പുരോഗതിയുടെ നീതി ശാസ്ത്രം
ഓരോ തവണയും നാട്ടിൽ അവധിക്ക് വരുന്പോൾ ഇവിടെ എന്തെങ്കിലും ഗുണപരമായ പുരോഗതികൾ സംഭവിച്ചിട്ടുണ്ടോ എന്നത് ഏറെ താത്പര്യത്തോടെ അറിയാൻ ശ്രമിക്കാറുണ്ട്. പുരോഗതിയുടെ പാതയിലൂടെ പോകുന്ന ലോകത്ത് പുരോഗമനപരമായ ആശയങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ നാട്ടുകാർ ഉൽസുകാരാണെന്ന് കാണുവാനുള്ള ആഗ്രഹം ചെറുതല്ല. എന്നാൽ ഇത് പലപ്പോഴും സ്വന്തം നാടിനെപ്പറ്റി അവമതിപ്പ് ഉണ്ടാക്കുന്നതായി പരിണമിക്കുന്നതിൽ വളരെ ഖേദിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അവശ്യം പുലർത്തേണ്ട കാലികമായ നിലവാരത്തെ സംബന്ധിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാതെ, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഏറ്റവും മോശപ്പെട്ട രീതിയിൽ പരിപാലിക്കപ്പെടുന്ന ഓഫീസുകളും ജോലി ചെയ്യാൻ യാതൊരു താത്പര്യവുമില്ലാത്ത ഉദ്യോഗസ്ഥരും കൂടി നാടിന്റെ ഭരണനിർവ്വഹണത്തെ കാര്യക്ഷമമാക്കാൻ പരിശ്രമിക്കുന്നു.ഇതേപ്പറ്റി പറഞ്ഞപ്പോൾ എന്റെ സുഹൃത്ത് അയാളുടെ അനുഭവം വർണിച്ചു. ഒരു സംസ്ഥാന സർക്കാർ ഓഫീസിൽ അത്യാവശ്യത്തിന് കയറിചെന്നപ്പോൾ കണ്ട കാഴ്ചയായിരുന്നു അത്. കാലങ്ങളായി വൃത്തിയാക്കാത്ത ഓഫീസ്, കാലൊടിഞ്ഞ പഴഞ്ചൻ കസാലകൾ, ഒരു വശത്ത് ഏതോ യൂണിഫോമുകളോ വസ്ത്രങ്ങളോ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നു, ചുവരുകളിൽ മാറാല.ഒരു കേരളഭൂപടം പൊടിയടിച്ചു ദൃഷ്ടിഗോചരമല്ലാതെ ചുവരിലുണ്ട്.ഒരാൾ എന്റെ സുഹൃത്തിനോട് വന്ന കാര്യത്തെപ്പറ്റി സംസാരിച്ചു തുടങ്ങി. ആകെ നാലുപേർ ഉള്ളതിൽ ഒരാൾ മൊബൈൽ പരിശോധിക്കുന്നു, മറ്റൊരാൾ പത്രം വായിക്കുന്നു, മൂന്നാമത്തെയാൾ യാതൊന്നും ചെയ്യാതെ സുഹൃത്തിനോട് സംസാരിക്കുന്ന നാലാമത്തെയാളെ നിർവികാരതയോടെ നോക്കിയിരിക്കുന്നു. ഇക്കാലത്തും ഇങ്ങനെയൊക്കെയാവാം എന്നിവർ പഠിപ്പിക്കുന്നു. ഞാനീ നാട്ടുകാരനെ അല്ല എന്ന രീതിയിൽ സർക്കാർ ശന്പളം പറ്റിക്കൊണ്ട് ഇവിടെ ഓരോരുത്തരും നിർവികാരതയോടെ ജോലി ചെയ്യുന്നു.
എന്റെ സഹോദരനും കുടുംബവും ഈയിടെ ക്യൂബ സന്ദർശിക്കാൻ പോയിരുന്നു. അവിടുത്തെ ജനങ്ങൾ സാധാരണക്കാരും പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമാണ്. മൊബൈൽ ഇന്റർനെറ് ശൃംഖലകൾ അവരെ ഫലപ്രദമായി ബന്ധിപ്പിക്കുന്നില്ല, അതിനും ഏറെ പരിമിതികളുണ്ട്. അവരുടെ കാറുകൾ ഏറെ പഴയ മോഡലുകൾ ആണ്. എങ്കിലും അവരുടെ തെരുവുകൾ ഏറെ വൃത്തിയും വെടിപ്പുമുള്ളതായി കാണപ്പെട്ടു എവിടെയും ഒരു പൊടി പോലുമില്ലാതെ അവർ അവരുടെ തെരുവുകളെ കാക്കുന്നു. ബീച്ചിൽ പോയപ്പോൾ അവിടെ കൃത്രിമമായ നിർമ്മിതികൾ ഒന്നും നടത്താതെ ഒരു അനാവശ്യ വസ്തുപോലും നിക്ഷേപിക്കാതെ പ്രകൃതിയെ വളരെയേറെ കരുതലോടെ പരിരക്ഷിച്ചിരിക്കുന്നത് കണ്ടു. സാങ്കേതികമായി പുരോഗതി പ്രാപിച്ച ഇടങ്ങളിലെ മനുഷ്യർ ഇങ്ങനെ പ്രവർത്തിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ ക്യൂബയിലെ ജനങ്ങളുടെ പൗരബോധം വൃത്തിബോധം എന്നിവ തെളിയിക്കുന്നത് ജനങ്ങളുടെ മനോഭാവം നാടിന് വരുത്തുന്ന അന്തസ്സിനെയാണ്. അതിന് സാന്പത്തിക സാങ്കേതിക മാനദണ്ഡമൊന്നുമില്ല. ഇത്ര വൃത്തിയായി തെരുവുകൾ സൂക്ഷിക്കുന്നതെങ്ങിനെ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ തെരുവുകൾ വൃത്തികേടാക്കാറില്ല, അത്രമാത്രം എന്ന് അവിടുത്തുകാരാരോ പ്രതികരിച്ചതായി തമാശയും കേട്ടു.
മനോഭാവം മനുഷ്യനെ സൃഷ്ടിക്കുന്നു, ജീവിത നിലവാരത്തെ സൃഷ്ടിക്കുന്നു. ജീവിക്കുന്ന അന്തരീക്ഷം മനുഷ്യന്റെ മാനസിക ശാരീരിക ആരോഗ്യത്തെ നിർണ്ണയിക്കുന്നു. ആ അന്തരീക്ഷം വീണ്ടും മനോഭാവത്തെ സൃഷ്ടിക്കുന്നു. ജീവിതം അർത്ഥപുഷ്ടിയുള്ളതാക്കുന്നതും അതിനു കുളിർമ പകരുന്നതുമായ വസ്തുതകളെ നോക്കിക്കാണുന്പോൾ അതിന്റെ പ്രധാനപ്പെട്ട ഘടകം മനുഷ്യന്റെ മനോഭാവമാകുന്നു.നാടിന്റെ പല ഭാഗത്തുകൂടിയും നടത്തിയ യാത്രകളിൽ കാണാനായ മാലിന്യപർവ്വതങ്ങൾ സൃഷ്ടിക്കുന്നതും മനുഷ്യ മനോഭാവം ആണ്. സർക്കാർ ഓഫിസിനെ ലജ്ജാകരമായ അവസ്ഥയിൽ എത്തിച്ചു നാടിന് നാണക്കേടുണ്ടാക്കുന്നതും അതേ മനോഭാവം തന്നെ.
സത്യത്തിൽ പുരോഗമനാത്മകമായ ഒരു മനോഭാവത്താൽ സമൂലമായ പുരോഗതി ആർജിക്കാവുന്ന ഒരു രാജ്യമാണ് ഭാരതം. സമൂഹത്തിലെ ഓരോ വ്യക്തിയും ജീവിതത്തോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് നവീനവും ആത്മാർഥവുമായ ഒരു ബോധവൽക്കരണം അത്യാവശ്യമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അറിവില്ലാത്തതല്ല മറിച്ചു അത് അവനവൻ ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തുന്നതിലൂടെ ലഭിക്കുന്ന വലിയ വികസനോന്മുഖമായ സാമൂഹ്യാവസ്ഥയെപ്പറ്റി അവബോധം ഇല്ലാത്തതുകൊണ്ടാണ് ഔദ്യോഗികവും സാമൂഹ്യവുമായ കാര്യങ്ങളിൽ ബോധപൂർവമായ ഒരു ഉദാസീന നയസമീപനം പലരും കൈക്കൊള്ളുന്നത്. അവനവൻ പ്രവർത്തിക്കുന്ന ഓഫീസ് അന്തസ്സോടെ പരിരക്ഷിക്കുന്നത് അവിടെ പ്രവർത്തിക്കുന്ന ഒരോ വ്യക്തിയുടെയും അന്തസ്സിനേയും ബഹുമാന്യതയെയും നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നുള്ള സത്യം കാണാനുള്ള പക്വത നമുക്ക് കൈവരിക്കാനാവില്ല എന്ന് കരുതുക വയ്യ. മുൻപ് പറഞ്ഞ ക്യൂബൻ ജനതയുടെ മനോഭാവം അവരുടെ നാടിനോടുള്ള ബഹുമാനപൂർവമുള്ള കാഴ്ചപ്പാടിന്റെ സ്വാഭാവിക പ്രതികരണമാണ്., അത് ആ നാട്ടുകാരുടെ ഓരോരുത്തരുടെയും അന്തസ്സിനെ ഉയർത്തുന്നു എന്നത് കാണേണ്ട യാഥാർത്ഥ്യമാണ്. സാമൂഹ്യമൂല്യങ്ങളെ ബഹുമാനിക്കാതെ വ്യവസ്ഥിതിയെ ഘോരഘോരം വിമർശിക്കുന്നത് എളുപ്പമാണ്.
എന്നാൽ അത് ആരെയും എവിടെയും കൊണ്ടെത്തിക്കുകയില്ല എന്നത് ചരിത്രസത്യമാണ്.