ഒരു പിറന്നാളിന്റെ ആകുലതകൾ
കേരളം ഷഷ്ട്യബ്ദപൂർത്തിയിലേയ്ക്ക് കടക്കുന്നു. മലയാള സ്വത്വത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച ചർച്ചകൾ എല്ലായിടത്തും നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലൂടെ മാനവരാശിക്ക് സംഭവിച്ച സാങ്കേതികമായ വളർച്ച കേരളീയരായ നമ്മിൽനിന്ന് നഷ്ടപ്പെടുത്തിയത് എന്തെല്ലാം, നേടിത്തന്നത് എന്തെല്ലാം, അവ മാറ്റിമറിച്ച മലയാള ജീവിതത്തിന്റെ നേർചിത്രം നിറപ്പകിട്ടാർന്നതോ എന്നീ ചിന്തകളാണ് ഈ വേളയിൽ മനസ്സ് നിറക്കുന്നത്. ജീവിതക്കാഴ്ചകളിൽ നിന്ന് ഏറെ അകന്നുപോയ കാക്ക, അങ്ങാടിക്കുരുവി, ഉപ്പൻ തുടങ്ങി പലയിനം പക്ഷി ഇനങ്ങളെപ്പോലെ ചിലത് നമ്മുടെ മാനവിക അനുഭൂതിയുടെ ചക്രവാളങ്ങളെയും വിട്ടകന്നിട്ടുണ്ട്. അങ്ങിനെ ഒന്നല്ലേ കാവ്യഭാവന എന്ന് ഞാൻ ഭയപ്പെടുന്നു. അനുകൂലമല്ലാത്ത അന്തരീക്ഷത്തിൽ ഒരു പക്ഷിയും പാറില്ല, അത് മറ്റിടങ്ങളിലേയ്ക്ക് ചേക്കേറുകയോ അല്ലെങ്കിൽ വംശനാശത്തെ നേരിടുകയോ ചെയ്യുകയേയുള്ളു.ഭാവനയെ ബഹിഷ്‌ക്കരിക്കുന്ന സാങ്കേതികതയുടെ തികവാർന്ന വൈറസ് മനുഷ്യ മസ്തിഷ്ക്കത്തെ ഉദ്ദീപിപ്പിച്ചിരുന്ന കാവ്യഭാവനയുടെ കഴുത്തു ഞെരിച്ചിട്ടുണ്ടോ എന്ന ചിന്ത വളരെയേറെ പ്രസക്തമാണ്. നാളെയുടെ കവിഭാവനക്കു പറക്കാനുള്ള ചിദാകാശങ്ങളില്ല ഒരിടത്തും. എല്ലാവരും ഭൗതികതയുടെ മണ്ണിൽ നിൽപ്പാണ്. നനവിന്റെ ഗന്ധമില്ലാത്ത, പച്ചപ്പ് പുതക്കാത്ത, പൂക്കൾ വിരിയാത്ത മണ്ണ്. അവിടെ സിന്തറ്റിക് പച്ചയും പ്ലാസ്റ്റിക് ചെടികളും ധാരാളം. കാഴ്ചക്ക് അഴക്, വെള്ളവും വളവും കൊടുത്തു പുഷ്ടിപ്പെടുത്തേണ്ട. അയഥാർത്ഥമായതിനെ യാഥാർത്ഥ്യത്തെക്കാൾ ആത്മാംശമാക്കുന്ന പുത്തൻ ജീവിതങ്ങൾക്ക് അതുമതി. ബന്ധങ്ങളിലും പ്രേമത്തിലും പോലും പ്രായോഗികതയുടെ ഏടുകൾ മാത്രം തേടുന്നിടത്ത് എന്തിനു കവിതകൾ? ജലത്തിന്റെ ആർദ്രതയൊഴിഞ്ഞു ഊഷരമായ നിളയെപ്പോലെ കവിഭാവനയുടെ ഭൂമികകളും വരണ്ടുണങ്ങിക്കിടക്കുന്നു. അവിടെ വിവാദങ്ങളുടെ പടുമുളകൾ മുള്ളുകാട്ടി നിൽക്കുന്നു. എല്ലാം കാലത്തിന്റെ അനിവാര്യത.
മനസ്സിനെ തരളമാക്കുന്ന, സരളമാക്കുന്ന മാനവിക കാൽപ്പനിക ഭാവ സംവേദനങ്ങൾ കവിതയായി പരിണമിക്കാറുണ്ട്. കവിത പിറക്കുന്ന മനസ്സ് പ്രകൃതിയോട് ചേർന്ന് നിൽക്കണം. മണ്ണിന്റെയും മനസ്സിന്റെയും നനവറിയണം. സഹജാവബോധത്തിന്റെ സൗന്ദര്യമറിയണം. മനസ്സുകളുടെ സൂക്ഷ്മമായ സംവേദനത്വമറിയണം. അന്യനോടുള്ള അനുതാപം ഉള്ളിലറിയണം. നമ്മുടെ പൈതൃകം ലോഭമെന്യേ പകർന്നുതന്ന ഇത്തരത്തിലുള്ള ചിട്ടവട്ടങ്ങളിലേയ്ക്ക് നമ്മുടെ പുതുതലമുറ തിരിച്ചുവരണം എന്നെങ്ങിനെ പറയാനാവും? പുരോഗതിയുടെ ഗിരിശൃംഗങ്ങളിലാണവർ. ബുദ്ധിപരമായ പുരോഗതിയും മാനവികമായ അധോഗതിയും ചേർന്ന വിപരീതാനുപാതമാണ് മാനവരാശിയുടെ ഇന്നത്തെ അവസ്ഥ. ഈ തോതിൽ കവിതയും സാഹിത്യവും മനസ്സുകളിൽ നിന്ന് ബഹിഷ്‌കൃതമാകുന്പോൾ മനുഷ്യൻ ശരീരം മാത്രമായി മാറുന്ന പ്രക്രിയക്ക് തുടക്കമാകും.
ഇപ്പോഴും കാലഘട്ടങ്ങളും അവയുടെ പൊതുവായ നിലവാരവും മനോഭാവവും കവികളെയും കവിതയെയും സൃഷ്ടിക്കുന്നു. എലിസബത്തൻ കാലഘട്ടത്തിലും പിന്നീട് വന്ന വിക്റ്റോറിയൻ കാലഘട്ടത്തിലും ആംഗലേയ സാഹിത്യം ഭാവനയുടെ അതിവിശാല ചക്രവാളങ്ങൾ തേടിയത് ഇതിനു ഉദാഹരണമാണ്. അൽപ്പമെങ്കിലും സാംസ്ക്കാരിക ഭാഷാ ബോധമുള്ളവരിൽ ഒരു ഗീതകമെങ്കിലും എഴുതാത്തവർ അക്കാലത്ത് കുറവായിരുന്നു എന്നാണ് സാഹിത്യ ചരിത്രം പറയുന്നത്. അതുകൊണ്ടു തന്നെ അക്കാലത്തെ ഇംഗ്ലണ്ടിനെ പാടുന്ന പക്ഷികളുടെ കൂട് എന്ന് വിളിച്ചുവന്നു. കഴിഞ്ഞകാല കേരളീയ സംവേദനത്വം പാടുന്ന പക്ഷികളുടെ പറ്റത്തെതന്നെ സൃഷ്ടിച്ചതാണ്. അവർ പാറി നടന്ന കാൽപ്പനിക ചക്രവാളങ്ങൾ ഇന്ന് എവിടെപ്പോയി? അവർ പാടിയുണർത്തിയ കൈരളിക്കു ഇനി ഉണർത്തുപാട്ടില്ലാതെ പോകുന്നെങ്കിൽ അറുപതിന്റെ അവസ്ഥയിൽത്തന്നെ ഈ ഭാർഗ്ഗവക്ഷേത്രം രോഗശയ്യയിലാവും, ഭാഷ ഊർദ്ധൻ വലിക്കും. ഈ ആശങ്ക മറ്റുള്ളവരുമായി പങ്കുവെയ്ക്കേണ്ട വേളയാണ് ഈ കേരള പിറന്നാൾ.
എഴുത്തുകാരുടെ ഭാവന അവരെക്കൊണ്ടു പേന കൈയ്യിൽ എടുപ്പിച്ചു. അത് അവരെപ്പറ്റിത്തന്നെ എഴുതി പ്രശസ്തിക്കുവേണ്ടി പണിപ്പെടാനല്ല, ചുറ്റുമുള്ള മനുഷ്യരെപ്പറ്റിയും അവർ അധിവസിക്കുന്ന സമൂഹത്തെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും അവരുടെ പുസ്തകത്താളുകളിലൂടെ അനുവാചകഹൃദയങ്ങളിൽ കോറിയിടുവാനായാണ് ആ തൂലികകൾ ചലിച്ചത്. അത് മനസ്സിൽ വികാരങ്ങളുടെ ഒരു വിലയനം ഉണ്ടാക്കുന്നു. അസ്വാഭാവികവും അമാനവികവുമായ മനോവ്യാപാരങ്ങളെ ശുദ്ധീകരിക്കുന്ന വിമലീകരണം സംഭവിക്കുന്നു. കാരണം സാഹിത്യത്തിലും കവിതയിലും പ്രതിഫലിക്കുന്ന മറ്റുള്ള ജീവിതങ്ങളിൽ അവനവന്റെ ജീവിതത്തെയും കാണാൻ⊇കഴിയുന്ന അവസ്ഥ ഉള്ളിൽ സൃഷ്ടിക്കുന്ന തന്മയീഭാവം മനുഷ്യൻ എന്ന നിലയിലുള്ള ഉദാത്തമായ ഒരനുഭവമാണ്. അതിൽ നമുക്ക് ഇക്കാലം വരെയും കുറവുണ്ടായിട്ടില്ല, എന്നാൽ നാളെയെപ്പറ്റി അങ്ങിനെ കരുതാമോ എന്ന സംശയത്തിന് ബാല്യമുണ്ടാകുന്നു ഇപ്പോൾ രൂപം കൊള്ളുന്ന പുതുതലമുറയെ, അവരുടെ ജീവിത വഴികളെ അവരുടെ വൈകാരികതയെയൊക്കെ ശ്രദ്ധിക്കുന്പോൾ.
ഇടവഴികളിലും നാട്ടു വഴികളിലും പൊന്തക്കാടുകളിലുമൊക്കെ⊇വിരിഞ്ഞ കാട്ടുപൂക്കളുടെയും നാട്ടുപൂക്കളുടെയും ഗന്ധം ആസ്വദിച്ച, മണ്ണിൽ പുതഞ്ഞു, വെള്ളത്തിൽ കുതിർന്നു തിമിർത്താടിയ ബാല്യ കൗമാരങ്ങളുടെ കുതിച്ചു ചാട്ടവും ഗ്രാമീണ സംസ്കൃതിയുടെ അസംസ്കൃതമായ നേരറിവുകളും ജീവിതം വിട്ടകന്നു. പകരം വന്നത് അയഥാർത്ഥ യാഥാർത്ഥ്യങ്ങളുടെ മായികലോകമാണ്. അതിൽ നിന്നും ഇനിയൊരു ഫിനീക്‌സായി നമ്മുടെ ശാരികപ്പൈങ്കിളി ഉയർത്തെഴുന്നേൽക്കട്ടെ. കേരളപ്പിറവി നന്മയുടെ പിറവിയാകട്ടെ...