ഭയത്തി­ന്റെ­ വി­ളവെ­ടു­ക്കു­ന്നവർ


അന്പിളിക്കുട്ടൻ

ചില പ്രസ്താവനകളും, നിരീക്ഷണങ്ങളും സ്ഥിരമായി സത്യത്തിനു നേരെ വിരൽചൂണ്ടുന്നു. എത്രയോ കാലങ്ങൾക്കു മുന്പ് സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്താലയമാണ് എന്ന് പറഞ്ഞു. അന്ന് ഹൈന്ദവ സമൂഹത്തിൽത്തന്നെ നിലനിന്നിരുന്ന ജാതിക്കോമരങ്ങൾ കാട്ടിക്കൂട്ടിയ അസഹ്യമായ ഉച്ചനീചത്വങ്ങളുടെ വിരൂപമായ കാഴ്ചയിൽ മനം നൊന്താണ് അദ്ദേഹമത് പറഞ്ഞത്. അന്നത്തെ സാഹചര്യം കാലത്തിന് വഴിമാറിയെങ്കിലും കാലങ്ങൾക്കു ശേഷവും നാട് കൂടുതൽ ഭ്രാന്താലയമായി മാറിയിരിക്കുന്നു. ഭ്രാന്ത് സ്ഥാനം മാറി കൂടുതൽ ശക്തിയായി അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. ഇടതു കാലിലെ മന്ത് ശക്തിയാർജ്ജിച്ച് വലത്തേ കാലിൽ പ്രത്യക്ഷപ്പെടുന്നതുപോലെ. പക്ഷെ ഇപ്പോഴത്തെ മന്ത് കൂടുതൽ ഉപദ്രവകാരിയാണ്. പണ്ട് ചില തറവാടുകളിലും അവരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ തലങ്ങളിലും ഒതുങ്ങിനിന്നിരുന്ന ഇതിന്റെ വൈറസുകൾ ഇപ്പോൾ പരിവർത്തനത്തിനു വിധേയമായി സമൂഹഗാത്രത്തിന്റെ വിവിധ അവയവങ്ങളെ ബാധിച്ചിരിക്കുന്നു. അത് നാടിന്റെ സ്വൈരജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണിന്ന്.

മൃഗകാമനകൾ അനിയന്ത്രിതമായ മനസ്സുകൾക്ക് കടിഞ്ഞാൺ നഷ്ടമായിരിക്കുന്നു. ഉള്ളിൽ ഉണരുന്ന തൃഷ്ണകളെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമുള്ള വെറും ശരീരമായി അത് പലരെയും മാറ്റിക്കഴിഞ്ഞു.ഒരു പ്രശസ്തയായ അഭിനേത്രിയെ സുരക്ഷിതയായി ലക്ഷ്യത്തിലെത്തിക്കേണ്ട ഡ്രൈവറുടെ കാർമ്മികത്വത്തിൽ നഗരമധ്യത്തിൽവെച്ച്‌ രാത്രിയുടെ മറപറ്റി പലർ ചേർന്ന് മാനഭംഗപ്പെടുത്തുക, അതിന്റെ ചിത്രങ്ങൾ എടുക്കുക എന്നിവ സംഭവിക്കുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഇത് ചെയ്യുന്നവന് ശരീരം മാത്രമേ പ്രവർത്തിക്കുന്നുള്ളു. ആ ശരീരത്തിൽ കുടികൊള്ളുന്ന മനസ്സ് പ്രാഥമിക വികാരങ്ങൾ മാത്രമുള്ളതും പരിണാമ പ്രക്രിയയിൽ നാം മനുഷ്യനായി രൂപപ്പെടുന്നതിനു മുൻപുള്ള ആസ്ട്രലോ പിത്തക്കസ്സിന്റേതിന് തുല്യവുമാണ്. സഹജവാസനകൾ മാത്രമുള്ള ഒരു ജീവിയായി അധോഗമനം നടത്തുന്ന ആധുനിക മനുഷ്യൻ മനുഷ്യജന്മത്തിന്റെ സാധ്യതകളെ പാടെ ഇല്ലാതാക്കുന്നു. ഭയം ജീവിതത്തെ വല്ലാതെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. തുറന്നു സംസാരിക്കാൻ ഭയം, തെറ്റിദ്ധരിക്കപ്പെടുമോ ദുർവ്യാഖ്യാനം ചെയ്ത് ഒറ്റപ്പെടുത്തുമോ എന്ന്, ആത്മാർഥമായ അഭിപ്രായം പറയാൻ ഭയം, രാഷ്ട്രീയമായി വിലയിരുത്തപ്പെടുമോ എന്ന്, ഭക്ഷിക്കാൻ ഭയം, വിഷലിപ്തമായ ഭക്ഷണം ആരോഗ്യം കവർന്നെടുക്കുമോ എന്ന്, ശ്വസിക്കാൻ ഭയം, വ്യാവസായിക മലിനീകരണം ശ്വാസകോശങ്ങളിൽ വിഷം പടർത്തുമോ എന്ന്, വെള്ളം കുടിക്കാൻ ഭയം, അത് ഏതു തോട്ടിലോ അഴുക്കുചാലിലോ നിന്ന് സംഭരിച്ചതോയെന്ന്, പുറത്തിറങ്ങി നടക്കാൻ ഭയം, അക്രമത്തിനു ഇരയാവുമോ എന്ന്, സ്ത്രീകൾക്ക് മാന്യമായി ജോലിചെയ്യാനായി പുറത്തിറങ്ങാൻ ഭയം, വഴിയിൽ മാനഭംഗത്തിന് ഇരയാവുമോ എന്ന്. വിദ്യാർത്ഥികൾക്ക് പരീക്ഷയോട് ഭയം, അതിന്റെ പേരിൽ പീഡിപ്പിക്കുന്ന അദ്ധ്യാപകരേയും സ്‌കൂൾ അധികൃതരെയും ഭയം. കാരണം അവർക്കു കുട്ടിയെയല്ല വേണ്ടത്, അവന്റെ നല്ല റിസൾട്ട് വഴി വിദ്യാലയത്തിന് കിട്ടുന്ന ഉയർന്ന മതിപ്പ് മാത്രമാണ്.മാതാപിതാക്കൾക്ക് ഭയം, വിദ്യാലയങ്ങൾ കുട്ടികളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന്. കാരണം ഇതൊക്കെ നമ്മുടെ കൺമുന്നിൽ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു.അങ്ങിനെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഇപ്പോൾ ഭയം ഗ്രസിച്ചിരിക്കുന്നു.

അവനവനിൽ യാതൊരു നിയന്ത്രണവുമില്ലാത്ത മനുഷ്യന്റെ ആധിക്യമാണ് ഈ ഭയത്തിനു നിദാനം. ഈ നിയന്ത്രണമില്ലായ്മ വിദ്യാർത്ഥികളിൽത്തന്നെ ഏറെ പ്രകടമാണ്. സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കുന്ന കുരുന്നു ജന്മങ്ങൾ നമ്മുടെ ഹൃദയം തകർക്കുന്നു.ജീവിതത്തെ നേരിടാനാവാതെ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ നമ്മുടെ മുന്നിൽത്തന്നെ. ഇതെന്തു നാട്, എന്ത് സംസ്ക്കാരം? കുരുന്നു പ്രായത്തിൽ ഇവരെ ജീവൻ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്ത്? സ്വയം ഇല്ലാതെയാക്കുന്പോൾ എന്തൊക്കെയാണ് തനിക്കും വളർത്തിയ കുടുംബത്തിനും സംഭവിക്കുന്നതെന്ന് ഇവർ അറിയുന്നുണ്ടോ, സംശയമാണ്. കുട്ടികളെ ജീവിക്കാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസം ദൗർഭാഗ്യവശാൽ ഇന്ത്യയിലില്ല. മാറിമാറി വരുന്ന ഒരു സർക്കാരും സർവപ്രധാനമായ ഈ രംഗത്ത് കാര്യമായ ഒരു അഴിച്ചു പണിയും നടത്തുന്നില്ല. ഉയർന്ന ക്ലാസ്സുകളിലെ പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനാവാതെ അദ്ധ്യാപകർ പോലും കുഴങ്ങുന്നു. ആർക്കുവേണ്ടിയാണിത് നടത്തുന്നത്, യന്ത്രമനുഷ്യർക്കുവേണ്ടിയോ? വിദ്യാഭ്യാസ രീതിക്കല്ല തെറ്റ്, ഇത് മത്സരിച്ചു കഴിവ് തെളിയിക്കേണ്ട ലോകമാണ്, അതുകൊണ്ടു അവരെ അതിനു പ്രാപ്തരാക്കുന്നു ഈ രീതി എന്ന് ന്യായീകരിക്കുന്നവരോട് പറയാൻ ഒന്നേയുള്ളു. ഈ മത്സരമാണ് മനുഷ്യനെ അവനല്ലാതാക്കുന്നത്, ലോകത്തെ ദുഷിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് ജീവിതമൂല്യം പകരാത്ത വിദ്യാഭ്യാസം അവരിലുണ്ടാക്കുന്ന ആകുലത മടുപ്പും വെറുപ്പുമായിത്തീരുന്ന സത്യത്തെ കാണാതിരുന്നിട്ട് അർഥമില്ല. സ്നേഹനിർഭരമായ വ്യക്തിബന്ധങ്ങൾക്ക് സ്ഥാനമില്ലാത്ത ലോകത്തു ജീവിക്കുന്ന കുട്ടികളിൽ പലപ്പോഴും ദിശാബോധം നഷ്ടപ്പെടുന്നു. അവരിൽ ചിലർ അക്രമ വാസനകൾക്കും ഗുണ്ടാ പ്രവർത്തനങ്ങൾക്കും മുതിരുന്നു.ദുര്ബലമനസ്ക്കർ സ്വയം ഒടുക്കുന്നു.ചിലർ മദ്യം,മയക്കുമരുന്ന് ഇവയിൽ അഭയം തേടുന്നു, ബന്ധങ്ങൾ മറക്കുന്നു, സ്വയം മറക്കുന്നു. മറ്റുചിലർ തീവ്രവാദ പ്രസ്ഥാനങ്ങളിൽ അഭയം തേടുന്നു. 

ഇതെല്ലാം ദൈന്യതയുടെ മുഖങ്ങളാണ്. ഇവിടെ ആവശ്യം വിശകലനങ്ങളല്ല, അഴിച്ചുപണിയലാണ്. വിദ്യാഭ്യാസം മനുഷ്യനെ സൃഷ്ടിക്കുകയും അവന്റെ ബൗദ്ധിക കർമ്മ മണ്ധലങ്ങളെ പ്രായോഗിക തലത്തിൽ ദീപ്തമാക്കുകയും വേണം. നാളത്തെ പൗരന്മാരെ രൂപപ്പെടുത്തിയെടുക്കുവാൻ ദീർഘവീക്ഷണവും അറിവും ആർജ്ജവവുമുള്ളവർ വേണം. ആരുണ്ടതിന്?കാലം മറുപടി പറയട്ടെ...

 

You might also like

Most Viewed