വി­ശ്വാ­സഭഞ്ജകരെ­ ഇതി­ലെ­ ഇതി­ലെ­


മനുഷ്യനും അവന്റെ വിശ്വാസങ്ങളും പരസ്പ്പരം ഇഴ പിരിഞ്ഞിരിക്കുന്നു. ശരീരവും മനസ്സും വിശ്വാസങ്ങളും ചിന്തകളും ചേർന്ന ഒരു ആകെത്തുകയാണ് മനുഷ്യൻ. വിശ്വാസങ്ങളും രൂഢവിശ്വാസങ്ങളും അവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇവക്കെല്ലാം ഉപരിയായുള്ള യുക്തിചിന്തയും ഒത്തുചേരുന്നു ഒരു മനുഷ്യജീവനിൽ. ലോകത്തെ പ്രശ്നകലുഷിതമാക്കുന്നതും പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതും ഇവയുടെ ഏറിയും കുറഞ്ഞുമുള്ള സങ്കലനങ്ങളാണ്. ജീവിതം പച്ചപിടിപ്പിക്കുന്നതും ജീവിതത്തെ അതിദുർഘടമാക്കുന്നതും ഇതൊക്കെത്തന്നെ. ഈ ചിന്തകൾക്കും വിശ്വാസങ്ങൾക്കും അതീതമോ ഉപരിയോ ആയി വർത്തിക്കുന്ന ചിരന്തനമായ സത്യങ്ങൾ മനസ്സിലാക്കിയ ജന്മങ്ങൾ ഏറ്റവും വിരളമായെങ്കിലും ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നു. എന്നാൽ അവരേയോ അവരുടെ ചിന്തയേയോ മനസ്സിലാക്കുവാനുള്ള മനോവൈപുൽയം പുലർത്താൻ വീണ്ടും മഹാഭൂരിപക്ഷത്തിന് അവരുടെ വിശ്വാസങ്ങളും ചിന്തകളും തടസ്സമായി നിന്നു. അതുകൊണ്ടു ജീവിതം എന്നത് വിശ്വാസങ്ങളുടെയും അനുബന്ധ ചിന്തകളുടെയും യുക്തിബോധത്തിന്റെയും അനുഭവമാണ് എന്ന് ചുരുക്കിപ്പറയാം. അസ്വീകാർയമായ മാർഗങ്ങളിലൂടെ സ്വത്തു സന്പാദിക്കുന്നവൻ അത് ചെയ്യുന്നത് തനിക്കു അതുകൊണ്ടു ആഗ്രഹിക്കുന്നപോലെ നല്ലൊരു ജീവിതം സൃഷ്ടിക്കുവാനാവും എന്ന ഒരു വിശ്വാസത്തിലാണ്. സന്പാദിച്ച സ്വത്ത്, അതുവച്ച് ആസ്വദിക്കുന്ന ജീവിതം എന്നിവയിൽ മാത്രം കുടുങ്ങിയിരിക്കുന്ന അയാളുടെ വിശ്വാസമാണ് അത് ചെയ്യിക്കുന്നത്. ആ വിശ്വാസം നശിക്കുവാനുള്ള സാഹചർയം അയാളുടെ യുക്തിമണ്ധലത്തിൽ ഉണ്ട് എങ്കിലും വിശ്വാസം ആധിപത്യം സ്ഥാപിച്ച ജീവിതത്തിൽ യുക്തി കുംഭകർണനെപ്പോലെ ഉറങ്ങിക്കൊണ്ടേ ഇരിക്കുന്നു.

ദൈവത്തിന്റെ കാര്യത്തിലും ഈ വിശ്വാസത്തിന്റെ തലങ്ങൾ മിക്കപ്പോഴും ഇത് തന്നെയാണ്. യുക്തിയുടെ മനനത്തിന് അതീതമായ ചിലയിടങ്ങളിൽ വിശ്വാസം മാത്രമാണ് മനുഷ്യനെ നയിക്കുന്നത് എന്ന സത്യം ഇവിടെ പ്രസക്തവുമാണ്. അത് മനോദൗർബൽയത്തെയല്ലേ കാണിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് വിശ്വാസത്തിന്റെ ദൈവീകമായ തലത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് ഏതൊക്കെ അതീത മണ്ധലത്തിലൂടെയാണ് ചരിക്കുന്നത് എന്നത് സംബന്ധിച്ച വിപുലമായ ധാരണയുടെ അഭാവം നിമിത്തമാണ്. നിരന്തരമായ ഗവേഷണ നിരീക്ഷണങ്ങളെപ്പോലും ഇന്നും ശൈശവ ദിശയിൽ മാത്രം നിലനിർത്തുന്ന പ്രപഞ്ചോൽപ്പത്തി മുതൽ അതിന്റെ ഇന്നത്തെ സ്ഥിതിവരെയുള്ള എക്കാലവും അതിനിഗൂഢമായ രഹസ്യങ്ങളിൽ തന്നെയാണ് ഐശ്വരികമായ സങ്കൽപം വേരുകൾ ആഴ്ത്തിനിൽക്കുന്നത്. ആദിപ്രപഞ്ച സൃഷ്ടിക്കും മുൻപ് നിലനിന്നെന്നു കരുതുന്ന സമയരഹിതമായ ശൂന്യതയെപ്പോലും ഉൾക്കൊള്ളാൻ നമ്മുടെ ബുദ്ധി പാകമല്ല. അപ്പോൾ അതേ ശൂന്യതയിൽ നിന്നും സംഭവിച്ച സൃഷ്ടിയും അതിന്റെ മഹാവൈപുൽയവും ഏതു തീരുമാനപ്രകാരം എന്തുകൊണ്ട് സംഭവിച്ചു? ഈ വിഷയം മനുഷ്യരാശിയുടെ ബൗദ്ധിക മനനത്തിന്റെ സീമകളെ അതിലംഘിക്കുന്ന ഒന്നായതിനാൽ അത് ദൈവത്തിനു വിടുക മാത്രമാണ് ചരിത്രതീതകാലം മുതൽ ചരിത്രകാലത്തിലൂടെ ആധുനികതയിലേക്കു വളർന്ന മനുഷ്യന്റെ എപ്പോഴത്തെയും നിസ്സഹായത. എന്നാൽ ഇത് സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾക്കുള്ള സങ്കീർണ ദുർഘടതകളുടെ സമഗ്രത ഉൾക്കൊള്ളാത്തവർ യുക്തിയുടെ പെരുക്കപ്പട്ടിക ഉപയോഗിച്ച് കണക്കൊപ്പിക്കാൻ ശ്രമിക്കുന്പോൾ അത് ശരിയായ ഫലത്തിലേക്ക് ഒരിക്കലും എത്തുന്നില്ല.

ഇത് നിത്യജീവിത വിശ്വാസങ്ങളുടെ തലത്തിൽ എത്തുന്പോൾ പലപ്പോഴും കാലഘട്ടങ്ങൾക്കനുസരിച്ചു വെട്ടിത്തിരുത്തൽ വരുത്തുവാനാവാത്ത അനുഷ്ടാനപരമായ വിശ്വാസങ്ങളും അല്ലാതെ കാലോചിതമായ മാറ്റത്തിന് വിധേയമാവേണ്ടവയും എന്നിങ്ങനെ വേറിട്ട് കാണുന്നത് ഭക്തിയെയും യുക്തിയെയും വേണ്ട അളവിൽ പ്രയോജനപ്പെടുത്തുന്നതായി കാണേണ്ടതുണ്ട്. ഇന്ന് നമ്മുടെ നാട്ടിൽ നടമാടുന്ന ചിലത് ഭക്തിയുമായോ അതിന്റെ യുക്തിയുമായോ ബന്ധപ്പെടാത്തവർ അവരുടെ വിശ്വാസങ്ങൾ ഭൂരിപക്ഷത്തിന്റെ തലയിൽ വച്ചുകെട്ടാൻ നടത്തുന്ന പൊറാട്ടുനാടകങ്ങൾ മാത്രമായേ കാണാൻ കഴിയൂ. അവയുടെ യഥാർഥ ലക്ഷ്യം തന്നെ നിഗൂഢതയിൽ ആവൃതമാണ്. അതുകൊണ്ടുതന്നെ ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് തികച്ചും ദുരുപദിഷ്ടവും ആത്മാർഥത തൊട്ടുതീണ്ടിയിട്ടില്ലാത്തതുമായ ഒരു ശ്രമമാണ്. എന്നാൽ മാറിയ കാലത്തിനു അനുസൃതമായി ചിന്തിക്കാതെ ഏതോ കാലത്തു നടപ്പാക്കിയ മാമൂലുകളെ മാത്രം മുന്നിൽക്കണ്ട് യുക്തിപൂർണമായ അപഗ്രഥനത്തിന്റെ പിൻബലമില്ലാതെ ആചാരവും ഭക്തിയുമായി കൂട്ടിക്കലർത്തുന്പോൾ അത് ചോദ്യം ചെയ്യലിന് വിധേയമാകുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാർ ഇട്ടുള്ള പ്രവേശനത്തെ ഇത്തരത്തിൽ കാണാവുന്നതാണ്. മാന്യമായ ഈ വസ്ത്രധാരണ രീതി എവിടെയും സ്വീകരിക്കുവാൻ അനുവദിക്കതക്കവിധം യുക്തിബോധം നമ്മുടെ വിശ്വാസങ്ങളിൽ കലരേണ്ടതുണ്ട്.

വിശ്വാസങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു സ്ത്രീയും ഏതു കോടതി അനുവദിച്ചാലും അനുഷ്ടാനപരമായി വിലക്കപ്പെട്ട സമയത്തു അവിടെപ്പോകാൻ തയ്യാറായി നിൽക്കുന്നത് എന്റെ അറിവിൽ പെട്ടിട്ടില്ല. അതിന് സ്വരുക്കൂട്ടി നിൽക്കുന്നവർ വിശ്വാസത്തെ ഹൃദയത്തിനു പുറത്ത് അന്യമായി കണ്ടുകൊണ്ട് അവരുടെ വിശ്വാസത്തിന് അനുസൃതമായി അതിനെ ചോദ്യം ചെയ്യാൻവേണ്ടി വന്നവർ മാത്രമാണ്. അച്ഛസ്ഫടിക ശുദ്ധമായ തടാകത്തിൽ പ്രകൃതി പ്രതിബിംബിക്കുന്പോൾ അതിൽ കല്ലുകൾ വലിച്ചെറിഞ്ഞു ആ സൗന്ദർയത്തെ ഉടയ്ക്കുവാൻ ശ്രമിക്കുന്നവർ.

You might also like

Most Viewed