്കുകയും നമ്മുടെ സ്വന്തം നാട്ടിൽ പട്ടാപ്പകൽ പോലും അത് സാധ്യമല്ലാതാവുകയും ആണെങ്കിൽ അത് കാണിക്കുന്ന പേടിയില്ലായ്മ എന്തിനോടാണ്? അത് നാട്ടിലെ നിയമ സംവിധാനത്തോട് തന്നെയാണ്.പിച്ചിച്ചീന്തപ്പെടുന്ന ജീവിതങ്ങളുടെയും അർത്ഥം നശിച്ച വാക്കുകളുടെയും ബാഹുല്യം വികാരങ്ങളെ മരവിപ്പിക്കുന്നു. എവിടെപ്പോയി നമ്മുടെ കേരളം? വെളിച്ചം വരുന്പോൾ നമുക്ക് തിരയണം...

You might also like

Most Viewed