പരിഗണിക്കാത്ത ലോകം
ഉത്തരവാദിത്തത്തോടെ പെരുമാറുക എന്നത് വിവര സാങ്കേതിക വിസ്ഫോടനത്തിന്റെ യുഗത്തിൽ ജീവിക്കുന്ന എല്ലാവരും പുലർത്തേണ്ട ഔചിത്യമാണ്. അത് വേണ്ടപോലെ നിർവ്വഹിക്കാത്തതാണ് നമ്മുടെ സമൂഹത്തിൽ അനാവശ്യ പ്രശ്നങ്ങളും പിണക്കങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത്. അവനവന്റെ വാക്കുകളിലും പ്രവർത്തികളിലും ഉത്തരവാദിത്തം ഉണ്ടായിരിക്കുക എന്നതാണ് സാംസ്ക്കാരികമായി ഉയർന്ന മനുഷ്യനെ സൃഷ്ടിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ നിത്യജീവിതവുമായി ഏറെ ഇഴുകിച്ചേർന്നിരിക്കുകയാണല്ലോ. എന്നാൽ അതിലൂടെ സമൂഹത്തിനു പങ്കു െവയ്ക്കപ്പെടുന്നത് എന്തൊക്കെയെന്ന് സാമാന്യമായി ചിന്തിക്കപ്പെടേണ്ടതാണ്. ഒരാൾക്ക് നല്ലതെന്നു തോന്നുന്നത് മറ്റൊരാൾക്ക് അങ്ങിനെ തോന്നണമെന്നില്ല. നല്ലത് അല്ലെങ്കിൽ പങ്കു വെയ്ക്കപ്പെടേണ്ടത് എന്ന വിലയിരുത്തൽ ഓരോ വ്യക്തിയുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. ഇക്കാര്യത്തിൽ ഒരു പൊതു ധാർമ്മികതയോ മാനദണ്ധമോ അതുകൊണ്ടുതന്നെ എളുപ്പമല്ല. ഇവിടെ ഉത്തരവാദിത്തം എന്നത് അതിന്റെ വിശാലമായ തലത്തിൽ നിർവ്വഹിക്കേണ്ടതാണ്. മാറിയ സമൂഹത്തിലെ ഉത്തരവാദിത്തം എന്നത് ഒരു വിശാലമായ കാഴ്ച്ചപ്പാടാവണം. ഓരോ വ്യക്തിക്കും അയാൾ നല്ലതെന്നു കരുതുന്നത് പൊതു ഇടത്തിൽ അവതരിപ്പിക്കുവാനുള്ള അവകാശമുണ്ട്. എന്നാൽ ആ വ്യക്തി പൊതുസമൂഹത്തിന് സ്വീകാര്യനാവണം എന്നുള്ളതും ഒരു യാഥാർഥ്യമാണ്. അല്ലെങ്കിൽ ആർക്കും അവരുടെ ഏതു വിശ്വാസങ്ങളെയും പ്രചരിപ്പിക്കാൻ അവകാശം വരും, വിഘടന, തീവ്ര, മതമൗലികവാദങ്ങൾ അടക്കം എന്തും.
ആരോഗ്യവത്തായ പൊതുസമൂഹത്തിന്റെ ഭാഗമായ ഏതൊരു ഉപസമൂഹത്തിനും അതിന്റേതായ ജീവിതക്രമങ്ങളും ആചാരമര്യാദകളും ഉണ്ട്. അതവർക്ക് അന്തസ്സോടെ നിർവഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ബാധ്യത മറ്റു ഉപസമൂഹങ്ങൾക്കുണ്ട്. എന്നാൽ ഓരോ ഉപസമൂഹങ്ങളും അവനവന്റെ കാര്യങ്ങളെ മാത്രം യുക്തിഭദ്രവും പ്രാധാന്യമേറിയതുമായി കാണുന്നത് പൊതുസമൂഹത്തിന്റെ ആരോഗ്യം ക്ഷീണിപ്പിക്കും. ഇതിനും അപ്പുറമായി മറ്റുള്ളവരുടെ ജീവിത സമീപനങ്ങളും ആചാര പദ്ധതികളും സഹകരിക്കാൻ കൊള്ളാത്തതും തെറ്റുമാണെന്നു മറ്റൊരോ സമൂഹങ്ങളും പരസ്പ്പരം ചിന്തിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയാൽ പിന്നെ പൊതുസമൂഹം എന്ന സങ്കൽപ്പത്തെത്തന്നെ ഇല്ലാതാക്കേണ്ടി വരും. മറ്റുള്ളവരുടെ ആചാരങ്ങളെയും ജീവിത മര്യാദകളെപ്പോലും തമാശയാക്കി ഇകഴ്ത്തുവാൻ ശ്രമിക്കുന്നത് മറ്റൊരു കലാപരിപാടിയാണ്. ഇതൊക്കെത്തന്നെ പൊതുസമൂഹത്തെ പല വർണ്ണ വർഗ ഗോത്രങ്ങളുടെ പേരിൽ ചേരി തിരിഞ്ഞു വിഘടിച്ചു പോകാൻ ഇടയാക്കുന്നു. അതുകൊണ്ട് ഏതൊരു പുരോഗമിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ അംഗങ്ങളും അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടുനടക്കേണ്ട സാംസ്ക്കാരിക ഘടകം പരിഗണനയാണ് എന്ന് ഉറക്കെ പറയുന്നു. പരസ്പ്പരമുള്ള പരിഗണന മാത്രം കൊണ്ട് നമുക്ക് പരസ്പ്പരബന്ധത്തിനായി തകരാത്ത പാലം പണിയുവാൻ സാധിക്കും.
ഇന്ന് പരസ്‌പരമുള്ള വിശാലമായ ആശയവിനിമയത്തിനായി വാട്സ്ആപ് സമൂഹങ്ങൾ ഉണ്ട്. ഏത് കാര്യത്തിനുമെന്നപോലെ ഇതിനും ഒരുപാട് നന്മയും അതിലേറെ തിന്മയും ഉണ്ട്. പങ്കു വെയ്ക്കപ്പെടുന്നത് നന്മയായാലും തിന്മയായാലും അതിൽ എല്ലാവരും ഭാഗഭാക്കാകേണ്ടി വരുന്നു. ഒരു സമൂഹത്തിലെ അംഗങ്ങൾ പരസ്പ്പരം പരിഗണിക്കേണ്ടതിന് അതുകൊണ്ടു ഇവിടെ ഏറെ പ്രാധാന്യമുണ്ട്. കാരണം പണ്ട് ഇത്തരത്തിലുള്ള വിനിമയോപാധികൾ ഒന്നുമില്ലാതിരുന്ന കാലത്തുനിന്നും മനുഷ്യർ തമ്മിലുള്ള അകലം ഏറെ വർദ്ധിച്ചിരിക്കുകയാണ് യഥാർഥത്തിൽ. കൈയ്യിൽ കിട്ടുന്ന എന്തും ഒരു വിവേചനവുമില്ലാതെ ഒരു ഗ്രൂപ്പിൽ ഇടുന്നതിനു മുന്പ് അതിലെ മറ്റ് അംഗങ്ങളെക്കൂടി പരിഗണിക്കാതിരിക്കുന്നതു തികഞ്ഞ അനീതിയാണ്. അങ്ങിനെ ഇടണമെങ്കിൽ എല്ലാവരും ഒരേ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്നവരെന്നു ഉറപ്പുണ്ടാകണം. അല്ലെങ്കിൽ അത് ആരോഗ്യകരമായ സംവാദത്തിനു വഴി തുറക്കുന്നവ ആയിരിക്കണം. അതിന് ചിന്താപരമായ ഔന്നത്യമുള്ളവർ അതിൽ അംഗങ്ങൾ ആയിരിക്കണം.ഇതൊന്നും പാലിക്കാതെ പല തലങ്ങളിലുമുള്ള വ്യക്തികളെ ചേർത്തു ഗ്രൂപ്പുണ്ടാക്കുകയും അതിൽ അവരവരുടെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും എല്ലാ ഏകപക്ഷീയതകളും പോസ്റ്റുകയും ചെയ്യുന്പോൾ ഇത്തരം ഗ്രൂപ്പുകൾ വ്യക്തികൾക്കിടയിൽ പാലങ്ങളല്ല, മതിലുകൾ മാത്രം പണിയുന്ന ഒരു സങ്കേതമായി അധപ്പതിക്കുന്നു. ഇതിങ്ങനെ എഴുതുന്നതുകൊണ്ടു എന്തെങ്കിലും ക്രിയാത്മകമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ആരെയെങ്കിലും ഇത് ചിന്തിപ്പിച്ചേക്കാം എന്നത് ഒരു നന്മയാണ്.
അപൂർണ്ണതയുടെ മൂർത്തമായ സങ്കൽപ്പം മനുഷ്യൻ തന്നെയാണ്.എന്നാൽ പരിപൂർണ്ണത എന്ന സങ്കൽപ്പത്തിന്റെ മൂർത്തിമത്ഭാവമാണ് അവൻ അധിവസിക്കുന്ന ഭൂമി. ജീവന്റെ നിലനിൽപ്പിനു ആവശ്യമായ എല്ലാം ഭൂമി ഇവിടെ സ്വരുക്കൂട്ടിയിരിക്കുന്നു. മനുഷ്യജീവിതത്തിൽ ഒരാൾക്കില്ലാത്തത് മറ്റൊരാളോട് വാങ്ങാം, ഇവിടെയില്ലാത്തത് മറ്റൊരിടത്തുനിന്നും നമുക്ക് കൊണ്ടുവരാം. അതിനു രാജ്യങ്ങൾ തമ്മിൽ പോലും വാണിജ്യ ബന്ധങ്ങൾക്കുള്ള വ്യക്തമായ ധാരണകളുണ്ട്. എന്നാൽ ഭൂമിയിൽ എന്തിന്റെയെങ്കിലും കുറവുണ്ടെങ്കിൽ നമുക്ക് മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവരാൻ സാധിക്കുമോ? അഥവാ ഭൂമിയിൽ എന്തെങ്കിലും കുറവുള്ളതായി സാങ്കേതിക പുരോഗതിയുടെ ഈ കാലത്തും മനുഷ്യന് തോന്നുന്നുണ്ടോ!! കുറവുള്ളത് പ്രകൃതിവിഭവങ്ങളല്ല, മാനവികത മാത്രമാണ്. സഹജീവിയോടുള്ള പരിഗണന, അത് മാത്രമാണ്.