നി­റസങ്കൽപ്പങ്ങൾ­ക്ക് നി­റം കെ­ടു­ത്തു­ന്നവർ


അമ്പിളിക്കുട്ടൻ

സാമൂഹിക മാധ്യമങ്ങളിൽ ആളെക്കൊന്നു രസിക്കുന്നവർ അവരുടെ പ്രവർത്തനം നിർത്തുന്നില്ല. മുൻപ് പലവട്ടം അവർ വിശ്രുത നടനായ ജഗതി ശ്രീകുമാറിനെ ഇത്തരത്തിൽ കൊന്നതാണ്. കഴിഞ്ഞയാഴ്ച ഒരിക്കൽക്കൂടി അദ്ദേഹത്തിന്റെ മരണവാർത്ത അവർ ഫോട്ടോ സഹിതം പരത്തി. ഞാൻ അപ്പോൾ ആലോചിച്ചത് ഇത് ആദ്യമായി ഉണ്ടാക്കി വിടുന്നവന്റെ മനോഭാവമാണ്. ചെയ്യുന്നതിലെ അന്യായവും അസത്യവും അയാളുടെ ചിന്തയിൽ വരുന്നേയില്ല, അതിൽനിന്നും അനുഭവിക്കുന്ന ഗൂഢമായ ആനന്ദം, അതിനു വേണ്ടിയാണ് അയാൾ അത് ചെയ്യുന്നത്. മാനസിക വൈകല്യങ്ങൾ മനുഷ്യനെ എത്രകണ്ട് അധമനാക്കാം എന്നതിന് നമ്മുടെ സമൂഹത്തിൽ പലതരത്തിലുമുള്ള ഉദാഹരണങ്ങൾ ഉണ്ട്. അവയെല്ലാം ഏതെങ്കിലും തരത്തിൽ നാം അധിവസിക്കുന്ന സമൂഹത്തെ ദുഷിപ്പിക്കുന്നുമുണ്ട്. ഓരോ വ്യക്തിയും അവനവന്റെ സുഖവും സൗകര്യവും മാത്രം പരിഗണിക്കുകയും മറ്റാരുടെയും ജീവിതം പരിഗണാനാവിഷയം അല്ലാതിരിക്കുകയും ചെയ്യുന്പോൾ ആ സമൂഹം ദുഷിക്കുന്നു. വിശ്വാസ പ്രമാണങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. ഞാൻ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നുറച്ചു വിശ്വസിക്കുകയും അതിന്റെ പേരിൽ വ്യക്തി ബന്ധങ്ങളേപ്പോലും ഉലക്കുകയും ചെയ്യുന്നു മനുഷ്യൻ.

നാമൊക്കെ ജനാധിപത്യം എന്ന് പറഞ്ഞു ആദരിക്കുന്ന ഒരു ഭരണക്രമമുണ്ടല്ലോ. അതിന്റെ ആധാരശിലകൾ എന്താണ്? ഒരു ഭരണപക്ഷമുണ്ടായിരിക്കുക, പ്രതിപക്ഷമുണ്ടായിരിക്കുക എന്നതല്ലേ? ഇതിലേതെങ്കിലും ഒന്ന് മാത്രമാണെങ്കിൽ ജനാധിപത്യ വ്യവസ്ഥിതി നടപ്പാക്കുമോ? ഒന്നിനെയും ഭയക്കാതെ ഭരിക്കുന്ന ഏകാധിപത്യ വ്യവസ്ഥിതി മാത്രമാണത്. അപ്പോൾ ബഹുസ്വരത ഒരു ജൈവമായ സംസ്ക്കാരത്തിന് ഒഴിച്ചുകൂടാനാവില്ല. പിന്നെ എന്തിനാണ് വിരുദ്ധാഭിപ്രായങ്ങളെ വ്യക്തിബന്ധങ്ങളെ ബാധിക്കുന്ന തരത്തിൽ കണക്കിലെടുക്കുന്നത് ? ഒരു നാടിന് എത്രകണ്ട് സ്വത്തുണ്ടോ അത്രകണ്ട് അവിടുത്തെ ജനങ്ങൾക്ക് അത് അവരുടെ ജീവിതത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തേണ്ടതാണ്. ഏതെങ്കിലും ചിലരുടെ വ്യക്തിപരമായ വഴിയേ ഒഴുകാനുള്ളതല്ല അത്. ഒഴുകുന്ന പുഴയിൽ സ്വാഭാവികമായും ആഴം കൂടിയ ഇടങ്ങളിൽ ജലശേഖരം കൂടുതൽ ഉണ്ടാവും, അത് സ്വാഭാവികമാണ്. പക്ഷെ ഒഴുക്കിന്റെ ഗതി കൃത്രിമമായി മാറ്റിയാൽ അത് നനക്കേണ്ട ഇടങ്ങളെ നനക്കാതാകും. ഒരു പക്ഷം തടയണ കെട്ടി ആ ഒഴുക്കിനെ മാറ്റിവിടുന്നതാണ് നല്ലതെന്നു വാദിച്ചു അങ്ങിനെ ചെയ്യുന്പോൾ അതിന്റെ സ്വാഭാവികമായ ഒഴുക്കിലൂടെ നനക്കപ്പെടേണ്ട ഇടങ്ങൾക്കു വേണ്ടി വാദിക്കാൻ മറുപക്ഷമില്ലെങ്കിൽ അവിടെ അന്യായം നടക്കും. ഇത് മനുഷ്യജീവിതത്തോട് ഉപമിച്ചാൽ അത് മനുഷ്യാവകാശ ധ്വംസനങ്ങൾക്കു വഴിതെളിക്കും. അതുകൊണ്ടു വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിനുള്ള അവശ്യ ഘടകമാണ്. അത് ആരോഗ്യകരമായ അനുപാതത്തിൽ നിലനിർത്താനുള്ള ഔചിത്യം പുലർത്തുന്ന ഒരു ജനതയുണ്ടാവണമെന്നു മാത്രം. അതല്ലാത്തവർക്കു ജനാധിപത്യ ക്രമം പറഞ്ഞിട്ടില്ല.

എന്നാൽ നമ്മുടെ നാട്ടിൽ ഈ ബഹുസ്വരതയും അതിലൂടെയുള്ള അഭിപ്രായ സ്വാതന്ത്ര്യവും ഇന്ന് ദുരുപയോഗത്തിന്റെ വഴികളിലൂടെ നീങ്ങുകയാണ്. പരസ്പ്പരം തേജോവധം ചെയ്യാനും യുക്തിപൂർവമായ അപഗ്രഥനത്തിന്റെ പിൻബലമില്ലാത്ത മുൻനിശ്ചയ പ്രകാരമുള്ള ശത്രുതയോടെയും തെറ്റായ വിലയിരുത്തലുകളിലേക്കും വളഞ്ഞിട്ടുള്ള ആക്രമണങ്ങളിലേക്കും വിരുദ്ധാഭിപ്രായങ്ങളോട് സഹിഷ്ണുത ഇല്ലായ്മയിലേക്കും മറ്റും വഴിമാറിയിരിക്കുകയാണ്. ഈയൊരു മനോഭാവവും ജനാധിപത്യവും പരസ്പ്പരം ഒത്തു പോവുന്നവയല്ല. ഈ വ്യവസ്ഥിതിക്കു ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പുഴുക്കുത്തും ഈ മനോഭാവമാണ്. ജനാധിപത്യക്രമം ഏറ്റവും പക്വതയുള്ള, സാഹചര്യങ്ങളെ സമചിത്തതയോട വിലയിരുത്തി ഉത്തരവാദിത്തത്തോടെ പെരുമാറുന്ന ജനതയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ഭരണക്രമമാണ്.നമ്മൾ അങ്ങിനെയല്ല എന്ന് പരസ്പ്പരം ബോധ്യപ്പെടുത്തുന്ന ജോലി ഫലപ്രദമായി ചെയ്തു കൊണ്ടിരിക്കുന്ന നമുക്ക് എത്രമാത്രം അതിനോട് നീതി പുലർത്താൻ ആവും?

ഇത് മാത്രമല്ല തുല്യത, പ്രാതിനിധ്യം, സ്വാതന്ത്ര്യം, നീതിന്യായം എന്നിവ വ്യത്യാസമില്ലാതെ, പക്ഷഭേദമില്ലാതെ നടപ്പാക്കുന്ന ഈ വ്യവസ്ഥിതിയിൽ ഓരോ ശബ്ദത്തിനും വിലയുണ്ട്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവാത്ത രീതിയിൽ എല്ലാ ജനങ്ങളെയും ഒരുപോലെ സംരക്ഷിക്കുന്ന പരസ്പ്പര ഉത്തരവാദിത്തത്തിനു പരമപ്രാധാന്യം നൽകുന്ന ഒരു റിപ്പബ്ലിക് ആണ് ഭാരതം. അതിന്റെ ആധാരശില ഒരു ഭരണ സംഹിതയാണ്. രാജ്യത്തെ ജനതയാകെ അതിന്റെ സംരക്ഷണത്തിലാണ്. ഭരണപരമായി ഒരു റിപ്പബ്ലിക് ആയ രാഷ്ട്രത്തെ ഒരു ജനാധിപത്യ റിപ്പബ്ലിക് ആക്കുവാൻ കാഴ്ചപ്പാടുകളെ ആരോഗ്യകരമായി പരസ്പ്പരം തിരുത്തുന്ന ഒരു കൂട്ടുത്തരവാദിത്തം ഒഴിച്ചുകൂടാനാവാത്തതാണ്.അതാണ് ജനങ്ങളുടെ ജീവിതനിലവാരത്തെ ആത്യന്തികമായി നവീകരിക്കുന്നത്. ഈ സത്യം അവഗണിച്ചുകൊണ്ട് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ രാഷ്ട്രീയവും, സാമൂഹ്യവും സാമുദായികവുമായി ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ അത് വ്യവസ്ഥിതിയെ ദുഷിപ്പിക്കുകതന്നെ ചെയ്യും.

കൃത്രിമവും ആസൂത്രിതവുമായ ശ്രമങ്ങളാൽ നല്ലതിനെയും അല്ലാത്തതിനെയും തിരിച്ചറിയാനുള്ള ജനങ്ങളുടെ കഴിവിനെ മരവിപ്പിച്ചു കളയാനുള്ള കുൽസിതയജ്ഞം ഈ പ്രക്രിയയെത്തന്നെ അപഹാസ്യമാക്കുന്നു. ജനാധിപത്യ റിപ്പബ്ലിക് എന്ന സങ്കൽപ്പത്തെ തമാശയാക്കുന്നു ഇത്തരം മനോഭാവങ്ങൾ.

You might also like

Most Viewed