വി­ഘടനത്തി­ന്റെ­ നൈ­തി­കതാ­വാ­ദം


വിശാലമായ ഈ ലോകത്തിന്റെ അതിരുകൾ അനുദിനം ചുരുങ്ങി ചുരുങ്ങി വരുന്നതിന്റെ പരിണതഫലങ്ങൾ സാധാരണ ജീവിതങ്ങളെ പോലും ബാധിക്കുന്ന കാഴ്ച നാമൊക്കെ കണ്ടുതുടങ്ങി. ഏതാനും വർഷങ്ങൾക്ക് മുൻപ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന കാര്യങ്ങൾ അവിടുത്തെ മാത്രം പ്രശ്നം എന്ന നിലയിൽ മാത്രമുള്ള ഒരു കാഴ്ചപ്പാടാണ് ഏവർക്കുമുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഏത് നാട്ടിലും ഉരുത്തിരിയുന്ന പ്രശ്നങ്ങൾ ലോകത്തിന്റെയാകെ പ്രശ്നമാകുന്ന കാഴ്ചയാണ്. അത്രമേൽ പരസ്പ്പര ബന്ധിതമാണ് ഇന്ന് ലോകം. ഓരോ നാടിന്റെയും സാമൂഹിക രാഷ്ട്രീയ സാന്പത്തിക സാഹചര്യങ്ങൾ നിരവധി ഗ്രൂപ്പുകളിലൂടെയും ഉടന്പടികളിലൂടെയും ധാരണകളിലൂടെയും സഹകരിക്കാൻ പ്രതിജ്ഞാബദ്ധമായ രാജ്യങ്ങളെയെല്ലാം പരോക്ഷമായി ഏറെ സ്വാധീനിക്കുന്നു.

ബ്രെക്സിറ്റ് ജനഹിത പരിശോധനയിലൂടെ ബ്രിട്ടീഷ് ജനത യൂറോപ്യൻ രാഷ്ട്രങ്ങളുടെ സഖ്യത്തിൽ നിന്ന് പുറത്തു പോകാൻ തീരുമാനിച്ചത് നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പോക്കറ്റിൽ പോലും കൈയ്യിട്ടുകളഞ്ഞു, ഓഹരി വില തകർച്ചയിലൂടെ കടുവകളും കരടികളും അവരുടെ പോക്കറ്റിലേക്ക് വഴിവെട്ടി. ബ്രിട്ടന്റെ ഈ തീരുമാനം യൂറോയുടെ വിലയിടിക്കുകയും ഡോളറിന്റെ ആവശ്യവും മൂല്യവും വർദ്ധിപ്പിക്കുകയും ചെയ്തു. ഡോളർ അന്താരാഷ്ട്ര കയറ്റുമതി ഇറക്കുമതികൾക്കുള്ള അടിസ്ഥാന വിനിമയോപാധി ആക്കിയ എല്ലാ രാജ്യങ്ങൾക്കും സ്വാഭാവികമായും ഡോളറിന്റെ ആവശ്യം ഏറിവന്നത് അതിന്റെ മൂല്യം അന്താരാഷ്ട്ര തലത്തിൽ ഏറെ വർദ്ധിപ്പിച്ചു. ഇതു മിക്ക രാജ്യങ്ങളുടെയും സന്പദ്ഘടനയെ ബാധിച്ചു എന്നത് പറയേണ്ടതില്ലല്ലോ. അതിലൂടെ അത് സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതത്തെപ്പോലും ബാധിക്കുന്ന ഒന്നായി.ജീവിതത്തിന്റെ, അന്താരാഷ്ട്ര ബന്ധങ്ങളുടെ പാരസ്പ്പര്യം അതാണ്.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം യഥാർത്ഥത്തിൽ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ വിപുലമായ മറ്റൊരു തലം മാത്രമാണ്. അത് തിരിച്ചറിയപ്പെടേണ്ടതാണ്. വിപുലമായ കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേയ്ക്ക് ഓരോ സാമൂഹ്യ സാന്പത്തിക കാരണങ്ങളാൽ ഒതുങ്ങിയ മനുഷ്യന്റെ വ്യക്തിപരമായ മനോഭാവത്തിന്റെ ഒരു വിശാലവും ദേശപരവുമായ മാനം ആണ് രാജ്യങ്ങളുടെ വലിയ കൂട്ടായ്മയിൽ നിന്ന് അതതിലേയ്ക്ക് ഒതുങ്ങാൻ ചില രാജ്യങ്ങൾ കാട്ടുന്ന ഈ മനോഭാവം. തങ്ങളുടെ രാജ്യം നേടിയ സാന്പത്തിക പുരോഗതി മുഴുവനായി തങ്ങൾക്കുതന്നെ ലഭിക്കേണ്ടതാണെന്നും ആ സാന്പത്തിക സൗഭാഗ്യം അങ്ങിനെ തങ്ങളിലേയ്ക്ക് വന്നു ചേരുന്നില്ല എന്നും അവർ വിശ്വസിക്കുന്നു.അതിനു കാരണം അത് മറ്റ് അംഗരാജ്യങ്ങളുമായി പങ്കു വെക്കേണ്ടിവരുന്നതാണെന്ന് ഒരു രാജ്യം ചിന്തിച്ചു തുടങ്ങുന്പോൾ പിന്നെ രാഷ്ട്രബന്ധങ്ങൾക്കിടയിൽ അഗ്നിപർവ്വതങ്ങൾ രൂപപ്പെട്ട് തുടങ്ങും. പിന്നെ ഒരു വേർപിരിയലല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. അണുകുടുംബങ്ങളിലേയ്ക്ക് ചേക്കേറിയപ്പോൾ മനുഷ്യ ബന്ധങ്ങൾക്കുണ്ടായ ശൈഥില്യം അതിന്റെ വലിയ തലത്തിൽ രാജ്യങ്ങളുടെ ഇടയിലും ഇതുമൂലം ഉടലെടുക്കുന്നു. അവിടെ ലോകം അതിന്റെ വിശാല ഭൂമികയിൽ നിന്നും പരിമിതികളിലേയ്ക്ക് തിരിച്ചു പോകുന്നു. ഭാഷാപരമായ മതിൽക്കെട്ടുകൾ പോലും ഉയരുന്നു.യൂറോപ്യൻ യൂണിയനിൽ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയോടുള്ള അകൽച്ച വർദ്ധിക്കാൻ ബ്രിട്ടീഷ് ജനതയുടെ ഈ തീരുമാനം വഴിവച്ചു. ഒരു കാലത്ത് ബർലിൻ മതിൽ പൊളിഞ്ഞുവീഴുകയും ഇരു ജർമ്മനികളും ഒന്നാവുകയും ചെയ്തപ്പോൾ മാനവികത മതിൽക്കെട്ടുകളെ ഭേദിക്കുന്നതായി നാമൊക്കെ ചിന്തിച്ചു. എന്നാൽ മനുഷ്യൻ അവനിലേയ്ക്ക് ഒതുങ്ങാൻ ഇഷ്ടപ്പെടുന്നു എന്ന് പല പിൽക്കാല അനുഭവങ്ങളും തെളിയിച്ചു. മതിലുകൾ പണിതുയർത്തുന്ന ജോലിയോടാണ് ഇന്ന് മനുഷ്യന് ആഭിമുഖ്യം. അതാണ് ലോകത്ത് ഇത്രയും ജീർണവാസനകൾ കൊടികുത്തി വാഴുന്നത്.

തീവ്രവാദികൾ ജീവിക്കാൻ കൊള്ളാതാക്കിയ പ്രദേശങ്ങളിൽ നിന്ന് ജീവനും വാരിപ്പിടിച്ചു സ്ത്രീകളും കുഞ്ഞുകുട്ടികളും സഹിതം തികച്ചും സാഹസികമായി യൂറോപ്പിലെ സുരക്ഷിതത്വം തേടിവരുന്ന അഭയാർഥികൾ ഉയർത്തുന്ന സാമൂഹിക സാന്പത്തിക സമസ്യകൾ ഓരോ രാജ്യങ്ങളും നേരിടുന്നതിലെ നന്മതിന്മകളാണ് അനൈക്യങ്ങൾ സൃഷ്ടിച്ചത്. അതാണ് അവനവന്റെ സുഖസന്പത്തിനെ അൽപ്പം ബാധിക്കുന്നെന്ന ധാരണയിൽ ഒറ്റയ്ക്ക് മാറിനിന്ന് താൽപ്പര്യം സംരക്ഷിക്കാം എന്ന് ചിന്തിക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. എന്നാൽ തീവ്രവാദത്തിന്റെ മനുഷ്യവിരുദ്ധത കണ്ടു മനസ്സ് വിറങ്ങലിച്ച അഭയാർഥികൾ യൂറോപ്യൻ രാജ്യങ്ങളുടെ സാംസ്ക്കാരിക ഭൂമികയ്ക്ക് വരുത്തുന്ന മുറിവുകൾ എളുപ്പം ഉണങ്ങുന്നതല്ല എന്ന സത്യം കൂടി ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതാണ്. കഫെയിൽ അൽപസമയ ചിലവഴിക്കാൻ വന്ന മൂന്ന് യുവജനങ്ങളെയടക്കം പലരെയും നിഷ്ടൂരമായി അരിഞ്ഞു വീഴ്ത്തിയ തീവ്രതിന്മ മനസ്സു മരവിപ്പിക്കുന്ന ഇക്കാലത്ത് അത് അയൽപക്കത്താണ് നടന്നതെങ്കിലും ബ്രെക്സിറ്റ് പോലെ നമ്മെയൊക്കെ പരോക്ഷമായി ബാധിക്കുന്നതാണ്. പക്ഷെ ബ്രിട്ടനെപ്പോലെ വിഘടിച്ചു പോകാതെ ഉത്തരവാദിത്തത്തോടെ ഒരുമിച്ചുനിന്ന് ഇത്തരം അധമത്വങ്ങളുടെ നമ്മുടെ സമൂഹത്തിലേയ്ക്കുള്ള സ്പർശത്തെ പല്ലും നഖവുമുപയോഗിച്ചു എതിർത്ത് തോൽപ്പിക്കാനായെങ്കിൽ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടുകയുള്ളു.

You might also like

Most Viewed