മാറാല പിടിച്ച മാനവിക വിദ്യാഭ്യാസം
അന്പിളിക്കുട്ടൻ
ചരിത്ര ഗവേഷകനായ ഒരു സുഹൃത്ത് കോട്ടയത്തുള്ള ഒരു സി.ബി.എസ്.ഇ വിദ്യാലയത്തിൽ പ്രാദേശിക ചരിത്രത്തെപ്പറ്റി ക്ലാസ് എടുക്കാൻ പോയി. ക്ലാസ് തുടങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹം അത്ഭുതത്തോടെ ഒരു കാര്യം മനസ്സിലാക്കി. മുൻപിൽ ചരിത്രക്ലാസ് ശ്രദ്ധിച്ചിരിക്കുന്ന പത്താം ക്ലാസ് കുട്ടികൾ മാർത്താണ്ധവർമ്മ എന്ന പേര് പോലും കേട്ടിട്ടില്ല. അടിത്തറയില്ലാത്ത ഇവർക്കുവേണ്ടി എന്ത് കെട്ടിടം പണിയാനാണ് എന്ന് ചിന്തിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിവച്ച ക്ലാസ് പ്രാഥമികമായ അറിവുകൊടുക്കൽ മാത്രമാക്കി ചുരുക്കിയിട്ട് തിരിച്ചുപോയി. നമ്മുടെ സി.ബി.എസ്.ഇ വിദ്യാഭ്യാസത്തിന്റെ അന്തസ്സാര ശൂന്യതയാണിത്.എന്താണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അത് അവരുടെ ജീവിതത്തിൽ എപ്രകാരമാണ് പ്രയോജനപ്പെടേണ്ടതെന്നും ഉള്ള യാതൊരു കാഴ്ചപ്പാടുമില്ലാതെ തികച്ചും ജീവിതബാഹ്യമായ, ഭാവിക്കു ഉപയുക്തമാകാത്ത എന്തൊക്കെയോ അവരെ ഏറെ കഷ്ടപ്പെടുത്തി പഠിപ്പിച്ചു വിടുകയാണ്. ഇതുകൊണ്ട് അവർക്ക് ഔപചാരികമായ യോഗ്യതകൾ ലഭിക്കുന്നു. പക്ഷെ ജീവിക്കാൻ വേണ്ട യോഗ്യതകൾ പിന്നീട് ആർജ്ജിക്കേണ്ടതായും വരുന്നു. പിന്നെ എന്തിനാണ് ഇതൊക്കെ ഇവരുടെ വളർച്ചയുടെ പ്രാധാന്യമേറിയ ഘട്ടത്തിൽ ചെലുത്തുന്നതെന്നത് വലിയൊരു സമസ്യയാണ്. വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നവർ അതനുസരിച്ചു ദീർഘവീക്ഷണമുള്ളവരും മനുഷ്യജീവിതം എപ്രകാരം രൂപപ്പെടുത്തിയെടുക്കണമെന്നുള്ള സമഗ്രവീക്ഷണം ഉള്ളവരുമല്ലെങ്കിൽ അവരാൽ നിർദ്ദേശിക്കപ്പെടുന്ന രീതിയിൽ പഠിക്കേണ്ടി വരുന്ന പാവം തലമുറയുടെ അവസ്ഥ ദയനീയം...
പഠനപ്രക്രിയയിൽ നിന്നും ഇവർ എടുത്തുമാറ്റിയവയെല്ലാം വിദ്യാർഥികളെ മനുഷ്യനാക്കുന്ന സ്വാഭാവിക പരിണാമ പ്രക്രിയയുടെ ഭാഗമായവയായിരുന്നു. ഈ രീതിയുടെ സൃഷ്ടാക്കൾ നാളെയുടെ അധികാരികളെ മനുഷ്യനാക്കാനല്ല, അവരിൽ നിന്നും ബൗദ്ധികമായ പരമാവധി ഉൽപ്പാദനം സാധ്യമാകാനായി അവരിലെ മനുഷ്യനെ ഉന്മൂലനം ചെയ്ത് തൽസ്ഥാനത്ത് ഒരു യന്ത്രത്തെ, റോബോട്ടിനെ പ്രതിഷ്ഠിക്കാനാണ് ഈ കൊടുംപാതകം ചെയ്തതെന്ന് പറയാതെ വയ്യ.വിദ്യാഭ്യാസം പ്രാഥമികമായി മനുഷ്യനെ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോട് കൂടിയതായില്ലെങ്കിൽ അത് വ്യർത്ഥമാണ്. അതിനുശേഷം മാത്രമേ അത് സാങ്കേതിക, ഭരണ വിദഗ്ദ്ധരെ സൃഷ്ടിക്കാവൂ. ഇവിടെ സ്ഥിതി തിരിച്ചായതിനാൽ നമ്മുടെ നാട്ടിൽ വൃദ്ധ സദനങ്ങളെയും, നടതള്ളുന്ന പൈതൃകത്തെയും, അധിക്ഷേപിക്കപ്പെടുന്ന സ്ത്രീത്വങ്ങളെയും സൃഷ്ടിക്കുവനാണ് ഇത് പരോക്ഷമായി ഉപയോഗപ്പെടുന്നത്.
എന്തുകൊണ്ടാണ് മാറിമാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ സുപ്രധാനമായ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതെന്ന് എപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്. പഠനമെന്നത് വെറുമൊരു ചടങ്ങല്ല, ബിരുദം എന്ന പേരിൽ ഒരു കടലാസു കയ്യിൽ വാങ്ങുവാനുള്ള തത്രപ്പാടുമല്ല. അത് ജീവിതത്തെ ഫലപ്രദമായി നേരിടുവാനുള്ള ഒരു ആയുധമാണ്, ജീവിതത്തിനു മേൽ ഉയരുന്ന വെല്ലുവിളികളെ നേരിടുവാനുള്ള പരിചയുമാണ്. എന്നാൽ വികലമായ പാഠ്യപദ്ധതിയും അത് നാളെയുടെ വാഗ്ദാനങ്ങൾക്കു പകർന്നു കൊടുക്കാൻ വിദ്യാഭ്യാസ കച്ചവടക്കാരും കൂടിച്ചേരുന്പോൾ ഹാ, കഷ്ടം, പാവം പുതുതലമുറ!! കാലത്ത് ഏഴു മണിക്ക് വീട്ടിൽനിന്നും ഇറങ്ങുന്ന പത്താം ക്ലാസുകാരൻ തിരികെ വീട്ടിൽ കയറുന്നതു പന്ത്രണ്ടു മുതൽ പതിനാലു വരെ മണിക്കൂറുകൾക്കു ശേഷമാണ്. തിരികെ വന്നാൽത്തന്നെ അവർക്കു വീട്ടുകാരുമായി ഇടപെടാൻ സമയമില്ല. അത്ര പഠനഭാരം അവർ ചുമക്കുന്നു.ഭക്ഷണം വരെ പഠനമുറിയിൽ വെച്ചായിരിക്കും. ഇങ്ങനെ എന്താണവർ പഠിക്കുന്നത്!! ഈ പഠനം എത്ര അവർക്കു ജീവിതത്തിൽ താങ്ങായിത്തീരും എന്ന് ശ്രദ്ധിക്കുന്പോഴാണ് ഒരു വലിയ സാംസ്ക്കാരിക ആഘാതം ഉണ്ടാവുന്നത്. ഇങ്ങനെ കൗമാരവും കളികളും മാത്രമല്ല ബന്ധങ്ങൾക്കും മാനവികതക്കും ഉള്ള ഇടം പോലും ബലികഴിച്ച് ഈ കുട്ടികൾ നേടുന്നത് പിന്നീട് അവരുടെ ജീവിതത്തിലേയ്ക്ക് ഒരു സർട്ടിഫിക്കറ്റ് ഒഴികെ കാര്യമായി ഒന്നും കൊടുക്കുന്നില്ല എന്നത് വലിയ വിരോധാഭാസമാണ്. പരന്ന വിജ്ഞാനം, പക്ഷെ ജീവിതത്തിനു കൊള്ളുന്നവ വിരളം എന്ന ഈ സ്ഥിതി ആംഗലേയകവി കോൾറിഡ്ജിന്റെ ‘വെള്ളം വെള്ളം എല്ലായിടവും, കുടിക്കാൻ പക്ഷെ ഒരുതുള്ളിയില്ല’ എന്ന വരികളെ ഓർമിപ്പിക്കുന്നു.
ജീവിതത്തിന്റെ തീഷ്ണതയിലേയ്ക്കു ഇറങ്ങുന്പോൾ ഈ വിദ്യാർത്ഥികൾ അവർക്കാവശ്യമായ അറിവുകൾ, അനുഭവപാഠങ്ങൾ എന്നിവ സ്വപ്രയത്നത്താൽ ആർജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു. എന്നാൽ വിദേശീയർ വിദ്യാർത്ഥികളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ആവശ്യമായതെന്തോ അത് മനസ്സിലാക്കി അതുതന്നെ അവരെ പഠിപ്പിച്ച് ഫലപ്രദമായി ജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നു. എന്ത് പഠിപ്പിക്കണമെന്ന് കണ്ടെത്താനുള്ള വിവേകവും ബുദ്ധിയും ഔചിത്യവും ഒരുമിച്ചു ചേർന്നവരാണ് അവിടങ്ങളിൽ പഠനക്രമം നിശ്ചയിക്കുന്നത്. എന്നാലിവിടെ മനുഷ്യനെക്കാണാത്ത മാനവികതയെ അറിയാത്ത കേവലം അശാസ്ത്രീയവും വികലവുമായ വീക്ഷണങ്ങളിലൂടെ പാഠ്യപദ്ധതി തീരുമാനിക്കുന്നവർ പഠിപ്പിച്ചു പഠിപ്പിച്ചു മനുഷ്യമനസ്സിന്റെ ഉർവ്വരതയെ ഊറ്റിക്കളയുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാണ്ടാക്കുന്നവർ! വിദ്യാർത്ഥിയെ മനുഷ്യനാക്കി മാറ്റുന്ന പ്രാഥമിക ധർമ്മം മറന്ന് പരമാവധി ഭൗതികനേട്ടങ്ങൾ കൊയ്തെടുക്കുന്ന ഉപഭോഗയന്ത്രമാക്കി അവരെ മാറ്റുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പാഠ്യ പദ്ധതിയും പഠന രീതിയും ആവിഷ്‌ക്കരിച്ചാൽ അത് അമാനവികമാണ്, അത് മനുഷ്യത്വമല്ല മൂർഖത്വം മാത്രമാണ് സൃഷ്ടിക്കുക.