ഓർമ്മചിത്രങ്ങൾ ജീർണ്ണിക്കാതിരിക്കട്ടെ
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കരാള ഹസ്തങ്ങൾ മഹാഗായകനായ മുഹമ്മദ് റാഫി സാഹിബിനു നേരെയും! പ്രശസ്ത ബോളിവുഡ്ഡ് സംവിധായകൻ കരൺ ജോഹറിന്റെ ‘യെ ദിൽ ഹേ മുഷ്‌കിൽ’ എന്ന ചിത്രത്തിൽ യശ്ശശരീരനായ റാഫിസാബിനെപ്പറ്റി അപമാനകരമായ പരാമർശം നടത്തിയത് അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും ഏറെ വിഷമിപ്പിച്ചിരിക്കുന്നു. ഈ സിനിമക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു അദ്ദേഹത്തിന്റെ പുത്രൻ ഷാഹിദ് റാഫി. അതിലെ നായകൻ റാഫിസാബിനെപ്പോലെ പാടുവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്പോൾ അദ്ദേഹം പാടുകയല്ലല്ലോ, കരയുകയല്ലേ എന്ന് നായിക ചോദിക്കുന്നുവത്രെ!! മഹാന്മാരായ വ്യക്തികളെപ്പറ്റി പരാമർശിക്കുന്പോൾ അൽപ്പം അവധാനത പുലർത്തണം എന്ന കാര്യം സംശയാതീതമാണ്. ആ സംഭാഷണമെഴുതിയ വ്യക്തിയുടെ മനസ്സിൽ എന്താണെന്നത് ഇവിടെ പ്രശ്നമല്ല, ഇത്തരം വാക് പ്രയോഗങ്ങൾ എല്ലാ മനസ്സിലും ഒരേ ആവേഗങ്ങൾ സൃഷ്ടിക്കുമെന്നു കരുതാനുമാവില്ല. ആർദ്രമായി വികാരങ്ങളെ ആവിഷ്ക്കരിച്ചു എന്നും മറ്റുമാണ് ഉദ്ദേശിച്ചതെന്ന് ന്യായീകരിക്കാൻ ശ്രമിച്ചാലും അത് വ്യക്തമാക്കുന്ന വാക്കുകളല്ല ഇവിടെ ഉപയോഗിക്കപ്പെട്ടത്. വാക്കുകളുടെ ശക്തിയെയും പരിമിതിയെയും ഒരുപോലെ തിരിച്ചറിയുന്ന വ്യക്തിയാവണം സംഭാഷണ രചയിതാവ്. അതില്ലെങ്കിൽ ആ പണിക്ക് പോകാതിരിക്കുകയാണ് നല്ലത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഏറെ ചർച്ച ചെയ്യപ്പെട്ടതും വിവാദങ്ങൾക്ക് ഇടയായതുമായതിനാൽ തേഞ്ഞു പോയ പ്രയോഗമാണ്. കാലാകാലങ്ങളിൽ ഇതിൽ ഉണ്ടാകുന്ന അമിതമായ വിശ്വാസം അതിന്റെ ദുരുപയോഗത്തിലേയ്ക്ക് വഴിതെളിക്കുന്നു. സ്വാതന്ത്ര്യം എന്ന സങ്കല്പ്പം പരിധി വിടുന്പോൾ ദുസ്വാതന്ത്ര്യവും പിന്നീട് അസ്വാതന്ത്ര്യവും ആയി മാറുന്നതുപോലെയാണ് ഇവിടെയും സംഭവിക്കുന്നത്. ഒരു വ്യക്തി തനിക്കുണ്ടെന്ന് അയാൾ കരുതുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എടുത്തങ്ങു ഉപയോഗിക്കാൻ തുടങ്ങുന്പോൾ അത് സ്വാഭാവികമായും മറ്റൊരു വ്യക്തിയുടെ ജീവിതത്തിൽ കയറിയിറങ്ങാൻ തുടങ്ങുന്നു. ഒരാളുടെ സ്വാതന്ത്ര്യം അമിതമാകുന്പോൾ അത് മറ്റൊരാളുടെ സ്വാതന്ത്ര്യം നിഷേധിക്കലാകുന്നതുപോലെ ഇവിടെയും അത് മിതത്വത്തിന്റെ പരിധി വിടുന്നു. ആത്മാവിഷ്ക്കാരമാണ്, തടഞ്ഞുകൂടാ എന്ന് വാദിക്കുന്ന പുരോഗമനവാദികളും സ്വാതന്ത്ര്യത്തിന്റെ അംബാസ്സഡർമാരും കൂടി രംഗം കൊഴുപ്പിക്കുന്നു. പുരോഗമനവാദികളും തികഞ്ഞ യാഥാസ്ഥികരും ഇതിൽ അവരുടെ നിലപാടുകളിൽ പുലർത്തുന്ന അന്ധത നിമിത്തം ഈ രണ്ടു കൂട്ടരേയും ഒരേ ത്രാസിൽ തൂക്കേണ്ടിവരുന്ന അവസ്ഥയാണ്, ആരാണ് കൂടുതൽ ദ്രോഹം സമൂഹത്തിനു ചെയ്യുന്നതെന്നറിയാൻ!
റാഫി സാഹബ് ഈ ലോകം വിട്ടകന്നിട്ട് മുപ്പത്താറു വർഷങ്ങളിലേറെയായി. അദ്ദേഹം ഇന്ത്യൻ ഹൃദയങ്ങൾക്ക് കാഴ്ചവെച്ച സംഗീതത്തിന്റെ ഭാവസാന്ദ്രത, പുരുഷശബ്ദത്തിന്റെ തികവ്, പ്രൗഢി എന്നിവ അദ്വിതീയമാണ്. അതിനെ ‘പാടുകയല്ല, കരയുകയാണ്’ എന്ന വാക്കുകളിൽ വിശേഷിപ്പിച്ചാൽ അത് തികഞ്ഞ അനീതിയും ധിക്കാരവുമായേ കാണുവാൻ കഴിയൂ. ഇതിനെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന പഞ്ചാരവാക്കിൽ പൊതിഞ്ഞു നീതീകരിക്കാൻ ശ്രമിക്കുന്നത് അതിലും വലിയ അനീതിയാണ്. ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കുകളാണ് സാമൂഹ്യമായ ജീർണത ഉണ്ടാക്കുന്ന ആദ്യ വൈറസ്. ബഹുമാനിക്കേണ്ടവരെ സ്വാതന്ത്ര്യത്തിന്റെയൊ രാഷ്ട്രീയത്തിന്റെയൊ പേരിൽ അങ്ങിനെ ചെയ്യാതിരിക്കുന്നത് അത് ചെയ്യുന്ന വ്യക്തിയുടെ അല്ലെങ്കിൽ പ്രസ്ഥാനത്തിന്റെ വിലയില്ലായ്മ അല്ലെങ്കിൽ നിലവാരമില്ലായ്മ മാത്രമാണ് വെളിപ്പെടുത്തുന്നത്.
ചരിത്രത്തിലേയ്ക്ക് നടന്നുപോയ വ്യക്തിത്വങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നാം മനുഷ്യരെന്നു അഭിമാനിക്കുന്നതിൽ അർത്ഥമില്ല. എന്തിനെയും ആരെയും എതിർക്കാം ധിക്കരിക്കാം ഏതു ബന്ധങ്ങളെയും പ്രതിഭാസങ്ങളെയും വ്യാഖ്യാനത്തിലൊതുക്കാം എന്ന ചിന്ത മനുഷ്യനെ അവനിൽ നിന്നും താഴ്ന്ന നിലയിലുള്ള ഒരു ജീവിയാക്കി അധപ്പതിപ്പിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നതായി ഭയപ്പെടേണ്ടിയിരിക്കുന്നു. നേഴ്‌സറി തലത്തിലുള്ള കുഞ്ഞുങ്ങൾക്ക് അച്ഛനെ അമ്മയുടെ ഭർത്താവെന്നും അമ്മയെ അച്ഛന്റെ ഭാര്യയെന്നും വ്യാഖ്യാനിച്ചു കൊടുത്തു പഠിപ്പിക്കണമെന്ന തോന്നൽ ഇതിന്റെയൊക്കെ ഭാഗമാണ്. ഇതും ആശയാവിഷ്ക്കാരത്തിന്റെ പരിധിയിലാണോ! അച്ഛൻ ‘അമ്മ എന്നീ പദങ്ങളുടെ വ്യാഖ്യാനങ്ങളിൽ ഒതുങ്ങുന്നതാണ് അച്ഛൻ,’ അമ്മ എന്ന വികാരം എന്ന് നാമാരും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഒരു കുഞ്ഞിനെ സംബന്ധിച്ച് അവന്റെ മനസ്സിലെ സുരക്ഷിതത്വത്തിന്റെ ഏറ്റവും ഉന്നതമായ പ്രതീകമാണ് മാതാപിതാക്കൾ. ആരുടെയെങ്കിലും ഭാര്യ, ഭർത്താവ് എന്ന നിലയിൽ ആ സ്ഥാനം ഒതുക്കുന്നത് ശൈശവ വിശുദ്ധിയോട് ചെയ്യുന്ന കൊടിയ അനീതിയാണ്.
ജ്ഞാനത്തിനു നാല് വഴികളാണുള്ളത്. ആദ്യത്തേത് ഗുരുവിൽ നിന്ന്, രണ്ടാമത് സ്വപ്രയത്നത്താൽ, മൂന്നാമത് ലക്ഷ്യബോധത്തോടെയുള്ള പരിശീലനത്താൽ, നാലാമത് കാലക്രമേണ. ഇത് നാലും ഒരേ സമയം വ്യക്തിയിൽ സംഭവിക്കുന്നു. പ്രകൃതിയുടെ പാഠങ്ങൾ കാലക്രമത്തിൽ പഠിപ്പിക്കപ്പെടുകതന്നെ ചെയ്യും. അതിനെ നാമായിട്ടു പഠിപ്പിച്ചു വികലമാക്കരുത്. മഹാന്മാരുടെ കാലഘട്ടം കഴിഞ്ഞുപോയാലും അവർ പരത്തിയ സുഗന്ധം നിലനിൽക്കണം. തലമുറകൾക്കു പ്രചോദനമായി, വഴികാട്ടിയായി. ആ ഓർമ്മചിത്രങ്ങളുടെ മേൽ കരിവാരിത്തേക്കരുത് ആരും, എന്തിന്റെ പേരിലായാലും...