നിർണ്ണയിക്കാത്ത അതിരുകൾ
കോട്ടയത്തുനിന്ന് കണ്ണൂരെത്തി ഞാൻ. ശ്രീമതിയുടെ ഭവനത്തിൽ ഇന്നലെ പറശ്ശിനി മുത്തപ്പൻ വെള്ളാട്ടം നടത്തിയിരുന്നു. മുത്തപ്പനായി മാറിയ ചെറുപ്പക്കാരൻ വന്ന വ്യക്തിത്വരൂപാന്തരീകരണം സാകൂതം വീക്ഷിച്ചിരുന്നു ഞാൻ. ബോധപൂർവം വരുത്തുന്ന വേഷപ്പകർച്ച അതിന്റെ പരിപൂർത്തിയിലെത്തുന്പോൾ വ്യക്തിത്വത്തിന്റെ സമൂലമായ തലങ്ങളെയും മാറ്റിമറിക്കുന്നു. അതിലൂടെ തന്നിൽ നിന്നും പൂർണ്ണമായും ഭാവഹാവാദികളാലും നോക്കിലും നടത്തത്തിലും ഭാഷയിലും ശബ്ദത്തിലും ചിന്തയിലും അറിവിലും കഴിവിലും സിദ്ധിയിലും നടപ്പിലും ഉടുപ്പിലും അന്യമായ ഒരു പുരാതന വ്യക്തിത്വം ജനിക്കുന്ന അത്ഭുതകരമായ ഒരു പരിണാമ സമസ്യ കണ്ടപ്പോഴൊക്കെ എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. പരിചിതമല്ലാത്ത ഒരു ഗൃഹത്തിലെ അംഗങ്ങളെയും അവരുടെ വ്യക്തിജീവിതത്തിലെ സാഹചര്യങ്ങളെയും മനോനിലയെയും അനുഭവങ്ങളെയും അറിയുവാനും ഉൾക്കൊള്ളുവാനും അവയെ തഴുകി തലോടുവാനും ആശ്വസിപ്പിക്കാനുമൊക്കെ പൊടുന്നനെ നേടുന്ന ഈ കഴിവിനെ മനഃശാസ്ത്രപരമായി അപഗ്രഥിക്കാൻ ഞാനടക്കം പലരും ശ്രമിക്കാറുണ്ട്. അതിലെ ദൈവീകമോ ആത്മീയമോ ആയ തലങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.
കഴിഞ്ഞ ഇരുപത്തഞ്ചോളം വർഷങ്ങളായി നിരവധി ആളുകൾ ഈ മുത്തപ്പൻ വെള്ളാട്ടം അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലെല്ലാം വ്യക്തമായി കാണുവാനിടയായ അത്ഭുതകരമായ ഏകതാനത എന്നെ അത്ഭുതപ്പെടുത്തുന്നു. എല്ലാവർക്കും ഒരേ രൂപവും ശബ്ദവും ഭാഷയും മാത്രമല്ല മേൽ വിവരിച്ച പ്രത്യേകതകളെല്ലാം ഒന്നു തന്നെയായിരുന്നു. ഇവരാരും ഏതെങ്കിലും ഒരു പൊതുവായ സ്ഥലത്തുനിന്നോ ഒരേ ഗുരുവിൽനിന്നോ ഇതൊന്നും പഠിച്ചവരല്ല. പക്ഷെ ഇവരെല്ലാം തന്നെ പങ്കിടുന്ന ഈ ഏകതാനത ഏറെ പഠനാർഹമാണ്. വെറുതെ ഒരു മനഃശാസ്ത്ര വിശദീകരണത്തിൽ ഒതുക്കാൻ കഴിയുന്നതല്ല അത്. അതേസമയം ഇത് മനുഷ്യമനസ്സിന്റെ അപരിമിതമായ കഴിവുകളെക്കൂടി സൂചിപ്പിക്കുന്നു എന്നതിലും സംശയമില്ല.
മുത്തപ്പൻ വെള്ളാട്ടത്തിൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം അത് ചെയ്യുന്ന വ്യക്തികൾ ആ വേളയിൽ ഉപയോഗിക്കുന്ന ഭാഷയുടെ പൗരാണികത്വവും വാക്കുകൾ പ്രയോഗിക്കുന്നതിലെ ചടുലതയും ഉപയോഗിക്കുന്ന പദസഞ്ചയവും ചില പ്രയോഗ സവിശേഷതകളുമാണ്. കിരീടം അഴിച്ചു വെക്കുന്ന മാത്രയിൽ അവർക്ക് തങ്ങളുടെ വ്യക്തിത്വം വീണ്ടുകിട്ടുന്നു. സാധാരണ മനുഷ്യനാകുന്നു. അതുവരെ പറഞ്ഞ ഭാഷ അയാൾക്ക് അന്യമാവുന്നു. അയാൾ പരിചയപൂർവം ആധികാരികതയോടെ സംസാരിച്ച വ്യക്തികൾ അയാൾക്ക് തീർത്തും അപരിചിതരാകുന്നു. ഇതിനെ ദൈവീകമായും ആത്മീയമായും കാണുന്നവർ ഉണ്ട്, ശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള വ്യാഖ്യാനത്തിന് ഒതുങ്ങുന്നതായി കാണുന്നവരും ഉണ്ട്. പക്ഷെ മനുഷ്യമനസ്സിന്റെ അളവറ്റ ശക്തി ഇപ്പറഞ്ഞ എല്ലാവരും സമ്മതിക്കുന്നതാണ്. തികച്ചും സാധാരണ വിശിദീകരണങ്ങൾക്ക് വഴങ്ങാത്ത പല സിദ്ധികളും ശക്തികളുമുള്ള, ഗുപ്തമായിരിക്കുന്ന, അളവറ്റ ഊർജ്ജത്തിന്റെ സംഭരണികൾ തന്നെയാണ് മനസും അതിനാൽ പ്രചോദിതമാകുന്ന ബുദ്ധിയും. മനസ്സിന് കൊടുക്കുവാൻ സാധിക്കുന്ന പ്രചോദനത്തിന്റെ സ്ഫുലിംഗമനുസരിച്ച് പ്രചോദിതമാകുന്നതാണ് ബുദ്ധി. ആദിശങ്കരനും അൽബർട് ഐൻെസ്റ്റയ്നും ബുദ്ധിശക്തിയുടെ അതിരുകൾ തേടിപ്പോയവരാണ്. ആ വഴിയിൽ നിഗൂഢവും അമാനുഷികവും ചിലപ്പോൾ അലൗകികവുമായ സിദ്ധികളുടെ ഉരുക്കഴിക്കാൻ വരെ സാധിച്ചേക്കാം.
ഹിമാലയനിഗൂഢതകളിൽ എത്തിപ്പറ്റാനാവാത്ത ഗുഹകളിൽ ഭൗതികജീവിത തിരത്തള്ളലിൽ നിന്നുമകലെ ജീവിക്കുന്ന യോഗികൾക്ക് കൊടുംശൈത്യത്തിലും മഞ്ഞുരുകി വരുന്ന നദീജലത്തിൽ അനായാസം ദേഹശുദ്ധി വരുത്തുവാൻ സാധിക്കുന്നതിന്റെ കാരണം അന്വേഷിച്ചു ചെല്ലുന്പോൾ മനോബുദ്ധി സംഘാതം ഉരുക്കഴിക്കുന്ന അപാരമായ ഊർജ്ജ സാന്നിധ്യത്തിലേയ്ക്കാണ് നാം എത്തിച്ചേരുക. അവരിൽ സമയത്തെ നീളം വീതി ഉയരം എന്നപോലെ ഒരു പരിമാണമായിക്കാണുവാനും ഉപയോഗിക്കുവാനും സാധിച്ചവരെ ചരിത്രത്തിന്റെ ഏടുകളിൽ കണ്ടെത്താൻ സാധിക്കും. ചിന്താതീതമായ ശാസ്ത്രസത്യങ്ങളെ മനനം ചെയ്ത് കണ്ടെത്തിയവരെ കണ്ടുമുട്ടാൻ സാധിക്കും. ആപ്പിൾ എന്തുകൊണ്ട് ഞെട്ടടർന്ന് മുകളിലേയ്ക്ക് പോകുന്നില്ല എന്ന് തുടങ്ങിയ ഭ്രാന്തൻ ചിന്തകളിലൂടെ പ്രപഞ്ച സത്യങ്ങൾ കണ്ടെത്തിയവർ അവിടെയുണ്ട്.
സാധാരണ ബുദ്ധിയുടെ വഴിത്താരകളിൽ തെളിയാത്ത ദീപാങ്കുരങ്ങൾ കണ്ടെത്തുന്നത് മനസ്സിനാൽ പ്രചോദിതമായ ബുദ്ധിയുടെ ഊർജ്ജം ചിലവഴിച്ചു തന്നെയാണ്. സംഗീതശാസ്ത്രത്തെ അതിന്റെ പൂർണ്ണതയിൽ ദർശിച്ചതും അപരിമിതമായ ബുദ്ധിശക്തിയുടെ പ്രതിഭാസമാണ്. അതേ ബുദ്ധിയുടെ വ്യത്യസ്തമായ ഒരു ലക്ഷ്യപ്രാപ്തിയാണ് ചിലപ്പോൾ അഭൗമമായ കഴിവുകളിലൂടെ മനുഷ്യസമൂഹത്തെ അതിശയിപ്പിക്കുന്നതും ദ്വന്ദ്വവ്യക്തിത്വത്തിന്റെ നിലയിൽ തന്നെ വിശാസിയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതും. അതാണ് മുത്തപ്പൻ വെള്ളാട്ടത്തിൽ ഞാൻ കണ്ട സവിശേഷത.
ബുദ്ധിയുടെയും, പ്രയോഗത്തിന്റെയും അനുഭവത്തിന്റെയും വിവിധമായ വഴികളിലൂടെയുള്ള മാനസികോർജ്ജ പ്രവാഹത്തെപ്പറ്റി ചിന്തിക്കാൻ ഈ അനുഭവം എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു. ബുദ്ധിയുടെ വിസ്ഫോടനങ്ങൾക്ക് ഒരു പ്രചോദിനി (ഡിറ്റോണെറ്റർ) ആണെന്നും മനസ്സ്.
അത് മനസ്സിലാക്കിത്തന്നെയാവാം ക്രാന്തദർശിയായ കവി മിൽട്ടൺ നരകത്തെ സ്വർഗമാക്കാനും സ്വർഗത്തെ നരകമാക്കാനും കഴിയുന്ന മനുഷ്യമനസ്സിനെപ്പറ്റി നൂറ്റാണ്ടുകൾക്ക് മുന്പേതന്നെ പാടിയത്,