നേ­ട്ടങ്ങളു­ടെ­ പാ­ത ...


ഈ ലോകത്ത് ആരുമറിയുന്ന ഒരു സത്യമുണ്ട്. കുറുക്കു വഴിയിലൂടെ സ്ഥായിയായ ഒരു നേട്ടവും സൃഷ്ടിക്കാനാവില്ല. അഥവാ എന്തെങ്കിലും കിട്ടിയാൽത്തന്നെ അതിന്റെ ആയുസു ഹൃസ്വമായിരിക്കും. സൗകര്യപൂർവം മറക്കുന്ന സത്യമാണിത്. ഇത് ആത്മീയമോ മതപരമോ ആയ ഒരു ഗുണദോഷം എന്ന പേരിൽ പറയുന്നതല്ല. തികച്ചും പ്രായോഗികതയുടെ പേരിൽത്തന്നെയാണ് പറയുന്നത്. ഇപ്പോൾ പറയാൻ കാരണം കായിക രംഗത്തെ ഏറ്റവും മഹത്തായ സംഭവം നമ്മുടെ മുന്നിൽ നടന്നു കഴിഞ്ഞു. പി.വി സിന്ധു നേടിയ വെള്ളിയും, സാക്ഷി മാലിക് നേടിയ വെങ്കലവും കൊണ്ട് നാം ആഹ്ലാദിക്കുന്പോൾ അതിന് പിന്നിൽ ചിലവഴിക്കപ്പെട്ട പരിശ്രമത്തിന്റെ തോത് കൂടി ഓർക്കാതെ പറ്റില്ല. പരിശീലകന്റെ അതികർശനമായ നിർദേശങ്ങൾക്ക് അനുസൃതമായി സ്വന്തം ജീവിതത്തെ അടിമുടി മാറ്റി മറിക്കുന്നത് ഏകാഗ്രതയുടെ പാരമ്യമാണ്. ജമൈക്കക്കാരനായ ഉസൈൻ ബോൾട്ടിന്റെ അതികഠിനമായ പരിശീലനവും ഇതിനിടെ കാണാനിടയായി.

ഒറ്റ ലക്ഷ്യത്തെ മുന്നിൽക്കണ്ട് അതിനുവേണ്ടിയുള്ള ശരീരത്തിന്റെയും മനസിന്റെയും ഊർജ കേന്ദ്രീകരണമാണത്. ആ നിലയിലുള്ള ഏകാഗ്രത എല്ലാ പ്രപഞ്ച ഭൗതികശക്തികളുടെയും ഏകീകരണത്തിന് കാരണമാവുന്നു എന്ന് പറഞ്ഞാൽ അത് യുക്തിക്കു നിരക്കാത്തതാവില്ല. കാരണം അതിനെ ആത്മീയമായല്ല, ഭൗതികമായിത്തന്നെ സമീപിക്കാം. മനസിന്റെ അത്തരത്തിലുള്ള ഊർജകേന്ദ്രീകരണം ജീവിതത്തിന്റെ സമസ്ത  ശക്തി സ്രോതസിനെയും  ഗുണകരമായി ബാധിക്കുന്നതാണ്. അതിൽ നിന്നാണ് ടെലിപ്പതി, സൈക്കോ കൈനെസിസ് എന്നിങ്ങനെ പല അതീത പ്രതിഭാസങ്ങളും പല യോഗികളും പ്രാവർത്തികമാക്കിയത് എന്ന് വാദിക്കുന്നവരുമുണ്ട്. മനസിന് ശരീരത്തിൽ ചെലുത്താൻ കഴിയുന്ന ശക്തിക്കനുസരിച്ചു ശരീരം പ്രതികരിക്കത്തക്കവിധമാണ് പ്രകൃതി ഇത് രൂപീകരിച്ചിരിക്കുന്നത്. വളരെ ഉയർന്ന തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചവർ ലോകത്തിനു കാഴ്ചവച്ച സംഭാവന അപഗ്രഥിക്കുന്പോൾ മനസിലാവുന്നതാണീ സത്യം. ഈ തത്വത്തിൽ വിശ്വസിച്ച ഐൻസ്റ്റീനെപ്പോലുള്ളവർ ലോകത്തിനു കാഴ്ച വെച്ചത് എല്ലാവർക്കും അറിയുന്നതാണല്ലോ.

ഇത് പൗരാണിക കാലം മുതൽ മനുഷ്യൻ പ്രകടിപ്പിച്ചു പോന്ന ബൗദ്ധികമായ അന്തഃശ്ശക്തി തന്നെയാണ്. ആധുനിക ശാസ്ത്ര സങ്കേതങ്ങളൊന്നുമില്ലാത്ത കാലത്തും അത്യത്ഭുതകരമായ ദീർഘ ദർശനത്തോടെ ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്ത മനീഷികൾ ഇത്തരത്തിൽ ഉദ്ദീപിപ്പിക്കപ്പെട്ട മനസ് ശരീരത്തിൽ ചെലുത്തിയ അപരിമിതമായതും സാധാരണക്കാർക്ക് അപ്രാപ്യമായതുമായ ശക്തി സ്രോതസിനെ ഉപയോഗപ്പെടുത്തിയവരാണ്. അത് മനുഷ്യന് സാധിക്കും. പക്ഷെ അതിന് സാധന വേണ്ടിവരും. അതിനാണ് പുരാണത്തിൽ തപസ് എന്ന് പറയുന്നത്. അത് സന്യാസിമാരുടെ മാത്രം തപസല്ല. ഏതു തലത്തിലും  നേട്ടങ്ങൾ കൈവരിക്കാൻ ഈ തപസു വേണ്ടിവരും. മനസിനെ വറുതിയിലാക്കുന്ന തപസ് അതിലൂടെ ശരീരത്തെയും വറുതിയിലാക്കുന്നു. അതുകൊണ്ടുതന്നെ ഉസൈൻ ബോൾട്ട് നടത്തുന്നത് തപസു തന്നെയാണ്. മനസിന്റെ ഏകാഗ്രതയിലൂടെ ശരീരത്തെ വറുതിയിലാക്കുന്ന തപസ്. ഇതിൽക്കുറഞ്ഞ ഒന്നും  ഒളിന്പിക്സ് നിലവാരത്തിലുള്ള ഒരു മെഡൽ നേടുവാൻ പര്യാപ്തമല്ല. പക്ഷെ ഇത്തരം കഴിവുകളെ തിരഞ്ഞെടുക്കുന്പോൾ അത് മറ്റ് ബാഹ്യ പരിഗണനകൾ വച്ചാണെങ്കിൽ അത് നിരാശ പകരുന്നതായിരിക്കും. നിർഭാഗ്യവശാൽ പലപ്പോഴും അതാണ് സംഭവിക്കുന്നത്. കഴിവുകളുടെ പേരിൽ പരിഗണിക്കപ്പെടുന്നവർ നാടിന്റെ അന്തസ് കാക്കുന്നു. അല്ലാത്തവർ ആ പേരിൽ സ്വന്തം അന്തസുയർത്താൻ ശ്രമിക്കുന്നു.

ഇപ്പറഞ്ഞ സത്യം കായിക രംഗത്ത് ഏറ്റവും വ്യക്തമാണ്. ബുദ്ധിപരമായ പ്രയോഗക്ഷമത വളരെയേറെ ജന്മസിദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ കായികരംഗം വളരെയേറെ സാധനയുടെ ഫലമാണ്. ബുദ്ധിമാന്മാരായി ജനിക്കുന്നവരിൽ ധാരാളം പേരും അത് ഉപയോഗപ്പെടുത്താനുള്ള സിദ്ധി ഇല്ലാത്തവരാണ്. ബുദ്ധിയും സിദ്ധിയും ഒന്ന് ചേരുന്പോൾ ആ വ്യക്തി ജീവിതകാലത്തിനു ശേഷവും ചരിത്രത്താളുകളിൽ അവശേഷിക്കുന്നു, ഏതു രംഗത്തായാലും. ഭാരതത്തിലെ കായികരംഗം വളരണമെങ്കിൽ  ഇത്രയും മാനസിക ഊർജ കേന്ദ്രീകരണം ഉണ്ടായേ തീരൂ. നൂറ്റി ഇരുപതു കോടി ജനങ്ങൾ അധിവസിക്കുന്ന ഈ നാടിന്  കേവലം ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമല്ല സന്പാദിക്കുവാൻ സാധിക്കുന്നത് എന്നത് നാം മനസിലാക്കേണ്ടതാണ്. കേവലം പതിനഞ്ചു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള നമ്മുടെ കർമഭൂമി ബഹ്റിൻ ഒരു സ്വർണവും ഒരു വെള്ളിയും നേടിയ പശ്ചാത്തലത്തിൽ ഈ നാട്ടുകാരെ ഹൃദയപൂർവം അഭിനന്ദിച്ചുകൊണ്ടാണിത് ഇത് പറയുന്നത്.

ഒരു വൈചിത്ര്യം കൂടി ഇപ്പോൾ ശ്രദ്ധിച്ചു. സിന്ധുവിന് ലഭിച്ച സ്വീകരണത്തിനിടെ ഒരു തെലങ്കാന മന്ത്രി അടുത്ത ഒളിന്പിക്സിലേക്കു ആ കുട്ടിയെ സജ്ജയാക്കാൻ കൂടുതൽ കഴിവുള്ള കോച്ചിനെ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു!! അത് വിചിത്രമായിപ്പോയി. ഇത്രയും നേട്ടം നാടിനു വേണ്ടി ഉണ്ടാക്കാൻ താങ്ങും തണലുമായി നിന്ന പരിശീലകനെ ആദരിക്കേണ്ട വേളയിൽതന്നെ!!! ഓരോന്നും പറയുവാൻ സമയവും സന്ദർഭവുമുണ്ട്. തന്റെ ശിഷ്യയെ നേട്ടത്തിന് അർഹയാക്കിയ മികവിനെക്കാണാതെ അത് കൈവരിച്ച വാർത്തയുടെ മഷിയുണങ്ങും മുന്പ് മെച്ചപ്പെട്ടയാളെ കണ്ടുപിടിക്കാനിറങ്ങുന്നതിലെ അനൗചിത്യം ദുഃഖകരമാണ്.

You might also like

Most Viewed