മറ്റു­ള്ളവർ­ക്കാ­യി­ കത്തി­യെ­രി­ഞ്ഞവർ...


അന്പിളിക്കുട്ടൻ

ഈ ലോകത്തിന്റെ ഇന്നുവരെയുള്ള നിർമ്മിതിയുടെ പ്രക്രിയയിൽ സ്വയം സമർപ്പിച്ചവർ ഓരോ രംഗത്തുമുണ്ട്. അവരാണ് ഈ ലോകം പണിതത്. നമ്മൾ അവർ മൂലം ഉണ്ടായ ഗുണഫലങ്ങൾ ആസ്വദിക്കുന്നവരാണ്. ഇതിൽ നാഴികക്കല്ലുകൾ തീർത്തവരെ ചരിത്രം സംരക്ഷിക്കുന്നു. അത്രയൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടേതായ പങ്കു വഹിച്ചവർ പലരും വിസ്മൃതിയിലും മറഞ്ഞിട്ടുണ്ട്. ഇവരിൽ അറിയാനും പഠിക്കാനുമുള്ള അദമ്യമായ ഉൾപ്രേരണയാൽ അങ്ങിനെ ചെയ്തവരും, തങ്ങളുടെ തന്നെ നേട്ടത്തിനായി ചെയ്തവരും മാനവരാശിക്കായി സമർപ്പിതമായി ചെയ്തവരും ഉണ്ട്. പുതുതായി ഒന്നിനെ സൃഷ്ടിക്കുക എന്ന അഭിവാഞ്ച മനുഷ്യരാശിയുടെ ഒരു മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമായിയുന്നു. ഗലീലിയോയും തോമസ് ആൽവാ എഡിസണും അറിവിലൂടെയുള്ള നിറവിനായും, റൈറ്റ് സഹോദരന്മാർ, അച്ചടിവിദ്യ കണ്ടുപിടിച്ച ജോഹന്നാസ് ഗുട്ടൻബർഗ് എന്നിവരൊക്കെ വ്യക്തിപരമായ തൃപ്തിക്കായും, മേരി ക്യൂറി, അലക്സാണ്ടർ ഫ്ലെമിംഗ് എന്നിവർ മാനവരാശിക്ക് വേണ്ടിയും സമർപ്പിതരായി പ്രയത്നിച്ചവരുടെ ഉത്തമോദാഹരണങ്ങളാണ്. ശാസ്ത്രരംഗത്ത് മാത്രമല്ല കലാരംഗത്തും മാനവിക രംഗത്തും പ്രവർത്തിച്ചവർ ഒട്ടും പിന്നിലുള്ളവരല്ല. കാരണം മനുഷ്യജീവിതത്തിൽ സാങ്കേതികത ജീവിതം എന്ന പ്രക്രിയയെ സുഗമമാക്കാനും മാനവികത അതിന്റെ തായ്‌വേരായി ജീവൻ എന്ന പ്രതിഭാസത്തിന്റെ നിലനിൽപ്പിന് വെള്ളവും വളവും പകരാനുമാണ്.

മാനവിക രംഗങ്ങളിൽ സംഭാവന ചെയ്തവർ പലരും അവരുടെ ജീവിതം പൂർണ്ണമായി ഇതിനു വേണ്ടി സമർപ്പിച്ചിട്ടുണ്ട്. സംഗീതരംഗത്ത് നൂറ്റാണ്ടുകൾക്കു മുന്പ് ഗവേഷണം നടത്തി സ്വരങ്ങളെയും അവയുടെ പരമമായ വേർതിരിവുകളെയും, സങ്കലന വൈവിധ്യങ്ങളെയും, ശാശ്വതമായ അടിസ്ഥാന തത്വങ്ങളെയും ക്രോഡീകരിച്ചു തന്ന സംഗീതശാസ്ത്രജ്ഞർ അത് ചെയ്തത് പിൻതലമുറക്കുവേണ്ടിയും ആത്മസംതൃപ്തിക്ക് വേണ്ടിയുമാണ്. അന്തർദർശനത്താൽ ആത്മപ്രചോദനം നേടി ചെയ്ത അത്തരം ഗവേഷണങ്ങളുടെ ഫലമായി ഹൃദയഹാരിയായ സംഗീതം സൃഷ്ടിക്കാനാവുന്നു. സാമൂഹികമായി മനുഷ്യർക്കിടയിൽ തുല്യനീതി ലക്ഷ്യമിട്ടു രൂപീകരിച്ച പ്രായോഗിക സമൂഹ സൃഷ്ടിക്കുള്ള ഭൗതിക സിദ്ധാന്തമായ കമ്മ്യൂണിസം രൂപീകരിച്ച ചിന്തകരും സമർപ്പിതമായ ഒരു ലക്ഷ്യം മുന്നിൽക്കണ്ടാണ് അത് ചെയ്തത്. ഇവിടെ ഒരു വ്യക്തിപരമായ നേട്ടം പരിഗണനാ വിഷയമേ ആയിരുന്നില്ല. ഇത്തരം ക്രാന്തദർശികളെ സംബന്ധിച്ചിടത്തോളം അവരുടെ വൈയക്തികമായ എല്ലാ നേട്ടവും ഒരു ഉന്നതമായ സമൂഹസങ്കൽപ്പവുമായി സമന്വയപ്പെട്ടതാണ്. അതാണ് അതിന്റെ മഹത്വവും. ഇങ്ങനെ സ്വന്തം സുഖങ്ങൾക്ക് പിന്നാലെ പോകാതെ മാനവരാശിയെ സേവിച്ചതിലൂടെ അനശ്വരതയെ പുൽകിയ ഉദാത്തജന്മങ്ങളാണ് ലോകത്തെ കാലങ്ങളിലൂടെ പുനർനിർമ്മിച്ചത്. അല്ലാതെ ഭൗതികസുഖങ്ങൾ വാരിക്കൂട്ടിയവരോ ധാരാളിത്തത്തിൽ അഭിരമിച്ചവരോ അല്ല. രാഷ്ട്രീയം ഉപജീവനമാക്കിയവരോ മനസ്സാക്ഷി വിറ്റു പണമുണ്ടാക്കിയവരോ അല്ല.

ക്ലാര ലൂയി മാസിനെ ഞാൻ ഓർത്തു പോകുന്നു. യുദ്ധം കൊടുന്പിരി കൊണ്ടിരുന്ന പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് ടൈഫോയിഡ്, മലേറിയ, ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയുള്ള പകർച്ചവ്യാധികളാൽ ദുരിതമനുഭവിച്ചിരുന്ന പട്ടാളക്കാരെ സേവിക്കാനിറങ്ങിയ നേഴ്‌സ് ആയിരുന്ന ക്ലാര. യുദ്ധക്കെടുതികളേക്കാൾ ഇത്തരം ചികിത്സയില്ലാത്ത വ്യാധികളായിരുന്നു അക്കാലത്ത് സൈനികരെ കൊന്നൊടുക്കിയിരുന്നത്. അവരുടെ ദുഃഖങ്ങൾ അവളുടെ ഹൃദയമേറ്റു വാങ്ങി. പട്ടാളക്കാരും സാധാരണ ജനങ്ങളും ദുരിതപൂർണ്ണമായി മരണപ്പെടുന്ന കാഴ്ച ക്ലാരയുടെ ഹൃദയം കീറിമുറിച്ചു. ഇത്തരം രോഗങ്ങളിൽ നിന്ന് മാനവരാശിയെ മോചിപ്പിക്കാനുള്ള വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്കായി സ്വയം സമർപ്പിക്കാൻ അവൾ തീരുമാനിച്ചു. ആദ്യമായി മഞ്ഞപ്പനി മനുഷ്യനിൽ പടരുന്നത് കൊതുകുകൾ വഴിയാണെന്നതിന് ഒരു സ്ഥിരീകരണം ആവശ്യമായിരുന്നു. അതിനായി സ്വയം പരീക്ഷണവസ്തുക്കളാകാൻ ക്ലാരയടക്കം ഏതാനും വ്യക്തികളെ കണ്ടെത്തുകയും ചെയ്തു. ഈ പരീക്ഷണത്തിൽ മരണം വരെ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും കൊടുത്തിരുന്നു. അവരെ മഞ്ഞപ്പനി രോഗികളെ കുത്തിയ കൊതുകുകളെക്കൊണ്ട് കുത്തിപ്പിച്ചു കൊണ്ടായിരുന്നു പരീക്ഷണം. ഇവരിൽ ക്ലാരയടക്കം ചിലർക്ക് മാത്രം ചെറിയ അസുഖലക്ഷണങ്ങൾ കണ്ടെങ്കിലും പലർക്കും യാതൊരു അസുഖവും ഉണ്ടായില്ല. ക്ലാര വേഗംതന്നെ സുഖം പ്രാപിച്ചു.എന്നാൽ ശാസ്ത്രലോകത്തിന് തെളിവുകൾ നൽകുന്നതിൽ ഈ പരീക്ഷണം പരാജയപ്പെട്ടു.

പരീക്ഷണത്തിനു വീണ്ടും വിധേയയാവാൻ ക്ലാര മാത്രം സമ്മതിച്ചു.അതനുസരിച്ച് മഞ്ഞപ്പനി പരത്തുന്ന കൊതുകുകളുടെ കടി ഒരു രാത്രി മുഴുവൻ അവൾ അനുഭവിച്ചു. ഒരിക്കൽ ചെറുതായി വന്ന രോഗബാധയാൽ അവളുടെ ശരീരം അതിനോട് പ്രതിരോധം നേടിയിരിക്കും എന്നുള്ള വിശ്വാസത്തിലായിരുന്നു ശാസ്ത്രജ്ഞർ. എന്നാൽ സ്ഥിതി അതായിരുന്നില്ല. ക്ലാരക്ക് ഗുരുതരമായി മഞ്ഞപ്പനി ബാധിച്ചു. ഓരോ ദിനവും ചികിത്സയൊന്നും ഇല്ലാതെ അവളുടെ അവസ്ഥ വഷളാവുകയും അഞ്ചാം ദിവസം കേവലം ഇരുപത്തഞ്ചാം വയസ്സിൽ ക്ലാര മരണത്തിനു കീഴടങ്ങുകയും ചെയ്തു. ശാസ്ത്രലോകത്തിന് വേണ്ട തെളിവ് ലഭിച്ചു. എന്നാൽ ഒരു വിലപ്പെട്ട ജീവൻ അതിൽ പൊലിഞ്ഞുപോയി.

ഇന്നും ക്ലാരയെയും അതുപോലെ മാനവരാശിക്ക് വേണ്ടി സമർപ്പിച്ച പല മഹത് ജന്മങ്ങളെയും കുറിച്ചോർക്കുന്പോൾ പ്രിയകവിയുടെ വരികളാണ് ഓർമ്മ വരുന്നത്. “മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സസ്നേഹമൂർത്തിയാം സൂര്യ, സ്വസ്തി ഹേ സൂര്യ തേ സ്വസ്തി”...

You might also like

Most Viewed