ഹ്രസ്വവീ­ക്ഷണവും അപനി­ർ­മ്മി­തി­കളും


അമ്പിളിക്കുട്ടൻ 

കഴിഞ്ഞയാഴ്ച മറ്റുള്ളവർക്കായി കത്തിയെരിയുന്നവരെപ്പറ്റി എഴുതി. മറ്റുള്ളവരെ കത്തിയെരിക്കുന്നവർ നിറഞ്ഞു വാഴുന്ന ലോകത്ത് ഇത്തരക്കാരെ ഓർക്കുന്നതുപോലും ജീവിതത്തിന് ഒരു തണൽ സമ്മാനിക്കും.തണലുകൾ ഇല്ലാതാകുന്ന ലോകത്തിന്റെ വിഹ്വലതകളിൽ ജീവിതത്തിന്റെ നെരിപ്പോട് എരിയുന്നു. അതാണ് ഇന്നിന്റെ മുറിപ്പെടുത്തുന്ന സത്യം.ഇറാക്കിലെ മൊസൂളിൽ ഭീകരരുടെ രാസായുധ പ്രയോഗത്താൽ ശരീരമാസകലം പൊള്ളലേറ്റ് നരകത്തെ ഭൂമിയിൽത്തന്നെ അനുഭവിക്കുന്ന കുഞ്ഞുങ്ങളിലും ഇങ്ങു കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ ഉപ്പു കലർന്ന മലിനജലം കുടിക്കാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യരിലും നിഴലിക്കുന്ന ദൈന്യതയുടെ ഭാഷ വായിച്ചെടുക്കാൻ സ്പന്ദിക്കുന്ന ഒരു ഹൃദയമല്ലാതെ മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കാഴ്ചയുടെ വേദന മനസ്സിൽ പകരാനുള്ള കണ്ണുകൾ മാത്രമാണ്.

വികാരങ്ങളൊഴിഞ്ഞ ഭീകര മനസ്സുകളിൽ വിവേകം പകരാമെന്നുള്ള വ്യാമോഹം സൂര്യൻ രാത്രിയിൽ ഉദിക്കുമെന്നു വിശ്വസിക്കുന്നത് പോലെയാണ്. എന്നാൽ കാലാവസ്ഥ മാറിമറിഞ്ഞു കേരളം ഒരു മരുത്തായി തീർന്നുകൊണ്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിയപ്പെടാത്തതല്ല. നിരുത്തരവാദിത്തപരവും കുറ്റകരവുമായ ആലസ്യം ഇക്കാര്യത്തിൽ എന്തിനെയും വിമർശിച്ച്‌ വിവാദമാക്കുന്ന മലയാളി പുലർത്തുന്നത് അവന്റെ തലയിലേക്കുതന്നെ അശനിപാതമായി വീഴുന്നു. ഓരോരുത്തരുടെയും വീട്ടുപടിക്കൽ അതെത്തുന്നതുവരെ ആരും ഗൗനിക്കില്ല. അയൽക്കാരന്റെ വീട്ടുപടിക്കലെത്തുന്പോൾ അൽപ്പം ആശങ്ക ഉണ്ടായാലും തന്നെ അതൊന്നും ബാധിക്കില്ലെന്ന് അപ്പോഴും കരുതും. അപ്പോഴേക്കത് പടികടന്ന് ഉമ്മറക്കോലായിൽ എത്തിയിരിക്കും. കേരളത്തിൽ ഇന്നും റോഡരികിൽ തണൽ വിരിച്ചു നിന്നിരുന്ന വൃക്ഷങ്ങളെ അരിഞ്ഞുവീഴ്ത്തിയ വാർത്ത കേട്ടിട്ടാണ് ഇത് കുറിക്കുന്നത്. ‘പരിസ്ഥിതി വാദികളോ, പോകാൻ പറ’ എന്ന തരത്തിലുള്ള ഒരു കൊടിയ അവജ്ഞ മാത്രമാണ് വിവരക്കേടിന്റെ പരമകാഷ്ടയായ ഈ ഔദ്ധത്യത്തിനു പിന്നിൽ.

അതുപോലെ പ്രാധാന്യമുള്ളതാണ് ജീവിതത്തിന്റെ സമസ്ത തലങ്ങളിലും കാലത്തിന്റെ ഗതിവിഗതികൾക്ക് ഇണങ്ങുന്ന തരത്തിലുള്ള പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരേണ്ടത്. ഉദാഹരണത്തിന് ഊർജ്ജോത്പാദന രംഗം. വർദ്ധിച്ചുവരുന്ന ഊർജ്ജോപഭോഗം സാധ്യമാകണമെങ്കിൽ അതിന് പുതിയ സാങ്കേതികത്തികവുള്ള ഉൽപ്പാദനം സാധ്യമാകണം. അന്പതു വർഷം മുന്പ് ഊർജത്തിന്റെ ഉപഭോഗം പരിമിതമായിരുന്നു, മുന്നോട്ടുള്ള കാലഘട്ടത്തിൽ അതിനു വരാവുന്ന ആവശ്യത്തിന്റെ തോതോന്നും ദീർഘവീക്ഷണത്തോടെ കാണുവാനുള്ള സാഹചര്യം ഇല്ലാതിരുന്ന കാലത്ത് ജലവൈദ്യുത പദ്ധതികൾ മാത്രമായിരുന്നു വൈദ്യുതിക്കുള്ള ഏറ്റവും സാധ്യമായ മാർഗം. അതേ വീക്ഷണം ഇന്ന് പുലർത്തിയാൽ കാഴ്ചപ്പാടിലും ബുദ്ധിയിലുമുള്ള പാപ്പരത്തമായി പരിണമിക്കും. നൂറ്റിയിരുപത്തഞ്ചു വർഷങ്ങൾക്കു മുന്പ് മുല്ലപ്പെരിയാർ അണക്കെട്ടു പണിതപ്പോൾ ഉള്ള പരിമിതിയൊന്നും ഇപ്പോഴില്ല.ഇന്ന് ചെയ്യുന്ന പ്രവൃത്തി അടുത്ത മൂന്നു തലമുറക്കെങ്കിലും എങ്ങിനെ പ്രയോജനപ്പെടുമെന്ന് മുൻകൂട്ടി കാണാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ദീർഘവീക്ഷണമില്ലാതെ ഒന്നും ചെയ്യാൻ ഇന്നാവില്ല.

ആതിരപ്പള്ളിയിൽ അണക്കെട്ട് പണിയുമെന്ന മന്ത്രിയുടെ പ്രസ്താവന അതുകൊണ്ടുതന്നെ ഗൗരവപൂർവ്വം പറഞ്ഞതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം പരിസ്ഥിതിയെ സംബന്ധിച്ച ആശങ്കകൾ അനുദിനം അധീകരിക്കുന്പോൾ ഇത്ര വിപുലമായ തരത്തിൽ പ്രകൃതിയെ കളങ്കപ്പെടുത്തുന്ന പദ്ധതികൾ വിവേകമുള്ളവർ ചിന്തിക്കാൻ പോലും ധൈര്യപ്പെടില്ല. പകൽ സമയത്തു കുട പിടിച്ചുകൊണ്ടു മാത്രം പുറത്തിറങ്ങി സൂര്യാഘാതത്തിൽ നിന്ന് രക്ഷപെടേണ്ട നാടായി കേരളം മാറിയത് നമ്മുടെ തന്നെ സംഭാവനയാണ്. ജലദൗർലഭ്യത്തിന്റെ വറുതിയിൽ നീറുന്ന നാടിന്റെ അവശേഷിക്കുന്ന പച്ചപ്പുകളേയും പ്രകൃതിയേയും ഇനിയും കളങ്കപ്പെടുത്താൻ ആരും ധൈര്യപ്പെടരുത്. വരും കാലങ്ങളിലെ ഊർജോപയോഗത്തെപ്പറ്റി ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വ്യക്തമായ ധാരണയുണ്ടായെ കഴിയൂ. നഗരാസൂത്രണത്തിലും വൈദ്യുതി ഉൽപ്പാദനത്തിലും വരുന്ന എത്ര തലമുറയുടെ ആവശ്യങ്ങളെ നമുക്ക് മുൻകൂട്ടിക്കാണുവാൻ സാധിക്കും എന്നതിനെ ആസ്പദമാക്കി മാത്രമാണ് നമ്മുടെ തലമുറ വിലയിരുത്തപ്പെടുക. ജലത്തിന്റെ പ്രവാഹശക്തിയിൽ ടർബൈനുകൾ പ്രവർത്തിപ്പിച്ചു ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് പരിമിതിയുണ്ട്.അപരിമിതമായ ആവശ്യങ്ങളിലൂടെ പുരോഗമിക്കുന്ന ലോകത്തിനു ഇത് അപര്യാപ്തമാണ്. ഏറ്റവും ബുദ്ധിപൂർവ്വമായ രീതി അത് പ്രകൃതിയിൽ നിന്നുതന്നെ കണ്ടെത്തുക എന്നതാണ്. സൗരോർജത്തിന്റെയും കാറ്റിന്റെയും സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക, അതിനുള്ള സാങ്കേതികവിദ്യ നവീകരിച്ചുകൊണ്ടേ ഇരിക്കുക, താപ ആണവ വൈദ്യുതികളെ വളരെ അത്യാവശ്യത്തിന് കരുതലോടെയും  അവധാനതയോടെയും ഉപയോഗിക്കുക. ഇതൊക്കെയാണ് ഇന്നിന് അനുപേക്ഷണീയം.

പ്രകൃതിയെ ജയിക്കാൻ മനുഷ്യന് പുരോഗതിയുടെ ഏതവസ്ഥയിലും സാധിക്കില്ല. കാരണം മനുഷ്യൻ സ്വന്തമെന്നു കരുതുന്ന സ്വന്തം ശരീരം പോലും പ്രകൃതിയിൽ നിന്നും കടം വാങ്ങുന്നതാണ്. ഏതു കടങ്ങളെയും പോലെ തിരികെ നൽകേണ്ട കടം. അത്രയും പ്രകൃതിക്കു വഴിപ്പെട്ട് ജീവിക്കുന്ന മനുഷ്യൻ പലപ്പോഴും അതറിയാതെ പ്രകൃതിക്കു നേരെ അക്രമം പ്രവർത്തിക്കുന്നു. അതിനു കിട്ടുന്ന തിരിച്ചടികളെ മനസ്സിലാക്കാതെ അതെ പ്രവർത്തികൾ വീണ്ടും തുടർന്നുകൊണ്ടിരുന്നാൽ വരും തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തെയാവും നാം പന്താടുന്നതെന്ന് തിരിച്ചറിയാൻ ഇനിയും ഭാവമില്ലെങ്കിൽ പിന്നീട് ഖേദിക്കാൻ പോലുമുള്ള അവകാശം നമുക്ക് നഷ്ടപ്പെടും, സംശയം വേണ്ട...

You might also like

  • Lulu Exchange
  • Straight Forward

Most Viewed