അന്തഃശക്തി­യാം ജ്യോ­തി­സ്സ്


അമ്പിളികുട്ടൻ 

നസ്സിന് ഒരു കാന്തികശക്തി ഉണ്ടെന്ന് ഉറപ്പോടെ വിശ്വസിക്കുന്നവർ ഉണ്ട്. ദാർശനികമായ ഉൾക്കാഴ്ചയുള്ളവർ പലപ്പോഴായി ഈ സത്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, മാത്രവുമല്ല ഈ ലോകത്ത് ധാരാളം ഉദാഹരണങ്ങളും ഇതിനുണ്ട്. യഥാർത്ഥത്തിൽ മനസ്സിന്റെ കാന്തികശക്തി സ്ഥിതി സാഹചര്യങ്ങളെ ആഗ്രഹിക്കുന്ന രീതിയിൽ രൂപീകരിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിൽ അന്ധമായ വിശ്വാസമൊന്നും കുടികൊള്ളുന്നില്ല. എന്നാൽ അചഞ്ചലമായ ആത്മവിശ്വാസം കുടികൊള്ളുന്നുണ്ട് താനും. ആ വിശ്വാസം ചിലപ്പോൾ അവനവനിൽ തന്നെ ഉള്ളതാവാം അല്ലെങ്കിൽ ദൈവത്തിൽ ഉള്ളതാവാം അതുമല്ലെങ്കിൽ തകർക്കാനാവാത്തതും ലക്ഷ്യഭംഗം സംഭവിക്കാത്തതുമായ സ്ഥിരോത്സാഹത്തെ ആസ്പ്പദമാക്കിയുള്ളതാവാം. നാം പ്രാഥമികമായി ലക്ഷ്യമിടുന്നത് സാക്ഷാത്ക്കരിക്കാൻ അതിനു വേണ്ടി ഉപയോഗിക്കുന്ന മാനസികോർജ്ജത്തിന്റെ അളവ് പരമപ്രധാനമെന്നത് ഏവരുമറിയുന്ന സത്യമാണ്. എന്നാൽ അതിനുള്ള കേന്ദ്രീകരണശക്തിയെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ലക്ഷ്യത്തിന്റെ അടുത്തൊന്നും അതിനു എത്താനായെന്നു വരില്ല. എല്ലാവർക്കും മാനസികമായ ഊർജത്തിന്റെ നിക്ഷേപമുണ്ട്. എന്നാൽ ഉപയോഗിക്കാൻ പലപ്പോഴും സാധിക്കാറില്ല. അതിനെ ലക്ഷ്യത്തിലേയ്ക്കു കേന്ദ്രീകരിക്കുന്നതാണ് തപസ് എന്ന് പുരാണങ്ങൾ പറയുന്നത്. തപസ് എന്നത് ഏതെങ്കിലും മരച്ചുവട്ടിൽ കണ്ണുമടച്ച് ഒന്നും മിണ്ടാതെ ശാരീരിക ബോധമില്ലാതെ കാലങ്ങളോളം ഇരിക്കുന്നത് മാത്രമാണെന്ന് ധരിക്കേണ്ടതില്ല. ഉന്നതമായ ദാർശനിക സത്യങ്ങളെ ഉള്ളിൽ നിന്നുതന്നെ സാക്ഷാത്ക്കരിക്കാൻ അത്തരത്തിലുള്ള തപസ്സ് ആവശ്യമായി വന്നേക്കാം. എന്നാൽ ഭൗതിക ജീവിതത്തിലും ലക്ഷ്യത്തെ ജീവിതത്തിനു സ്വന്തമാക്കി തരുന്നത് മാനസികവും ബൗദ്ധികവുമായ ഊർജ്ജത്തിന്റെ കേന്ദ്രീകരണശക്തി തന്നെയാണ്.

ശാസ്ത്രലോകത്ത് ഈ സത്യം മനസ്സിലാക്കിയവർ ധാരാളമുണ്ട് ഐൻൈസ്റ്റയ്‌നും എഡിസണും മുതൽ സ്റ്റീഫൻ ഹോക്കിങ്ങ് വരെയുള്ളവർ ഇത് മനസ്സിലാക്കുകയും ജീവിതത്തിൽ ഉപയോഗിക്കുകയും ചെയ്തവരാണ്. വിജയം നേടാനുള്ള ആത്മദാഹത്തെ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ലോകത്തു നേട്ടങ്ങൾ കൈവരിക്കുന്ന ശാസ്ത്രകാരന്മാർ എന്ന സത്യം മനസ്സിലാക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാവുകയില്ല. യഥാർത്ഥത്തിൽ ഇതിൽ സംഭവിക്കുന്നത് ഒരു കാര്യം സംഭവിക്കും എന്നുള്ള യാതൊരു സംശയത്തിനും ഇടയില്ലാത്ത വിശ്വാസത്തോടെ ആ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി നാം പ്രവർത്തിക്കുന്പോൾ നമ്മുടെ മനസ്സ് പുറത്തുവിടുന്ന ആവേഗങ്ങൾ കാന്തിക തരംഗങ്ങളായി ലോകഗതിയെ സ്വാഭാവികമായി നിയന്ത്രിക്കുന്നപ്രാപഞ്ചികമോ ഭൗമമോ ആയ കാന്തിക ക്ഷേത്രവുമായി പ്രതിപ്രവർത്തിച്ച് അവയുടെ ചലനാത്മകത നമുക്ക് അനുകൂലമാക്കി എടുക്കുന്ന ഒരു പ്രതിഭാസമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു പല ചിന്തകരും ശാസ്ത്രകാരന്മാരും. നേരത്തെ പറഞ്ഞ മാനസിക ഊർജ്ജം നിർമ്മാണാത്മകവും ഗുണപരവും ആണെങ്കിൽ മാത്രമേ അതിന് ഇത്തരത്തിലുള്ള സംവേദനത്തിനുള്ള ആവേഗം ലഭ്യമാവൂ എന്നത് നമ്മുടെ നീതിശാസ്ത്രത്തിലെ ഉപദേശത്തെ സാധൂകരിക്കുന്നു. നിർമ്മാണാത്മകമായ ചിന്തകൾ ഉൻമധ്യ(കോൺവെക്സ്)ലെൻസ് പോലെ കേന്ദ്രീകരിക്കുകയും നശീകരണാത്മകമായ ചിന്തകൾ നതമധ്യ (കോൺകേവ് )ലെൻസ് പോലെ വികേന്ദ്രീകരിക്കുകയും ചെയ്യുന്നു എന്ന് കരുതുന്പോൾ ഇത് വ്യക്തമാകുമല്ലോ. ഇതിൽ ശാസ്ത്രവും വിശ്വാസവും തമ്മിൽ വേർതിരിക്കുന്ന അതിര് വളരെ ദുർബലമായി തോന്നാം. പക്ഷെ കണ്ണ് തുറന്നു കാണുന്പോൾ നമ്മുടെ ചുറ്റുവട്ടത്തു തന്നെ നേരത്തെ പറഞ്ഞ തപസ്സിന്റെ ഭാഗമായി ജീവിതം ചിട്ടപ്പെടുത്തിയ ധാരാളം വ്യക്തിത്വങ്ങളെ കാണാം.

എന്നെ ഇത്തരം ചിന്തകളിലേയ്ക്ക് നയിച്ചതുതന്നെ കഴിഞ്ഞ ദിവസം കേൾക്കുവാനിടയായ പ്രിയ ദാസേട്ടന്റെ സംഗീതമഴയായിരുന്നു. ശൈത്യകാലം പിടിമുറുക്കിയ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് നാല്പതും അൻപതും കൊല്ലങ്ങൾക്കു മുൻപ് പാടിയ ഗാനങ്ങൾ അദ്ദേഹം വീണ്ടും ആലപിക്കുന്പോൾ ആ അനുഗ്രഹീതമായ കണ്ഠം അൽപ്പവുമിടറാതെ മനസ്സിൽ ആഗ്രഹിക്കുന്നത് അതേ നിറവിന്റെ ചൈതന്യത്തോടെ പുറത്തു കൊണ്ടുവരാൻ സഹകരിക്കുന്നു എന്നത് കാണിക്കുന്നത് അദ്ദേഹം മനസ്സിന്റെ വിവിധ തലങ്ങളിൽ നിറച്ചു െവച്ചിരിക്കുന്ന മനസ്സിന്റെ  ഊർജ്ജ കേന്ദ്രീകരണത്തെയാണ്. അതാണ് അദ്ദേഹത്തിന്റെ ഉപാസന. അതുകൊണ്ടാണ് ആ കണ്ഠത്തിന് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് ഒരു ഭംഗവും വരുത്താൻ കാലത്തിനു കഴിയാത്തത്. ഇതുപോലെ ഭംഗം വരാത്ത നിശ്ചയദാർഢ്യം വ്യക്തികേന്ദ്രീകൃതമായി ഉണ്ടാകുന്നത് മിക്കപ്പോഴും നിർമാണാത്മകമായ ഒരു ജീവിത തപസ്സിന്റെ ഭാഗമാവാനാണ് സാധ്യത. ഇത് ഏറിയും കുറഞ്ഞും പല ജീവിതങ്ങളിലും കുടികൊള്ളുന്നു. അതുകൊണ്ടുതന്നെ ജീവിതവിജയത്തിന്റെയും സ്വപ്നസാക്ഷാത്ക്കാരത്തിന്റെയും തോതും ഏറിയും കുറഞ്ഞും ഇരിക്കുന്നു. വ്യക്തിപരമായ സ്വപ്നം കാണൽ ഏവർക്കും സാധിക്കും. എന്നാൽ കാണുന്ന സ്വപ്നം അവനവന്റെ വ്യക്തിത്വവുമായി ഉൾച്ചേർന്ന ഒരു അഭിനിവേശമാവുന്പോൾ അതിന് മനസ്സിന്റെ സാക്ഷാത്ക്കരിക്കാനുള്ള ജീവച്ഛക്തിയെ ഉണർത്തുന്ന ചൈതന്യമുണ്ടാവും. മഹാന്മാരും ക്രാന്തദർശികളുമായിട്ടുള്ള ശാസ്ത്രജ്ഞരും ജനനേതാക്കളും ഈ മനോചൈതന്യത്തെ ഉണർത്തിയവരും നന്മയുടെ സ്വപ്‌നങ്ങൾ നിരന്തരമായി കണ്ട് അവയെ സാക്ഷാത്ക്കരിക്കാനായി തങ്ങളുടെ അന്തഃശക്തിയായ ജ്യോതിസ്സിനെ തെളിയിച്ചവരുമാണെന്ന സത്യം മറക്കാവുന്നതോ തിരസ്ക്കരിക്കാവുന്നതോ അല്ല.

You might also like

Most Viewed