ശബ്ദസങ്കൽപ്പത്തി­ന്റെ­ ഉദാ­ത്തനി­സ്സാ­രതകൾ


ബ്ദം ലോകത്തിന്റെ ഉത്ഭവം മുതൽ അനുക്രമ പരിണാമം മുതൽ ഏതു അവസ്ഥയിലും പരമപ്രാധാന്യമുള്ള പ്രാപഞ്ചിക ഘടകം ആണ്. ബ്രഹ്‌മാണ്ധത്തിന്റെ രൂപീകരണവേളയിൽ ഉയിർക്കൊണ്ട നാദമാണ് പിന്നീട് ഊർജ്ജമായി ദ്രവ്യമായി പദാർത്ഥമായി പ്രപഞ്ചം നിറഞ്ഞത്. ഈ നാദം  സ്ഥൂലവും സൂക്ഷ്മവും അതിസൂക്ഷ്മവുമായ അതിന്റെ നിലനിൽപ്പിലൂടെ ഈ ലോകത്തിന്റെ മാത്രമല്ല ഈ ബ്രഹ്‌മാണ്ധത്തിന്റെയാകെ സ്ഥിതിയെ സ്വാധീനിക്കുന്നു. അതിസങ്കീർണ്ണം മുതൽ അതിനിസ്സാരം വരെയുള്ള സാക്ഷാ

ത്ക്കാരങ്ങൾ ശബ്ദത്തിനുണ്ട്. ശബ്ദം സംഗീതസ്പർശിയാകുന്പോൾ അത് നാദമാകുന്നു. ആ നാദം മനുഷ്യനെയും ജീവജാലങ്ങളെയും പ്രപഞ്ചത്തെതന്നെയും ചൈതന്യവത്താക്കുന്പോൾ ശബ്ദമാവട്ടെ  ആശയവിനിമയം അടക്കമുള്ള അതിന്റെ പ്രാഥമികമായ ധർമ്മങ്ങൾക്കായി ഉപയുക്തമാക്കപ്പെടുന്നു. മലയാളത്തിൽ അതിന്റെ നിസ്സാരമായ രൂപങ്ങളെ ഒച്ച എന്ന വാക്കുകൊണ്ടും വിവക്ഷിക്കാറുണ്ട്. ഒച്ച എന്നത് അർത്ഥവ്യാപ്‌തികളൊന്നും ഇല്ലാത്ത  വെറും ശബ്ദതരംഗങ്ങൾ മാത്രമാണ്. വെടിയൊച്ച, കൂട്ടം ചേർന്ന് ശബ്ദിക്കുന്പോൾ ഉണ്ടാകുന്ന ഒച്ച എന്നിവയൊക്കെ ഇതാണ്. ദൗർഭാഗ്യവശാൽ ഇന്നത്തെ ലോകത്തു മുഴങ്ങുന്നതിൽ കൂടുതലും ഇതാണ്. പൊള്ളയായ ശബ്ദഘോഷങ്ങൾ.

യഥാർത്ഥത്തിൽ പൊള്ളയായ വാക്കുകളും അതിനനുസൃതമായ വ്യർത്ഥമായ പ്രവൃത്തികളും ചേരുന്പോൾ വർത്തമാന ലോകത്തിന്റെ ചിത്രം ഒട്ടൊക്കെ കൃത്യമായി തെളിയുന്നു. തന്റെ ശബ്ദം എല്ലാവരും കേൾക്കണമെന്നും തദ്വാരാ ഉണ്ടാകുന്ന സാമൂഹികമായ അംഗീകാരം നേടിയെടുത്ത് അത് വ്യക്തിപരമായ ഉയർച്ചയിലേക്കുള്ള പടവുകളാക്കണമെന്നും ആഗ്രഹക്കുന്നവരെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. അവർ കാലാകാലങ്ങളിൽ അവരുടെ താൽപ്പര്യ സംരക്ഷണാർത്ഥം നടത്തുന്ന പ്രസ്താവനകളെയും വെല്ലുവിളികളെയും ഏറ്റെടുത്ത് അനുയായികൾ സാമൂഹിക മാധ്യമങ്ങളിൽ വരമൊഴിയായി അവരുടെ കലർപ്പറ്റ വിധേയത്വവും കൂറും പ്രകടിപ്പിക്കാൻ മത്സരിക്കുന്നു. അതിനുള്ള മറുപടികളും അതിന്മേൽ തർക്കവും വിതർക്കവും കുതർക്കവും വെല്ലുവിളികളും പരസ്പ്പരവൈരവും സ്പർദ്ധയും കൂട്ടുചേർന്നു കുഴഞ്ഞു കലങ്ങി മറിയുന്ന സാമൂഹ്യാന്തരീക്ഷം പരമ കലുഷമാകുന്നു.മഹത്തും ബൃഹത്തുമായ ശബ്ദമണ്ധലത്തിന്റെ പരമ നിസ്സാരതയിലേയ്ക്കുള്ള ഒരു ചംക്രമണമാണിത്. അതുതന്നെയാണ് ഓരോ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും വൈചിത്ര്യം. മഹത്തും ബൃഹത്തുമായ തലമുള്ള ഏതൊരു പ്രപഞ്ച ഘടകവും നിസ്സാരവും നശ്വരവുമായ മറ്റൊരു നിലനിൽപ്പിനുകൂടി വിധേയമാണ്.

ഭാരതീയ ഋഷിവര്യന്മാർ ഓങ്കാരമായി കണ്ടിരുന്ന ആ ആദ്യശബ്ദം പരിപൂർണ്ണമായ ശൂന്യതയിൽനിന്നും ഇക്കാണായതും അല്ലാത്തതുമായ എല്ലാ പ്രാപഞ്ചിക സാന്നിദ്ധ്യങ്ങൾക്കും നിദാനമായ ഊർജസ്രോതസ്സായിരുന്നു.ബിഗ് ബാങ് എന്ന് കേൾക്കുന്പോൾ മനസ്സിൽ വരുന്ന തരത്തിലുള്ള ഒരു സ്ഫോടനമൊന്നും ആയല്ല അത് ഉയിർക്കൊണ്ടത്. ശൂന്യതയിൽ സൃഷ്ടി നടന്നപ്പോൾ അത് ശബ്ദരൂപത്തിലാണ് ആദ്യം സംഭവിച്ചത്. ശാസ്ത്രകാരന്മാർ പ്രപഞ്ചത്തിന്റെ വിദൂര കോണുകളിൽ നിന്ന് വരുന്ന ശബ്ദവീചികളെ ഗുപ്തവ്യാഖ്യാനം ചെയ്ത് ആ ശബ്ദങ്ങൾക്ക് ഹേതുവായ സംഭവത്തെ തിരിച്ചറിയുന്നു. അങ്ങിനെ പല സൂപ്പർ നോവ സ്ഫോടനങ്ങളും അതിവിദൂരതകളിൽ സംഭവിയ്ക്കുന്നത് അവർ മനസ്സിലാക്കിയിട്ടുണ്ട്. ഒരു നക്ഷത്രത്തിലെ ഇന്ധനം തീരുന്പോൾ അതിന് അതിഭീമമായ പുറംകവചത്തെ ആകർഷിച്ചു നിർത്തുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. അപ്പോൾ അതിന്റെ വ്യാപ്തി വർദ്ധിച്ചു വർദ്ധിച്ചു വന്ന് നക്ഷത്രകേന്ദ്രത്തിന്റെ പിടിയിൽ നിന്നും പൂർണ്ണമായി വിമുക്തി നേടി അതിഭയാനകമായി പൊട്ടിച്ചിതറി സ്വതന്ത്രമാകുന്ന മഹാപ്രതിഭാസമാണ് സൂപ്പർ നോവ. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും സങ്കൽപ്പാതീതമായ ബാഹുല്യം സൃഷ്ടിച്ചുകൊണ്ട് സംഭവിക്കുന്ന ഈ പ്രതിഭാസത്തിനു ശേഷം അത് എക്സ്റേ മാത്രം പുറപ്പെടുവിക്കുന്ന ഒരു ന്യൂട്രോൺ നക്ഷത്രമായി തുടരും.ഇവിടെയും ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും വേർതിരിക്കാനാവാത്ത ഒരു മഹാസങ്കലനമാണ് സംഭവിക്കുന്നത്.

ശബ്ദം കേൾക്കാനാവുന്നതിനും അതീതമായ നിലനിൽപ്പുള്ള പ്രതിഭാസമാണ്. ഇരുപതു മുതൽ ഇരുപതിനായിരം ഹേർട്സ് വരെയുള്ള ശബ്ദങ്ങൾ മാത്രമാണ് മനുഷ്യ  കർണ്ണങ്ങൾക്ക് ശ്രവ്യമായത്. അതിൽ കുറവും കൂടുതലും തരംഗദൈർഘ്യമുള്ള ശബ്ദങ്ങൾ നിലനിൽക്കുന്നു. അവ വളരെ ഗുപ്തമായ പല വിവരങ്ങളും അടങ്ങുന്നവയുമാണ്. ഭൗമപ്രതിഭാസങ്ങളെ പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ പല ജീവിജാലങ്ങളും മുൻകൂട്ടി മനസ്സിലാക്കുന്നത് ഇത്തരം ഗുപ്തശബ്ദങ്ങളിൽക്കൂടിയാണ്.

ശബ്ദത്തിന്റെ ഉദാത്തത മുതൽ നിസ്സാരത വരെ പ്രദിപാദിച്ചതിൽ അടങ്ങിയിരിക്കുന്ന പ്രതീകാത്മകത മനുഷ്യന്റെ കാഴ്ചപ്പാടുകളിലെ മഹത്വവും നിസ്സാരതയും തന്നെയാണ്. ജ്യോതിസ്ശാസ്ത്രജ്ഞൻ കാണുന്നത് ശബ്ദത്തിന്റെ ഗഹനമായ വൈപുല്യമാണ്, അതേസമയം പ്രാസംഗികൻ കാണുന്നത് ശബ്ദത്തിന്റെ ആശയസംവേദന ശക്തിയാണ്. രാഷ്ട്രീയക്കാരൻ കാണുന്നത് അതേ ശബ്ദത്തിന്റെ വശീകരണ ശക്തിയാണ്. അമ്മയും കുഞ്ഞും അതിന്റെ വാത്സല്യവും പ്രണയികൾ അതിലെ വൈകാരികതയും തിരിച്ചറിയുന്നു.വീക്ഷണത്തിന് അനുസൃതമായി വെറും ഒച്ച ശബ്ദമായും ശബ്ദം നാദമായും നാദം ലയമായും ലയം പ്രപഞ്ചത്തിന്റെ ഉണ്മയായും വളരുകയോ തിരിച്ചുള്ള ക്രമത്തിൽ തളരുകയോ ചെയ്യാം. എല്ലാം ഇന്ന് ആപേക്ഷികമായി മനുഷ്യന്റെ ചിന്തയ്ക്കും ഇച്ഛാശക്തിക്കും അനുസൃതമായി ജീവിതത്തെ സ്വാധീനിക്കുന്നു.കറങ്ങുന്ന ചക്രത്തിലെ മണ്ണ് ശിൽപ്പിയുടെ കരവിരുതിനാൽ രൂപഭാവങ്ങൾ മാറുന്നതുപോലെ.

 

You might also like

Most Viewed