ആദരവിന്റെ നിയമവഴിയിലൂടെ - അമ്പിളിക്കുട്ടൻ

നാം എന്തിനാണ് ജീവിക്കുന്നത്? ഈ ചോദ്യം വ്യക്തിപരമായ തലത്തിൽ പലരും പല സന്ദർഭങ്ങളിൽ സ്വയം ചോദിച്ചിട്ടുള്ളതാണ്. ജീവിതം നൽകുന്ന സങ്കീർണതകളെ സഹിക്കാനാവാതെ ജീവിതം തന്നെ മടുത്തവരും, ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞു സംതൃപ്തമായി ജീവിക്കുന്പോൾ ഇനി ജീവിതത്തിന് നിറപ്പകിട്ടേകാൻ അടുത്ത ലക്ഷ്യം എന്താവണം എന്ന രീതിയിൽ ചിന്തിക്കുന്ന ഭാഗ്യവാന്മാരും ധാരാളിത്തജീവിതം നൽകുന്ന മുഷിപ്പിൽനിന്നും ഇനി അടുത്തതെന്തെന്നു വഴിതെറ്റി ചിന്തിക്കുന്നവരും ജീവിതസമസ്യക്ക് ഉത്തരം തേടിപ്പോകുന്ന ആത്മീയാന്വേഷികളും ദാർശനികരും വരെ ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ ചോദ്യം ഉയരുന്നത് തികച്ചും സാമൂഹ്യമായ തലത്തിലാണ്. പൊതുവായ ജീവിതനിലവാരം അതിന്റെ പ്രാഥമികവും മധ്യമവും ആയ അവസ്ഥകൾ കഴിഞ്ഞു ഉന്നതമായ തലങ്ങളിലേയ്ക്ക് ചേക്കേറുവാൻ തയ്യാറായ അവസ്ഥയിൽ മനുഷ്യൻ സാമൂഹ്യവും രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ വളരെ വേറിട്ടതും പരസ്പ്പരം മുതലെടുപ്പിനുള്ളതുമായ കാഴ്ചപ്പാടുകളിൽ നോക്കിക്കാണാൻ ആരംഭിച്ചിരിക്കുന്നു. ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്ന ഈ സ്ഥിതിവിശേഷം അതിന്റെ അച്ചടക്കവും ചാരുതയും കെടുത്തിക്കളയുന്ന സാഹചര്യം മുന്നിൽ തെളിഞ്ഞിരിക്കുന്നു.
മാധ്യമങ്ങളുടെ ഫാക്റ്ററിയിൽ പല രൂപങ്ങളിലും നിറങ്ങളിലും വിവാദങ്ങൾ പുറത്തിറങ്ങുന്നു. ചൂടപ്പം പോലെ ചിലവാകുന്ന നമ്മുടെ നാടിന്റെ ഉൽപ്പന്നം ഇതാണിപ്പോൾ. വിശക്കുന്ന വയറിന് ആവശ്യം ഭക്ഷണമാണ്. ആ നില പിന്നിട്ടാൽ ശരീരം സുഖസൗകര്യങ്ങൾക്കു വേണ്ടി ദാഹിക്കും. അതുമായാൽ പിന്നെ അൽപ്പം ആഡംബരങ്ങളോടുള്ള ആസക്തിയായി. ആ ഘട്ടവും പിന്നിട്ടാൽ പിന്നെ സ്വാർത്ഥത തലപൊക്കിത്തുടങ്ങും. വിശപ്പില്ലാത്ത അവസ്ഥയിൽ ആവശ്യത്തിന് ആഡംബരങ്ങളുമായി അങ്ങിനെ ജീവിക്കുന്പോൾ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നു, സ്വാർത്ഥതക്കുള്ള ഭക്ഷണമാണത്. അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അധികാരങ്ങളും കടമകളും വേണ്ട അളവിൽ തുലനം ചെയ്യുന്ന ഒരു ജീവിയാണ് മനുഷ്യൻ എന്നതാണ് ആ പദത്തിന്റെ സാംസ്‌കാരികമായ വിശദീകരണം. ഇപ്പറഞ്ഞവയൊക്കെ ഓരോരോ രാജ്യത്തിന്റെയും തനതു സംസ്‌കാരവുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളാണ്. ബഹുമാനിക്കപ്പെടേണ്ടവരെ കാണുന്പോൾ ഇരുന്നുകൊണ്ട് അങ്ങിനെ ചെയ്യാൻ ഭാരതത്തിൽ ജനിച്ചുവളർന്ന ഒരു വ്യക്തിക്ക് സാധിക്കില്ല. എഴുന്നേൽക്കാതെ ആദരവില്ല. എന്നാലിത് മഹാനായ അംബേദ്ക്കർ ആവിഷ്‌ക്കരിച്ച ഭരണഘടനയിൽ എങ്ങും നിർവ്വചിച്ചിട്ടില്ല. കാരണം അത് രാഷ്ട്രീയമായ ഭരണഘടനയുടെ ഭാഗമല്ല, സാംസ്ക്കാരിക ഭൂമികയുടെ ഭാഗമാണ്. ആദരിക്കേണ്ടവരെ കാണുന്പോൾ നമ്മുടെ മടങ്ങിയ കാലുകൾ അറിയാതെ നിവരുന്നു. അത് ഒരു അസൗകര്യമോ ബാധ്യതയോ ആയി ആരും കാണുന്നില്ല. അത് ചെയ്യുന്പോൾ നമ്മുടെ ഉള്ളിലെ യഥാർഥ മനുഷ്യൻ ഉണരുകയാണ് ചെയ്യുന്നത്.
തലങ്ങും വിലങ്ങും ഉയരുന്ന വിഭാഗീയ പ്രവണതകൾക്കിടയിൽ മനുഷ്യന് ഇന്ന് പൊതുവായി പങ്കുവെയ്ക്കുവാൻ ആകെയുള്ളത് ദേശീയത മാത്രമാണ്. അതിന്റെ ഏറ്റവും ശക്തമായ ചിഹ്നങ്ങളെ ബഹുമാനിക്കണോ വേണ്ടയോ എന്ന വിവാദമാണ് ഫാക്റ്ററിയിലെ പുതിയ ഉൽപ്പന്നം. ചിലർ ഭരണഘടനയിൽ പറഞ്ഞത് മാത്രമേ ചെയ്യൂ. അമ്മയെ തല്ലരുതെന്നു ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ എന്നും നാളെ ചോദ്യമുയരാം. ഇതൊന്നുംതന്നെ അടിച്ചേൽപ്പിക്കേണ്ടതല്ല യഥാർത്ഥത്തിൽ. അത് നമ്മെ നാമാക്കുന്ന അദമ്യമായ മാനവികതയുടെ സ്വാഭാവികമായ ചര്യ മാത്രമാണ്. കണ്ണിൽ കുത്താൻ വരുന്പോൾ കണ്ണടക്കുന്നത് പോലെ ഒരു അനൈച്ഛിക ചേഷ്ട. ദേശീയ ഗാനമുയരുന്പോൾ ഒരു ഭാരതപൗരന്റെ കാലുകൾ അറിയാതെ നിവർന്നില്ലെങ്കിൽ അത് കാണിക്കുന്നത് ദേശീയത എന്നൊരു വികാരത്തെ അയാളുടെ ഹൃദയം അറിയുന്നില്ല എന്നത് തന്നെയാണ്. പിന്നീട് കുതർക്കങ്ങളിലൂടെ ന്യായീകരണം നടത്തുന്നത് രാഷ്ട്രം നൽകുന്ന സൗഭഗങ്ങൾ നുകർന്നുകൊണ്ടു ഇവിടെത്തന്നെ മുന്നോട്ടു പോകുവാനുള്ള അയാളുടെ അടവ് മാത്രമാണ്.
ഭരണഘടനയിൽ ദേശീയപതാക, ഗാനം എന്നിവയോട് ആദരവ് കാട്ടുവാൻ എഴുന്നേറ്റു നിൽക്കണമെന്ന് പറഞ്ഞിട്ടില്ല എന്ന വാദവുമായി സീറ്റിൽത്തന്നെ അടയിരിക്കുന്നവർ എഴുന്നേറ്റുനിന്നു ആദരിക്കുന്ന മഹാഭൂരിപക്ഷ സമൂഹത്തെ മാനിക്കാതെയും സമൂഹത്തോടുള്ള കർത്തവ്യത്തെ നിർവ്വഹിക്കാതെയുമാണ് അങ്ങിനെ ചെയ്യുന്നത്. കേവലം അന്പത്തിരണ്ടു സെക്കന്റുകൾ പൊങ്ങാത്ത കാലുകൾ പിന്നീട് ചലിക്കുന്നത് ദേശത്തിന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്ന വൈറസ്സുകളാവാൻ വേണ്ടി മാത്രമാണ്. നാടിന്റെ ചോരയൂറ്റുന്ന ഇത്തിൾക്കണ്ണികൾ തന്നെയാണവർ. അച്ഛനമ്മമാരെ മാനിക്കണമെന്നത് നമ്മിലെ മനുഷ്യനോട് ആരെങ്കിലും നിയമപരമായി ആവശ്യപ്പെടേണ്ടതുണ്ടോ? അനുസരിക്കുന്ന സമൂഹം മാത്രമേ സ്വാതന്ത്ര്യത്തിന്റെ നിർവൃതിയറിയൂ എന്ന സത്യം ഇവർ എന്തുകൊണ്ട് അറിയുന്നില്ല? ജീവിതത്തിന്റെ ഉർവ്വരതകളെ ഇങ്ങനെ ഒന്നൊന്നായി ഉന്മൂലനം ചെയ്യുന്നവർ ഇത് എവിടേക്കാണ് കൊണ്ടുപോകുന്നത്? അങ്ങിനെ ചെയ്യുന്നവരും അവർക്കു വേണ്ടി വാദിക്കുന്നവരും മനുഷ്യനിൽ നിന്നും അവന്റെ സംസ്ക്കാരത്തിന്റെ ഓരോരോ ദളങ്ങളായി അടർത്തിമാറ്റി ഒടുവിൽ മുള്ളുകൾ മാത്രമായി നമ്മിലോരോരുത്തരെയും മാറ്റാനായി പണിയെടുക്കുന്നവരാണ്. എന്നാൽ അത് മനസ്സിലാക്കാനുള്ള ഔചിത്യം, മരീചിക മാത്രമായ ഏതോ ബൗദ്ധികതയെ സ്വപ്നം കണ്ടു നടക്കുന്നതിനാൽ നഷ്ടപ്പെട്ടുപോയവരുമാണവർ.