ആത്മാ­വിൽ മു­ട്ടി­വി­ളി­ച്ച കാ­വ്യഭാ­വന


യവർഷം നമുക്ക് നഷ്ടപ്പെടുത്തിയത് നമ്മുടെ ജീവിതത്തിന് നിറം പകർന്നുകൊണ്ടിരുന്ന രണ്ടു വിലപ്പെട്ട ജന്മങ്ങളായിരുന്നു. വാഗ്ദേവി ഓരോ കൈകളിലും എന്തിയിരിക്കുന്ന മനുഷ്യജീവിതത്തിന്റെ രണ്ടു അവശ്യ ഘടകങ്ങളായ സംഗീതത്തെയും പുസ്തകത്തെയും ഏറ്റവും ഉജ്ജ്വലമായി പ്രതിനിധീകരിക്കുന്നവർ. പുസ്തകത്തിന്റെ പ്രതിനിധി വർഷാദ്യത്തിലും സംഗീതത്തിന്റെ പ്രതിനിധി വർഷാന്ത്യത്തിലും നമുക്ക് നഷ്ട്ടപ്പെട്ടു. രണ്ടായിരത്തിപതിനാറ്‌ അങ്ങിനെ നമുടെ ജീവിതത്തിന്റെ നിറം കുറച്ചു. ജ്ഞാനപീഠമേറി ഭാഷക്കും നാടിനും പെരുമയുണ്ടാക്കിയ ഓ.എൻ.വി സാറും ആഗോളതലത്തിൽ അംഗീകൃതമായ സംഗീതപുണ്യം  ഡോക്ടർ ബലമുരളീകൃഷ്ണ, എന്റെ ഗുരുനാഥനും ഈ നാടകശാലയുടെ തിരശീലക്കു പിന്നിലേക്ക് തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും ചൈതന്യധന്യമാക്കിയ ശേഷം നിഷ്ക്രമിച്ച വര്ഷം എന്ന നിലയിൽ നമ്മുടെ സാംസ്ക്കാരിക ഭൂമികയെ ഏറെക്കണ്ടു ഊഷരമാക്കിയ വർഷമായി പോയവർഷം.

ഒഎൻവി കാവ്യ സരണിയിലൂടെ യാത്ര ചെയ്തവർ അത് മനസ്സിന്റെ തീര്ഥയാത്രയായാണ് അനുഭവിച്ചത്‌.ആ യാത്രയിൽ കണ്ട ചിത്രങ്ങളിൽ ബന്ധങ്ങളുടെ നൊമ്പരപ്പാടുണ്ടായിരുന്നു,വേർപാടിന്റെ  കണ്ണീരുണ്ടായിരുന്നു, നഷ്ടങ്ങളുടെ മുറിവുണ്ടായിരുന്നു,കാലത്തിന്റെ ആകുലതകളുണ്ടായിരുന്നു, ജീവന്റെ ഉപ്പായി കാലത്തിൽ അലിഞ്ഞുപോയ   മുത്തശ്ശിയുടെ വാത്സല്യമുണ്ടായിരുന്നു. ഭൗതികതയുടെ ഉന്മത്ത നൃത്തത്തിന് കർമ്മസാക്ഷിയാവുമ്പോഴും ഉള്ളിലെ വാക്കായി, വെളിച്ചമായി മറ്റുള്ളവർക്കായി കത്തിയെരിയുന്ന സൂര്യന്റെ ആത്മതേജസ്സാണ് അദ്ദേഹം കാണുന്നത്. പേരറിയാത്തവരുടെപോലും നേരറിയാൻ ശ്രമിക്കുന്ന അനുതാപം ഇടംപിടിച്ച  മനസ്സിൽ നാം മൃതപ്രായയാക്കിയ ഭൂമിക്കായുണ്ടായ ആകുലതകൾ ഓരോ ദിനവും കൂടുതൽ സത്യമാവുകയാണ്.ആടിമുകിൽ കുടിനീർ തിരയുന്ന,ആതിര കുളിർ തിരയുന്ന,ആവണികൾ പൂക്കളെയും ആറുകൾ ഒഴുക്കിനെയും തിരയുന്ന യാഥാർഥ്യം ഇന്ന് നമ്മുടെ മുന്നിലെത്തിയിരിക്കുന്നു.അതാണ് കവിയുടെ ക്രാന്തദർശിത്വം.നാം നമ്മളെത്തന്നെ കണ്ടെത്തുന്ന 

ഈ കാവ്യസപര്യയിൽ നീന്തിത്തുടിച്ചവർ പിന്നീടൊരു പുതിയ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കിക്കാണാൻ പഠിച്ചു. അന്നേവരെ കാണാത്ത പുതിയ കണ്ണുകളിലൂടെ അവർ ലോകത്തിന്റെ വറ്റാത്ത ഉറവുകൾ നോക്കിക്കണ്ടു.നവീനമായ ആ മാനവിക കാഴ്ചപ്പാടുകൾ അവരുടെ ഹൃദയം നിറച്ചു.ചിലർ മനസ്സിൽ ഉറങ്ങിക്കിടന്ന സമാന സംവേദനത്വങ്ങളെ വീണ്ടും കണ്ടെത്തി.കാരണം അദ്ദേഹത്തിന്റെ കവിതകൾ തൊട്ടുണർത്തിയത് യഥാർഥ മനുഷ്യനെയായിരുന്നു. അവന്റെ ഗൃഹാതുരതയെ,ചിന്തയെ, പരിഗണനയെ ആയിരുന്നു.

ഇന്ന് ആ വാക്കുകൾ നിലച്ചുപോയിട്ട് ഒരുവർഷം തികയുന്ന ഈ വേളയിൽ എനിക്കു പ്രത്യേകമായി സ്നേഹപൂർവ്വം എഴുതിത്തന്ന ഗുരുവായൂർ ഗീതകങ്ങൾ ഓർത്തുപോകുന്നു. നിറമാല എന്ന ഗാനപഹാരത്തിൽ ദക്ഷിണാമൂർത്തി സ്വാമി ഈണം പകർന്നു ഞാൻ പാടിയ ആ ഗാനങ്ങൾ ഒരുകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിലെ “അക്ഷര തുളസീ മണികളിതാ നിൻ അർച്ചനക്കായ് ഞാൻ കോർത്തൂ”എന്ന ഗാനം പാടിയാണ് സർവ്വകലാശാലാ യുവജനോത്സവത്തിൽ ഞാൻ സമ്മാനിതനായത്. അതിലദ്ദേഹം “ഇതെന്റെയക്ഷര മണികൾ, എന്റെ നൊന്പര കണികകൾ” എന്ന് പറയുന്നത് സ്വന്തം കവിത്വത്തെ നോക്കിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങിനെ കാച്ചിക്കുറുക്കിയ മാനവികതയുടെ, ആത്മനൊന്പരങ്ങളുടെ നിറവാർന്ന അക്ഷര മണികൾ ലോഭമെന്യേ പൊഴിച്ച ആ മഹാകവിയുടെ ഓർമ്മകൾക്കുമുന്നിൽ കൈരളി തന്നെ നമ്മോടൊപ്പം പ്രണമിക്കുന്നു.

ഇങ്ങനെയൊരു സർഗ്ഗവസന്തം ഒരു നാടിന്റെ പുണ്യം തന്നെയാണ്.അത് സൃഷ്ടിക്കപ്പെട്ടത് പിറന്ന മണ്ണിന്റെയും വളർന്ന അന്തരീക്ഷത്തിന്റെയും  രസതന്ത്രത്തിലാണ്, അവിടെനിന്നും നിറവും മണവും ആത്മാവിൽ സന്നിവേശിപ്പിച്ചാണ് വളർത്തിയ സംസ്ക്കാരത്തിന്റെ നേരറിവുകൾ ഉൾക്കൊണ്ടാണ്, ലാളിച്ച കൈകളുടെ സന്നിഗ്ദ്ധതയറിഞ്ഞാണ് ആ കാവ്യങ്ങൾ പിറവിയെടുത്തത്. അവ ആസ്വദിക്കുന്പോൾ മനസ്സിൽ ഉണരുന്നതും ഇവയൊക്കെത്തന്നെയാണ്. അതാണ് അവയുണർത്തുന്ന മാനവികതയുടെ പരമാവസ്ഥ. ആ നന്മ നമ്മുടെ മനസ്സുകളുടെ അടിവാരത്തെങ്ങോ ഉറങ്ങിക്കിടക്കുന്പോൾ ഒഎൻവി കാവ്യങ്ങൾ ഉയർത്തുന്ന ആത്മസുഗന്ധം അവയെ വിളിച്ചുണർത്തി കവിയുടെ ഭാവനയോട് സാകല്യാനുഭവം സൃഷ്ടിക്കുന്നു. അതിൽ നമുക്ക് ഹർഷപുളകം കൊള്ളാനാവുന്നു. ഈ അനുഭവം പുതുതലമുറയിൽ എത്രപേർക്ക് ഉണ്ടാവും എന്നോർത്ത് ആകുലതയുണ്ട്. സാങ്കേതികതയും പ്രായോഗികതയും കവർന്നെടുത്ത അവരുടെ ജീവിതങ്ങളിൽ കാൽപ്പനികതയുടെ പുഴകൾ പലപ്പോഴും വറ്റിവരണ്ടാണിരിക്കുന്നത്. അവർക്കായൊഴുകുന്ന പുഴയുടെ ദ്രവമർമ്മരവും അവർക്കായി സ്നേഹാർദ്രമായി വീശുന്ന കാറ്റിന്റെ നനുത്ത തലോടലും, അവരെ നോക്കി പുഞ്ചിരിക്കുന്ന പൂക്കളുടെ വർണ്ണവസന്തവും അവഗണിക്കപ്പെടുന്നു. അതല്ലേ നാളത്തെ ലോകം നേരിടുന്ന വെല്ലുവിളി?

ആത്മാവിൽ കവിത മുട്ടി വിളിക്കണമെങ്കിൽ ആർദ്രത മനസ്സിൽ ഉണ്ടാവണം. പ്രകൃതിയോടും മനുഷ്യനോടും ബന്ധങ്ങളോടും സംസ്ക്കാരത്തോടും ചേർന്നിണങ്ങിയുള്ള മനസ്സിന്റെ തീർത്ഥയാത്ര സാധ്യമാവണം. ജീവിതം വെട്ടിപ്പിടിക്കൽ മാത്രമാവുന്പോൾ സാധ്യമാകുന്ന ഭൗതിക യാത്രകളിൽ മനുഷ്യൻ പലപ്പോഴും ഇരുകാലി മൃഗമായിത്തീരാറുണ്ട്. മനുഷ്യനെ മനുഷ്യനാക്കുന്ന സർഗ്ഗചൈതന്യങ്ങൾ ഇനിയും ഉരുക്കഴിക്കട്ടെ. കാരണം അതാണ്, അത് മാത്രമാണ് മനുഷ്യനെ ആ പേരിന് അർഹനാക്കുന്നത്...

You might also like

Most Viewed