അഭി­നി­വേ­ശത്തെ­ പു­ൽ­കു­ന്നവർ


മനുഷ്യനെ വലിയവനോ ചെറിയവനോ ആക്കുന്നത് അവന്റെ പ്രവൃത്തിയാണ്. ജന്മം കൊണ്ട് വലിയവനാവുന്നില്ല എന്ന് ഇതുകൊണ്ട് അർത്ഥമില്ല. പക്ഷെ കർമ്മാർജിതമായ മഹത്വം കുറേക്കൂടി മൂല്യവത്താണ്. ജന്മം കൊണ്ട് നേടിയ മഹത്വത്തെ കർമ്മം കൊണ്ട് ഊതി ജ്വലിപ്പിക്കുന്നവരുണ്ട്. അവർ തീർച്ചയായും വലിയവരാണ്.തിരികെ ജന്മം കൊണ്ട് ലഭിച്ച മഹത്വം കർമ്മം കൊണ്ട് ഒരു വിലയുമില്ലാതെയാക്കിയവരും ഉണ്ട്. ഒരു കാര്യം തീർച്ച, അവനവന്റെ കർമ്മവും ധർമ്മവും ആത്മാർത്ഥതയോടെ, ഒരു സമർപ്പിതമായ വികാരമായി നിർവ്വഹിക്കുന്ന വ്യക്തികളെയും അവരുടെ കർമ്മത്തെയും ജീവിതത്തെയും നോക്കിക്കാണുന്നത് തന്നെ ഒരു ധന്യമായ അനുഭവമാണ്.

ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് വ്യക്തികളെ ശ്രദ്ധിക്കാൻ ഇടയായി. ഒരാൾ ഓരോരോ ഭവനങ്ങൾക്ക്, അവിടുത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഉദ്യാനങ്ങൾ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത് കൊടുക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉടമസ്ഥനാണ്.പ്രകൃതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഈ വ്യക്തി ഉയർന്ന ഉദ്യോഗം വേണ്ടെന്ന് െവച്ചാണ് സ്വന്തം അഭിനിവേശത്തെ പിന്തുടർന്നത്. ഏറ്റ ജോലിയുടെ നിർവ്വഹണത്തിനിടയിൽ തന്റെ തൊഴിലാളികളുടെ കൂടെ തോളോടുതോൾ ചേർന്ന് അദ്ദേഹവും മണ്ണിൽ പണിയെടുക്കുന്നത് കണ്ടപ്പോൾ ഓരോ വ്യക്തിയും ഇതുപോലെ തങ്ങളുടെ അഭിനിവേശം പിന്തുടർന്നിരുന്നുവെങ്കിൽ ലോകം വളരെ പുരോഗമനാത്മകം ആയിരുന്നേനെ എന്ന് ചിന്തിച്ചുപോയി.എന്തെങ്കിലും ഒരു തൊഴിൽ ലഭിച്ചിരുന്നെങ്കിൽ കുറച്ചു അവധിയെടുത്തു വെറുതെയിരിക്കാമായിരുന്നു എന്ന് ചിന്തിക്കുന്നവരുടെ ഇടയിൽ ഇത്തരക്കാർ ഒരു മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്.

ഇതുപോലെ മറ്റൊരു അനുഭവമുണ്ടായി, കഴിഞ്ഞ ദിവസം ഞാൻ നൂറനാട്ടേയ്ക്ക് ഒരു സുഹൃത്തിനെ കാണാൻ പോകുന്പോൾ പന്തളത്ത് വെച്ച് റോഡ് അലക്ഷ്യമായി തടഞ്ഞ് െവച്ചിരിക്കുന്നതു കണ്ട് ഡ്രൈവർ അവിടെക്കണ്ട പോലീസുകാരനോട് വളരെ വിനയത്തോടെ സാറേ ഈ വഴിയേ പോകാൻ സാധിക്കുമോ എന്ന് ചോദിച്ചു. അയാൾക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല, വളരെ നീരസത്തോടെ അയാൾ നിങ്ങൾക്ക് കണ്ടാൽ മനസ്സിലാവുകയില്ലേ എന്ന് ചോദിച്ചു. അത് ബ്ലോക് ചെയ്തിരിക്കുന്ന രീതികണ്ട് സംശയം മാറ്റാനായി ഒന്ന് ചോദിച്ചുപോയതാണ് എന്ന് മറുപടിയും പറഞ്ഞ് ഡ്രൈവർ കാർ തിരിച്ചുവിട്ടു. മാസാന്ത്യം ശന്പളം കൈപ്പറ്റാനായി മാത്രം ജോലി ചെയ്യുന്ന ആ പോലീസ് ഓഫീസറെ ഓർത്ത് എനിക്ക് ലജ്ജ തോന്നി. താൻ ജോലി ചെയ്യുന്ന സുപ്രധാനമായ ഒരു വകുപ്പിൽ പുലർത്തേണ്ട മര്യാദ, സംസ്ക്കാരം ഇവ എന്തായിരിക്കണമെന്ന് അയാൾക്കറിയില്ല?

സാധാരണ കർമ്മത്തെ അസാധാരണമാക്കുന്നു ആദ്യത്തെയാൾ. സഭ്യമായ ഏത് കർമ്മത്തിലും അന്തർലീനമായിരിക്കുന്ന മഹത്വത്തെ ഇത്തരക്കാർ ജീവിതത്തിലേയ്ക്ക് ആവാഹിക്കുന്നു. രണ്ടാമത്തെയാളുടെ വ്യക്തിത്വം സ്പർശിക്കുന്പോൾ ഏതൊരു സുപ്രധാനമായ കർമ്മവും നിലവാരമറ്റ് പോകുന്നു. ഈ രണ്ട് വ്യക്തിത്വങ്ങളെ വെളിച്ചവും ഇരുട്ടും പോലെയേ കാണാൻ കഴിയൂ.

അവനവന്റെ പ്രവൃത്തി മണ്ധലത്തെ വെളിച്ചപ്പെടുത്തുന്നവർ ലോകത്തിനും വെളിച്ചം പകരുന്നു. ഇന്നത്തെ ലോകം ഏറെ കൊതിക്കുന്നത് വളരെ അപൂർവമായി അവിടവിടെ തെളിയുന്ന ഈ ഇത്തിരി മിന്നാട്ടത്തിനാണ്. ശാസ്ത്രത്തിലും കലയിലും ഭരണ നിർവ്വഹണത്തിലും ഇത് നിർമ്മാണാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. നമ്മുടെ നാട്ടിൽ ഓരോ രംഗത്തും ഇത്തരം സമർപ്പണങ്ങൾ അവനവന്റെ ജീവിതത്തിൽ വെളിച്ചം പകരുന്നതാണ് എന്ന് ഉൾക്കൊണ്ട് ഒരു അഭിവനിവേശമായി മാറുന്നുവെങ്കിൽ മാത്രമേ നമുക്ക് നിത്യജീവിതത്തിന്റെ സുഗമമായ പാലനത്തിന് അനുഗുണമായ സാഹചര്യങ്ങൾ ഉണ്ടാക്കാൻ കഴിയൂ. എന്നാൽ അതൊന്നും ഇപ്പറയുന്നതുപോലെ എളുപ്പം അങ്ങ് കൈവരിക്കാവുന്ന അവസ്ഥയൊന്നുമല്ല. പ്രബുദ്ധരെന്ന് സ്വയം മേനി പറയുന്നവർ പോലും സാമൂഹികമായ ഉത്തരവാദിത്വങ്ങളെ സൗകര്യപൂർവ്വം മറക്കുന്പോൾ പ്രത്യകിച്ചും.

കഴിഞ്ഞദിവസം കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തുയരുന്ന ബഹുനിലമന്ദിരത്തിന്റെ ഏറ്റവും ഉച്ചിയിൽ നട്ടുച്ച നേരത്ത് വെയിൽ കൊണ്ടു സ്വന്തം ജോലി ചെയ്യുന്ന മനുഷ്യനെ ബഹുമാനപൂർവ്വം നോക്കിക്കണ്ടു. ആ വ്യക്തിയുടെ പരിശ്രമം എത്രയോ അന്തേവാസികൾക്ക് സംരക്ഷണം നൽകിക്കൊണ്ട് എത്രയോ കാലം ഉയർന്ന് നിൽക്കും. അതിനുവേണ്ടി വിയർപ്പൊഴുക്കിയ ആ മനുഷ്യനെ ആരും അറിയില്ല, ഓർക്കുകയുമില്ല എന്നിരുന്നാലും അയാളുടെ ആത്മാർത്ഥത അവിടെ കാലങ്ങളോളം ഘനീഭവിച്ചു കിടക്കും. അതയാൾക്കൊരു ചടങ്ങ് നിർവ്വഹിച്ചു കൂലി വാങ്ങാനുള്ള ജോലി മാത്രമാണെങ്കിൽ ആ ആത്മാർഥതയില്ലായ്മ അവിടെ കാലങ്ങളോളം കെട്ടിടത്തിന്റെ ദൗർബല്യമായി പ്രതിഫലിക്കും. ചെയ്യുന്ന കർമ്മത്തോടുള്ള അഭിനിവേശത്തിന് ഏത് രംഗത്തും ഒരേ മൂല്യം. അത് വലുതെന്നോ ചെറുതെന്നോ ഇല്ല. അത് ജീവിതങ്ങളെ പ്രകാശിപ്പിക്കുകതന്നെ ചെയ്യും.തമസോമാ ജ്യോതിർഗമയ എന്ന് പ്രാർത്ഥിക്കുന്ന നാം  മനുഷ്യനെ അവനിലും വലുതാക്കുന്ന ആ മനോഭാവത്തിന്റെ നാമടക്കമുള്ളവരുടെ മനസ്സുകളിലുള്ള ഉന്മീലനത്തിന് വേണ്ടിയാണ് കാത്തിരിക്കേണ്ടത്.

You might also like

Most Viewed