ദൈ­വത്തെ­ തേ­ടു­ന്ന ശാ­സ്ത്രം


ഈ ലോകവും അതിലെ മനുഷ്യരും അവരുടെ ചിന്തകളും കിടമത്സരങ്ങളും സമസ്ത നന്മകളും അതിലേറെ തിന്മകളുമെല്ലാം ശാസ്ത്രത്തിന്റെ കണ്ണിൽ ഊർജ ദ്രവ്യ സംഘാതവും വിശകലനത്തിൽ ഒതുങ്ങാത്ത ജീവൻ എന്ന പ്രതിഭാസവും ചേർന്ന ഭിന്നഭാവങ്ങളാണ്. ഊർജത്തിൽ നിന്നാണ് ഇക്കാണായ പ്രപഞ്ചവും ജ്യോതിർഗോളങ്ങളും ഭൂമിയും നാമും അടക്കം എല്ലാം രൂപീകൃതമായത്. പ്രപഞ്ച രൂപീകരണ സമയത്ത് അത് കേവലം ഊർജസംഘാതം മാത്രമായിരുന്നു. ഈ പ്രാഗ് ഊർജത്തിന്റെ അപരിമേയമായ സാന്നിധ്യമാണ് പിന്നീട് ആദിപ്രപഞ്ചത്തിൽ അതിന്റെ പൂർണ്ണമായ അവസ്ഥാന്തരത്തിലൂടെ പദാർത്ഥങ്ങളുടെ രൂപീകരണത്തിൽ കലാശിച്ചത്. പദാർഥമെന്നാൽ പിണ്ധമുള്ളതും സ്ഥിതി ചെയ്യാൻ ഇടമാവശ്യമുള്ളതും എന്നാണർത്ഥം. പിണ്ധരഹിതമായ കണങ്ങൾ ചേർന്ന് പിണ്ധം ഉണ്ടാക്കുന്ന ഒരു വൈരുധ്യം ഇതിലുണ്ട്. കാരണം ഉപആണവ (സബറ്റോമിക്) കണങ്ങളായ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ, ക്വാർക്കുകൾ, ഫോട്ടോണുകൾ എന്നിവ ഫലത്തിൽ പിണ്ധമുള്ളവയല്ല. അവ ഊർജ്ജ സാന്നിധ്യം മാത്രമാണ്. പക്ഷെ അത് പിണ്ധത്തെയും അതുവഴി പദാർത്ഥത്തെയും ഉണ്ടാക്കിയ ഒരു വിചിത്ര പ്രതിഭാസം സംഭവിച്ചു.

ഇന്ന് ഈ തത്വം ഐൻൈസ്റ്റയിന്റെ സിദ്ധാന്തത്തിലൂടെ തിരികെ ദ്രവ്യത്തിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ആണവ സാങ്കേതികവിദ്യയായി ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ പദാർത്ഥവും ഊർജവും സൃഷ്ടിക്കാനും നശിപ്പിക്കാനുമാവില്ല. പദാർത്ഥത്തിനു ഘടനാപരമായ വ്യതിയാനം ഉണ്ടാകുകയാണ് സംഭവിക്കുന്നത്.അപ്പോളത് മറ്റൊരു സൂക്ഷ്മമായ നിലനിൽപ്പിലേക്കു മാറുന്നു. പദാർത്ഥത്തിനു ഖരം, ദ്രവം, വാതകം, പ്ലാസ്മ എന്നിങ്ങനെ നാല് വ്യത്യസ്തതകൾ ഉള്ളതായി നമുക്കറിയാം. എന്നാൽ ഊർജ്ജത്തിന് സ്ഥിതികോർജമായും (പൊട്ടൻഷ്യൽഎനർജി) പ്രവർത്തനോർജ്ജവുമായി (കൈനറ്റിക് എനർജി) രണ്ടുതരത്തിലുള്ള നിലനിൽപ്പാണുള്ളത്. ഊർജ്ജം, പദാർത്ഥം എന്നീ രണ്ടു പ്രാപഞ്ചിക ഘടകങ്ങളുടെയും പരസ്പ്പരപൂരകത്വം ഒരു പ്രഹേളികയാണ് ഇന്നും. ബിഗ്‌ബാങിന് മുൻപുള്ള അവസ്ഥയെപ്പറ്റി പഠിക്കുവാൻ ശാസ്ത്രജ്ഞർ ഔൽസുക്യം കാണിക്കുന്നതും ഈ ലക്ഷ്യം മുന്നിൽക്കണ്ടാണ്. അത് ബിഗ്‌ബാങ്ങിനു കാരണമായ ഊർജസാന്നിധ്യത്തെ കണ്ടെത്തുന്നതിൽ വരെ എത്തിയിട്ടുമുണ്ട്. ദൈവത്തെ കണ്ടെത്താനുള്ള ഒരു ഉദ്യമമായും ഇതിനെ വീക്ഷിക്കാവുന്നതല്ലേ?

യഥാർത്ഥത്തിൽ ഈ പ്രപഞ്ചവും അതിലെ ഓരോ പ്രതിഭാസങ്ങളും ഊർജ ദ്രവ്യ സംഘാതത്തിന്റെ സൂക്ഷ്മവും ബൃഹത്തുമായ രൂപങ്ങളാണ്. ആത്മാവിനെ സംബന്ധിച്ചുപോലും ഇത് സത്യമാണെന്ന് ഭാരതീയ ദാർശനികത വെളിപ്പെടുത്തുന്നു.അത് സ്ഥൂലമായ ശാരീരിക അവസ്ഥയിൽ നിന്നും സൂക്ഷ്മമായ അശരീരിയായി മാറുന്നതാണ് മരണമായി ഭൗതിക ജീവിതത്തിൽ അനുഭവപ്പെടുന്നതത്രെ! ഊർജത്തിന്റെ അവസ്ഥാന്തരങ്ങളായിക്കൂടെ ഇതും!

ആറ്റം സങ്കൽപ്പത്തിൽ ന്യൂട്രോണും പ്രോട്ടോണും ചേർന്ന ന്യൂക്ലിയസ്സിനെ ചുറ്റുന്ന അതിസൂക്ഷ്മ കണങ്ങളായാണല്ലോ ഇലക്ട്രോണുകൾ വിഭാവന ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് നമ്മുടെ സൗരയൂഥ ഘടനയും. സൂര്യനാകുന്ന ന്യൂക്ലിയസ്സിനെ ചുറ്റുന്ന ഇലക്ട്രോണുകളായ ഗ്രഹങ്ങൾ ഇതേ സങ്കൽപ്പത്തിന്റെ ബൃഹത് രൂപമല്ലേ? അതുപോലെ സൗരയൂധം തന്നെയും ഏതോ അജ്ഞാതമായ ഗാലക്സി കേന്ദ്രത്തെ ചുറ്റുന്നുണ്ട്. ഗാലക്സികളെല്ലാം ഏതോ പ്രപഞ്ച കേന്ദ്രത്തെ ചുറ്റുന്നു. പക്ഷെ ആ ചുറ്റലിൽ അവർ പരസ്പ്പരം അകന്നുപോയ്ക്കൊണ്ടേ ഇരിക്കുന്നു. ആ അകൽച്ച പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. പ്രപഞ്ച രൂപീകരണം നടന്ന സമയത്തു സംഭവിച്ച വികാസപ്രക്രിയയാണ് ഇന്നും നിർബാധം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വികാസശക്തിയോടൊപ്പം പ്രപഞ്ചത്തിലുള്ള ഏറ്റവും പ്രാഥമികവും ശക്തവുമായ രണ്ടാം സ്ഥാനക്കാരൻ ഗുരുത്വാകർഷണമാണ്. അത് പ്രാപഞ്ചിക വസ്തുക്കളെ പരസ്പ്പരം വലിച്ചടുപ്പിക്കുന്ന മഹാശക്തിയാണ്.അതിന്റെ കാന്തികശക്തി പ്രതിരോധിച്ചുകൊണ്ടാണ് മേൽപ്പറഞ്ഞ വികാസം സംഭവിക്കുന്നത്. ബിഗ്ബാങ് സ്‌ഫോടനത്തിനു ശേഷമുണ്ടായ ഈ അനിർവചനീയമായ മഹാ വികാസശക്തി എതിരായ കാന്തികശക്തിയെ ഭേദിച്ചുകൊണ്ട് ഈ വികാസത്തെ സംഭവിപ്പിക്കുകയാണ്. ഈ വികാസത്തിന്റെ തോത് കുറഞ്ഞാൽ കാന്തികശക്തി അതിനെ തോൽപ്പിച്ചു വീണ്ടും ഇതിനെ ചുരുക്കാൻ ആരംഭിക്കും. അത് എല്ലാ  പ്രപഞ്ചഘടകങ്ങളെയും വീണ്ടും വലിച്ചടുപ്പിക്കുകയും ചുരുക്കി ചുരുക്കി പഴയ ബിഗ്‌ബാങിന് മുൻപുള്ള അവസ്ഥയിൽ എത്തിക്കുകയും ചെയ്യും. ഇത് സംഭവിക്കാതെ അനുസ്യൂതമായി ഈ ഗാലക്സികൾ പരസ്പ്പരം അകന്നുപോകുന്ന പ്രതിഭാസം നടക്കുന്നത് എന്തുകൊണ്ടെന്ന അന്വേഷണമാണ് ഋണഊർജ്ജം എന്ന ഡാർക് എനർജിയുടെ സാന്നിദ്ധ്യം കാട്ടിത്തന്നത്. ഊർജം എന്ന് നാം വിളിക്കുന്ന അനുരോധ ഊർജ(പോസിറ്റിവ് എനർജി )രൂപീകരണത്തോടൊപ്പം പ്രപഞ്ചത്തിൽ വിരോധ ഊർജവും (നെഗറ്റിവ് എനർജി) ഉണ്ടായിരുന്നു. നാം മനസ്സിലാക്കിയ ശാസ്ത്ര തത്വങ്ങളനുസരിച്ചു ഗുരുത്വാകർഷണം തിരിച്ചു ചുരുക്കിയെടുക്കേണ്ട ഈ പ്രപഞ്ചത്തെ അതിനു പകരം കൂടുതൽ ശക്തിയോടെ വികസിപ്പിക്കുന്ന ശക്തി ഡാർക്ക് എനർജിയാണ്. അറിഞ്ഞതിൽ കൂടുതൽ അറിയാനായി ഇന്നുമവശേഷിപ്പിക്കുന്ന ഇത് തന്നെയാണ് എല്ലാം തിരികെ ആദിയിലേയ്ക്കു വരാതെ തടയുന്ന ശക്തി. ഇനി ഇതുതന്നെയാവുമോ ആത്മീയാന്വേഷികൾ എന്നും അന്വേഷിക്കുന്ന ദൈവം?

You might also like

Most Viewed