മുട്ടാത്ത തുറക്കാത്ത വാതിലുകൾ
ഓരോ ആഴ്ചയിലും ഈ കോളം എഴുതുവാനുള്ള വിഷയങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കേണ്ട അവസ്ഥ ഉണ്ടാവാറില്ല, വിഷയങ്ങൾ സ്വാഭാവികമായ ഒരു ചിന്തയുടെ പരിണതിയായി കടന്നുവരാരാണ് പതിവ്, ഒരു സ്വഭാവികമായ ഉരുത്തിരിയൽ. വിശാലമായ ലോകതാത്പ്പര്യത്തിന്റെ മാനവിക ആവേഗങ്ങൾക്കു അനുസൃതമായി ചിന്തിക്കുവാൻ ശ്രമിക്കുന്പോൾ പലപ്പോഴും വിഘാതമായി മനസ്സിനെ ബാധിക്കുന്ന പല സാമൂഹിക വിഷയങ്ങളും ഉയർന്നു വരുന്നതിനാൽ കണ്ടില്ലെന്നു നടിക്കാൻ സാധിക്കാറില്ല. അപ്പോൾ ആഗ്രഹിക്കാത്ത വഴിയിലേയ്ക്ക് ചിന്ത വഴിതിരിയുന്നു. അല്ലാത്ത പക്ഷം എങ്ങിനെ ലൗകികമായ ജീവത ആവേഗങ്ങൾക്കു അനുസൃതമായ ആശയങ്ങൾക്ക് വാഗ്‌രൂപം പകരാം എന്നതാണ് ലക്ഷ്യം എല്ലായ്പ്പോഴും.
മനുഷ്യരാശി അതിന്റെ വികാസത്തിന്റെ സന്ദിഗ്ദ്ധമായ ഒരു തിരിവിലെത്തി നിൽക്കുകയാണ്. സുഗമമായ ജീവിതത്തിന് ഉതകാനായി കണ്ടെത്തിയവയൊക്കെ ആ ജീവിതം രാക്ഷസീയമാക്കുന്ന കാഴ്ച അലോസരപ്പെടുത്തുന്ന ഒരു വഴിത്തിരിവ്. അവ കണ്ടെത്തിയവരിൽ ഇത് പശ്ചാത്താപം നിറച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ആൽഫ്രഡ് നൊബേലിന് സംഭവിച്ച അതേ മാനസികാവസ്ഥ. ഡൈനാമിറ്റ് കണ്ടെത്തി വ്യാപാരം നടത്തിയതിന്റെ പേരിൽ മരണവ്യാപാരി എന്ന് മുദ്രകുത്തി അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ ആരാലോ പ്രസിദ്ധീകരിക്കപ്പെട്ട സ്വന്തം ചരമക്കുറിപ്പു കണ്ട് നൊബേലിന് മാനസാന്തരം വന്നു. തന്റെ സന്പാദ്യമെല്ലാം ലോകത്തെ പുരോഗതിയിലേക്കു നയിക്കുന്ന ശാസ്ത്രജ്ഞന്മാരേയും, സാഹിത്യകാരേയും സമാധാന പ്രവർത്തകരേയും ലോകം അംഗീകരിക്കാനായി നൊബേൽ സമ്മാനം ഏർപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം നീക്കിെവച്ചു. പിൽക്കാലത്ത് ഡൈനാമിറ്റിനെ നിഷ്പ്രഭമാക്കിക്കൊണ്ട് അണ്വായുധങ്ങൾ വന്നു, ലക്ഷക്കണക്കിന് ജീവനെടുത്തു. രാസ ജൈവ പരീക്ഷണങ്ങൾ രാസായുധങ്ങളും ജൈവായുധങ്ങളുമായി പരിണമിച്ചു.ആർക്കും മാനസാന്തരം ഉണ്ടായില്ല. ഇക്കാലത്ത് ഇത്തരമൊരു മാനസാന്തരം ഉണ്ടാവേണ്ടവരായി മറ്റുചിലരും ഉണ്ടായിട്ടുണ്ട്. സാമൂഹികമാധ്യമ സൃഷ്ടാക്കളാണത്. ബന്ധങ്ങൾക്കിടയിലെ അകലം കുറയ്ക്കാനായി അവ വന്നപ്പോൾ ബന്ധങ്ങളിൽ കൂടുതലായി വിള്ളൽ വീഴ്ത്തുവാനും വിഭാഗീയ വിഷം കുത്തിവെയ്ക്കുവാനും ഉപയോഗിക്കപ്പെട്ടു. ഡൈനാമിറ്റ് ആയാലും, അണുശക്തിയായാലും, സാമൂഹ്യമാധ്യമങ്ങൾ ആയാലും അവയൊക്കെത്തന്നെ ജീവിതത്തെ പുരോഗമനോന്മുഖമാക്കുന്ന കണ്ടുപിടുത്തങ്ങൾ ആയിരുന്നു. എന്നാൽ സമഗ്ര സാമൂഹ്യ പുരോഗതിക്കായി എന്ത് സൃഷ്ടിച്ചാലും അതിനെ ഏറ്റവും മോശമാക്കി ഉപയോഗിക്കുക എന്നത് മനുഷ്യന്റെ മുഖമുദ്രയാണ്. ഇതിഹാസകാലം മുതൽ സാത്താന്റെ പ്രേരണയിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങിയ മനുഷ്യൻ ഇന്നും അവന്റെ പിടിയിൽത്തന്നെയാണ് എന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
ഇത്ര മദിക്കുന്ന മനുഷ്യൻ അവനവനെപ്പോലും വേണ്ടപോലെ മനസ്സിലാക്കുന്നില്ല എന്ന് തെളിയിച്ച ഒരു കണ്ടുപിടിത്തം ഈയാഴ്ച സംഭവിച്ചത് എത്രപേർ ശ്രദ്ധിച്ചിരിക്കുമെന്ന് അറിയില്ല. സ്വന്തം ശരീരം പ്രവർത്തിക്കുന്നത് എത്ര അവയവങ്ങളുടെ സഹായത്താലാണെന്നുള്ള മനുഷ്യധാരണ ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു. എഴുപത്തിയെട്ട് എന്ന് ഇന്നലെവരെ വിശ്വസിച്ചിരുന്ന അവയവങ്ങളുടെ എണ്ണം ഇപ്പോൾ എഴുപത്തിയൊന്പതായി ഉയർന്നിരിക്കുന്നു. അതിനു ഹേതുവായത് നമ്മുടെ വൻകുടൽ, ചെറുകുടൽ എന്നിവയെ അടിവയർ ഭിത്തിയുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്ന മെസെന്ററി എന്ന അവയവമാണ്. ഇന്നലെവരെ ഈ മെസെന്ററി എന്നത് ഇതേ ധർമ്മം നിർവഹിച്ചു കൊണ്ടിരുന്ന കോശങ്ങളുടെ വിഭജിതമായ അടുക്കുകൾ മാത്രമായിരുന്നു. എന്നാൽ അങ്ങിനെയല്ല, മെസെന്ററി പൂർണ്ണമായും ഏകീകൃതമായ ഒരു അവയവം തന്നെയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത് ഉദരരോഗ ചികിത്സയിൽ വിപ്ലവകരമായ ഗുണഫലങ്ങൾ ഉണ്ടാക്കും.
ഇതോടുകൂടി മെസെന്ററിക് സയൻസ് എന്ന സവിശേഷ ശാസ്ത്രശാഖയും അതിൽ വൈദഗ്ധ്യം നേടിയ ഡോക്റ്റർമാരും ഉണ്ടാകും. അത് ഉദരരോഗങ്ങൾ കൂടുതൽ അടുത്തറിയാനും ഫലപ്രദമായി ചികിൽസിക്കാനും വഴിയൊരുക്കും. ലോകം മുഴുവൻ അറിഞ്ഞെന്ന അഹന്തയിൽ നടക്കുന്ന മനുഷ്യൻ അവന്റെ ശരീരത്തെപ്പോലും ഇപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുന്നതേയുള്ളു എന്ന ഒരു തിരിച്ചറിവാണ് ഇതൊക്കെ നമ്മളിലുണ്ടാക്കേണ്ടത്. കൂലംകഷമായി ചിന്തിക്കുന്പോൾ ശരീരത്തെപ്പറ്റിത്തന്നെ അനവധി സമസ്യകൾ ഇനിയും വിശദീകരിക്കാത്തതായി ഉണ്ട്. എന്തുകൊണ്ടാണ് മനുഷ്യന് രക്താതിസമ്മർദ്ദം ഉണ്ടാകുന്നത് എന്നതടക്കം പലതും. തങ്ങൾ പേറി നടക്കുന്ന ശരീരത്തെപ്പറ്റി പോലും പൂർണ്ണമായി ഇനിയും മനസ്സിലാക്കാത്ത മനുഷ്യന്റെ മുന്നിൽ ഈ പ്രപഞ്ചത്തിൽ ഇനിയും തുറക്കപ്പെടാനുള്ള വാതിലുകളേയുള്ളു. അപാരവും അതീവവുമായ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന വാതിലുകൾ.
ബൈബിളിൽ പറയുന്നതുപോലെ നിരന്തരമായി മുട്ടിയാൽ പല വാതിലുകളും ഒരുപക്ഷെ തുറക്കപ്പെട്ടേക്കാം. പക്ഷെ മനുഷ്യന് അതിനല്ലല്ലോ നേരം. പരസ്പ്പരം നശിപ്പിക്കുവാനും പരസ്പ്പരം മുതലെടുക്കുവാനും അങ്ങിനെ ജീവിതത്തിന്റെ അധോമണ്ഡലങ്ങളിൽ കുരുങ്ങിക്കിടന്ന് അരങ്ങു തകർക്കുവാനുമാണ് ഇപ്പോഴും ഉദ്യമം. സമൂഹത്തിനോ നാടിനോ വേണ്ടി ഒരു ചെറുവിരൽ അനക്കുവാൻ ആകാത്തവനും ചെയ്യുന്നവരെ വിമർശിക്കാൻ മുൻപന്തിയിൽ ഇടം നേടാൻ ശ്രമിക്കും. ഒരു വിരൽ മറ്റൊരാളുടെ നേരെ ചൂണ്ടുന്പോൾ മൂന്നു വിരൽ അവനവനിലേക്കുതന്നെ ചൂണ്ടപ്പെടുന്നത് കണ്ടില്ലെന്നും നടിക്കും. അന്യവിമർശനം ഏറെ പഥ്യം ആത്മവിമർശനം ആകെ വർജ്ജ്യം. ഈ രീതിയിൽ നാട് നവീകരിക്കാൻ വഴിയുണ്ടോ?അഥവാ ഉണ്ടെങ്കിലും ത്രികാലജ്ഞാനം ഇല്ലാത്തതിനാൽ അതറിയാൻ വഴിയില്ല, കാത്തിരിക്കാം നമുക്ക്.