അഭിപ്രായങ്ങൾക്ക് മുദ്രയിടുന്നവർ
കഴിഞ്ഞ ദിവസം എന്റെ ലേഖനങ്ങളെ ശ്രദ്ധാപൂർവ്വം വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു സുഹൃത്ത് വിളിച്ചു. അദ്ദേഹത്തിന് എന്റെ എഴുത്തുകൾ സംബന്ധിച്ച് ഉണ്ടായ ചില സംശയങ്ങൾ നേരിട്ട് ദൂരീകരിക്കാനായാണ് വിളിച്ചത്. എന്റെ ചിന്തകൾ ഏതെങ്കിലും പക്ഷത്തേക്ക് ചായുന്നുണ്ടോ എന്നൊരു സംശയവും അദ്ദേഹം ഉന്നയിച്ചു. ഒരു സാമൂഹിക വിഷയത്തെപ്പറ്റി നാമൊരു നിലപാട് എടുക്കുന്പോൾ ഇത്തരം ചിന്തകൾ സ്വാഭാവികമായും പല ഭാഗത്തുനിന്നും ഉണ്ടാകാം. ഞാൻ എന്നും ആശയങ്ങളെയാണ് പ്രധാനമായും അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നത്. അതിന്റെ പിറകിലെ രാഷ്ട്രീയം ഏറെയൊന്നും എന്റെ ചിന്തക്ക് വിഷയമാകാറില്ല. എന്നാൽ ചിലപ്പോൾ ആശയവും രാഷ്ട്രീയവും വ്യക്തികളും പരസ്പ്പരം വേർപെടുത്തുവാൻ ആവാത്ത വിധം കൂടിച്ചേർന്നിരിക്കും. അപ്പോൾ ആശയ രാഷ്ട്രീയം അറിയാതെതന്നെ അവിടെയൊരു വിഷയമാകുന്നു. കാലികമായ സാഹചര്യങ്ങളെപ്പറ്റി വസ്തുനിഷ്ടമെന്നു നാം വിശ്വസിക്കുന്ന ഒരു വിലയിരുത്തൽ നടത്തുന്പോൾ ആരെയും തൊടാതെ എങ്ങും വ്യത്യസ്തമായ വീക്ഷണത്തിന് സാധ്യത കൊടുക്കാതെ പറഞ്ഞാൽ അത് യുക്തിഹീനമാവും. രാഷ്ട്രീയമായ വ്യത്യസ്തതകൾ പുലർത്തുന്ന വ്യക്തികളുടെ വിരുദ്ധതകൾ ഇക്കാര്യത്തിൽ സ്വാഭാവികമാണ്. അത് പരിഗണിക്കാത്തത് എന്റെ ലക്ഷ്യം നാടിന്റെയും സമൂഹത്തിന്റെയും പുരോഗതി മാത്രമാണ്, രാഷ്ട്രീയമല്ല എന്നതിനാലാണ്.
പരസ്പ്പര വിരുദ്ധമായ അഭിപ്രായങ്ങൾ സാമൂഹ്യ അന്തരീക്ഷം കലുഷമാക്കുന്ന ഇക്കാലത്തിന്റെ സംഭാവനയാണ് ആരെങ്കിലും ഒരഭിപ്രായം പ്രകടിപ്പിച്ചാൽ അതിന്റെ പേരിൽ അയാളെ പറഞ്ഞ അഭിപ്രായവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയത്തിൽ കൊണ്ടുത്തളക്കുക എന്നത്. അത്തരം തളയ്ക്കലുകൾ ഇഷ്ടപെടാത്തവരേയും ഈ കെണിയിൽ വീഴ്ത്തി രസിക്കുന്നു. സ്വതന്ത്രമായ അഭിപ്രായത്തിന് ഇടമില്ല. അവരിലും പക്ഷപാതിത്വം മുദ്രകുത്തപ്പെടുന്നു. എന്നാൽ ഇത്തരം മുദ്രണങ്ങളെ പേടിച്ചാൽ രാഷ്ട്രീയം ഉപജീവനമായി സ്വീകരിച്ചവർ ഒഴികെ ആർക്കും ഒന്നും ശബ്ദിക്കാനാവില്ല. അഭിപ്രായങ്ങളിലെ വൈവിധ്യവും വ്യതിരിക്തതയും ജീവസ്സായ സമൂഹത്തിന്റെ മുഖമുദ്ര തന്നെയാണ്. അത് പരസ്പ്പരം സംവാദങ്ങൾക്കായി ഉപയോഗിക്കുന്പോൾ ജനാധിപത്യ സങ്കല്പം സന്പുഷ്ടമാകുന്നു. സംവാദങ്ങളിലൂടെയേ നവീകരണമുള്ളു, ദൗർഭാഗ്യവശാൽ വിവാദങ്ങളിലൂടെയുള്ള ബ്രാൻഡിങ് ആണ് ഇന്ന് പലർക്കും ആവശ്യം.
സാഹചര്യങ്ങൾക്കനുസരിച്ച് ബുദ്ധിപരമായി നിലപാട് സ്വീകരിക്കുന്പോൾ അതിൽ നൈതികത, വിഷയസമഗ്രത എന്നീ ഘടകങ്ങളെ ഉൾപ്പെടുത്തേണ്ടതുണ്ട്. കോടാനുകോടി ഭക്തർക്ക് ശബരിമല ഐശ്വരികതയുടെയും ആത്മീയതയുടെയും കേദാരമാണ്, അതിനുവേണ്ടി മാത്രമുള്ളതാണ് താനും. അത് വിപ്ലവം വളർത്താൻ വേണ്ടിയുള്ള ഇടമല്ല.ഭൗതികതയുടെ വിചാരധാരകൾക്ക് അതിന്റെ ആവേഗം ഉൾക്കൊള്ളാൻ ആവില്ല, അതവരുടെ തട്ടകവുമല്ല. അതിനെ അതിന്റെ വഴിക്കു വിടുകയാണ് വേണ്ടത്. ക്ഷേത്രവിശ്വാസികൾ അത് തീരുമാനിക്കട്ടെ. അവിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങൾ എത്ര പ്രയതരമാണോ അതിലേറെ ക്ഷേത്രവിശ്വാസികൾക്ക് അവരുടെ വിശ്വാസവും പ്രിയതരമാണ്. അതുകൊണ്ടാണ് ഏതു കോടതി വിധിക്കും വിശ്വാസിയായ ഒരു സ്ത്രീയേപ്പോലും നിരോധിതമായ കാലത്ത് ശബരിമലയിൽ കൊണ്ടുവരാൻ സാധിക്കാത്തത്. വസ്തുനിഷ്ടമായി ശബരിമലയിലെ അനുഷ്ടാനങ്ങളുടെ നീതിശാസ്ത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കാതെ അതിന്റെ ഉപരിവിപ്ലവതയെ മാത്രം ഏറ്റുപറയുന്നത് ഒരു കുടിലതന്ത്രം മാത്രമാണ് എന്ന് പറഞ്ഞാൽ മൗലികവാദിയായി മുദ്രയിടേണ്ടതില്ല.
തൃപ്തി ദേശായിയെപ്പോലുള്ളവർ ഒരു തിരുത്തൽ ശക്തി എന്ന നാട്യത്തിൽ എല്ലാം മാറ്റിമറിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്പോൾ പഴഞ്ചനായി വ്യാഖ്യാനിക്കാവുന്ന മേൽപ്പറഞ്ഞ സമീപനം ഇക്കാര്യത്തിൽ എടുത്താൽ പഴയ മാമൂലുകളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പാരന്പര്യവാദിയായി മുദ്രകുത്തപ്പെടും. അത് ഇത്തരം വിഷയങ്ങളിൽ തിരുത്തൽശക്തി എന്ന വ്യാജേന ഇടപെടുന്നതിന്റെ അനൗചിത്യത്തെ ഫലപ്രദമായി നേരിടാനുള്ള സന്നദ്ധതയായി കാണാൻ ശ്രമിക്കണം.എല്ലാ രംഗങ്ങളിലും വിഷയത്തെ അതിന്റെ സമഗ്രതയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പഠിക്കുവാനുള്ള മനസ്സോ കഴിവോ ഇല്ലാതെ പുരോഗമനപരം എന്ന ലേബലിൽ ചാർത്തപ്പെട്ട ഒരു അപക്വ ധാരണയുമായി മുന്നോട്ടുപോയാൽ ലോകം വെട്ടിപ്പിടിക്കാനാവും എന്ന് സ്വപ്നം കാണുന്ന മൂഢത്വം മാത്രമായി കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഇടം നേടുന്ന പ്രവൃത്തികളാണ് തൃപ്തി ദേശായിമാർ ചെയ്യുന്നത്. അവനവന്റെ മൗലികമായ ചിന്തയുടെ വെട്ടത്തിൽ തിളങ്ങുന്ന സ്വത്വം മാത്രം ആഗ്രഹിക്കുന്നവർ സ്വന്തം അഭിപ്രായരൂപീകരണത്തിനുള്ള അധികാരം മറ്റുള്ളവരുടെ ബുദ്ധിക്കോ പക്ഷപാതിത്വം നിറഞ്ഞ കാഴ്ചപ്പാടുകൾക്കോ വിട്ടുകൊടുക്കുന്നത് അവനവനെ മറ്റുള്ളവരുടെ ചരടുവലിക്കൊത്ത് തുള്ളുന്ന പാവയാക്കുന്നതിന് തുല്യമാണ്.
മുദ്രകുത്തപ്പെടുന്നതിനെ ഭയക്കുന്നവർക്ക് വേണമെങ്കിൽ മിണ്ടാതിരുന്ന് ഏവരുടെയും നല്ലബുക്കിൽ കയറുകയോ ഒരു ബുക്കിലും കയറാതിരിക്കുകയോ ചെയ്യാം. എന്നാൽ ഈ സമൂഹത്തിൽ നടക്കുന്പോൾ എടുത്തണിയാനുള്ള കൃത്രിമ ആഭരണങ്ങൾക്കായി സ്വന്തം വ്യക്തിത്വം തീറെഴുതുന്നവരുടെ മുഖപടത്തിനു പിന്നിൽ സ്വാർത്ഥതയുടെ കാപട്യമാർന്ന മുഖമാവാനാണ് സാധ്യത. തങ്ങളുടെ സാമൂഹികമായ ഉത്തരവാദിത്തം തിരിച്ചറിയുന്നവർക്ക് ഇത്തരം വേളകളിലെ മൗനം സൂക്ഷിപ്പ് കുറ്റകരമായ അനാസ്ഥയായെ കാണാൻ കഴിയൂ. സത്യം തുറന്നു പറയുന്നവരുടെ ആർജ്ജവത്തിലാണ് അങ്ങിനെ ചെയ്യാത്തവരുടെ സ്വാർത്ഥമതിത്വത്തെക്കാൾ സ്നേഹവും പരിഗണനയും കുടികൊള്ളുന്നതെന്ന സത്യം ലോകം തിരിച്ചറിയാൻ ഇനി വൈകരുത്.