നീ­തി­യി­ല്ലാ­ത്ത ലോ­കനീ­തി­


നിത്യേന മാധ്യമദ്വാരാ എത്തിച്ചേരുന്ന വാർത്തകളിൽ ഏറിയപങ്കും നല്ല വികാരങ്ങളെ സൃഷ്ടിക്കുന്നവയല്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ട വളരെ ഖേദകരമായ രണ്ട് വാർത്തകൾ ഷാരൂഖ് ഖാനെ അമേരിക്കയിൽ മൂന്നാമതും തടഞ്ഞുവെച്ചതും മറ്റൊന്ന് വിഖ്യാത സംഗീതജ്ഞൻ അംജദ് അലി ഖാൻ ബ്രിട്ടൻ വിസ നിഷേധിച്ചതുമാണ്. കലർപ്പില്ലാത്ത അസഹ്ഷ്ണുത എന്നത് ഇതാണ്. അല്ലാതെ ഇന്ത്യയിൽ ചിലർക്ക് പ്രതിഷേധിച്ചുകൊണ്ടു അവാർഡ് വാങ്ങാനും ചിലർക്ക് അത് വലിച്ചെറിഞ്ഞ് പ്രശസ്തി ഉറപ്പിക്കാനും മറ്റുമായി സൃഷ്ടിക്കപ്പട്ട അസഹിഷ്ണുതയല്ല. അമേരിക്കയും ബ്രിട്ടനും കാഴ്ച വെച്ചത് തികഞ്ഞ ധിക്കാരവും മനുഷ്യാവകാശ ധ്വംസനവുമാണ്. അനീതിക്ക് വിധേയരാക്കപ്പെട്ടവർ അന്താരാഷ്ട്ര പ്രശസ്തിയുള്ളവർ ആണെന്ന് മാത്രമല്ല തടയുന്നവർക്കും വിസ നിഷേധിക്കുന്നവർക്കും അവർ ആരെന്നും അവരുടെ നിലയും വിലയും എന്തെന്നും അറിവുള്ളതുമാണ്.അതറിഞ്ഞ് കൊണ്ട് നടത്തിയ ഈ ധാർഷ്ട്യത്തിലൂടെ തങ്ങൾ അസഹിഷ്ണുത ഉള്ളവരെന്ന് ലോകത്തോട് വിളിച്ചു പറയാനാണ് അവർ താത്പര്യപ്പെടുന്നത് എന്നല്ലേ മനസ്സിലാക്കേണ്ടത്? അത് വളരെ ദുഃഖകരമാണ്.

ഇവർ രണ്ടുപേരും കലാകാരന്മാരാണ്. ഷാരൂഖ് പ്രതിനിധാനം ചെയ്യുന്ന അഭിനയകല മനുഷ്യ വികാരങ്ങളുടെ സാർവ്വദേശീയത ഉദ്ഘോഷിക്കുന്നതാണ്. അംജദ് അലി ഖാൻ പ്രതിനിധാനം ചെയ്യുന്ന ശുദ്ധ സംഗീതമാവട്ടെ അതിർവരന്പുകളില്ലാത്ത മാനവികതയേയും. ഭാരതത്തിലെ അഭിനയ കലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം വ്യാപകമായി പഴയ കാലം മുതൽ തന്നെ ഉണ്ട്. പ്രശസ്തി പിടിച്ചുപറ്റാനുള്ള ആധുനിക സങ്കേതങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് തന്നെ  ചൈനയിലും റഷ്യയിലും രാജ് കപൂറിന്റെയും നർഗീസിന്റെയും ചിത്രങ്ങൾ ഏറെ പ്രശസ്തമായിരുന്നു. അവരോടുള്ള ആരാധന മൂലം കുട്ടികൾക്ക് രാജ് എന്നും നർഗീസ് എന്നും പേരുകൾ ഇടുകപോലും ചെയ്തിരുന്നു. ഇന്ന് ബോളിവുഡ്ഡും ഹോളിവുഡ്ഡും തമ്മിൽ പഴയ അകലമൊന്നും ഇല്ലെന്ന് തന്നെയല്ല വളരെ അടുപ്പത്തിലുമാണ്. എന്നിട്ടുമാണ് ഷാരൂഖിനെ ഈ അനാവശ്യ തടയൽ നടത്തിയത്. അതുപോലെതന്നെ ഇന്ത്യൻ സംഗീതത്തിന് വിദേശങ്ങളിലുള്ള സ്വീകാര്യത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എത്രയോ മഹാന്മാരായ വിദേശ കലാകാരന്മാർ ഭാരതീയ ശാസ്ത്രീയ സംഗീതത്തെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരാണ്. ആൽബർട് ഐൻെസ്റ്റയ്ൻ നമ്മുടെ സംഗീതത്തിന്റെ വലിയ ആരാധകനായിരുന്നു. രവിശങ്കറുടെ സ്വർണം വിളയുന്ന സിത്താർ തന്ത്രികൾ എത്രയോ വിദേശമനസ്സുകളെ കീഴടക്കി.എം.എസ് സുബ്ബലക്ഷ്മി അമ്മയുടെ മധുരാലാപനം യു.എന്നിന്റെ അകത്തളങ്ങളിൽ അറുപതുകളുടെ മധ്യത്തോടെ മുഴങ്ങാൻ കാരണമായതും ഭാരതീയ സംഗീത ശൈലിയോടുള്ള ഈ ആദരവ് തന്നെയാണ്. എന്റെ ഗുരുനാഥൻ ഡോ. ബലമുരളീകൃഷ്ണക്ക് എത്രയോ രാജ്യങ്ങളുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നു, ഫ്രാൻസ് അദ്ദേഹത്തിന് ഷെവലിയർ പദവി നൽകി ആദരിച്ചു. ഇതിലൂടെയൊക്കെ ആദരിക്കപ്പെടുന്നത് ഒരേ അടിസ്ഥാനം പങ്കുവെയ്ക്കുന്ന രണ്ട് ഭാരതീയ സംഗീത ശൈലികൾ തന്നെയാണ്. അതിൽ ഹിന്ദുസ്ഥാനി ശൈലിയുടെ ലോകമെങ്ങും ആദരിക്കുന്ന പ്രതിനിധിയാണ് അംജദ്അലി ഖാൻ. സംഗീതത്തിന്റെ വിശ്വമാനവികതയെ ഉയർത്തിപ്പിടിക്കുന്ന മഹാനായ സംഗീതജ്ഞൻ. ആ കറകളഞ്ഞ വ്യക്തിത്വത്തിനാണ് ബ്രിട്ടൻ വിസ നിഷേധിച്ചത്.അദ്ദേഹം ആരാണെന്നും എന്തിനാണ് വരുന്നതെന്നും വ്യക്തമായി അവർക്കറിയാം. എങ്കിലും അദ്ദേഹത്തെ രാജ്യത്ത് കയറ്റാൻ വിസമ്മതിക്കുന്ന ഈ അസഹിഷ്ണുത എന്തിന്റെ പേരിലായാലും കാണിക്കുന്നത് ആഗോള മാനവികതക്കൊരു വെല്ലുവിളി തന്നെയാണ്.

എന്നാൽ ഇതിന്റെ ഇടയിൽ നന്മയുടെ ഒരു മിന്നലാട്ടമുണ്ടായി. അതാണ് എം.എസ് അമ്മയുടെ സ്മരണാർത്ഥം  ഒരു സ്റ്റാന്പ് ഇറക്കാൻ യു.എൻ തീരുമാനമെടുത്തത്. മഹത്വം ഉടനെ അംഗീകരിക്കപ്പെട്ടില്ലെങ്കിലും അത് അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. പ്രതിഷേധപൂർവ്വം ആദരവ് വാങ്ങുന്ന ലോകത്ത് ആദരപൂർവ്വം നിഷേധിക്കുകയോ തടയുകയോ ചെയ്യാം. അത് അവരെ അംഗീകരിക്കാഞ്ഞിട്ടല്ല,  ആരോ  എന്തോ  എപ്പോഴോ ചെയ്ത് കൂട്ടുന്ന തിന്മകൾക്ക് ആദരപൂർവം വന്ദിക്കപ്പെടേണ്ടവർ വില കൊടുക്കുന്ന വൈചിത്ര്യമാണത്! ലോകത്തിന്റെ ഗതി ഇമ്മാതിരിയുള്ള അപമാനിക്കലുകളുടെയും വ്യക്തിത്വ ധ്വംസനങ്ങളുടെയും  വഴിയിലൂടെയല്ലേ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും ചെയ്യുന്ന തിന്മക്ക് നാമോരോരുത്തരും വില കൊടുക്കേണ്ട സാഹചര്യമാണ്.അതുകൊണ്ട് ഇന്നത്തെ ലോകം ഉണരേണ്ടിയിരിക്കുന്നത് സുപ്രധാനമായ തിരിച്ചറിവിലേയ്ക്കാണ്. നാം നേർവഴിക്ക് നടന്നാൽ മാത്രം പോരാ, മറ്റുള്ളവർ അങ്ങനെതന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. അല്ലെങ്കിൽ നാമായിരിക്കും അവരുടെ തെറ്റിന് ശിക്ഷയ്ക്ക് വിധേയരാകുന്നത്.അതാണ് ഇന്നത്തെ ലോകനീതി.   

സംഗീതത്തിലൂടെയും മറ്റ് കലകളിലൂടെയും പരസ്പ്പരം തിരിച്ചറിയുന്ന ജനത അറിയാതെതന്നെ അവർക്കിടെയിലുള്ള സാംസ്ക്കാരിക  സാമഞ്ജസ്യത്തെ തിരിച്ചറിയുന്നു. വാക്കുകൾ ആ രീതിയിൽ തിരിച്ചറിഞ്ഞ് കൊള്ളണമെന്നില്ല. എന്നിട്ടും മനുഷ്യസമൂഹത്തെ എക്കാലവും നവീകരിച്ച സംഗീതത്തെപ്പോലും ഇന്നത്തെ ലോകം വെറുതെ വിടുന്നില്ല. ഗുലാം അലിയെ മുംബയിൽ പാടിക്കാത്തവരും അംജദ് അലിയെ ബ്രിട്ടനിൽ കയറ്റാത്തവരും ലോക സംസ്ക്കാരത്തോട് ചെയ്യുന്ന തെറ്റ് തിരിച്ചറിയുന്ന നന്മയുടെ പുലരിക്കായി ക്ഷമയോടെ കാത്തിരിക്കാം.

You might also like

Most Viewed